മാറ്റാം, ബ്രാന്‍ഡിംഗിലെ തെറ്റിദ്ധാരണ

ബ്രാന്‍ഡിംഗില്‍ അങ്ങേയറ്റം വിശ്വസിക്കുന്ന സംരംഭകരെ ഞാന്‍ ഏറെ കണ്ടിട്ടുണ്ട്. അവരുടെ മനസില്‍ ബ്രാന്‍ഡിംഗിന് വളരെ വലിയ സ്ഥാനമാണുള്ളത്. അവരുടെ ബ്രാന്‍ഡ് ശക്തമായിരുന്നാല്‍ മാത്രമേ ബിസിനസ് വലിയ വിജയം നേടൂ എന്നാണ് അവര്‍ വിശ്വസിക്കുന്നത്.

ശക്തമായ ബ്രാന്‍ഡുകളുള്ള ബിസിനസുകളുമായി അവര്‍ സ്വയം താരതമ്യം ചെയ്യുകയും അവരുടെ ബ്രാന്‍ഡിംഗ് തന്ത്രങ്ങള്‍ അനുകരിക്കാന്‍ നിരന്തരം ശ്രമിക്കുകയും ചെയ്യുന്നു. പുതിയ ലോഗോയുടെ രൂപകല്‍പ്പന, ബ്രാന്‍ഡ് അംബാസഡര്‍മാരെ നിയമിക്കല്‍, മാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങള്‍ക്ക് വന്‍ തുക ചെലവിടല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കൂടുതലും.
വില്‍പ്പനയ്ക്ക് കാരണം ബ്രാന്‍ഡ്?
ബ്രാന്‍ഡുകളാണ് വില്‍പ്പനയ്ക്ക് കാരണം എന്ന അനുമാണ് ഈ സംരംഭകര്‍ക്കുള്ളത്. മിക്ക ബിസിനസുകൾക്കും അവ ബ്രാന്‍ഡായി മാറുന്നതിന് മുമ്പ് എങ്ങനെ വില്‍പ്പന നേടിയെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ അത്ഭുതപ്പെടും.
അവരുടെ ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ വില്‍പ്പന നടന്നതിനു ശേഷമാണ് അതൊരു വലിയ ബ്രാന്‍ഡായി മാറിയതെന്നത് വ്യക്തമാണ്. അപ്പോള്‍ എങ്ങനെയാണ് ആ വില്‍പ്പന നടന്നത്? തീര്‍ത്തും വ്യത്യസ്തമായ ഒരു ഉല്‍പ്പന്നം/സേവനം ഉണ്ടായിരുന്നു എന്നതാണ് കാരണം.
അതിനാല്‍ തീര്‍ത്തും വേറിട്ടതായ ഒരു ഉല്‍പ്പന്നം/സേവനം നല്‍കിയതാണ് വില്‍പ്പനയ്ക്ക് കാരണമായതെന്നും അത് ഒരു വലിയ ബ്രാന്‍ഡിലേക്ക് നയിച്ചു എന്നും നമുക്ക് നിഗമനത്തിലെത്താം. ചുരുക്കത്തില്‍ ഒരു വലിയ ബ്രാന്‍ഡിന്റെ സൃഷ്ടി, ഒരു വേറിട്ട
ഉല്‍പ്പന്ന/സേവനത്തിന്റെ
ഫലമാണ്, കാരണമല്ല.
സാമ്പത്തികമായി വലിയ ചെലവ് ഉണ്ടാക്കുന്നു എന്നതാണ് ഇത്തരമൊരു തെറ്റായ ധാരണ ഉയര്‍ത്തുന്ന പ്രശ്‌നം! ബ്രാന്‍ഡിംഗ് വില്‍പ്പന കൂട്ടുമെന്ന വിശ്വാസം മൂലം, വിപണനക്കാര്‍ ഏറെ പണം ചെലവിട്ട് വിപുലമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും എന്നാല്‍ ഗണ്യമായ തോതില്‍ ഫലം ലഭിക്കാതെ പോകുകയും ചെയ്യുന്നു.
ഇതിന്റെ ഫലമായി പല സംരംഭകരും അവരുടെ ബിസിനസ് ബ്രാന്‍ഡ് ചെയ്യാനായി വലിയ തോതില്‍ പണം ചെലവഴിക്കുന്നുണ്ടെങ്കിലും കാര്യമായ ഫലം ലഭിക്കുന്നില്ല. ചില സന്ദര്‍ഭങ്ങളില്‍ ഇത് ബിസിനസിന്റെ തകര്‍ച്ചയിലേക്ക് പോലും നയിക്കുന്നു.
വില്‍പ്പന വര്‍ധിപ്പിക്കുക
വില്‍പ്പനയുടെ ഉപോല്‍പ്പന്നം മാത്രമാണ് ബ്രാന്‍ഡുകള്‍ എന്ന് സംരംഭകര്‍ മനസിലാക്കിയാല്‍ അവര്‍ വില്‍പ്പന വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുമായിരുന്നു. ഫലപ്രദമല്ലാത്ത, ചെലവേറിയതുമായ ബ്രാന്‍ഡിംഗ് പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുകയും ചെയ്യും. എന്നാല്‍ പല ബ്രാന്‍ഡ് ആരാധകരും ഈ ആശയത്തെ എതിര്‍ക്കുകയും ബ്രാന്‍ഡിംഗിനായുള്ള പരിശ്രമങ്ങളും പണച്ചെലവുകളും പെട്ടെന്ന് ഫലം തരില്ലെന്നും ദീര്‍ഘകാലത്തില്‍ നേട്ടം ഉണ്ടാക്കുക തന്നെ ചെയ്യുമെന്നും വാദിക്കും. ഇപ്പോള്‍ ബ്രാന്‍ഡിംഗ് നിര്‍ത്തിയാല്‍ അത് ഭാവിയിലെ വില്‍പ്പനയെ ബാധിക്കുമെന്നും അവര്‍ പറയും.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിങ്ങളുടെ ബ്രാന്‍ഡിംഗ് പരിശ്രമം ഫലം ചെയ്യുമെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടെങ്കില്‍ അതിന്റെ സൂചകമായി ഹ്രസ്വകാലത്തേക്ക് ഫലം അളക്കാന്‍ കഴിയുന്ന പ്രോക്‌സി മെഷര്‍ ഉണ്ടാകുന്നത് നല്ലതായിരിക്കും എന്നാണ് ഇതിനുള്ള എന്റെ ഉത്തരം. ബ്രാന്‍ഡിംഗ് ചെലവും ഭാവി വരുമാനവും തമ്മിലുള്ള പരസ്പര ബന്ധം പ്രതിഫലിപ്പിക്കുന്ന ഒരളവായിരിക്കണം ഈ സൂചകം.
വ്യത്യസ്തമായ ഉല്‍പ്പന്ന/സേവനങ്ങളുടെ വില്‍പ്പന
എന്റെ അഭിപ്രായത്തില്‍ ഭാവി വില്‍പ്പനയുടെ ഏറ്റവും മികച്ച സൂചകം എന്നത് ഉടനടി എത്ര വില്‍പ്പന ഉണ്ടാകുന്നു എന്നതാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഭാവി വില്‍പ്പനയുടെ ഹ്രസ്വകാല സൂചകം ഹ്രസ്വകാലയളവിലെ വില്‍പ്പനയിലെ വര്‍ധനയാണ്.
ചുരുക്കത്തില്‍, ഉപഭോക്താവിനു ആവശ്യമുള്ള, തീര്‍ത്തും വ്യത്യസ്തമായ ഉല്‍പ്പന്ന/സേവനങ്ങളുടെ വില്‍പ്പനയുടെ ഫലമാണ് കരുത്തുറ്റ ബ്രാന്‍ഡ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ ആശയംപരീക്ഷിക്കുന്നതിനായി ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള ഏത് കരുത്തുറ്റ ബ്രാന്‍ഡിനെയും ഉദാഹരണമായി എടുക്കാം. ഈ ബ്രാന്‍ഡ് തന്നെ മോശം ഗുണനിലവാരത്തിലുള്ള ഉല്‍പ്പന്നം വിപണിയില്‍ ഇറക്കുന്നത് സങ്കല്‍പ്പിച്ചു നോക്കുക. എത്രകാലം അത് കരുത്തുറ്റ ബ്രാന്‍ഡായിനില്‍ക്കും?
വില്‍പ്പനയാണ് ബ്രാന്‍ഡിനെ സൃഷ്ടിക്കുന്നത്. ഉപഭോക്താവിന് ആവശ്യമായ, തീര്‍ത്തും വ്യത്യസ്തമായ സാധനങ്ങളും സേവനങ്ങളും നല്‍കുമ്പോഴാണ് വില്‍പ്പന ഉണ്ടാകുന്നത് എന്നും സംരംഭകര്‍ മനസിലാക്കണം.

(This article was originally published in Dhanam Magazine July 15th issue)

Tiny Philip
Tiny Philip  

ഇന്ത്യയിലും ജിസിസി രാഷ്ട്രങ്ങളിലുമായി സ്ഥായിയായ ബിസിനസ് മോഡലുകൾ വളർത്തിയെടുക്കുന്നതിന് വേണ്ടി ദീർഘകാല അടിസ്ഥാനത്തിൽ സംരംഭകരുമായി ചേർന്ന് പ്രവർത്തിക്കുന്ന ബിസിനസ് അഡ്വൈസർ. 1992ൽ IIM (L) നിന്ന് PGDM എടുത്തതിന് ശേഷം ബിസിനസ് അഡ്വൈസർ ആയി പ്രവർത്തനം ആരംഭിച്ച അദ്ദേഹം റിസൾട്സ് കൺസൾട്ടിങ് ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആണ്

Related Articles

Next Story

Videos

Share it