നിങ്ങളുടെ ബിസിനസിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചേ തീരൂ

മികച്ച നിക്ഷേപകര്‍ പല ബിസിനസുകള്‍ക്കും നിര്‍ണായക ഘടകമാണ്, പ്രത്യേകിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്കും പ്രാരംഭ ഘട്ടത്തിലുള്ള കമ്പനികള്‍ക്കും. നിങ്ങള്‍ നിങ്ങളുടെ പുതിയ സംരംഭത്തിന് മൂലധനം തേടുന്ന ഒരു സംരംഭകനായാലും അല്ലെങ്കില്‍ വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു കമ്പനിയായാലും, നിക്ഷേപകര്‍ ഏതുതരം ബിസിനസുകളിലാണ് ഫണ്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് മനസിലാക്കുന്നത് ബിസിനസ് വളര്‍ച്ചയ്ക്ക് നിര്‍ണായകമാണ്.

ശക്തമായ വാല്യു പ്രൊപ്പോസിഷന്‍:

ശക്തമായ മൂല്യം നല്‍കുന്ന സംരംഭങ്ങളില്‍ നിക്ഷേപിക്കുന്നതിലാണ് നിക്ഷേപകര്‍ താല്‍പര്യപ്പെടുന്നത്. വിപണിയിലെ ഒരു യഥാര്‍ത്ഥ ആവശ്യമോ പ്രശ്നമോ അഭിസംബോധന ചെയ്യുന്ന ഒരു ഉല്‍പ്പന്നമോ സേവനമോ നിങ്ങളുടെ ബിസിനസ് നല്‍കണമെന്നാണ് ഇതിനര്‍ത്ഥം. നിങ്ങളുടെ ബിസിനസ് എങ്ങനെ വേറിട്ടു നില്‍ക്കുന്നുവെന്നും അതില്‍ നിക്ഷേപം നടത്തുന്നത് എന്തുകൊണ്ടാണെന്നും വ്യക്തമാക്കേണ്ടത് അത്യാവശ്യമാണ്. നൂതനവും നിക്ഷേപം കുറച്ച് വളര്‍ത്താന്‍ (Scalability) സാധിക്കുന്നതുമായ പ്രായോഗികമായ ആശയങ്ങളുള്ള ബിസിനസുകള്‍ക്ക് ഫണ്ട് നല്‍കാന്‍ നിക്ഷേപകര്‍ തയ്യാറാകാറുണ്ട്.

തെളിയിക്കപ്പെട്ട ബിസിനസ് മോഡല്‍:

നിങ്ങളുടെ ബിസിനസ് മോഡല്‍ പ്രായോഗികവും സുസ്ഥിരവുമാണെന്നതിന്റെ തെളിവുകള്‍ കാണിക്കാന്‍ കഴിയണം. വരുമാനം ഉണ്ടാക്കുന്നതിനും ലാഭം നേടുന്നതിനുമുള്ള വ്യക്തമായ പദ്ധതി നിങ്ങള്‍ക്കുണ്ടെന്ന് നിങ്ങള്‍ തെളിയിക്കേണ്ടതുണ്ട്. ഇതിനെയാണ് 'Early Traction' എന്ന് പറയുന്നത്. ഇതിനായി മാര്‍ക്കറ്റ് ഗവേഷണം നടത്തുകയും നിങ്ങളുടെ ടാര്‍ഗറ്റ് പ്രേക്ഷകരെ തിരിച്ചറിയുകയും നിങ്ങളുടെ ഉല്‍പ്പന്നത്തിനോ സേവനത്തിനോ ആവശ്യക്കാരുണ്ടെന്ന് കാണിക്കുകയും ചെയ്യണം. നന്നായി നിര്‍മിക്കുകയും പരീക്ഷിക്കുകയും ചെയ്ത ബിസിനസ് മോഡല്‍ നിക്ഷേപകരുടെ താല്‍പ്പര്യത്തെ ആകര്‍ഷിക്കുന്ന ഒരു പ്രധാന ഘടകമാണ്.

കഴിവുള്ളതും പ്രതിബദ്ധതയുള്ളതുമായ ടീം:

നിക്ഷേപകര്‍ ആശയങ്ങളില്‍ മാത്രമല്ല, ആ ആശയങ്ങള്‍ക്ക് പിന്നിലുള്ള വ്യക്തികളിലുമാണ് നിക്ഷേപം നടത്തുന്നത്. ബിസിനസ് പ്ലാന്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിയുന്ന സമര്‍പ്പിതവും വൈദഗ്ധ്യവുമുള്ള ഒരു ടീമില്‍ അവര്‍ വിശ്വാസമര്‍പ്പിച്ച് നിക്ഷേപം നടത്തും. ബന്ധപ്പെട്ട മേഖലകളില്‍ വിജയത്തിന്റെ ട്രാക്ക് റെക്കോര്‍ഡുള്ള ഒരു ടീം ഉണ്ടായിരിക്കുന്നത് ഒരു പ്രധാന നേട്ടമാണ്. ശക്തമായ പാഷനുള്ള, ഏതൊരു പ്രശ്‌നത്തെയും നേരിടാന്‍ പ്രാപ്തിയുള്ള, ഏതൊരു സാഹചര്യത്തിലും പൊരുത്തപ്പെടാന്‍ കഴിയുന്ന വ്യക്തികളെയാണ് നിക്ഷേപകര്‍ പരിഗണിക്കുന്നത്, കാരണം അവര്‍ ബിസിനസിന്റെ ഉയര്‍ച്ച താഴ്ചകളിലൂടെ കപ്പലിനെ നയിക്കും.

ട്രാക്ഷനും നാഴികക്കല്ലുകളും:

കാര്യമായ നാഴികക്കല്ലുകള്‍ കൈവരിച്ച, അല്ലെങ്കില്‍ വിപണിയില്‍ ട്രാക്ഷന്‍ നേടിയ ബിസിനസുകള്‍ക്ക് നിക്ഷേപകര്‍ പണം നല്‍കാനുള്ള സാധ്യത കൂടുതലാണ്. വില്‍പ്പന നേടല്‍, ബിസിനസ് പങ്കാളിയെ ലഭിക്കല്‍, അല്ലെങ്കില്‍ ഉപഭോക്താക്കളുടെ എണ്ണത്തിലുള്ള വളര്‍ച്ച കൈവരിക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെട്ടേക്കാം. നല്ലൊരു പുരോഗതി ബിസിനസ്സില്‍ കാണിക്കാന്‍ കഴിഞ്ഞാല്‍ നിക്ഷപകര്‍ക്ക് ആത്മവിശ്വാസം ലഭിക്കും.

മാര്‍ക്കറ്റ് വലുപ്പവും വളര്‍ച്ചാ സാധ്യതയും:

ഗണ്യമായ വലുപ്പവും വളര്‍ച്ചാ സാധ്യതയുമുള്ള വിപണികളില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസുകള്‍ക്ക് ഇന്‍വെസ്റ്റ്‌മെന്റ് നല്‍കുന്നതില്‍ നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കാറുണ്ട്. വലിയ വിപണിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സ്‌കെയ്‌ലബ്ള്‍ സാധ്യത അധികമായതിനാല്‍ത്തന്നെ ഇതിന്റെ വളര്‍ച്ചയും വേഗത്തിലായിരിക്കും. വിപുലീകരണത്തിനുള്ള അവസരം ഉയര്‍ത്തിക്കാട്ടുന്ന നന്നായി ഗവേഷണം ചെയ്ത വിപണി വിശകലനം അവതരിപ്പിക്കുന്നത് നിര്‍ണായകമാണ്.

വ്യക്തമായ എക്‌സിറ്റ് സ്ട്രാറ്റജി:

നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപത്തില്‍ നിന്ന് എങ്ങനെ, എപ്പോള്‍ വരുമാനം നേടാനാകുമെന്ന് വ്യക്തമായിരിക്കണം. മാത്രമല്ല, സംരംഭകര്‍ക്ക് വ്യക്തമായ ഒരു എക്‌സിറ്റ് തന്ത്രം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഏറ്റെടുക്കല്‍ വഴിയോ ഐ.പി.ഒ വഴിയോ അതുമല്ലെങ്കില്‍ മറ്റ് മാര്‍ഗങ്ങള്‍ വഴിയോ ലാഭകരമായി ബിസിനസ് എക്‌സിറ്റ് നടത്താനായി പദ്ധതിയുണ്ടായിരിക്കണം.

ഓരോ നിക്ഷേപകനും പല മുന്‍ഗണനകളും മാനദണ്ഡങ്ങളും ഉണ്ടെന്ന് ഓര്‍മിക്കുക, അതിനാല്‍ നിങ്ങളുടെ ടാര്‍ഗറ്റ് നിക്ഷേപകരുടെ പ്രതീക്ഷകളുമായി പൊരുത്തപ്പെടുന്നതിന് നിങ്ങളുടെ പിച്ച് ഡക്ക് ക്രമീകരിക്കുന്നത് അനിവാര്യമാണ്.


ലേഖകന്റെ കൂടുതല്‍ വിവരങ്ങള്‍:

Siju Rajan

Business and Brand Consultant

BRANDisam LLP

www.sijurajan.com

+91 8281868299

info@sijurajan.com

Siju Rajan
Siju Rajan  

ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റും ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് വിദഗ്ധനും എച്ച്ആര്‍ഡി ട്രെയ്‌നറുമായ സിജു രാജന്‍ ബ്രാന്‍ഡ് ഐഡന്റിറ്റി, ബ്രാന്‍ഡ് സ്ട്രാറ്റജി, ട്രെയ്‌നിംഗ്, റിസര്‍ച്ച് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന BRANDisam ത്തിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റാണ്

Related Articles

Next Story

Videos

Share it