ബിസിനസ് ആശയം കൈയിലുണ്ടോ? ക്ലിക്കാവുമോയെന്ന് ഇങ്ങനെ അറിയാം

നൂതനമായ ബിസിനസ് ആശയങ്ങളുമായി ധാരാളം സംരംഭകര്‍ ഇന്ന് മുന്നോട്ട് വരുന്നുണ്ട്. എന്നാല്‍ ഇത്തരം പല ബിസിനസ് ആശയങ്ങളും പലപ്പോഴും വിജയം കൈവരിക്കാറില്ല. ഒരു ബിസിനസ് ആശയം കിട്ടിയാല്‍ അത് പല ടെസ്റ്റിംഗിനും വിധേയമാക്കേണ്ടതുണ്ട്. അത്തരത്തില്‍ ഒരു ലിറ്റ്മസ് ടെസ്റ്റിംഗും ഈ ബിസിനസ് ആശയത്തില്‍ നടത്തേണ്ടതുണ്ട്. 5 കാര്യങ്ങള്‍ നിങ്ങളുടെ ബിസിനസ് ആശയത്തില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക.

പ്രശ്‌നപരിഹാരം: ഏതൊരു ഉല്‍പ്പന്നവും ആളുകള്‍ സ്വീകരിക്കുന്നത് അവര്‍ നേരിടുന്നതോ അല്ലെങ്കില്‍ അവര്‍ തിരിച്ചറിയാത്തതോ ആയ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം ലഭിക്കുമ്പോഴാണ്. നിങ്ങളുടെ ബിസിനസ് ആശയം ആളുകളുടെ എന്ത് പ്രശ്‌നത്തിനുള്ള പരിഹാരമായിട്ടാണ് അവതരിപ്പിക്കുന്നത്? അതില്‍ വ്യക്തമായൊരു ധാരണ ഉണ്ടാവണം. കാരണം ആ പ്രശനത്തിനുള്ള പരിഹാരമെന്നരീതിയിലാണ് ഉല്‍പ്പന്നത്തെ മാര്‍ക്കറ്റ് ചെയ്യേണ്ടത്. എങ്കിലേ ആളുകള്‍ അത് സ്വീകരിക്കാന്‍ സന്നദ്ധരാവുകയുള്ളു.

പ്രദര്‍ശനം: ആളുകള്‍ കാണുന്നതേ വിശ്വസിക്കുകയുള്ളു. നിങ്ങളുടെ ബിസിനസ് ആശയത്തെ ഉല്‍പ്പന്ന രൂപത്തില്‍ ആളുകളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുമോ? അതിന്റെ ഗുണവശങ്ങള്‍ തെളിവ് സഹിതം വിശദീകരിക്കാന്‍ സാധിക്കുമോ? എങ്കില്‍ ആ ബിസിനസ് ആശയം ആളുകള്‍ സ്വീകരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

വസ്തുതകള്‍: നിങ്ങളുടെ ബിസിനസ് ആശയത്തിന്റെ മേല്‍ എന്തെല്ലാം അവകാശവാദങ്ങള്‍ ഉന്നയിച്ചാലും അതിനെ പിന്തുണക്കുന്ന വസ്തുതകളും കണക്കുകളും നിരത്താന്‍ സാധിക്കുമോ? പൊള്ളയായ അവകാശവാദങ്ങള്‍ ആളുകള്‍ സ്വീകരിക്കുകയില്ല. കൃത്യമായ തെളിവ് അവരുടെമുന്നില്‍ കാഴ്ചവയ്ക്കാന്‍ കഴിയണം. അത്തരത്തില്‍ വസ്തുതകളുടെയും കണക്കിന്റെയും പിന്‍ബലമുള്ള ബിസിനസ് ആശയമാണോ നിങ്ങളുടേത്? എങ്കില്‍ ആളുകള്‍ ആ ഉല്പന്നത്തിന്റെമേല്‍ വിശ്വാസമര്‍പ്പിക്കും.

പ്രതീക്ഷക്ക് അപ്പുറം: ഒരു ഉല്‍പ്പന്നം, മത്സരങ്ങളെ കടത്തിവെട്ടി പോകുന്നത് ആളുകള്‍ പ്രതീക്ഷിക്കുന്നതിനും അപ്പുറത്ത് അത് റിസള്‍ട്ട് ഉണ്ടാകുമ്പോഴാണ്. അത്തരത്തില്‍ ആളുകളുടെ പ്രതീക്ഷക്കപ്പുറം പ്രകടനം നടത്താന്‍ നിങ്ങളുടെ ബിസിനസ് ആശയത്തില്‍നിന്നുള്ള ഉല്‍പ്പന്നത്തിന് കഴിയുമോ? എങ്കില്‍ ദീര്‍ഘകാലത്തേക്ക് മത്സരങ്ങളെ ജയിച്ച് മുന്നോട്ടുപോകാന്‍ കഴിയും.

വ്യത്യസ്തത: വ്യത്യസ്തതകൊണ്ടും മൂല്യം കൊണ്ടും മറ്റ് ഉത്പന്നങ്ങളെക്കാളും ഉയര്‍ന്നനിലയിലാണോ നിങ്ങളുടെ ബിസിനസ് ആശയവും ഉല്പന്നവും? എങ്കില്‍ അത് മാര്‍ക്കറ്റില്‍ കൂടുതല്‍ വില്‍പ്പനക്ക് കാരണമാകും.

ഈ 5 കാര്യങ്ങളില്‍ എത്ര എണ്ണം നിങ്ങളുടെ ബിസിനസ് ആശയത്തില്‍ ഉണ്ടെന്ന് മനസിലാക്കുക. കൂടുതല്‍ എണ്ണം ഉള്ളിടത്തോളം അത് ബിസിനസ്സിന് കരുത്തേകും. ബിസിനസ് ആശയത്തില്‍നിന്നും അടുത്ത ഘട്ടത്തിലേക്ക് പോകുന്നതിനുമുമ്പും, മാര്‍ക്കറ്റിംഗ് പ്ലാന്‍ ഉണ്ടാക്കുന്നതിനുമുമ്പും ഈ ലിറ്റ്മസ് പരീക്ഷയിലൂടെ കടന്നുപോവുക.

Siju Rajan

Business and Brand Coach

BRANDisam LLP

www.sijurajan.com

+91 8281868299

Siju Rajan
Siju Rajan  

ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റും ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് വിദഗ്ധനും എച്ച്ആര്‍ഡി ട്രെയ്‌നറുമായ സിജു രാജന്‍ ബ്രാന്‍ഡ് ഐഡന്റിറ്റി, ബ്രാന്‍ഡ് സ്ട്രാറ്റജി, ട്രെയ്‌നിംഗ്, റിസര്‍ച്ച് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന BRANDisam ത്തിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റാണ്

Related Articles
Next Story
Videos
Share it