ഈ ബിസിനസുകൾ തുടങ്ങാൻ സ്വന്തമായി ഓഫീസ് പോലും വേണ്ട
ഒരു ബിസിനസ് ആരംഭിക്കുമ്പോള്‍ അതിന്റെ പ്രാരംഭഘട്ടത്തില്‍ വരുന്ന ഏറ്റവും വലിയ ചെലവുകളിലൊന്ന് ഓഫീസ് സ്ഥാപിക്കുന്നതിലായിരിക്കും. കൂടാതെ ഓഫീസുമായി ബന്ധപ്പെട്ട് പിന്നീട് സ്ഥിരമായി വരുന്ന ചില തുടര്‍ ചെലവുകളും, അതായത്, മുറി വാടക, വൈദ്യുതി ബില്ല്, മെയിന്റനൻസ് തുടങ്ങിയവ തുടക്കത്തില്‍ ബിസിനസ്സുകാര്‍ക്ക് വലിയ ബാധ്യതയുണ്ടാക്കാറുണ്ട്. ഓഫീസ് മുറി ഇല്ലാതെ ബിസിനസ് ആരംഭിക്കാന്‍ കഴിയുമോ എന്നത് കോവിഡ് കാലത്തിനുശേഷം ഒരു ചോദ്യമേ അല്ല.
എല്ലാ ബിസിനസുകളും അത്തരത്തില്‍ ആരംഭിക്കാന്‍ കഴിയില്ല എങ്കിലും ഒരു ഓഫീസ് മുറി ഇല്ലാതെ ആരംഭിക്കാന്‍ കഴിയുന്ന ധാരാളം ബിസിനസുകളുണ്ട്. അത്തരം ബിസിനസുകള്‍ക്കെല്ലാം ഒരു സമാന സ്വഭാവമുണ്ട്. അവയെ വൈദഗ്ധ്യം അടിസ്ഥാനമാക്കിയുള്ള ബിസിനസുകളെന്ന് വിളിക്കാം (Skill based businesses ). അതായത് ഒരോ മേഖലയിലും ആ മേഖല അര്‍ഹിക്കുന്ന പ്രത്യേക നൈപുണ്യമുള്ളവര്‍ക്ക് ഇത്തരത്തില്‍ ഓഫീസ് രഹിത ബിസിനസുകള്‍ ബുദ്ധിമുട്ടില്ലാതെ ആരംഭിക്കാന്‍ സാധിക്കും. അത്തരത്തിലുള്ള ചില മേഖലകള്‍ പരിചയപ്പെടാം:
1. മൊബൈല്‍ ആപ്പ്, വെബ് ഡെവലപ്‌മെന്റ്
വിവിധ വെബ് ഭാഷയിലുള്ള പ്രാവീണ്യവും, ക്രീയേറ്റിവിറ്റിയും, മാര്‍ക്കറ്റിംഗ് സ്‌കില്ലും, ക്ലയന്റ്‌സുമായി സംവദിക്കാനുള്ള ആശയവിനിമയ നൈപുണ്യവും, നല്ല കംപ്യൂട്ടറുമുണ്ടെങ്കില്‍ ലക്ഷങ്ങള്‍ വരുമാനമുണ്ടാക്കാന്‍ കഴിയുന്ന ഒരു മേഖലയാണിത്. ഓണ്‍ലൈന്‍ വീഡിയോ മീറ്റിംഗിലൂടെ ക്ലയന്റ്സുമായി ആശയവിനിമയം നടത്താം. വര്‍ക്ക് ഫ്രം ഹോം രീതിയില്‍ ജീവനക്കാരെ നിയമിച്ച് അവരുമായി ഓണ്‍ലൈനായി തന്നെ സംവദിക്കാവുന്നതാണ്. ധാരാളം ടാസ്‌ക് മാനേജ്മന്റ് ടൂളുകളും കസ്റ്റമര്‍ റിലേഷന്‍ഷിപ് മാനേജ്മന്റ് ടൂളുകളും ഇന്ന് ലഭ്യമായതുകൊണ്ടുതന്നെ അധികം ബുദ്ധിമുട്ടാറിയാതെ ബിസിനസ് നടത്താന്‍ സാധിക്കുന്നതാണ്.
2. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്
സാമാന്യം നന്നായി ഡിസൈനിംഗ് സോഫ്ട്‌വെയറുകളും, ഡാറ്റ അനലിറ്റിക്സ് ടൂളുകളും ഉപയോഗിക്കാന്‍ അറിയുമെങ്കില്‍ ക്രീയേറ്റിവിറ്റിയുള്ളവര്‍ക്ക് ചെറിയ രീതിയില്‍ ഒരു ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സംരംഭം ആരംഭിക്കാന്‍ സാധിക്കും, അതും വീട്ടിലിരുന്ന് തന്നെ. ഒരുപക്ഷെ തുടക്കത്തില്‍ വലിയ വര്‍ക്കുകളൊന്നും ലഭിച്ചില്ലെങ്കിലും നിലവിലുള്ള ചെറിയ ക്ലയന്റ്‌സിന് മികച്ച സര്‍വീസ് നല്‍കി അവരുടെ ബിസിനസ് വളര്‍ത്താന്‍ സഹായിച്ചാല്‍ ആ പോര്‍ട്ട്‌ഫോളിയോ വച്ച് സമയമെടുത്താണെങ്കിലും വലിയ വര്‍ക്കുകള്‍ ലഭ്യമാകും. ആയതിനാല്‍ തുടക്കത്തിലുള്ള വലിയ ചെലവുകള്‍ ഒഴിവാക്കാന്‍ ഇത്തരം ഓഫീസ് രഹിത രീതി സഹായകരമാകും. മീറ്റിംഗുകള്‍ക്ക് ക്ലയന്റിന്റെ ഓഫീസിലേക്കെത്തിയോ ഒന്നിലധികം പേര്‍ പങ്കിടുന്ന കോ-വര്‍ക്കിംഗ് സ്‌പേസുകളിലോ ഇരിക്കാം.
3. കണ്‍സള്‍ട്ടിംഗ് സേവനങ്ങള്‍
ഒരു വ്യക്തിക്ക് എത്രത്തോളം ഒരു വിഷയത്തില്‍ പ്രാവീണ്യമുണ്ട് എന്നതാണ് കണ്‍സള്‍ട്ടിംഗ് മേഖലയില്‍ പരിഗണിക്കുന്ന പ്രധാന വിഷയം, അല്ലാതെ ഓഫീസിന്റെ വലിപ്പമല്ല. എഡ്യൂക്കേഷന്‍, ബിസിനസ്, കണ്‍സ്ട്രക്ഷന്‍, ഓട്ടോമൊബൈല്‍ തുടങ്ങിയ മേഖലകളില്‍ കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ ആരംഭിക്കുന്നതിന് ഇന്നത്തെകാലത്ത് ഒരു ഓഫീസിന്റെയും ആവശ്യമില്ല. പല സ്ഥലങ്ങളിലുള്ള ക്ലയന്റ്‌സുമായി സംവദിക്കാന്‍ ഓഫീസിന്റെ ആവശ്യമില്ലല്ലോ. ഓണ്‍ലൈന്‍ വീഡിയോ മീറ്റിംഗുകളാകും ഇത്തരം ജോലികള്‍ക്ക് സൗകര്യപ്രദമാകുന്നത്. ഇവിടെയും, അത്യാവശ്യഘട്ടങ്ങളില്‍ കോ-വര്‍ക്കിംഗ് സ്‌പേസുകളും മീറ്റിംഗിനായി ഉപയോഗിക്കാം.
4. ഓണ്‍ലൈന്‍ ട്യൂട്ടറിംഗ്
ലോക്ക്ഡൗണിന് ശേഷമാണ് വിദ്യാഭ്യാസ മേഖലയില്‍ വലിയ രീതിയില്‍ ടെക്‌നോളജിയുടെ സാധ്യതകള്‍ ഉപയോഗിക്കാന്‍ ആരംഭിച്ചത്. ഓണ്‍ലൈന്‍ ക്ലാസ്സുകളാണ് അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ആളുകളിലേക്ക് എത്തിപ്പെടാനുള്ള പരിമിതികള്‍ ഇല്ലാത്തതുകൊണ്ടുതന്നെ ഒരേ സമയത്ത് ഒത്തിരി വിദ്യാത്ഥികള്‍ക്ക് ക്ലാസുകള്‍ എടുക്കാനാകും. അതിനാല്‍ ഒരു ഫിസിക്കല്‍ വിദ്യാഭ്യാസ സ്ഥാപനം ഇല്ലാതെ തന്നെ മികച്ച വളര്‍ച്ച കൈവരിക്കാന്‍ ഓണ്‍ലൈന്‍ ട്യൂഷന് സാധിക്കും.
പാഠപുസ്തകങ്ങളോ മറ്റ് അക്കാദമിക്‌സോ മാത്രമല്ല, ഫിറ്റ്‌നസ് ക്ലാസുകള്‍, യോഗ, സംഗീതം, നൃത്തം, ചിത്രരചന തുടങ്ങി ഒട്ടുമിക്ക മേഖലകളിലും ഈ ഓഫീസ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സംരംഭകത്വ രീതിയില്‍ ഭംഗിയായി മുന്നോട്ട് കൊണ്ട്‌പോകാം. എന്നാല്‍ ഇതിന് വലിയ രീതിയില്‍ മാര്‍ക്കറ്റിംഗ് ചെയ്യേണ്ടതുണ്ട്. കൂടാതെ മികച്ച അധ്യാപന വൈദഗ്ധ്യവും ആവശ്യമാണ്.
ഇത്രയും കാര്യങ്ങള്‍ വായിക്കുമ്പോള്‍ പൊതുവെയുള്ള ഒരു സംശയം ഈ ബിസിനസ്, ഓഫീസ് ഇല്ലെങ്കില്‍ എങ്ങനെ ഒരു സംരംഭമായി രജിസ്റ്റര്‍ ചെയ്യും എന്നതാവും. മനസിലാക്കേണ്ടത്, ഇത്തരത്തില്‍ ചെറിയ രീതിയില്‍ ആരംഭിക്കുന്ന ബിസിനസുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല എന്നതാണ്. എന്നാല്‍ മികച്ച രീതിയില്‍ ആരംഭിക്കണം നിന്നുള്ളവര്‍ക്ക് കമ്പനി രൂപീകരിക്കാനായി വീടിന്റെ വിലാസം നല്‍കാവുന്നതാണ്, അത് കൊമേഴ്‌സ്യല്‍ ലൈസെന്‍സിലേക്ക് മാറ്റേണ്ട ആവശ്യമില്ല. കൂടാതെ ചെറിയൊരു വാര്‍ഷിക ഫീസ് മാത്രം നല്‍കി വെര്‍ച്വല്‍ ഓഫീസുകള്‍ എടുക്കാവുന്നതാണ്.
രജിസ്‌ട്രേഷനായുള്ള എല്ലാവിധ ഡോക്യൂമെന്റുകളും അവര്‍ നല്‍കും. ഒരു കാര്യം മനസ്സില്‍ വയ്ക്കുക, ബിസിനസ് വളരുന്നതിനനുസരിച്ച് അതിലേക്ക് നിക്ഷേപിക്കേണ്ടത് അനിവാര്യമാണ്. തുടക്കത്തില്‍ ഓഫീസ് ഇല്ല എങ്കിലും പതിയെയാണെങ്കിലും എല്ലാവിധ സൗകര്യത്തോടുകൂടിയുള്ള ഓഫീസിലേക്ക് മാറാന്‍ ശ്രമിക്കുക. എങ്കില്‍മാത്രമേ ബിസിനസിന് മികച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുകയുള്ളു, അല്ലാത്തപക്ഷം ഒരു സ്വയം തൊഴിൽ എന്ന നിലയിലായിക്കും നിങ്ങളുടെ ബിസിനസ് നിലനില്‍ക്കുക.
Siju Rajan
Business and Brand Consultant
BRANDisam LLP
www.sijurajan.com
+91 8281868299