ഇവരിലൂടെ വളര്‍ത്താം നിങ്ങളുടെ ബിസിനസിനെയും!

സ്വാധീനശേഷിയുള്ളവരെ കണ്ടെത്തി അവരുടെ ഒരു വാക്കിലൂടെ നേടാം കസ്റ്റമേഴ്‌സിനെ
Backward Invention and Reverse Innovation by Dr Sudheer Babu
Published on

ഇന്ത്യയിലെ പ്രശസ്തയായ യാത്രാ ബ്ലോഗ്ഗറായ മൃദുല ദ്വിവേദി ഒരിക്കല്‍ വേള്‍ഡ് ഹംബര്‍ഗര്‍ ഡേയില്‍ ഹാര്‍ഡ് റോക്ക് കഫെ (Hard Rock Café) സന്ദര്‍ശിക്കുന്നു. എന്നിട്ട് തന്റെ Travel Tales from India and Abroad എന്ന ബ്ലോഗില്‍ ഹാര്‍ഡ് റോക്ക് കഫെയിലെ അനുഭവം വിവരിക്കുന്നു. കഫെയിലെ രുചികരമായ ഭക്ഷണത്തെക്കുറിച്ചും മനോഹരമായ അന്തരീക്ഷത്തെക്കുറിച്ചും അവിടെ തനിക്കും മകള്‍ക്കും ചെലവഴിക്കാന്‍ സാധിച്ച അസുലഭ സന്ദര്‍ഭത്തെക്കുറിച്ചുമൊക്കെ അവര്‍ വിശദമായി ബ്ലോഗില്‍ പറയുന്നു.

മൃദുല ദ്വിവേദിയുടെ കഫെയിലെ വ്യക്തിപരമായ അനുഭവം അവരുടെ ആരാധകരുടെ മനം കവരുന്നു. ഹാര്‍ഡ് റോക്ക് കഫെയുടെ പ്രശസ്തി വര്‍ദ്ധിക്കുന്നു. ഭക്ഷണപ്രിയര്‍ കഫെയിലെ രുചികരങ്ങളായ വിഭവങ്ങള്‍ ആസ്വദിക്കാന്‍ അവിടെയെത്തുന്നു. ബിസിനസ് വളരെ വേഗം വളര്‍ച്ചയിലേക്ക് കുതിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ധാരാളം പേര്‍ പിന്തുടരുന്ന മൃദുല ദ്വിവേദിയുടെ വാക്കുകള്‍ കഫെയുടെ വലിയൊരു മാര്‍ക്കറ്റിംഗ് കാമ്പയിനായി മാറുന്നു. കഫെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്നു.

ഹിമാലയ (Himalaya) തങ്ങളുടെ മുഖം തുടയ്ക്കുന്ന ടിഷ്യൂ (Facial Wipes) പ്രോമോട്ട് ചെയ്യാന്‍ 152 സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെയാണ് നിയോഗിച്ചത്. നിധി അഗര്‍വാള്‍ ഉള്‍പ്പെടെയുള്ള ഇന്‍ഫ്‌ളുവന്‍സേഴ്‌സ് ഈ കാമ്പയിന്റെ ഭാഗമായി. അവര്‍ വിവിധങ്ങളായ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചു. അവരുടെ ഫോളോവേഴ്‌സിലേക്ക് ഹിമാലയയുടെ ഉല്‍പ്പന്നം കടന്നു ചെന്നു. ഇന്ത്യയിലെ ഏറ്റവും വിജയിച്ച ഒരു സോഷ്യല്‍ മീഡിയ കാമ്പയിനായി ഇത് മാറി.

ഉപഭോക്താക്കള്‍ക്കിടയിലേക്ക് എളുപ്പത്തിലും അതിവേഗതയിലും എത്തിച്ചേരുവാനുള്ള മാര്‍ക്കറ്റിംഗ് തന്ത്രമായി മാറിയിരിക്കുന്നു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെ ഉപയോഗിച്ചുകൊണ്ട് ഉല്‍പ്പന്നം പ്രോമോട്ട് ചെയ്യുക എന്നത്.

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറെ വിശ്വസിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നവര്‍ അവര്‍ പ്രൊമോട്ട് ചെയ്യുന്ന ഉല്‍പ്പന്നങ്ങളെ പെട്ടെന്ന് സ്വീകരിക്കുന്നു. ഇത്തരം പ്രൊമോഷന്റെ ഫലം ലഭിക്കുന്നത് വളരെ വേഗതയിലാണ്. ഒരു കൊടുങ്കാറ്റുപോലെ ഉല്‍പ്പന്നം ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്തിച്ചേരുന്നു. ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിംഗ് (Influencer Marketing) പുതിയ കാലഘട്ടത്തിന്റെ മാര്ക്കറ്റിംഗ് തന്ത്രമായി മാറുന്നു.

പ്ലസ് സൈസ് ഉള്ള സ്ത്രീകള്‍ സമൂഹത്തില്‍ നിന്നും നേരിടുന്ന അവഗണനകള്‍ ധാരാളമാണ്. സോനം എന്ന പ്ലസ് സൈസ് ഇന്‍ഫ്‌ളുവന്‍സര്‍ സമൂഹത്തിന്റെ ഇത്തരം മുന്‍വിധികളെ നേരിട്ട് തന്റെ സ്വപ്നങ്ങളെ പിന്തുടരുന്നത് എങ്ങിനെയാണ് എന്ന് വിവരിക്കുന്നു.

ക്രാഫ്റ്റ്‌സ്.വില്ല (Craftsvilla) എന്ന ഇന്ത്യയിലെ പ്രശസ്തമായ ഫാഷന് ബ്രാന്ഡിനായുള്ള കാമ്പയിനിലാണ് സോനം ഇത് ചെയ്തത്. വ്യക്തികളെ അവരുടെ ആകാരത്തിന്റെ, വലിപ്പത്തിന്റെ, നിറത്തിന്റെ, ജോലിയുടെ അടിസ്ഥാനത്തിലല്ല വിലയിരുത്തേണ്ടതെന്ന തങ്ങളുടെ ആശയത്തെ ജനങ്ങള്ക്കിടയിലേക്ക് എത്തിക്കുവാനാണ് ക്രാഫ്റ്റ്‌സ്.വില്ല വ്യത്യസ്തരായ ഇരുപതോളം മുന്‍നിര സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സേഴ്‌സിനെ ഉപയോഗിച്ചത്. നിതിബ കൗള്‍, മന്‍സി സവേരി എന്നിവരൊക്കെ പങ്കെടുത്ത ഈ കാമ്പയിന്‍ വലിയൊരു വിജയമായി മാറി.

ബ്രാന്‍ഡിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍, ഉപഭോക്താക്കളുടെ വിശ്വാസ്യത നേടിയെടുക്കാന്‍, വില്‍പ്പന വര്‍ദ്ധിപ്പിക്കുവാന്‍ എന്നിവയ്ക്കായി ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിംഗ് (Influencer Marketing) സഹായിക്കുന്നു.

സെലിബ്രിറ്റികള്‍ക്കും ബ്ലോഗ്ഗര്‍മാര്‍ക്കും വ്‌ളോഗര്‍മാര്‍ക്കും തങ്ങളുടെ ഫോളോവേഴ്‌സിന്റെ വാങ്ങല്‍ തീരുമാനത്തെ (Buying Decision) തങ്ങളുടെ ആധികാരികതയും (Authenticity), വിശ്വാസ്യതയും (Credibility), മികച്ച ഉള്ളടക്കവും (Best Content) കൊണ്ട് സ്വാധീനിക്കുവാന്‍ സാധിക്കും. തങ്ങള്‍ക്ക് വിശ്വാസമുള്ള ഒരു വ്യക്തി ഒരു ഉല്‍പ്പന്നം ശുപാര്‍ശ (Recommend) ചെയ്യുമ്പോള്‍ അത് ഫോളോവേഴ്‌സിനെ അതിശക്തമായി സ്വാധീനിക്കുന്നു.

നിങ്ങളുടെ ബിസിനസ് അതിവേഗം ഉപഭോക്താക്കളിലേക്ക് എത്തിക്കുവാന്‍ ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിംഗ് (Influencer Marketing) നല്ലൊരു മാര്‍ഗ്ഗമാണ്. പുതിയ കാലഘട്ടത്തിലെ പുതിയ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ നിങ്ങള്‍ക്കും ഉപയോഗിക്കാം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com