ഡിജിറ്റല്‍ കാലത്തെ സോഷ്യല്‍മീഡിയയുടെ മാര്‍ക്കറ്റിംഗിന്റെ പ്രസക്തി

ഇന്‍സ്റ്റഗ്രാമില്‍ നിങ്ങളൊരു റീല്‍ കാണുന്നു. ധാരാളം ഫോളോവേഴ്‌സുള്ള ഒരു ഫാഷന്‍ ഇന്‍ഫ്‌ളുവന്‍സര്‍ വിപണിയിലേക്ക് പുതുതായി കടന്നു വന്ന ലിപ്സ്റ്റിക് പരിചയപ്പെടുത്തുകയാണ്. നിമിഷനേരം കൊണ്ട് ആ റീല്‍ പതിനായിരക്കണക്കിന് ചെറുപ്പക്കാരിലേക്കെത്തുന്നു. അവരത് ആകാംക്ഷയോടെ കാണുന്നു, കമന്റിടുന്നു. ഷെയര്‍ ചെയ്യുന്നു, നെറ്റില്‍ ഉത്പന്നം തിരയുന്നു, ഓര്‍ഡര്‍ ചെയ്യുന്നു. എത്ര പെട്ടെന്നാണ് വിപണിയുടെ ശ്രദ്ധ ആ ഉത്പന്നം പിടിച്ചുപറ്റിയത്. ചൂടപ്പം പോലെ ലിപ്സ്റ്റിക് വിറ്റുപോകുന്നു.
പുതിയ കാലത്തെ വിപണിയിലെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ അടിമുടി മാറിയിരിക്കുന്നു. പരമ്പരാഗതമായി പിന്തുടരുന്ന മാര്‍ക്കറ്റിംഗ് രീതികളില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ വേഗതയേറിയതും ആക്രമണോത്സുകമായതും എളുപ്പം എതിരാളികള്‍ക്കു മേല്‍ ആധിപത്യം സ്ഥാപിക്കുവാന്‍ കഴിയുന്നതുമായ ആധുനിക മാര്‍ക്കറ്റിംഗ് സങ്കേതങ്ങള്‍ ഉയര്‍ന്നു വന്നിരിക്കുന്നു. മത്സരം കൊടുമ്പിരികൊള്ളുന്ന വിപണിയില്‍ പതുങ്ങി നില്‍ക്കുന്നത് ആപത്കരമാണെന്ന തിരിച്ചറിവ് ഇത്തരം മാര്‍ക്കറ്റിംഗ് രീതികളെ അതിവേഗം സ്വീകരിക്കുവാന്‍ ബ്രാന്‍ഡുകളെ നിര്‍ബന്ധിതരാക്കിയിരിക്കുന്നു.
പരസ്യങ്ങളിലൂടെ പൊസിഷനിംഗ്
വിപണിയില്‍ ബ്രാന്‍ഡ് കൃത്യമായി പൊസിഷന്‍ ചെയ്യുക അത്ര എളുപ്പമുള്ള ജോലിയല്ല. ഉപഭോക്താക്കളുടെ മനസില്‍ ബ്രാന്‍ഡിനെക്കുറിച്ചുള്ള അവബോധം വളര്‍ത്തിയെടുക്കാനും ബ്രാന്‍ഡ് പെട്ടെന്ന് തിരിച്ചറിയാനും പരസ്യങ്ങള്‍ സഹായിക്കുന്നു. എത്രമാത്രം പരസ്യം ചെയ്യുന്നു എന്നതിലല്ല എങ്ങിനെയാണ് പരസ്യം ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചാണ് ഫലം ലഭിക്കുന്നത്. പരസ്യങ്ങളിലൂടെ ബ്രാന്‍ഡിനെക്കുറിച്ചുള്ള ഇമേജ് ഉപഭോക്താക്കളുടെ തലച്ചോറില്‍ പതിപ്പിക്കുന്നു. അത് സ്ഥായിയായി അവിടെ നിലനില്‍ക്കുന്നു.
പരസ്യങ്ങള്‍ നല്‍കുന്ന സന്ദേശവും അവയിലെ വൈകാരികതയും ചടുലതയുമാണ് ഉപഭോക്താവിനേയും ബ്രാന്‍ഡിനെയും തമ്മില്‍ അടുപ്പിക്കുന്നത്. ബ്രാന്‍ഡിനെക്കുറിച്ച് ഉപയോക്താവ് എന്ത് ചിന്തിക്കണമെന്നത് മുന്‍കൂട്ടി നിശ്ചയിച്ചിട്ടാണ് പരസ്യങ്ങള്‍ ചിട്ടപ്പെടുത്തുന്നത്. ഉപഭോക്താവ് തുടര്‍ച്ചയായി കാണുന്ന ദൃശ്യങ്ങളും, വായിക്കുന്നതും കേള്‍ക്കുന്നതുമായ വാക്കുകളും ബ്രാന്‍ഡിനെക്കുറിച്ചുള്ള കാഴ്ചപ്പാട് മനസ്സില്‍ ഊട്ടിയുറപ്പിക്കുന്നു. ഉത്പന്നം വാങ്ങുവാന്‍ ഉപഭോക്താവിനെ പ്രേരിപ്പിക്കുക മാത്രമല്ല പരസ്യത്തിന്റെ ലക്ഷ്യം. ബ്രാന്‍ഡിനെ വിപണിയിലേക്ക് കൃത്യമായി പ്ലേസ് ചെയ്യുക കൂടി പരസ്യങ്ങളുടെ കടമയാണ്.
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ ശക്തി
ഉത്പന്നത്തിന്റെയോ സേവനത്തിന്റേയോ പരസ്യം നിര്‍മ്മിക്കുകയും അത് ഡിജിറ്റല്‍ മീഡിയയിലൂടെ അവതരിപ്പിക്കുകയും ചെയ്യുന്നതല്ല ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്. സാമ്പ്രദായികമായ പരസ്യ ടെക്‌നിക്കുകള്‍ക്ക് അസാധാരണമായ മാറ്റങ്ങള്‍ സംഭവിച്ചുവെന്നത് നിങ്ങള്‍ തിരിച്ചറിയേണ്ടതാണ്. ബ്രാന്‍ഡ് കേവലമായ പരസ്യങ്ങള്‍ മാത്രമല്ല പങ്കുവെക്കുന്നത്. പരസ്യങ്ങള്‍ സംവദിക്കുന്ന ആശയങ്ങള്‍ക്കുമപ്പുറമുള്ള വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമായിത്തുടങ്ങി. ഡിജിറ്റല്‍ മീഡിയ മാര്‍ക്കറ്റിംഗെന്നത് പരസ്യത്തില്‍ മാത്രം ഒതുങ്ങിപ്പോകുന്നില്ല. ബ്രാന്‍ഡിനെക്കുറിച്ചുള്ള സമൂലമായ ഒരു കാഴ്ചപ്പാട് രൂപപ്പെടുത്താന്‍ ഡിജിറ്റല്‍ മീഡിയയെ ബുദ്ധിപരമായി വിനിയോഗിക്കാം.
യൂട്യൂബ് വീഡിയോകള്‍
യൂട്യൂബ് വീഡിയോകള്‍ നിങ്ങള്‍ കാണാറുണ്ട്. അവ കാണുമ്പോള്‍ കടന്നു വരുന്ന പരസ്യങ്ങളും നിങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. ടെലിവിഷന്‍ പരസ്യങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഇവ എങ്ങിനെയാണോ ടെലിവിഷനിലൂടെ സ്വാധീനിച്ചത് അതുപോലെ തന്നെ യൂട്യൂബിലും നിങ്ങളെ സ്വാധീനിക്കുന്നു. ബ്രാന്‍ഡിനെക്കുറിച്ചുള്ള ഒരു അവബോധം സൃഷ്ടിക്കാന്‍ ഈ പരസ്യങ്ങള്‍ സഹായകമാകുന്നു.
എന്നാല്‍ യൂട്യൂബ് തുറന്നിടുന്ന അനന്തമായൊരു ലോകമുണ്ട്. കേവലം പരസ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത് മാത്രമല്ല യൂട്യൂബിലെ അവസരങ്ങള്‍. നിങ്ങളുടെ ബ്രാന്‍ഡ്, ഉത്പന്നങ്ങള്‍, സേവനങ്ങള്‍, സന്ദേശങ്ങള്‍ ഇവയൊക്കെയും ഉപഭോക്താക്കളുമായി നേരിട്ട് സംവദിക്കാന്‍ സാധിക്കുന്ന ശക്തമായ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായി യൂട്യൂബിനെ കാണാം.
നിങ്ങളൊരു വാഷിംഗ് മെഷീന്‍ വാങ്ങുന്നു. അതിന്റെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് നിരവധി സംശയങ്ങള്‍ നിങ്ങള്‍ക്കുണ്ട്. നിങ്ങള്‍ യൂട്യൂബ് തുറക്കുന്നു, സെര്‍ച്ച് ചെയ്യുന്നു. അതാ പെരുമഴപോലെ ധാരാളം വീഡിയോകള്‍ നിങ്ങളുടെ മുന്നിലെത്തുന്നു. വാഷിംഗ് മെഷീന്റെ ഓരോ പ്രവര്‍ത്തനത്തെ സംബന്ധിച്ചും ഉപഭോക്താക്കളുടെ സംശയങ്ങള്‍ ദുരീകരിക്കുന്ന രൂപത്തില്‍ വിശദമായും ലളിതമായും നിങ്ങള്‍ക്കാവശ്യമുള്ള ഭാഷയില്‍ വിശദീകരിക്കപ്പെടുന്നു.
പരമ്പരാഗത മീഡിയകളില്‍ ഇത് അസാദ്ധ്യമാണ്. കേവലം പരസ്യങ്ങള്‍ക്കായി മാത്രമല്ല ബ്രാന്‍ഡും ഉപഭോക്താക്കളും തമ്മിലുള്ള പ്രധാന ആശയവിനിമയ സംവിധാനമായി ഡിജിറ്റല്‍ മീഡിയ ഇവിടെ മാറ്റപ്പെടുന്നു. ബ്രാന്‍ഡിന്റെ ഓരോ അപ്‌ഡേറ്റും സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഉപഭോക്താക്കളുടെ വിരല്‍ത്തുമ്പിലെത്തുന്നു. ഉപഭോക്താക്കള്‍ക്കിടയില്‍ ബ്രാന്‍ഡിന്റെ വിശ്വാസ്വത വര്‍ദ്ധിക്കുന്നു.
ഇന്‍സ്റ്റഗ്രാം/ഫേസ്ബുക്ക് റീലുകള്‍
സോഷ്യല്‍ മീഡിയയിലെ തരംഗമാണ് ഇന്‍സ്റ്റഗ്രാം/ഫേസ്ബുക്ക് റീലുകള്‍. സമയം മിനക്കെടുത്തുന്ന, ബോറടിപ്പിക്കുന്ന നെടുനീളന്‍ വീഡിയോകള്‍ക്ക് പകരം മുപ്പതോ അറുപതോ സെക്കന്‍ഡുകള്‍ മാത്രമുള്ള കുഞ്ഞന്‍ വീഡിയോകള്‍. പുതുതലമുറയുടെ മേല്‍ ഇവയ്ക്ക് അതിശക്തമായ സ്വാധീനമാണുള്ളത്. വലിയ വീഡിയോകള്‍ കാണുന്ന മടുപ്പില്ല. രസകരമായ, വിനോദപ്രദമായ റീലുകള്‍ പെട്ടെന്ന് വൈറലാകുന്നു. പ്രേക്ഷകരെ ടാര്‍ഗറ്റ് ചെയ്ത് അവരിലേക്ക് നേരിട്ടെത്താന്‍ സാധിക്കുമെന്നത് ബിസിനസിന് കൂടുതല്‍ പ്രയോജനകരമാകുന്നു.
പരസ്യത്തിന്റെ മറ്റൊരു തലം രൂപപ്പെടുത്താന്‍ റീല്‍സുകള്‍ക്ക് സാധ്യമാകും. പരസ്യത്തെ പരസ്യമായി തോന്നാത്ത രീതിയില്‍ ഇവിടെ അവതരിപ്പിക്കാം. സര്‍ഗാത്മകമായി ചിട്ടപ്പെടുത്തിയാല്‍ റീലുകള്‍ പ്രേക്ഷകരെ ആകര്‍ഷിക്കും. അതിലൂടെ പറയേണ്ടത് പറയാം, കാണിക്കേണ്ടത് കാണിക്കാം. കുറഞ്ഞ സമയത്തില്‍ ബ്രാന്‍ഡ് ഇമേജ് ഉപഭോക്താക്കളുടെ മനസ്സിലേക്ക് കുത്തിവെക്കാന്‍ റീലുകള്‍ക്ക് സാധിക്കും. ഒരു ചെറുകിട കച്ചവടക്കാരനും വ്യവസായിക്കും അന്താരാഷ്ട്ര ഭീമനും മാറ്റുരക്കാന്‍ ഒരു പ്ലാറ്റ്‌ഫോം. ഇവിടെ പണത്തിനുപരി സര്‍ഗ്ഗാത്മകതയാണ് വിജയം നിശ്ചയിക്കുന്നത്.
ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ സ്വാധീനം
ആരാധകര്‍ക്കിടയില്‍ അസാമാന്യമായ സ്വാധീനം ചെലുത്താന്‍ കെല്‍പ്പുള്ളവരാണ് ഇന്‍ഫ്‌ളുവന്‍സര്‍മാര്‍. ബോളിവുഡ് നടിമാരും നടന്മാരും കളിക്കാരും മുതല്‍ പ്രാദേശിക ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ വരെ കേളീരംഗമാണ് സോഷ്യല്‍ മീഡിയ. ദീപിക പദുക്കോണാണ് നാം ആദ്യം കണ്ട ലിപ്സ്റ്റിക് പരിചയപ്പെടുത്തുന്നതെന്നു കരുതുക. അവരുടെ ലക്ഷക്കണക്കിന് ആരാധകര്‍ ആ ബ്രാന്‍ഡിന് പിന്നാലെ പായും. ബ്രാന്‍ഡ് നിമിഷനേരംകൊണ്ട് വിപണി കീഴടക്കും.
പ്രാദേശികമായി ആളുകളെ സ്വാധീനിക്കാന്‍ കഴിയുന്ന ഇന്‍ഫ്‌ളുവന്‍സര്‍മാരുണ്ട്. നിങ്ങളുടെ ബജറ്റില്‍ ഒതുങ്ങിനിന്നുകൊണ്ട് തന്നെ അവരുടെ സേവനം ഉപയോഗപ്പെടുത്താം. നിങ്ങളുടെ ഉത്പന്നത്തെ/സേവനത്തെ അനുസരിച്ച് അവരെ കണ്ടെത്താം. ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ വിശ്വാസ്യത ഉപഭോക്താക്കളില്‍ ബ്രാന്‍ഡിനെക്കുറിച്ചുള്ള മികച്ച ഇമേജ് ഉടലെടുക്കാന്‍ സഹായിക്കും.
നല്‍കാം കൂടുതല്‍ ശ്രദ്ധ
നിങ്ങളുടെ മാര്‍ക്കറ്റിംഗ് പ്ലാനിന്റെ അവിഭാജ്യഘടകമായി ഡിജിറ്റല്‍ മീഡിയ മാര്‍ക്കറ്റിംഗ് മാറട്ടെ. പരമ്പരാഗത ശൈലി മാത്രം പിന്തുടരാതെ ആധുനിക മാര്‍ക്കറ്റിംഗില്‍ വരുന്ന മാറ്റങ്ങളും കൂടി ഉള്‍ക്കൊള്ളാന്‍ തയ്യാറാവുമ്പോള്‍ മാത്രമേ വിപണിയില്‍ പിടിച്ചു നില്‍ക്കാനും വളരാനും ബിസിനസിന് സാധ്യമാകൂ. മാര്‍ക്കറ്റിംഗ് പ്ലാനിലും ബജറ്റിലും ഡിജിറ്റല്‍ മീഡിയ കൂടി ഇടം നേടട്ടെ.
Related Articles
Next Story
Videos
Share it