വില്‍പ്പനയുടെ മേഖലയില്‍ മിടുക്കന്മാര്‍ മാത്രമല്ല മിടുക്കികളും വേണം

ആ അയേണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനിയിലുള്ള വില്‍പ്പനക്കാര്‍ മുഴുവന്‍ ആണുങ്ങളായിരുന്നു. നിങ്ങള്‍ പൊതുവില്‍ ഇത്തരം കമ്പനികളെ ശ്രദ്ധിക്കുക. അവിടെയൊക്കെ വില്‍പ്പനക്കാര്‍ കൂടുതലും പുരുഷന്മാരായിരിക്കും. എന്തുകൊണ്ടാണ് നിങ്ങള്‍ സ്ത്രീകളെ വില്‍പ്പനക്കാരായി നിയമിക്കാത്തത്? ഞാന്‍ ഈ ചോദ്യം ആദ്യമായി ചോദിച്ചത് എന്റെ ഒരു ക്ലയന്റിനോടായിരുന്നു.

''അതിന് പ്രത്യേകിച്ചു കാരണമൊന്നുമില്ല. പണ്ടു മുതലേ അങ്ങനെയാണ്. അത് തുടര്‍ന്നു പോരുന്നുവെന്നുമാത്രം.'' അദ്ദേഹം മറുപടി പറഞ്ഞു. ''എന്നാല്‍ എന്തുകൊണ്ട് നമുക്ക് പെണ്‍കുട്ടികളെ കൂടി സെയില്‍സ് ടീമില്‍ ഉള്‍പ്പെടുത്തിക്കൂടാ'' ഞാന്‍ ചോദിച്ചു. ''ഈ ഫീല്‍ഡില്‍ വില്‍പ്പനക്കായി പെണ്‍കുട്ടികളെ ആരും ഇതുവരെ നിയമിച്ചു കണ്ടിട്ടില്ല. പെണ്‍കുട്ടികള്‍ ഇരുമ്പു കച്ചവടം ചെയ്ത് വിജയിക്കാനുള്ള സാധ്യത കുറവാണ്. ഇത് പുരുഷന്മാരുടെ ലോകമാണ്. അതിനാല്‍ അത്തരമൊരു പരീക്ഷണം ആവശ്യമുണ്ടോ?'' അദ്ദേഹത്തിന് എന്റെ നിര്‍ദ്ദേശം ദഹിക്കുന്നില്ല.

എന്റെ ഉത്സാഹം കണ്ടിട്ടോ നിര്‍ബന്ധബുദ്ധി കണ്ടിട്ടോ ആവാം അദ്ദേഹം അവസാനം സമ്മതം മൂളി. ഇത് അവരുടെ കമ്പനിയില്‍ വലിയൊരു അത്ഭുതമായിരുന്നു. ഒരുപാടുപേര്‍ ഈ തീരുമാനത്തോട് നെറ്റി ചുളിച്ചു, വിയോജിച്ചു. ഇതൊരു പരാജയമാകുമെന്നും പെണ്‍കുട്ടികള്‍ക്ക് പറ്റിയ ഇടമല്ല ഇരുമ്പ് ബിസിനസെന്നും അവര്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. ഒരു പരീക്ഷണമെന്ന നിലയില്‍ നടപ്പിലാക്കി നോക്കാം എന്ന ധാരണയില്‍ പെണ്‍കുട്ടികളുടെ നിയമനം നടത്താന്‍ ആരംഭിച്ചു.

പരീക്ഷണ വിജയം

ഈ സംഭവം വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു. അന്ന് പെണ്‍കുട്ടികള്‍ ഇത്തരം വ്യാപാര മേഖലകളില്‍ വില്‍പ്പനക്കായി നിയമിക്കപ്പെട്ടിരുന്നില്ല. പരമ്പരാഗതമായി ആണുങ്ങള്‍ ചെയ്യുന്ന ജോലിയായിരുന്നു അത്. പ്രത്യേകിച്ചു കാരണമൊന്നുമില്ലെങ്കിലും പെണ്‍കുട്ടികള്‍ക്ക് സാധിക്കുന്ന ജോലിയല്ല ഇതെന്ന വിശ്വാസം അടിയുറച്ചു പോയിരുന്നു. കുറച്ചു നാള്‍ ഈ പരീക്ഷണം മുന്നോട്ടു പോകും. പരാജയപ്പെടുമ്പോള്‍ ഇത് അവസാനിക്കും. ഓരോരോ വിഡ്ഢിത്തങ്ങള്‍ എന്നൊക്കെയാണ് പലരും ഇതിനെ അന്ന് വിലയിരുത്തിയത്.

എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. ഈ പെണ്‍കുട്ടികള്‍ വില്‍പ്പനയില്‍ അസാമാന്യ പ്രകടനം കാഴ്ചവെച്ചു. അവിടെയുള്ള ആണ്‍ വില്‍പ്പനക്കാരെ പിന്തള്ളി ഈ വില്‍പ്പനക്കാരികള്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റു. അവര്‍ ഓരോ നിമിഷവും മെച്ചപ്പെടുകയാണ്. കസ്റ്റമേഴ്‌സ് അവരുമായി ഇടപെടാന്‍ ഇഷ്ടപ്പെട്ടു. എത്ര തന്മയത്തത്തോടെയാണ് അവര്‍ കസ്റ്റമേഴ്‌സിനെ കൈകാര്യം ചെയ്യുന്നത്. കമ്പനിയുടെ മൊത്തം വില്‍പ്പനയില്‍ വലിയൊരു വര്‍ധനയാണ് ഈ പെണ്‍കുട്ടികള്‍ കടന്നു വന്നപ്പോള്‍ സംഭവിച്ചത്.

രണ്ട് ലിംഗഭേദങ്ങള്‍ (Genders) തമ്മിലുള്ള താരതമ്യമായി നിങ്ങള്‍ ഇതിനെ കാണേണ്ടതില്ല. സമൂഹത്തിലെ ചില കാഴ്ചപ്പാടുകളിലെ പ്രശ്‌നങ്ങളാണ് ഞാന്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതി വ്യത്യസ്തമാകുന്നു. എല്ലാ തുറകളിലേതെന്നതുപോലെ വില്‍പ്പനയിലേക്കും ധാരാളം സ്ത്രീകള്‍ കടന്നു വരുന്നു. പുരുഷന്മാരുടേയും സ്ത്രീകളുടേയും സംയുക്തമായ ടീമുകള്‍ ഇപ്പോള്‍ വില്‍പ്പനയില്‍ കൂടുതലായി ഉപയോഗിക്കപ്പെടുന്നു. രണ്ടു കൂട്ടര്‍ക്കും അവരുടേതായ ചില പ്രത്യേകതകളുണ്ട്, സവിശേഷതകളുണ്ട്. ഇവയെ ബുദ്ധിപരമായി ബിസിനസുകള്‍ ഉപയോഗിക്കുന്നു.

ആണ്‍മേല്‍ക്കോയ്മയുടെ ഇടം

എന്നും ഒരു ആണ്‍മേല്‍ക്കോയ്മയുടെ ഇടമായിരുന്നു വില്‍പ്പന. ഈ പുരുഷമേധാവിത്വം പ്രതിഫലത്തിന്റെ കാര്യത്തിലും ശരിയാകുന്നു. സ്ത്രീകളുടെ പ്രതിഫലം പുരുഷന്മാരുടെതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്നും പലയിടങ്ങളിലും കുറവാണ്. വില്‍പ്പനയില്‍ ആണുങ്ങളാണ് മികച്ചതെന്ന തെറ്റായ ചിന്താഗതി ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യം അതല്ല എന്നതാണ് വാസ്തവം. പുരുഷന്മാരെക്കാള്‍ ഒട്ടും പിന്നിലല്ല വനിതകള്‍.

പുരുഷന്മാരുമായി തട്ടിച്ചു നോക്കുമ്പോള്‍ വനിതകള്‍ക്ക് ചില പ്രത്യേക സവിശേഷതകളുണ്ട്. അതാണ് അവരെ മികച്ച വില്‍പ്പനക്കാരികളാക്കുന്നത് (ഞാന്‍ വില്‍പ്പനക്കാര്‍ എന്നത് പുരുഷന്മാരെയും വില്‍പ്പനക്കാരികള്‍ എന്നത് സ്ത്രീകളെയും സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നത് ശ്രദ്ധിക്കുമല്ലോ). അവരുടെ ചില സ്വഭാവങ്ങള്‍ വില്‍പ്പനക്ക് വളരെയധികം അനുയോജ്യമാണ്. ഇത്തരം സ്വഭാവ സവിശേഷതകള്‍ അവരില്‍ ജന്മനാ കുടികൊള്ളുന്നു. വനിതകളുടെ ഈ പ്രത്യേകതകളെ നമുക്കൊന്ന് കാണാം.

1.ആഴത്തില്‍ ശ്രദ്ധിക്കാനുള്ള കഴിവ്

വില്‍പ്പനയില്‍ ഒരു മിത്തുണ്ട്. അതിതാണ് ''നന്നായി സംസാരിക്കുന്നവനാണ് നല്ല വില്‍പ്പനക്കാരന്‍.'' ഇതൊരു വലിയ വിഡ്ഢിത്തമാണ്. നന്നായി സംസാരിക്കുന്നവനല്ല നന്നായി കസ്റ്റമര്‍ പറയുന്നത് ശ്രദ്ധിക്കുന്നവനാണ് നല്ല വില്‍പ്പനക്കാരന്‍. തന്റെ വാഗ്‌ധോരണിയില്‍ കസ്റ്റമറെ അടിച്ചുവീഴിച്ച് വില്‍പ്പന ക്ലോസ് ചെയ്യാമെന്ന വ്യാമോഹമാണ് മിക്ക വില്‍പ്പനക്കാരും പുലര്‍ത്തുന്നത്. വില്‍പ്പനക്കാരന്‍ തന്റെ അജണ്ടയുമായാണ് കസ്റ്റമറെ കാണുന്നത്. ഇത് മറ്റൊരു വിഡ്ഢിത്തമാകുന്നു.

സ്ത്രീകള്‍ പൊതുവേ സംസാരപ്രിയരാണെന്നും അതുകൊണ്ടാണ് അവര്‍ വില്‍പ്പനയില്‍ വിജയിക്കുന്നതെന്നും നാം കരുതുന്നു. എന്നാല്‍ ഇത് നേരെ മറിച്ചാണ്. പുരുഷന്മാരെക്കാള്‍ കസ്റ്റമര്‍ പറയുന്നത് സൂക്ഷ്മമായും ശ്രദ്ധയോടെയും കേള്‍ക്കുന്നത് വനിതകളാണ്. ഇതവരുടെ വലിയൊരു മേന്മയാണ്. അവര്‍ ക്ഷമയോടെ കസ്റ്റമറുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും മനസ്സിലാക്കുന്നു. കേള്‍വിയുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗം കൂടുതല്‍ വളര്‍ച്ചയെത്തിയിരിക്കുന്നത് സ്ത്രീകളിലാണ്. ശാരീരികമായ ഈ ഒരു നേട്ടം സ്ത്രീകള്‍ക്കുണ്ട്. ഇത് ഭംഗിയായി വില്‍പ്പനയില്‍ ഉപയോഗിക്കുമ്പോള്‍ അവര്‍ മികച്ച വില്‍പ്പനക്കാരികളാകുന്നു.

2.ഇമോഷണല്‍ ഇന്റലിജന്‍സ്

സ്വന്തം വികാരങ്ങളേയും മറ്റുള്ളവരുടെ വികാരങ്ങളേയും മനസ്സിലാക്കാനും കൈകാര്യം ചെയ്യാനുമുള്ള ശേഷിയെയാണ് നാം ഇമോഷണല്‍ ഇന്റലിജന്‍സ് (EI) എന്ന് പറയുന്നത്. വനിതകള്‍ ഇതില്‍ മുന്നിട്ടു നില്‍ക്കുന്നു. കസ്റ്റമര്‍ പറയുന്നത് വൈകാരികമായി ഉള്‍ക്കൊള്ളാനും അതിനനുസരിച്ച് അവരെ കൈകാര്യം ചെയ്യാനും സ്ത്രീകള്‍ക്ക് സാമര്‍ത്ഥ്യം കൂടുതലാണ്. ഇത് വില്‍പ്പനയില്‍ അവരെ സഹായിക്കുന്ന ആയുധമാണ്. കസ്റ്റമറുടെ ശരീരഭാഷ കൃത്യമായി മനസ്സിലാക്കി അതിനോട് പ്രതികരിക്കാന്‍ ഈ കഴിവ് സഹായകരമാകുന്നു.

3.കൂട്ടുപ്രവര്‍ത്തനം (Collaboration)

വനിതകള്‍ പൊതുവേ നല്ല ടീം പ്ലെയേഴ്‌സാണ്. മറ്റുള്ളവരുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ അവര്‍ താല്‍പ്പര്യപ്പെടുന്നു. ഇക്കാര്യത്തില്‍ പുരുഷന്മാര്‍ അല്‍പ്പം സ്വാര്‍ത്ഥരാണ്. മുന്‍പൊക്കെ വില്‍പ്പനക്കാര്‍ തമ്മില്‍ മത്സരബുദ്ധിയോടെയുള്ള ഇടപെടലുകളായിരുന്നു. ഇന്ന് കാലം മാറിയിരിക്കുന്നു. കൂട്ടായ പ്രയത്‌നത്തിലൂടെ വിജയം വരിക്കുക എന്നതാണ് ഇന്നിന്റെ മന്ത്രം. ഇതിനായി ടീമംഗങ്ങള്‍ തങ്ങളുടെ അറിവുകള്‍, ലഭിക്കുന്ന വിവരങ്ങള്‍, അനുഭവങ്ങള്‍, പാഠങ്ങള്‍, തോല്‍വികള്‍, വിജയങ്ങള്‍ എല്ലാം മറ്റുള്ളവരുമായി പങ്കുവെക്കുന്നു.

പഠനങ്ങള്‍ പറയുന്നത് ആണുങ്ങള്‍ ഒറ്റയ്ക്ക് ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുമ്പോള്‍ വനിതകള്‍ കൂട്ടായി പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യപ്പെടുന്നുവെന്നാണ്. ഇതവര്‍ക്ക് കൂടുതല്‍ പ്രയോജനം നല്‍കുന്നു. അവര്‍ ടീംവര്‍ക്ക് പ്രോത്സാഹിപ്പിക്കുന്നു. സ്വയം വിജയിക്കാനും മറ്റുള്ളവര്‍ക്ക് വിജയിക്കാനും ഈ കൂട്ടായ്മയെ അവര്‍ ഉപയോഗപ്പെടുത്തുന്നു.

കൂടുതല്‍ വനിതകള്‍ വില്‍പ്പനയുടെ മേഖലയിലേക്ക് കടന്നുവരട്ടെ. അവരില്‍ അന്തര്‍ലീനമായ കഴിവുകള്‍ ഉപയോഗപ്പെടുത്താന്‍ സംരംഭങ്ങള്‍ക്ക് സാധിക്കണം. മിടുക്കന്മാര്‍ മാത്രമല്ല മിടുക്കികളും വില്‍പ്പനയില്‍ വെന്നിക്കൊടി പാറിക്കട്ടെ.

Dr Sudheer Babu
Dr Sudheer Babu  

Related Articles

Next Story

Videos

Share it