മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാം; ഇതാ ഒരു മോഡല്‍ പോര്‍ട്ട്‌ഫോളിയോ

സാധാരണക്കാര്‍ക്കിടയില്‍ പോലും പ്രചാരം നേടിക്കൊണ്ട് അതിവേഗം വളരുകയാണ് ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് വിപണി. 2021 ജനുവരി അവസാനം പുറത്തുവന്ന കണക്കനുസരിച്ച് രാജ്യത്തെ മ്യൂച്വല്‍ ഫണ്ട് വിപണിയില്‍ കൈകാര്യം ചെയ്യപ്പെടുന്ന മൊത്തം ആസ്തി വലുപ്പം 30.5 ലക്ഷം കോടി രൂപയാണ്. റീട്ടെയില്‍ നിക്ഷേപകരുടെ ശക്തമായ സാന്നിധ്യത്തിന് തെളിവായി 9.52 കോടി ഫോളിയോകളായിട്ടാണ് ഭീമമായ ഈ തുക നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്.

ഒരു സാധാരണ നിക്ഷേപകനെ സംബന്ധിച്ചിടത്തോളം മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നടത്തുന്നതിന് മുമ്പ് ചില കൃത്യമായ തയാറെടുപ്പുകള്‍ നടത്തേണ്ടതായുണ്ട്. നിക്ഷേപലക്ഷ്യം എന്താണെന്നും നിക്ഷേപം എത്ര കാലത്തേക്ക് തുടരുമെന്നുള്ളതും തങ്ങളുടെ റിസ്‌ക് എടുക്കാനുള്ള ശേഷി എത്രയാണെന്ന് തിരിച്ചറിയേണ്ടതും മറ്റും അവയില്‍ ചിലതാണ്. ഇവയില്‍ തന്നെ നിക്ഷേപകന്റെ റിസ്‌ക് ലെവലുമായി ബന്ധപ്പെട്ട വിശകലനം നടത്തേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്.
പ്രായം, വരുമാനം, സാമ്പത്തികമായ മറ്റ് ബാധ്യതകള്‍ എന്നീ ഘടകങ്ങള്‍ക്കനുസരിച്ച് ഓരോ വ്യക്തിയുടെയും റിസ്‌ക് എടുക്കാനുള്ള ശേഷി മാറിക്കൊണ്ടിരിക്കും. റിസ്‌ക് ലെവല്‍ അനുസരിച്ച് നിക്ഷേപകരെ പ്രധാനമായും മൂന്നായി തരംതിരിക്കാം.
1. അഗ്രസീവ് അഥവാ ഉയര്‍ന്ന തോതില്‍ റിസ്‌ക് എടുക്കാന്‍ തയാറുള്ള നിക്ഷേപകന്‍: ഓഹരി വിപണിയില്‍ സാധാരണ കണ്ടുവരാറുള്ള ചാഞ്ചാട്ടങ്ങളെ ഭയപ്പെടാതെ മികച്ച റിട്ടേണ്‍ ലഭ്യമാക്കുന്നതുവരെ തങ്ങളുടെ നിക്ഷേപം നിലനിര്‍ത്തിക്കൊണ്ടുപോവാന്‍ ത്രാണിയുള്ളവരാണ് അഗ്രസീവ് നിക്ഷേപകര്‍. ചുരുങ്ങിയത് 10 വര്‍ഷത്തേക്കെങ്കിലും നിക്ഷേപത്തിന് തയ്യാറാവുന്ന ഇവര്‍ മ്യൂച്വല്‍ ഫണ്ട് എന്നത് ദീര്‍ഘകാലത്തേക്ക് അനുയോജ്യമായ ഒരു നിക്ഷേപമാണെന്ന് മനസിലാക്കിയവരാണ്. ഉയര്‍ന്ന ശമ്പളവും സാമ്പത്തികമായി മറ്റ് ബാധ്യതകളൊന്നും ഇല്ലാത്ത യുവാവായ ഒരു നിക്ഷേപകന്‍ അഗ്രസീവ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഒരു വ്യക്തിയാണെന്ന് പറയാം.



2. മോഡറേറ്റ് അഥവാ ഇടത്തരം റിസ്‌ക് എടുക്കാന്‍ കഴിയുന്ന നിക്ഷേപകന്‍: വിപണിയിലെ ചാഞ്ചാട്ടത്തെ കുറിച്ച് ഒരു അളവ് വരെ ബോധവാന്‍മാരാണ് മോഡറേറ്റ് നിക്ഷേപകന്‍. റിസ്‌ക് മറികടക്കാന്‍ അഞ്ച് വര്‍ഷം വരെയൊക്കെ നിക്ഷേപം തുടരാന്‍ തയാറാണ് ഇക്കൂട്ടര്‍. ശരാശരിക്ക് മുകളില്‍ സാമ്പത്തികശേഷിയുള്ളതും മധ്യവയസിലെത്തി നില്‍ക്കുന്നതുമായ ഒരു കുടുംബനാഥനായ നിക്ഷേപകന്‍ മോഡറേറ്റ് വിഭാഗത്തില്‍ ഉള്‍പ്പെടുന്നു എന്ന് പരിശോധിക്കാം.



3. കണ്‍സര്‍വേറ്റീവ് അഥവാ റിസ്‌ക് എടുക്കാന്‍ ശേഷിയില്ലാത്ത നിക്ഷേപകര്‍: നിക്ഷേപിക്കുന്ന മൂലധനത്തിന്റെ സുരക്ഷിതത്വത്തിന് പ്രാധാന്യം നല്‍കിവരുന്നവരാണ് കണ്‍സര്‍വേറ്റീവ് നിക്ഷേപകര്‍. വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ ഭയപ്പാടോടെ നോക്കികാണുന്ന ഇവര്‍ ബാങ്ക് നിക്ഷേപത്തേക്കാള്‍ ചെറിയ ഒരളവില്‍ കൂടുതല്‍ റിട്ടേണ്‍ ലഭ്യമായാല്‍ സംതൃപ്തരാവുന്നു. മുടക്കിയ കാശ് പരുക്കേല്‍ക്കാതെ തരക്കേടില്ലാതെ റിട്ടേണ്‍ സഹിതം തിരിച്ചുപിടിക്കുക എന്നതാണ് ഇവര്‍ ലക്ഷ്യമിടുന്നത്. റിട്ടയര്‍മെന്റ് പ്രായത്തില്‍ എത്തിനില്‍ക്കുന്നതും കുടുംബപരവും സാമ്പത്തികപരവുമായ ബാധ്യതകള്‍ ഉള്ളതുമായ ഒരു വ്യക്തി കണ്‍സര്‍വേറ്റീവ് വിഭാഗത്തെ പ്രതിനിധീകരിക്കുന്നു എന്നു പറയാം.



എന്താണ് മോഡല്‍ പോര്‍ട്ട്‌ഫോളിയോ?
റിസ്‌ക് എടുക്കാനുള്ള കഴിവ് എത്രയാണെന്ന് മനസിലാക്കി മുകളില്‍ പരാമര്‍ശിക്കപ്പെട്ട നിക്ഷേപക വിഭാഗങ്ങളില്‍ താനുള്‍പ്പെടുന്ന കാറ്റഗറി എതാണെന്ന ധാരണയിലെത്തിയതിന് ശേഷം വിവധതരം ഫണ്ടുകള്‍ ചേര്‍ന്നുള്ള ഒരു മോഡല്‍ പോര്‍ട്ട്‌ഫോളിയോ വികസിപ്പിച്ചെടുക്കുകയാണ് ഓരോ നിക്ഷേപകനും ചെയ്യേണ്ടത്. ഇത്തരം മാതൃകാ പോര്‍ട്ട്‌ഫോളിയോയുടെ ഭാഗമായി വരുന്ന വിവധതരം ഫണ്ടുകളുടെ സാന്നിധ്യം ഡൈവേഴ്‌സിഫിക്കേഷന്‍ സാധ്യമാക്കുകയും ചെയ്യുന്നു.
റിസ്‌ക് കൂടിയ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളുടെയും റിസ്‌ക് താരതമ്യേന കുറഞ്ഞ ഡെറ്റ് ഫണ്ടുകളുടെയും അനുപാതം ശരിയായ തരത്തില്‍ ഉള്‍പ്പെടുത്തി വിവിധ വിഭാഗങ്ങളില്‍പ്പെട്ട നിക്ഷേപകര്‍ക്കായി തയാറാക്കിയ മോഡല്‍ പോര്‍ട്ട്‌ഫോളിയോ താഴെ കൊടുത്തിരിക്കുന്നു.
പോര്‍ട്ട്‌ഫോളിയോയില്‍ എത്ര സ്‌കീമുകള്‍ ഉള്‍പ്പെടുത്താം ?
ഒരു നിക്ഷേപകന്‍ ശരാശരി എത്ര മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളില്‍ വരെ നിക്ഷേപിക്കാം എന്നത് സാധാരണയായി കേട്ടുവരുന്ന ഒരു ചോദ്യമാണ്. വൈവിധ്യവല്‍ക്കരണം വഴി റിസ്‌ക് കുറയ്ക്കാന്‍ സാധിക്കുമെങ്കിലും ഒരു പരിധിയില്‍ കൂടുതല്‍ സ്‌കീമുകള്‍ വാങ്ങിക്കൂട്ടിയാല്‍ അത് പോര്‍ട്ട്‌ഫോളിയോയുടെ ആകെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് മനസിലാക്കുക. വിവിധതരം മ്യൂച്വല്‍ ഫണ്ട് കമ്പനികളുടേതാണെങ്കിലും ഒരേ വിഭാഗത്തില്‍പ്പെടുന്ന മൂന്നോ നാലോ സ്‌കീമുകളില്‍ നിക്ഷേപിക്കുന്നതും മാനേജ് ചെയ്യാന്‍ ബുദ്ധിമുട്ടാകുന്ന തരത്തില്‍ ഇരുപതും മുപ്പതും സ്‌കീമുകളില്‍ നിക്ഷേപിക്കുന്നതും അര്‍ത്ഥശൂന്യമാണ്. ഉദാഹരണത്തിന് ആകെയുള്ള അഞ്ച് ഇക്വിറ്റി സ്‌കീമുകളില്‍ നാലും മിഡ് ക്യാപ് വിഭാഗത്തിലാണെങ്കില്‍ അത് തെറ്റായ തീരുമാനമാണ്. അതുപോലെ 25 സ്‌കൂമുകള്‍ ഉള്ള ഓരു പോര്‍ട്ട്‌ഫോളിയോയുടെ പ്രകടനം വിലയിരുത്തുക എന്നതും എളുപ്പമുള്ള ജോലിയല്ല.
തുടക്കത്തില്‍ സൂചിപ്പിച്ച പോലെ തങ്ങളുടെ റിസ്‌ക് എടുക്കുവാനുള്ള കഴിവ് എത്രയാണെന്ന് ശരിയായി മനസിലാക്കി തുടര്‍ന്ന് പരമാവധി ഏഴോ എട്ടോ സ്‌കീമുകള്‍ ഉള്‍പ്പെടുത്തി അനുയോജ്യമായ ഒരു മോഡല്‍ പോര്‍ട്ട്‌ഫോളിയോ വളര്‍ത്തിയെടുക്കുകയാണ് ഓരോ മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരും ചെയ്യേണ്ടത്. വര്‍ഷത്തിലൊരിക്കലെങ്കിലും പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെട്ട സ്‌കീമുകളുടെ പ്രകടനം വിലയിരുത്തേണ്ടതും അത്യാവശ്യമാണ്.


Jeevan Kumar K C
Jeevan Kumar K C  

Related Articles

Next Story

Videos

Share it