പുതുക്കണം നമ്മുടെ ബിസിനസും; മാറുന്ന ലോകത്ത് മുന്നേറാന്‍ ആധുനികവത്കരണം നടപ്പാക്കണം

നിങ്ങള്‍ റെസ്റ്റോറന്റില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുവാനായി കാത്തിരിക്കുകയാണ്. എവിടെയാണ് വെയ്റ്റര്‍, നിങ്ങള്‍ ചുറ്റും നോക്കുന്നു. അപ്പോഴതാ നിങ്ങളെ അതിശയിപ്പിച്ചു കൊണ്ട് ഒരു റോബോട്ട് നിങ്ങളുടെ സമീപത്തെത്തുന്നു. റോബോട്ട് നിങ്ങളെ അഭിവാദ്യം ചെയ്യുന്നു, നിങ്ങളോട് ഭക്ഷണം എന്ത് വേണമെന്ന് ചോദിക്കുന്നു. നിങ്ങളുടെ ഓര്‍ഡര്‍ സ്വീകരിച്ചു കൊണ്ട് റോബോട്ട് മടങ്ങിപ്പോകുന്നു.

നിങ്ങളെ അത്ഭുതപ്പെടുത്തുന്ന കാര്യങ്ങള്‍ ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നു. ശാസ്ത്രവും സാങ്കേതികതയും ജീവിതത്തെ എത്രമേല്‍ മാറ്റിമറിച്ചിരിക്കുന്നു. ബിസിനസുകളിലും ഇത് പ്രതിഫലിക്കുന്നു. പുതിയ ആശയങ്ങളും ഉല്‍പ്പന്നങ്ങളും കടന്നുവരുന്നു. ജീവിതത്തിന്റെ മേന്മ വര്‍ദ്ധിപ്പിക്കുവാന്‍ ബിസിനസുകള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നു. ആധുനികത പഴമയുടെ മടുപ്പുകള്‍ തുടച്ചുനീക്കുന്നു.

നിങ്ങള്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് കടന്നുചെല്ലുന്നു. അവിടെ ഒരാളും നിങ്ങളെ സ്വീകരിക്കുന്നില്ല. ആരും ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കാന്‍ നിങ്ങളെ സഹായിക്കുന്നില്ല. അവരുടെ മൊബൈല്‍ ആപ്‌ളിക്കേഷന്‍ നിങ്ങള്‍ ഡൌണ്‍ലോഡ് ചെയ്താല്‍ നിങ്ങള്‍ക്ക് ആ സൂപ്പര്‍ മാര്‍ക്കറ്റില്‍ പ്രവേശിക്കാം. ആവശ്യമുള്ള ഉല്‍പ്പന്നങ്ങള്‍ റാക്കില്‍ നിന്നും തിരഞ്ഞെടുക്കാം. ബില്‍ ചെയ്യുവാനായി ക്യൂ നില്‍ക്കേണ്ട ആവശ്യമേയില്ല. നിങ്ങള്‍ ഉല്‍പ്പന്നങ്ങള്‍ എടുക്കുന്ന നിമിഷം തന്നെ നിങ്ങളുടെ ബില്‍ തയ്യാറാകുന്നു. നിങ്ങള്‍ക്ക് ഡിജിറ്റല്‍ പേയ്‌മെന്റ് നടത്തി അവിടെനിന്നും പുറത്തേക്കിറങ്ങാം.

സാങ്കേതികത അത്രമാത്രം പുരോഗമിച്ചു കഴിഞ്ഞു. ആധുനികതയ്‌ക്കൊപ്പം സഞ്ചരിക്കേണ്ടത് ബിസിനസുകള്‍ക്ക് അനിവാര്യതയായി മാറിയിരിക്കുന്നു. കാലത്തിനൊപ്പം സഞ്ചരിക്കാത്ത ബിസിനസുകള്‍ അപ്രത്യക്ഷമായിത്തുടങ്ങി. നിലനില്‍പ്പിന്റെ ഭീഷണി ആധുനികവത്കരണത്തെ (Modernization) ബിസിനസുകളുടെ ഒഴിവാക്കാനാവാത്ത തന്ത്രമാക്കി മാറ്റുന്നു. ഏറ്റവും പുതിയതിനെ എത്രയും വേഗം സ്വീകരിക്കുക എന്നതായിരിക്കുന്നു ബിസിനസുകളുടെ മന്ത്രം.

നിരത്തുകളില്‍ വാഹനങ്ങള്‍ പെരുകുന്നു. പരിസ്ഥിതി മലിനീകരണം ആഗോള പ്രശ്‌നമായി മാറുന്നു. ഭാവി തലമുറയ്ക്ക് ജീവിക്കാന്‍ സാധ്യമല്ലാത്ത വിധത്തില്‍ ആവാസവ്യവസ്ഥയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. മലിനീകരണം കുറയ്ക്കുവാനും ഇല്ലാതാക്കുവാനും നിരവധി പരീക്ഷണങ്ങള്‍ നടക്കുന്നു. വാഹന നിര്‍മ്മാതാക്കള്‍ ഇലക്ട്രിക് വാഹന നിര്‍മ്മാണത്തിലേക്ക് തിരിയുന്നു. പെട്രോള്‍ ഡീസല്‍ വാഹനങ്ങളില്‍ നിന്നും ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ആധുനികവത്കരണം (Modernization) വലിയൊരു സാമൂഹ്യ പ്രശ്‌നത്തിന്റെ പരിഹാരമായി മാറുന്നു.

ആശുപത്രികളില്‍ റോബോട്ടുകള്‍ ശസ്ത്രക്രിയകള്‍ നടത്തുന്നു. നിര്‍മ്മിത ബുദ്ധി (Artificial Intelligence - AI) രോഗ നിര്‍ണ്ണയം എളുപ്പവും കുറ്റമറ്റതുമാക്കുന്നു. സ്വയം ഡ്രൈവ് ചെയ്യുന്ന വാഹനങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നു. മാനംമുട്ടെ ഉയരമുള്ള കെട്ടിടങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പണികഴിക്കപ്പെടുന്നു. അതിവേഗതയില്‍ യാത്ര ചെയ്യാവുന്ന വിമാനങ്ങളും ബുള്ളറ്റ് ട്രെയിനുകളും ജീവിതത്തിന്റെ ഭാഗമാകുന്നു.

എവിടെയും ആധുനികവത്കരണം (Modernization) ദര്‍ശിക്കാം. ആധുനികവത്കരിക്കപ്പെടുന്ന ബിസിനസുകള്‍ക്ക് മുന്നില്‍ അല്ലാത്തവയ്ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയാതെയാകുന്നു. കൂടുതല്‍ ഉല്‍പ്പാദനക്ഷമതയുള്ള ആധുനിക യന്ത്രങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ മേന്മകൂടിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നു. ആധുനിക ഡെലിവറി മാര്‍ഗ്ഗങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ അവ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു. ബിസിനസിന്റെ വേഗത്തിനും താളത്തിനും വ്യത്യാസം വരുന്നു. മത്സരത്തില്‍ മുന്‍പന്തിയിലെത്താന്‍ ആധുനികവത്കരണം (Modernization) ബിസിനസുകളെ പ്രാപ്തമാക്കുന്നു.

നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുക എന്നതാവുന്നു വിജയത്തിന്റെ കാഴ്ചപ്പാട്. ഡ്രോണുകള്‍ ഉല്‍പ്പന്നങ്ങളുമായി നിങ്ങളുടെ വീട്ടുപടിക്കല്‍ എത്തുന്ന കാലം വിദൂരമല്ല. സ്മാര്‍ട്ട് ഫോണുകളും കമ്പ്യൂട്ടറുകളും നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. നിങ്ങളുടെ ബിസിനസുകളില്‍ ജീവനക്കാരായി റോബോട്ടുകള്‍ ചുമതലകള്‍ ഏറ്റെടുക്കും. ആധുനികത ബിസിനസിന്റെ സംസ്‌കാരമായി മാറും.

വിപണിയില്‍ പിടിച്ചു നില്‍ക്കാനും ബിസിനസിനെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തുവാനും എതിരാളികളെ പിന്നിലാക്കുവാനുമുള്ള തന്ത്രമായി ആധുനികവത്കരണം (Modernization) ഉപയോഗിക്കാം. ബിസിനസിലെ വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ ഈ തന്ത്രം മികച്ചതാകുന്നു.

Related Articles
Next Story
Videos
Share it