കസ്റ്റമേഴ്‌സ് വിട്ടുപോകില്ല; തുടര്‍ച്ചയായി വരുമാനവും: ഒന്നു പരീക്ഷിച്ചുനോക്കാം ഈ മോഡല്‍

സൗന്ദര്യം നിങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്. മേക്കപ്പ് സാമഗ്രികള്‍ തിരഞ്ഞെടുക്കുവാനും വാങ്ങിക്കുവാനും നിങ്ങള്‍ ധാരാളം സമയവും പണവും ചെലവഴിക്കുകയും ചെയ്യുന്നു. എന്നാല്‍ യാതൊരു ബുദ്ധിമുട്ടുകളും കൂടാതെ മേക്കപ്പ് സാമഗ്രികള്‍ നിങ്ങളുടെ വീട്ടുപടിക്കല്‍ എത്തിയാലോ? അതില്‍പ്പരം സന്തോഷം വേറെയുണ്ടോ?.

ബിര്‍ച്ച് ബോക്‌സ് (Birch Box) ആവശ്യമുള്ള മേക്കപ്പ് സാമഗ്രികള്‍ നിങ്ങളുടെ കൈകളില്‍ എത്തിക്കും. മാസം ചെറിയൊരു തുക തുടര്‍ച്ചയായി മുടക്കി ബിര്‍ച്ച് ബോക്‌സി വരിക്കാരനായാല്‍ (subscriber) മതി. ഇഷ്ടമുള്ള ബ്രാന്‍ഡ് തിരഞ്ഞെടുക്കാം. ഒരു മാസം, മൂന്ന് മാസം, പന്ത്രണ്ട് മാസം തുടങ്ങിയ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ ലഭ്യമാണ്. ഒരു ബ്രാന്‍ഡിലും ആസക്തി തോന്നേണ്ടതില്ല. മികച്ചവ പരീക്ഷിക്കാം. തിരഞ്ഞെടുക്കാന്‍ കൈനിറയെ ബ്രാന്‍ഡുകളുണ്ട്. പര്‍ച്ചേസിന്റെ മറ്റൊരു ആസ്വാദന തലവും ഇതിലൂടെ കണ്ടെത്താം.

ബിര്‍ച്ച് ബോക്‌സിന്റെ കാലടികള്‍ അതേപോലെ പിന്തുടര്‍ന്ന മറ്റു ബിസിനസുകളുണ്ട്. ഡോളര്‍ ഷേവ് ക്ലബ് (Dollar Shave Club) വിവിധ രാജ്യങ്ങളിലുള്ള തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് റേസറുകള്‍ തുടര്‍ച്ചയായി അയച്ചു കൊടുക്കുന്നു. ബ്ലൂ ഏപ്രണ്‍ (Blue Apron) ദിവസവും മൂന്നരലക്ഷം ഭക്ഷണപ്പൊതികള്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചു നല്‍കുന്നു. സബ്‌സ്‌ക്രിപ്ഷന്‍ മോഡല്‍ (Subscription Model) കൃത്യമായ, സുരക്ഷിതമായ വരുമാനം ബിസിനസുകള്‍ക്ക് ഉറപ്പു വരുത്തുന്നു.

നിങ്ങളുടെ ബിസിനസിന് ഒരു സോഫ്റ്റ്വെയര്‍ വേണം. എന്നാല്‍ മുഴുവന്‍ വില കൊടുത്ത് അത് വാങ്ങി ഉപയോഗിക്കുവാനുള്ള സാമ്പത്തിക സ്ഥിതി നിങ്ങള്‍ക്കില്ല. ബിസിനസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അത് അനിവാര്യമാണ് താനും. എന്തുചെയ്യും? അതെ നിങ്ങളെ സഹായിക്കാന്‍ സോഫ്റ്റ്വെയര്‍ കമ്പനികള്‍ തയ്യാറാണ്. അവരുടെ സോഫ്റ്റ്വെയര്‍ വരിക്കാരനായാല്‍ മാത്രം മതി. മാസം ചെറിയൊരു തുക ചെലവഴിക്കുക. സോഫ്റ്റ്വെയര്‍ ഉപയോഗിക്കുക. അത് വാങ്ങാന്‍ തുക ഒരുമിച്ച് മുടക്കേണ്ടതില്ല. എന്നാല്‍ നിങ്ങളുടെ ആവശ്യം സാധിക്കുകയും ചെയ്യും.

ഒരൊറ്റ തവണ മാത്രം വാങ്ങുന്ന ഉപഭോക്താക്കളെയല്ല സബ്‌സ്‌ക്രിപ്ഷന്‍ മോഡല്‍ ലക്ഷ്യം വെയ്ക്കുന്നത്. ഉപഭോക്താക്കളെ തുടര്‍ച്ചയായി ഉല്‍പ്പന്നങ്ങള്‍ അല്ലെങ്കില്‍ സേവനങ്ങള്‍ ഉപയോഗിക്കുവാന്‍ പ്രേരിപ്പിക്കുകയാണ് ഈ തന്ത്രത്തിലൂടെ നടപ്പിലാക്കുന്നത്. സബ്‌സ്‌ക്രിപ്ഷന്‍ മോഡല്‍ നിരന്തരമായ ഉപയോഗം ഉറപ്പു വരുത്തുന്നു. ദീര്‍ഘകാലത്തേക്കുള്ള വരുമാനം കൂടി ഇതിലൂടെ ലഭ്യമാകുന്നു.

നിങ്ങള്‍ക്ക് സിനിമ ഇഷ്ടമാണ്. ധാരാളം സിനിമകള്‍ നിങ്ങള്‍ കാണുന്നു. അതിനായി പണം മുടക്കുന്നു. മാസം നല്ലൊരു തുക തന്നെ ഇതിനായി ചെലവാകുന്നു. എന്നാല്‍ ഓരോ സിനിമയ്ക്കും പണം മുടക്കുന്നതിന് പകരം സിനിമ നിരന്തരം കാണാന്‍ സാധ്യമാകുന്ന ഒരു പ്ലാറ്റ്‌ഫോം വാടകക്കെടുത്താലോ? ചെറിയൊരു തുക മുടക്കിയാല്‍ മതി. വ്യത്യസ്ത ഭാഷകളിലെ എത്ര സിനിമ വേണമെങ്കിലും കാണാം. പുതിയതായി ഇറങ്ങുന്ന ചിത്രങ്ങള്‍ ചൂടോടെ ആസ്വദിക്കാം. ഇത്തരമൊരു ഓഫര്‍ എങ്ങിനെ ആകര്‍ഷിക്കാതിരിക്കും. നിങ്ങള്‍ നെറ്റ്ഫ്‌ളിക്‌സിന്റെയോ (Netflix) ആമസോണ്‍ പ്രൈമിന്റെയോ (Amazon Prime) സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുന്നു. അവയുടെ ദീര്‍ഘകാല വരിക്കാരനായി മാറുന്നു.

നിങ്ങള്‍ക്ക് കാര്‍ ആവശ്യമുള്ളപ്പോള്‍ മാസവരിക്ക് (Monthly Subscription) കാര്‍ ലഭ്യമായാലോ? അല്ലെങ്കിലൊരു ഫ്‌ളൈറ്റ് ആയാലോ? തമാശയല്ല സബ്‌സ്‌ക്രിപ്ഷന്‍ മോഡല്‍ (Subscription Model) മറ്റ് മേഖലകളിലേക്കും കടന്നു വരികയാണ്. നിങ്ങളുടെ ബിസിനസിലും ഇത് പ്രാവര്‍ത്തികമാക്കുവാന്‍ സാധിക്കുമോ? ചിന്തിക്കുന്നതില്‍ തെറ്റില്ല. ഉപഭോക്താക്കള്‍ നിങ്ങളെ ദീര്‍ഘകാലം ആശ്രയിക്കും, തുടര്‍ച്ചയായ വരുമാനം ലഭ്യമാകും. ഉല്‍പ്പന്നമാവട്ടെ സേവനമാവട്ടെ സബ്‌സ്‌ക്രിപ്ഷന്‍ മോഡല്‍ പരീക്ഷിക്കാം. ബിസിനസിനെ മറ്റൊരു തലത്തിലേക്ക് മാറ്റുവാന്‍ ഈ തന്ത്രത്തിന് സാധിക്കും.




Related Articles
Next Story
Videos
Share it