മുഖം മിനുക്കാൻ ഒരുങ്ങി നോക്കിയ: അറിയാം ബ്രാൻഡ് വന്ന വഴി

കാലാകാലങ്ങളായി തുടർന്ന ബ്രാൻഡ് പുതുമകൾ നിറച്ചായിരിക്കും എത്തുക
മുഖം മിനുക്കാൻ ഒരുങ്ങി നോക്കിയ: അറിയാം ബ്രാൻഡ് വന്ന വഴി
Published on

“മിക്ക ആളുകളുടെയും മനസ്സിൽ, നോക്കിയ ഇപ്പോഴും ഒരു വിജയകരമായ മൊബൈൽ ഫോൺ ബ്രാൻഡാണ്, എന്നാൽ ഇന്ന് ഞങ്ങൾ അങ്ങനെയല്ല. പാരമ്പര്യമുള്ള നോക്കിയ ബ്രാൻഡ്, മൊബൈൽ ഫോണുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായി നെറ്റ്‌വർക്കുകളിലും, വ്യാവസായിക ഡിജിറ്റലൈസേഷനിലും വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പുതിയ ബ്രാൻഡ് അവതരിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു."

- നോക്കിയ സിഇഒ പെക്ക ലൻഡ്മാർക്ക് നോക്കിയയുടെ പുതിയ ലോഗോ അവതരിപ്പിക്കുന്നവേളയിൽ പറഞ്ഞ വാക്കുകളാണിത്. 

മൊബൈൽ വേൾഡ് കോൺഗ്രസ് 2023-ൽ നോക്കിയ അതിന്റെ പുതിയ ബ്രാൻഡ് ഐഡന്റിറ്റി വെളിപ്പെടുത്തി - ഏകദേശം 60 വർഷത്തിനിടെ കമ്പനിയുടെ ലോഗോയുടെ ആദ്യത്തെ പ്രധാന പുനർരൂപകൽപ്പനയായിരുന്നു. ഈ അവസരത്തിൽ നോക്കിയയുടെ ലോഗോ ചരിത്രം മനസിലാക്കാം.

ഘട്ടം 1: 1865 മുതൽ, എഞ്ചിനീയർ ഫ്രെഡ്രിക് ഐഡെസ്റ്റാം, തെക്കൻ ഫിൻലൻഡിലെ ടാംപെരെ എന്ന ചെറിയ പട്ടണത്തിലെ ഒരു മരം പൾപ്പ് മില്ലിൽ നിന്നാണ് കമ്പനി ആരംഭിച്ചത്. അതിനുശേഷം, കമ്പനി വർഷങ്ങളായി വളരെയധികം വളർന്നു, ഒപ്പം അതിന്റെ ലോഗോ രൂപകൽപ്പനയും. 1866-ൽ നോക്കിയ അതിന്റെ ആദ്യത്തെ ലോഗോ ഡിസൈൻ സൃഷ്ടിച്ചു. അതിൽ ഒരു മത്സ്യത്തിന്റെ ചിത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടാമത്തെ മിൽ നോക്കിയൻവിർട്ട നദിക്കരയിലായിരുന്നു. അതിനാൽ, അതേ നദിയിലെ സാൽമൺ മത്സ്യമായി ഇതിനെ വ്യാഖ്യാനിക്കുന്നു. നോക്കിയ എന്ന പേര് വന്നത് ആ സ്ഥലപ്പേരിൽനിന്നാണ്. അന്ന് അതൊരു കടലാസ് നിർമിക്കുന്ന കമ്പനിയായിരുന്നു.

ഘട്ടം 2: ലോഗോയുടെ രണ്ടാമത്തെ അപ്‌ഡേറ്റ് വന്നത് 1898-ലാണ്. കമ്പനി റബ്ബർ നിർമ്മാണം ആരംഭിച്ച സമയത്താണ് ഇത്. ഒരു ചുവന്ന ത്രികോണത്തിൽ, "1898 S.G.T.O.Y NOKIA" എന്ന് എഴുതിയരൂപത്തിലായിരുന്നു ലോഗോ. ഈ ലോഗോ അത്ര ആകർഷണീയമായിരുന്നില്ല. എന്നാൽ പുതിയ കമ്പനി സൈക്കിൾ, കാർ ടയറുകൾ, കമ്മ്യൂണിക്കേഷൻ കേബിളുകൾ, ഇലക്ട്രിക്കൽ മെഷിനറികൾ, ടെലിവിഷനുകൾ തുടങ്ങി നിരവധി കാര്യങ്ങൾ നിർമ്മിക്കാൻ ശ്രമിച്ചു.

ഘട്ടം 3: 1965-ൽ നോക്കിയ കോർപ്പറേഷൻ സ്ഥാപിതമായി. കറുപ്പും വൃത്താകൃതിയിലുള്ളതുമായ ഒരു എംബ്ലം ആയിരുന്നു ലോഗോ ഡിസൈൻ. ഇതിനുള്ളിൽ, "നോക്കിയ" എന്ന വാക്ക് വലിയക്ഷരത്തിലും വെള്ള നിറത്തിലും എഴുതിയിരുന്നു. ഈ സമയത്ത്, നോക്കിയയുടെ പ്രധാന ശ്രദ്ധ കേബിൾ വ്യവസായത്തിലായിരുന്നു, അത് ആ ലോഗോവിലും വീക്ഷിക്കാൻകഴിയും.

ഘട്ടം 4: 1966-ൽ നോക്കിയ ഈ പുതിയ ലോഗോ അവതരിപ്പിച്ചു. മുകളിൽ കറുത്ത നിറത്തിൽ ഒരുതരം ത്രിശൂലം ആകൃതിയിലുള്ള ഐക്കൺ ആയിരുന്നു പ്രധാന ആകർഷണം. ഈ ത്രിശൂലം മൊബൈൽ സെല്ലുകളെയും ഫോണിൽ നിന്ന് സെൽ ടവറുകളിലേക്കുള്ള കണക്ഷനെയും പ്രതിനിധീകരിക്കുന്നു. ഈ കാലഘട്ടത്തിൽ നിർമിച്ച ലോഗോവിലെ നിറത്തിലും ടാഗ്‌ലൈനിലും മാത്രമേ പിന്നീട് മാറ്റങ്ങൾ വരുത്തിയിരുന്നുള്ളു. 1992, 2006, 2011 എന്നീ വർഷങ്ങളിൽ അതായത് നോക്കിയയുടെ പ്രതാപകാലത്ത് ചെറിയ മാറ്റങ്ങൾ അവർ ലോഗോവിൽ വരുത്തുകയുണ്ടായി. എന്നാൽ നോക്കിയ എന്ന ലോഗോ ലെറ്റർ സ്റ്റൈലിൽ മാറ്റമൊന്നും കൊണ്ടുവന്നിരുന്നില്ല.

നോക്കിയ ആ സമയങ്ങളിൽ മൊബൈൽ ലോകത്തെ ഭരിച്ചിരുന്നെങ്കിലും ആപ്പിളും ഗൂഗിളും നേതൃത്വം നൽകിയ സ്മാർട്ട്‌ഫോൺ യുഗവുമായി പൊരുത്തപ്പെടുന്നതിൽ പരാജയപ്പെട്ടു. 2014-ൽ കമ്പനി തങ്ങളുടെ മൊബൈൽ ഫോൺ ബിസിനസ്സ് മൈക്രോസോഫ്റ്റിന് വിറ്റു, പക്ഷേ കരാർ ഒരു ദുരന്തമായിരുന്നു.

2016-ഓടെ, ഏറ്റെടുക്കലിലൂടെ മൈക്രോസോഫ്റ്റിന് കുറഞ്ഞത് 8 ബില്യൺ ഡോളർ നഷ്ടമുണ്ടായി, കൂടാതെ iOS, Android എന്നിവ ഏറ്റെടുക്കുന്നതിൽ പരാജയപ്പെട്ട നോക്കിയ, സ്മാർട്ട്‌ഫോൺ ബിസിനസ്സ് അവസാനിപ്പിക്കാൻ തുടങ്ങി. ആ വർഷം, നോക്കിയ മൊബൈൽ ബ്രാൻഡ് മുൻ നോക്കിയ ജീവനക്കാരായ എച്ച്എംഡി ഗ്ലോബൽ സ്ഥാപിച്ച ഒരു പുതിയ സ്ഥാപനത്തിന് വിറ്റു. ആൻഡ്രോയിഡ് ഹാൻഡ്‌സെറ്റുകൾ വീണ്ടും നോക്കിയ എന്ന പേരിൽ വിൽക്കാൻ തുടങ്ങി, എന്നാൽ അവ ഇപ്പോൾ നിർമ്മിക്കുന്നത് ഫോക്‌സ്‌കോൺ സബ്സിഡറി സ്ഥാപനമായ എഫ്‌ഐഎച്ച് മൊബൈലാണ്.

ഘട്ടം 5: പ്രതിശ്ചായ തിരിച്ചുപിടിക്കാൻ, നോക്കിയ പുതിയ ബിസിനസ് മേഖലയിലേക്ക് കടക്കുന്നതിന്റെഭാഗമായുള്ള റീബ്രാൻഡിങ്, റീപൊസിഷനിംഗ് പ്രവർത്തനങ്ങളിലാണിപ്പോൾ. അതിന്റെ ഭാഗമായാണിപ്പോൾ 60 വർഷത്തിലധികമായി ഉപയോഗിച്ചുവരുന്ന ലോഗോവിൽ വൻ മാറ്റം കൊണ്ടുവന്നത്.

"നെറ്റ്‌വർക്കുകളുടെ അനന്തസാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനും അതിൽ മുൻനിരയിൽ എത്താനും ഞങ്ങൾ ഞങ്ങളുടെ സ്ഥാപനത്തെയും സാങ്കേതിക തന്ത്രത്തെയും അപ്ഡേറ്റ് ചെയ്യുന്നു. ഈ അഭിലാഷത്തെ സൂചിപ്പിക്കാൻ, ഞങ്ങൾ ഇന്ന് ആരാണെന്ന് പ്രതിഫലിപ്പിക്കാൻ ഞങ്ങളുടെ ബ്രാൻഡ് പുതുക്കുന്നു. ഇത് നോക്കിയയാണ്, പക്ഷേ ലോകം മുമ്പ് കണ്ടതുപോലെയല്ല" - നോക്കിയ സിഇഒ പെക്ക ലൻഡ്മാർക്കിന്റെ വാക്കുകൾ.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com