ഉപഭോക്താക്കളെ തേടി പിടിക്കാന്‍ 'ഓമ്നിചാനല്‍' മാര്‍ക്കറ്റിംഗ്

നിങ്ങള്‍ ഒരു ഷൂ വാങ്ങാനായി ഒരു കടയില്‍ ചെല്ലുകയാണെന്ന് കരുതുക. അവിടെ കുറച്ചുസമയം ചിലവിട്ട് ഷൂ വാങ്ങാതെ തിരിച്ചുപോയി. പിന്നീട് വീട്ടില്‍ എത്തി ഫേസ്ബുക് ഫീഡിലൂടെ സഞ്ചരിച്ചപ്പോള്‍ ഒരു ഷൂസിന്റെ പരസ്യം ശ്രദ്ധയില്‍ പെട്ടു. നേരത്തെ ചെന്ന അതേ കടയുടെ പരസ്യമായിരുന്നു അത്. ആ പരസ്യത്തില്‍ ക്ലിക്ക് ചെയ്തപ്പോള്‍ എത്തിയത് അവരുടെ ഓണ്‍ലൈന്‍ സ്റ്റോറിലേക്കാണ് അതില്‍ നിന്നും നിങ്ങളൊരു ഷൂസ് തിരഞ്ഞെടുത്ത് എന്നാല്‍ പണം അടച്ച് ഓര്‍ഡര്‍ പ്ലേസ് ചെയ്യാതെ പുറത്തേക്ക് വന്നു.

കുറച്ച് കഴിഞ്ഞ് ഇന്‍സ്റ്റാഗ്രാമിലൂടെ പരതുമ്പോള്‍ അതേ ഷൂ കടയുടെ മറ്റൊരു പരസ്യം കണ്ടു. അത് നിങ്ങള്‍ മുന്നേ തിരഞ്ഞെടുത്ത ഷൂസിന്റെ പണം അടച്ച് പര്‍ച്ചേസ് പൂര്‍ത്തിയാക്കാന്‍ ഓര്‍മ്മപെടുത്തിയുള്ള നോട്ടിഫിക്കേഷനായിരുന്നു. അതില്‍ ക്ലിക്ക് ചെയ്ത നിങ്ങള്‍ ഓര്‍ഡര്‍ പൂര്‍ത്തീകരിച്ചു. കൊറിയര്‍ വഴി നിങ്ങള്‍ക്ക് ഷൂ ലഭിച്ചു എന്നാല്‍ അത് നിങ്ങളുടെ കാലിന് പാകമുള്ളതായിരുന്നില്ല. ഉടനെ നിങ്ങള്‍ ആദ്യം സന്ദര്‍ശിച്ച കടയിലേക്ക് ചെന്ന് ഷൂ മാറ്റി വാങ്ങി. വീട്ടില്‍ എത്തിയതും വാട്‌സാപ്പില്‍ ഫീഡ്ബാക്ക് ചോദിച്ച് ആ സ്ഥാപനത്തിന്റെ സന്ദേശവും ലഭിച്ചു.

ഈ സ്ഥാപനം ഏതെല്ലാം മാധ്യമങ്ങളാണ് ഉപഭോക്താവുമായി സംവദിക്കാന്‍ ഉപയോഗിച്ചത് എന്ന് നോക്കുക. ഓഫ്ലൈന്‍ സ്റ്റോര്‍, ഫേസ്ബുക്ക്, ഓണ്‍ലൈന്‍ സ്റ്റോര്‍, ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ് തുടങ്ങിയവയിലൂടെയാണ് ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തിയത്. ഇത്തരത്തിലുള്ള മാര്‍ക്കറ്റിംഗ് രീതിയെയാണ് ഓമ്‌നി ചാനല്‍ മാര്‍ക്കറ്റിംഗ് (Omnichannel marketing) എന്ന് പറയുന്നത്.

വ്യത്യസ്ത ചാനലുകളിലോ പ്ലാറ്റ്ഫോമുകളിലോ ഉള്ള ഉപഭോക്താക്കള്‍ക്ക് ഒരു കമ്പനി തടസമില്ലാത്തതും സ്ഥിരതയുള്ളതുമായ അനുഭവം നല്‍കുന്ന ഒരു സമീപനമാണ് ഓമ്നിചാനല്‍ മാര്‍ക്കറ്റിംഗ്. ഓമ്നിചാനല്‍ മാര്‍ക്കറ്റിംഗ് എന്നത് വിവിധ പ്ലാറ്റ്ഫോമുകളില്‍ സാന്നിധ്യം അറിയിക്കുക എന്നത് മാത്രമല്ല, ഉപഭോക്താക്കളുമായി സംവദിക്കാവുന്ന എല്ലാ 'ടച്ച് പോയിന്റു'കളിലും സ്ഥിരവും പരസ്പര ബന്ധിതവുമായ അനുഭവം സൃഷ്ടിക്കുന്നതാണ്.

അതായത് ഒരു പ്ലാറ്റ്‌ഫോമില്‍ അവസാനിപ്പിച്ച കാര്യം മറ്റൊരു പ്ലാറ്റ്‌ഫോമില്‍ തുടരാന്‍ സാധിക്കുന്ന രീതിയാണ് ഓമ്നിചാനല്‍ മാര്‍ക്കറ്റിംഗിനെ മറ്റ് മാര്‍ക്കറ്റിംഗ് രീതികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഒരു ഉപഭോക്താവ് ഓണ്‍ലൈനിലോ സ്റ്റോറിലോ മൊബൈല്‍ ആപ്പുകള്‍ വഴിയോ സോഷ്യല്‍ മീഡിയ വഴിയോ ഒരു ബ്രാന്‍ഡുമായി സംവദിക്കുകയാണെങ്കില്‍, ബ്രാന്‍ഡിന്റെ ഐഡന്റിറ്റിയും മൂല്യങ്ങളും പ്രതിഫലിപ്പിക്കുന്ന അനുഭവം നല്‍കുക എന്നതാണ് ഓമ്നിചാനല്‍ മാര്‍ക്കറ്റിംഗിന്റെ ലക്ഷ്യം.

ഓമ്നിചാനല്‍ മാര്‍ക്കറ്റിംഗിന്റെ പ്രയോജനങ്ങള്‍:

  • മികച്ച ഉപഭോക്തൃ അനുഭവം: ഉപഭോക്താക്കള്‍ക്ക് താല്‍പര്യമുള്ള മീഡിയയിലൂടെ സംവദിക്കാനും ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുമുള്ള സൗകര്യം ലഭിക്കുന്നതു വഴി കമ്പനിയോട് ഒരു പോസിറ്റീവ് മനോഭാവം ഉപഭോക്താക്കളില്‍ ഉടലെടുക്കുന്നു.
  • ഉപഭോക്തൃ ബന്ധം സൃഷ്ടിക്കല്‍: ഉല്‍പ്പന്നം സംബന്ധിച്ചെങ്കിലും ഉപഭോക്താക്കളുടെ ഇഷ്ടങ്ങള്‍ മനസ്സിലാക്കി സേവനം നല്‍കുന്നതും വ്യക്തിപരവുമായ ഇടപെടലുകളിലൂടെ ബിസിനസുകള്‍ക്ക് അവരുടെ ഉപഭോക്താക്കളുമായി കൂടുതല്‍ ശക്തമായ ബന്ധം സ്ഥാപിക്കാനും വിശ്വാസ്യത വളര്‍ത്താനും വീണ്ടും അതേ ഉപഭോക്താവിന് ഉല്‍പ്പന്നം വില്‍ക്കാനും സാധിക്കും.
  • ഉപഭോക്താക്കളെ തിരിച്ചറിഞ്ഞുള്ള മാര്‍ക്കറ്റിംഗ് ശ്രമങ്ങള്‍: ഓമ്നി ചാനല്‍ തന്ത്രങ്ങളില്‍ നിന്നുള്ള ഡാറ്റ അധിഷ്ഠിത സ്ഥിതിവിവരക്കണക്കുകള്‍ ഉപഭോക്തൃ പെരുമാറ്റം നന്നായി മനസ്സിലാക്കാന്‍ ബിസിനസുകളെ പ്രാപ്തമാക്കുന്നു, ഇത് കൂടുതല്‍ ടാര്‍ഗെറ്റുചെയ്തതും ഫലപ്രദവുമായ മാര്‍ക്കറ്റിംഗ് കാമ്പയിനുകള്‍ നടത്താന്‍ സഹായിക്കും.
  • വില്‍പ്പന വര്‍ധന: ഉപഭോക്താക്കള്‍ പല മാധ്യമങ്ങളിലായി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ ഉപഭോക്താവിന് സൗകര്യപ്രദമായ മാധ്യമത്തിലൂടെ സംവദിക്കാന്‍ ബിസിനസുകള്‍ക്ക് കഴിഞ്ഞാല്‍ അവിടെ കൂടുതല്‍ ആളുകളെ കേന്ദ്രീകരിക്കാനും വില്‍പന നടത്താനും സാധിക്കും.

ചുരുക്കത്തില്‍, ഓമ്നിചാനല്‍ മാര്‍ക്കറ്റിംഗ് എന്നത് ഒന്നിലധികം ചാനലുകള്‍ ഉപയോഗപ്പെടുത്തുന്ന മാര്‍ക്കറ്റിംഗ് തന്ത്രം മാത്രമല്ല. ആ ചാനലുകളെ ബന്ധിപ്പിച്ച് ഉപഭോക്തൃ സംതൃപ്തി, വിശ്വാസ്യത, ബിസിനസ് വിജയം എന്നിവ കൈവരിക്കാനുള്ള മാര്‍ഗം കൂടിയാണ്.


Siju Rajan

Business and Brand Consultant

BRANDisam LLP

www.sijurajan.com

+91 8281868299

info@sijurajan.com

Siju Rajan
Siju Rajan  

ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റും ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് വിദഗ്ധനും എച്ച്ആര്‍ഡി ട്രെയ്‌നറുമായ സിജു രാജന്‍ ബ്രാന്‍ഡ് ഐഡന്റിറ്റി, ബ്രാന്‍ഡ് സ്ട്രാറ്റജി, ട്രെയ്‌നിംഗ്, റിസര്‍ച്ച് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന BRANDisam ത്തിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റാണ്

Related Articles
Next Story
Videos
Share it