കാൽ നൂറ്റാണ്ട് പിന്നിട്ടു; കുടുംബശ്രീ എവിടെയെത്തി?

കേരള വികസന മോഡല്‍ എഴുപതുകളുടെ മധ്യത്തില്‍ ദേശീയ, അന്തര്‍ദേശീയ തലത്തില്‍ തുടര്‍ച്ചയായി ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു. എന്നാല്‍ ഈ മാതൃകക്ക് ലഭിച്ച പ്രശംസകള്‍ ഏറെ കാലം നീണ്ടു നിന്നില്ല. കേരളത്തിന്റെ ദുര്‍ബലമായ സാമ്പത്തികാവസ്ഥയും സക്രിയവും ആരോഗ്യകരവുമായ വ്യാവസായിക മേഖലയുടെ അഭാവവുമാണ് കേരള മോഡലിന്റെ നിറം കെടുത്തിയത്. കേരളത്തിന്റെ വളര്‍ച്ചാ ചരിത്രത്തില്‍ അത് അപ്രസക്തമായ രീതിയില്‍ പരാമര്‍ശിച്ചു പോകുക മാത്രമാണ് പിന്നീട് ഉണ്ടായത്.
അര നൂറ്റാണ്ടിന് ശേഷം, ആഗോള തലത്തില്‍ തന്നെ കേരളത്തിന്റെ മറ്റൊരു സംരംഭം വാര്‍ത്താ പ്രാധാന്യം നേടി. ഇന്ത്യയില്‍ തന്നെ ആദ്യമായി നടപ്പാക്കിയ കേരള സര്‍ക്കാരിന് കീഴിലുള്ള കുടുംബശ്രീ പ്രസ്ഥാനമാണത്. ഒരു വികസ്വര സമൂഹത്തിലെ ഏറ്റവും വലിയ വിപത്തായ ദാരിദ്ര്യത്തെ പൊതു ഇടപെടലിലൂടെ നേരിടാനുള്ള കാല്‍വെയ്പായിരുന്നു അത്. ഇന്ന്, ഇന്ത്യയിലൊട്ടാകെ വളരാന്‍ പ്രാപ്തമായ കുടുംബശ്രീ പ്രസ്ഥാനത്തിന്റെ തുടക്കം മുതലുള്ള വളര്‍ച്ചയുടെ അവലോകനമാണ് ഈ പുസ്തകം.

ദാരിദ്ര്യം കുറച്ചു കൊണ്ടു വന്ന വിസ്മയകരമായ പദ്ധതി

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ശാക്തീകരണത്തിലൂടെ ദാരിദ്ര്യം കുറച്ചു കൊണ്ടു വന്ന വിസ്‌യകരമായ പദ്ധതിയുടെ കഥയാണത്. സര്‍ക്കാര്‍ സഹായങ്ങളിലൂടെ ദാരിദ്ര്യം കുറയ്ക്കുകയെന്ന പരമ്പരാഗത നയങ്ങളില്‍ നിന്ന് മാറി നടന്ന ബഹുമുഖ പദ്ധതി. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തില്‍ അവസാനിപ്പിക്കാതെ, പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കളായ സ്ത്രീകളെ നൈപുണ്യ വികസനത്തിലേക്കും സംരംഭകത്വത്തിലേക്കും നയിച്ചതിന് പിന്നിലെ കാരണങ്ങളും ഈ പുസ്തകം വിശദീകരിക്കുന്നു. പൊതുവില്‍, കുടുംബശ്രീ എന്നത് ദാരിദ്ര്യത്തോടുള്ള പോരാട്ടമെന്നതിനപ്പുറം സ്ത്രീ സംരംഭകത്വത്തോടും അതുവഴിയുണ്ടായ നേട്ടങ്ങളോടുമാണ് ചേര്‍ത്ത് വായിക്കപ്പെടുന്നത്.
കുടുംബശ്രീയുടെ പ്രവര്‍ത്തനപരവും സംഘടനാ പരവുമായ പോരായ്മകളെ ഈ പുസ്തകം കാണാതെ പോകുന്നില്ല. അതിന്റെ തെറ്റ് കുറ്റങ്ങളെയെല്ലാം വിമര്‍ശനാത്മകമായി അപഗ്രഥിച്ച് എങ്ങനെയെല്ലാം അവയെ മികച്ച രീതിയില്‍ അഭിസംബോധന ചെയ്യാം എന്ന നിര്‍ദേശങ്ങള്‍ നല്‍കുന്നു. വിശ്വസനീയമായ ഡാറ്റകള്‍ ഉള്‍പ്പെടുത്തിയുള്ള ഒരു മികച്ച രേഖയാണ് ഈ പുസ്തകം. കുടുംബശ്രീയെ കുറിച്ച് പ്രാരംഭ ഘട്ടത്തില്‍ പഠിച്ച വ്യക്തികളും സ്ഥാപനങ്ങളും ഉപരിപ്ലവമായി മാത്രം തയ്യാറാക്കിയ പുസ്തകങ്ങളില്‍ നിന്ന് ഇത് വേറിട്ട് നില്‍ക്കുന്നതില്‍ ആശ്ചര്യമില്ല.

വീട്ടുമുറ്റങ്ങളിൽ തുടക്കം

വീട്ടുകാരുടെ പങ്കാളിത്തം ഉറപ്പാക്കുന്ന കുടുംബശ്രീ എന്ന പേരുമായി തീരപട്ടണമായ ആലപ്പുഴയിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ വീട്ടുമുറ്റങ്ങളിലാണ് ഈ പ്രസ്ഥാനത്തിന്റെ തുടക്കം. ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകളെ കണ്ടെത്തി അവരുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ത്രിഫ്റ്റ്, വായ്പ, മൈക്രോ ഫിനാന്‍സ് എന്നിവയിലൂടെ ധനസമാഹരണം നടത്താനുള്ള സഹായമൊരുക്കുകയാണ് ആദ്യം ചെയ്തത്. അതിന്റെ പ്രാരംഭ വിജയം സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കാനുള്ള ശക്തി വളര്‍ത്തിയെടുത്തു.
ആ യാത്ര എളുപ്പമുള്ളതായിരുന്നില്ല. ദരിദ്ര കുടുംബങ്ങളെ കണ്ടെത്തുന്നത് മുതല്‍ അവരെ അയല്‍കൂട്ടങ്ങള്‍ക്ക് കീഴില്‍ സംഘടിപ്പിച്ചു നിര്‍ത്തല്‍, പിന്തുണക്കായുള്ള സ്ഥാപനങ്ങളുടെ ചട്ടക്കൂട് നിര്‍മ്മിക്കല്‍, പൊതുവായ പെരുമാറ്റ ചട്ടം തുടങ്ങിയ കാര്യങ്ങള്‍ ശ്രമകരമായ ജോലിയായിരുന്നു. എന്നാല്‍ കേരളത്തില്‍ മുന്‍ കാലങ്ങളില്‍ നടന്ന സാമൂഹ്യ പരിഷ്‌കരണങ്ങളും വിദ്യാഭ്യാസം,ആരോഗ്യം, പരിസ്ഥിതി സംരക്ഷണം, ലിംഗസമത്വം തുടങ്ങിയ കാര്യങ്ങളിലെ ഉയര്‍ന്ന അവബോധവും കുടുംബശ്രീയുടെ വളര്‍ച്ചക്ക് ആവശ്യമായ സാമൂഹ്യ-രാഷ്ട്രീയ പ്രതലം രൂപപ്പെടുത്തുന്നതില്‍ സഹായകമായി.

കാൽ നൂറ്റാണ്ട് പിന്നിട്ട പ്രവർത്തനം

1998 ല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വായ്‌പേയി ഉദ്ഘാടനം ചെയ്ത കുടുംബശ്രീ പദ്ധതി 1999 ഏപ്രില്‍ ഒന്നിനാണ് പ്രവര്‍ത്തനം തുടങ്ങിയത്. ‘‘തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പത്തു വര്‍ഷത്തിനുള്ളില്‍ (അതായത് 2008) സാമൂഹിക ഇടപെടലിലൂടെ ദാരിദ്ര്യം പൂര്‍ണ്ണമായും ഇല്ലാതാക്കുകയാണ് പ്രധാന ലക്ഷ്യ’’മെന്ന് കുടുംബശ്രീയുടെ ആമുഖ രേഖയിൽ വ്യക്തമാക്കിയിരിക്കുന്നു. ദാരിദ്ര്യത്തെ സമഗ്രമായി അഭിമുഖീകരിക്കുന്നതിന് വിഭവങ്ങളുടെയും സേവനങ്ങളുടെയും ആവശ്യകത തിരിച്ചറിഞ്ഞ് ദരിദ്രരുടെ സംഘാടനത്തിലൂടെ ഇത് നടപ്പാക്കുമെന്നും ഇതില്‍ പറയുന്നു. നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കേണ്ട ലക്ഷ്യങ്ങളെ കൃത്യമായി ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ മെമ്മോറാണ്ടം.

കുടംബശ്രീയുടെ ഇതുവരെയുള്ള ബാക്കി പത്രം എന്താണ്?

പട്ടിണിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കേരളത്തില്‍ കുറവാണ് എന്നത് ദാരിദ്ര്യം കുറക്കുന്നതില്‍ കുടുംബശ്രീ വിജയിച്ചിരിക്കുന്നു എന്നതിന് തെളിവാണ്. മറ്റു കാര്യങ്ങളില്‍ മെച്ചപ്പെടലുകള്‍ ആവശ്യമാണ്. ചില പഠനങ്ങള്‍ കുടംബശ്രീയെ വല്ലാതെ പുകഴ്ത്തുന്നവയാണ്. മറ്റു ചിലതാകട്ടെ, അതിന്റെ ഘടനയെയും പ്രവര്‍ത്തനങ്ങളെയും കടുത്ത രീതിയില്‍ വിമര്‍ശിക്കുന്നതും. ഗ്രന്ഥകാരന്‍മാര്‍ ചൂണ്ടിക്കാട്ടുന്നത് പോലെ, യാഥാര്‍ത്ഥ്യം ഈ വാദഗതികളുടെ മധ്യത്തില്‍ എവിടെയോ ആണ്.
സ്ത്രീ ശാക്തീകരണത്തിന്റെ പ്രോഗ്രസ് കാര്‍ഡ് ഒരു ഉദാഹരണമാണ്. സ്ത്രീകള്‍ക്ക് അധിക വരുമാനം ഉറപ്പാക്കിയതിനൊപ്പം കുടുംബങ്ങളില്‍ അവരുടെ അന്തസ്സും ആത്മാഭിമാനവും ഉയര്‍ത്താനും സാമൂഹികമായ കഴിവുകള്‍ ശക്തിപ്പെടുത്താനും ഈ പ്രസ്ഥാനത്തിന് കഴിഞ്ഞുവെന്ന കാഴ്ചപ്പാട് ശരിയാണ്. എന്നാല്‍, ഖേദകരമായ ഒരു മറുവശമുണ്ട്. അധികാരത്തിന്റെ അസമത്വം സ്ത്രീകള്‍ക്ക് പൊതുവിലും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് പ്രത്യേകിച്ചും എതിരാണെന്ന യാഥാര്‍ത്ഥ്യം ഈ പുസ്തകത്തില്‍ പ്രതിഫലിക്കുന്നില്ല. അതു പോലെ നൈപുണ്യ വികസനത്തിലൂടെ സംരംഭകത്വം പ്രോല്‍സാഹിപ്പിക്കുന്നതില്‍ കുടുംബശ്രീ പരാജയപ്പെട്ടുവെന്നത് വലിയ പോരായ്മയാണ്. അതിനാല്‍, അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഈ പോരായ്മകള്‍ തിരുത്താന്‍ നയരൂപീകരണം നടത്തുന്നവര്‍ ശ്രമിക്കേണ്ടതുണ്ടെന്ന ശക്തമായ സന്ദേശം ഈ പുസ്തകം നല്‍കുന്നുണ്ട്.
Poverty, Women and Capability; A Study of Kerala's Kudumbashree Sytem
By K P Kannan and G Raveendran
Published by Laurie Baker Centre for Habitat Centre,
Vilappilsala, Thiruvanandapuram, Kerala;
Pp 286; Price Rs. 600/-
MK Das
MK Das  
Related Articles
Next Story
Videos
Share it