നിങ്ങളുടെ ബിസിനസിനെ വേഗത്തില്‍ ലാഭത്തിലാക്കണോ? ഈ അനാലിസിസ് എടുത്തു നോക്കൂ

ബിസിനസ് നന്നായി നടന്നിട്ടും ലാഭത്തിലെത്താത്ത സ്ഥിതിയുണ്ടോ? എങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ഇത് ചെയ്തിരിക്കണം
Backward Invention and Reverse Innovation by Dr Sudheer Babu
Published on

'വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ ബ്രേക്ക് ഈവെന്‍ (ബിസിനസില്‍ ലാഭവും നഷ്ടവും ഇല്ലാത്ത അവസ്ഥ) ആവുകയേയില്ല'' ആമസോണിന്റെ (Amazon) ഈ പ്രഖ്യാപനം നിങ്ങളെ ഞെട്ടിക്കുന്നു. അപ്രതീക്ഷിതമായി കേള്‍ക്കുന്ന ഈ വാര്‍ത്ത നിക്ഷേപകര്‍ക്കും അത്ര ശുഭകരമായ ഒന്നാവുന്നില്ല. ഈ കമ്പനി നിലനില്‍ക്കുമോയെന്ന സംശയം നമുക്കുള്ളില്‍ വളരുന്നു. എന്തുകൊണ്ട് ഇത്രയും വര്‍ഷം? നാം അത്ഭുതപ്പെടുന്നു.

നിങ്ങളൊരു ബിസിനസ് തുടങ്ങുവാന്‍ തീരുമാനമെടുക്കുന്നു. നിങ്ങളുടെ ഉല്‍പ്പന്നത്തില്‍ നിങ്ങള്‍ പൂര്‍ണ്ണ വിശ്വാസമര്‍പ്പിക്കുന്നു.

ഈ ഉല്‍പ്പന്നം നിര്‍മ്മിച്ച് വിപണിയിലേക്കിറക്കിയാല്‍ അത് വലിയൊരു വിജയമാകും എന്ന് നിങ്ങള്‍ പ്രത്യാശിക്കുന്നു. അതിനായി ബിസിനസിനായുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തുന്നു. ഓഫീസ് വാടകക്കെടുക്കുന്നു, ഫാക്ടറി നിര്‍മ്മിക്കുന്നു, ജീവനക്കാരെ നിയമിക്കുന്നു, ഉല്‍പ്പന്നം നിര്‍മ്മിച്ച് വിപണിയിലേക്ക് അവതരിപ്പിക്കുന്നു.

എന്നാല്‍ പെട്ടെന്ന് ബിസിനസ് ലാഭത്തിലേക്ക് എത്തുന്നില്ല. നിങ്ങള്‍ അമ്പരക്കുന്നു. വില്‍പ്പന നന്നായി നടക്കുന്നു. എന്നാല്‍ ബിസിനസ് ഇപ്പോഴും നഷ്ടത്തില്‍ തന്നെ. എന്താണ് സംഭവിക്കുന്നത്? വില്‍പ്പനയില്‍ നിന്നുള്ള വരുമാനം കൊണ്ട് ഓരോ മാസത്തേയും ആവര്‍ത്തന ചെലവുകള്‍ നടക്കുന്നില്ല. എവിടെയോ പിശകു പറ്റിയിരിക്കുന്നു.

ബിസിനസില്‍ പ്രധാനമായും രണ്ടു തരം ചെലവുകള്‍ (Expenses/Cost) ഉണ്ട്. ഒന്നാമത്തേതിനെ ആനുപാതിക ചെലവുകള്‍ (variable Costs) എന്നും രണ്ടാമത്തേതിനെ സ്ഥിര ചെലവുകള്‍ (Fixed Costs) എന്നും വിളിക്കാം.

ഓരോ ഉല്‍പ്പന്നവും നിര്‍മ്മിക്കാന്‍ ആവശ്യമായ ചെലവുകളാണ് ആനുപാതിക ചെലവുകള്‍. ഉല്‍പ്പാദനത്തിന് അനുസൃതമായി ഇതില്‍ മാറ്റം വരും. എന്നാല്‍ സ്ഥിര ചെലവുകള്‍ മാറുന്നില്ല. ബിസിനസിലെ വാടക, ശമ്പളം എന്നിവ ഈ ഗണത്തില്‍പ്പെടും.

നിങ്ങളുടെ ബിസിനസിന്റെ സ്ഥിര ചെലവുകള്‍ കൂടുതലാണെങ്കില്‍ ബിസിനസ് ലാഭകരമാകുവാന്‍ കൂടുതല്‍ സമയമെടുക്കും. ഉല്‍പ്പന്നത്തിന്റെ വിലയില്‍ നിന്നും ആനുപാതിക ചെലവുകള്‍ (Variable Cost) കുറച്ചാല്‍ നിങ്ങള്‍ക്ക് ഓരോ ഉല്‍പ്പന്നത്തില്‍ നിന്നുമുള്ള വരുമാനം കണ്ടെത്താന്‍ കഴിയും.

ഈ വരുമാനം കൊണ്ടു വേണം നിങ്ങളുടെ സ്ഥിര ചെലവുകള്‍ (Fixed Costs) നടന്നു പോകാന്‍. അപ്പോള്‍ സ്ഥിര ചെലവുകള്‍ കൂടുതലാണെങ്കിലോ? ബിസിനസ് ലാഭത്തില്‍ എത്താന്‍ സമയം കൂടുതലെടുക്കും.

ബിസിനസിലെ ചെലവുകളെ (Expenses) സമര്‍ത്ഥമായി നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക് ബ്രേക്ക് ഈവെന്‍ സ്ട്രാറ്റജി (Break-even Strategy) ഉപയോഗിക്കാം. ഉല്‍പ്പന്നങ്ങള്‍ എത്രയെണ്ണം വിറ്റാല്‍ നഷ്ടമില്ലാതെ ബിസിനസ് മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കും എന്ന് നിങ്ങള്‍ക്ക് കണ്ടെത്താം.

സ്ഥിര ചെലവുകള്‍ കൂടുതലാണെങ്കില്‍ അത്തരമൊരു ബിസിനസിന് ലാഭത്തിലേക്കെത്താന്‍ കൂടുതല്‍ വിയര്‍ക്കേണ്ടി വരും. ബിസിനസില്‍ നഷ്ടം വരാതിരിക്കാന്‍ മിനിമം എത്ര ഉല്‍പ്പന്നങ്ങള്‍ വില്‍ക്കേണ്ടി വരും എന്ന് കണ്ടെത്താന്‍ ബ്രേക്ക് ഈവെന്‍ പോയിന്റ് (BEP) കണ്ടെത്തിയാല്‍ മതി. ബിസിനസിലെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുവാനും പ്ലാന്‍ ചെയ്യാനും ബ്രേക്ക് ഈവെന്‍ സ്ട്രാറ്റജി നിങ്ങളെ സഹായിക്കുന്നു.

ഉല്‍പ്പന്നത്തിന്റെ വിലയിലും ബിസിനസിലെ ചെലവുകളിലും വരുന്ന ഓരോ മാറ്റവും ബ്രേക്ക് ഈവെന്‍ അനാലിസിസ് (Analysis) ആവശ്യപ്പെടുന്നു. നിങ്ങളുടെ സ്ഥിര ചെലവുകള്‍ കൂടുതലാണെങ്കില്‍ ബിസിനസ് ലാഭത്തില്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കേണ്ടി വരും.

എന്നാല്‍ സ്ഥിര ചെലവുകളില്‍ കര്‍ശനമായ നിയന്ത്രണം ഉണ്ടെങ്കിലോ കുറഞ്ഞ വില്‍പ്പനയില്‍ ബിസിനസ് ലാഭകരമാക്കുവാന്‍ സാധിക്കും.

അനാവശ്യച്ചെലവുകള്‍ ഒഴിവാക്കുവാനും ബിസിനസിനെ വേഗത്തില്‍ ലാഭകരമാക്കുവാനും ബ്രേക്ക് ഈവെന്‍ സ്ട്രാറ്റജി എന്ന ശക്തമായ തന്ത്രം പ്രയോഗിക്കാം.

നിങ്ങളുടെ ബിസിനസ് ഇപ്പോള്‍ നഷ്ടത്തിലാണോ? ബ്രേക്ക് ഈവെന്‍ അനാലിസിസ് ഒന്നെടുത്തു നോക്കൂ. സുപ്രധാനമായ പല തീരുമാനങ്ങളുമെടുക്കാന്‍ നിങ്ങളെയത് പ്രാപ്തനാക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com