നിങ്ങള്‍ നിങ്ങളായാല്‍ മതി!
Read the article in English
''എന്റെ ദൈവമേ! എന്താ ഇന്ദൂ, നിനക്ക് പ്രാന്തായോ?'' എന്റെ പ്രായമായ ആന്റി ഒച്ചയിട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി.
ഏഹ് ഞാനെന്തു ചെയ്തു? എനിക്കൊന്നും മനസിലായില്ല.
''ഇന്ദൂ, നീ നിന്റെ മോള്‍ക്ക് കട്ടന്‍ കാപ്പിയാണോ കൊടുക്കുന്നത്. ദേ നോക്ക് അവള്‍ കറുത്തുപോകും.'' ഈ വിഡ്ഢിത്തം കേട്ട് ചിരിക്കണോ കരയണോ എന്ന അവസ്ഥയിലായി ഞാന്‍.
വെളുത്ത നിറത്തോടുള്ള നമ്മുടെ അഭിനിവേശത്തേക്കുറിച്ച് ഞാന്‍ കൂടുതലൊന്നും പറയേണ്ടല്ലോ. വെളുത്ത തൊലിയാണ് മറ്റേതിനേക്കാളും സ്‌പെഷ്യല്‍ എന്ന് ചിന്തിക്കുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത്. (നിറം ആരും സ്വയം തെരഞ്ഞെടുക്കുന്നതല്ലല്ലോ)
ഈ സംഭവം എനിക്ക് ഓര്‍മ്മ വന്നത് മകള്‍ രാവിലെ തന്നെയൊരു വാര്‍ത്തയുമായി വന്നപ്പോഴാണ്. ''അമ്മാ! ഫെയര്‍ & ലൗലി അവരുടെ പേര് മാറ്റി ഗ്ലോ & ലൗലി എന്നാക്കി.''
ആഹ്! അതൊരു നല്ല വാര്‍ത്തയാണ്. എന്നാല്‍ അതോടൊപ്പം ഇന്ത്യയില്‍ ആഴത്തില്‍ വേരൂന്നിയ വെളുത്ത നിറത്തോടുള്ള അമിതമായ ആസക്തി കൂടി ഇല്ലാതാകുമോ? അതും ഒരു വ്യക്തിയുടെ സൗന്ദര്യത്തിന്റെ അളവുകോലായി വെളുത്ത നിറത്തെ കാണുന്ന രാജ്യത്ത്. ഒരു വ്യക്തിയുടെ മൂല്യം പുറംമോടിയിലല്ലെന്ന് നാം എന്ന് മനസിലാക്കും?
ഒരു പ്രചരണത്തില്‍ പങ്കെടുത്ത് ഞാന്‍ വെളുത്ത നിറത്തോടുള്ള സമൂഹത്തിന്റെ അമിത താല്‍പ്പര്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു. അതിന് ശേഷം എനിക്ക് മാതാപിതാക്കളുടെയും ധാരാളം പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും മെയ്‌ലുകള്‍ ലഭിച്ചു. അതില്‍ പലതും വായിച്ചപ്പോള്‍ ഞാന്‍ കരഞ്ഞുപോയി.
''ഇന്ദൂ, എന്റെ മകള്‍ നിറത്തിന്റെ പേരിലുള്ള വിവേചനത്തിന്റെ ക്രൂരമായ ഇരയാണ്. അതും ജനിച്ച അന്നുമുതല്‍. നിറത്തിലാണ് എല്ലാമെന്ന് അവളുടെ മനസില്‍ ആളുകള്‍ ചെറുപ്പം മുതലേ കുത്തിവെച്ചു. ക്രൂരമായ അവരുടെ വാക്കുകള്‍ കേട്ട് എന്റെ കുട്ടിയുടെ ഹൃദയം നുറുങ്ങുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതും അവള്‍ക്ക് വെറും അഞ്ച് വയസുള്ളപ്പോഴാണെന്ന് ഓര്‍ക്കണം. ഇവളെ ആര് വിവാഹം കഴിക്കും എന്നതായിരുന്നു ഈ സാഡിസ്റ്റുകളുടെ മറ്റൊരു വിഷമം. ഇത്തരത്തിലുള്ള പരിഹാസം വീട്ടിലെ ജോലിക്കാരുടെയും ബന്ധുക്കളുടെയും അടുത്തുനിന്ന് വരെയുണ്ടായി.'' ഒരു അമ്മ എന്നോട് പറഞ്ഞതാണിത്.
എട്ട് വയസുള്ള മറ്റൊരു കുട്ടിയുടെ അമ്മയുടെ മെസേജ് എനിക്ക് ലഭിച്ചത് ഇങ്ങനെയാണ്.
''എന്റെ മകള്‍ വളരെ കറുത്തിട്ടാണ്. ഞാനും ഞങ്ങളുടെ കുടുംബവും അവള്‍ക്ക് എല്ലാവിധത്തിലും ആത്മവിശ്വാസം നല്‍കുന്നുണ്ട്. എന്നാല്‍ പുറത്തുള്ള ലോകം അവളോട് വളരെ ക്രൂരമാണ്. സ്‌കൂളില്‍ നിന്നും പുറത്തുനിന്നും കേള്‍ക്കുന്ന പരിഹാസങ്ങളില്‍ അവള്‍ നിസഹായയാകുന്നു. അവള്‍ക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല. അവസാനം അവള്‍ ആശ്രയം കണ്ടെത്തിയത് ഫെയര്‍ ആന്‍ഡ് ലൗലി ക്രീമിലാണ്. ഒരിക്കല്‍ ഒരു കുടുംബസുഹൃത്തിനെ പരിചയപ്പെടുത്താന്‍ നോക്കിയപ്പോള്‍ അവളെ കാണാനില്ല. കുറയെ തെരയലിന് ശേഷം ആളെ കണ്ടെത്തി. മുഖത്ത് ഫെയര്‍ & ലൗലി ക്രീം കട്ടിക്ക് ഇട്ട് ഒളിച്ചിരിക്കുകയാണ്. അതിഥിയെ കാണാന്‍ വേണ്ടി ഒരുങ്ങുകയായിരുന്നിരിക്കണം അവള്‍.''
ഈ മെസേജ് വായിച്ച് എന്റെ കണ്ണുനിറഞ്ഞു. സത്യത്തില്‍ നമ്മളെല്ലാം ഇതിന് ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ ഉത്തരവാദികളല്ലേ? ആ കുട്ടിയുടെ മനസില്‍ ആഴത്തിലുള്ള മുറിവാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. നിങ്ങള്‍ ഒരു കുട്ടിയെ പരിഹസിക്കുകയും ക്രൂരമായി താരതമ്യപ്പെടുത്തുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് അറിയാമോ അത് കുട്ടിയുടെ മനോവീര്യത്തെ എത്രമാത്രം ബാധിക്കുമെന്ന്?
കറുത്ത നിറത്തിന്റെ പേരില്‍ തങ്ങള്‍ അനുഭവിക്കുന്ന കടുത്ത മാനസികവിഷമത്തെക്കുറിച്ചും തങ്ങള്‍ എങ്ങനെയാണ് സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നത് എന്നതിനെക്കുറിച്ചും ഒരുപാട് പെണ്‍കുട്ടികള്‍ എനിക്ക് എഴുതിയിട്ടുണ്ട്. എപ്പോഴും ഇത് കുടുംബത്തില്‍ നിന്ന് തന്നെയാണ് ആരംഭിക്കുന്നത്. തങ്ങളുടെ വരുമാനത്തിന്റെ വലിയ ഭാഗം തൊലി വെളുപ്പിക്കാനുള്ള ക്രീമുകള്‍ക്കായാണ് ചെലവഴിക്കുന്നതെന്ന് ഈ പെണ്‍കുട്ടികള്‍ എന്നോട് പറഞ്ഞു. കടുത്ത അപകര്‍ക്ഷതാ ബോധം അവര്‍ അനുഭവിക്കുന്നു.
നിറം എന്നത് ഒരു വാക്ക് മാത്രമാണെന്നും നിങ്ങള്‍ എന്താണ് എന്നതിലാണ് കാര്യമെന്നും നമ്മള്‍ അവര്‍ക്ക് പറഞ്ഞുകൊടുത്തിരുന്നെങ്കില്‍...
തൊലിയുടെ നിറത്തെക്കുറിച്ചുള്ള ആളുകളുടെ ധാരണകള്‍ മാറിവരുന്ന സമയമാണിത്. ഇത് നമ്മുടെ ജീവിതം എളുപ്പമാക്കുന്നു. നിങ്ങളുടെ നിറത്തില്‍ അഭിമാനിക്കൂ. നിങ്ങളുടെ നിറം ആഘോഷിക്കൂ. നിങ്ങള്‍ എന്താണ് എന്നത് മാത്രമാണ് ഇവിടെ പ്രസക്തം. നിങ്ങളുടെ നിറം ''ലൈറ്റ്'' ആക്കുന്ന ഇന്‍സ്റ്റാഗ്രാം ഫില്‍ട്ടറുകളൊന്നും വേണ്ട. അതിന് പകരം നിങ്ങളുടെ ജീവിതം കൂടുതല്‍ പ്രകാശമാനമാക്കുക.
ബ്ലാക്ക് ആകട്ടെ, ബ്രൗണ്‍ ആകട്ടെ, ഡസ്‌കി ആകട്ടെ, വൈറ്റ് ആകട്ടെ.... നിങ്ങള്‍ നിങ്ങളാവുക!
Read the article in English
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline