മാനസിക വ്യക്തതയും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കാന്‍ ഇതാ ആറ് വഴികള്‍

ഒരു ബ്രേക്ക് എടുക്കുക എന്നു പറഞ്ഞാല്‍ എന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്? ബാഹ്യ ഉത്തേജനങ്ങളില്‍ നിന്നെല്ലാം വിട്ടു നിന്ന് മനസ്സിന് ശാന്തമാകാനും വിശ്രമിക്കാനും സമയം കൊടുക്കുക എന്നതാണോ?

ബാഹ്യ ഉത്തേജന(Stimulation) ങ്ങളില്‍ നിന്ന് അകന്ന് നമ്മുടെ ചിന്തകളോടൊപ്പം അല്‍പ്പ സമയം ചെലവഴിക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമായി തോന്നേണ്ടതില്ല. എന്നിട്ടും നമ്മുടെ ഫോണിലെയും മറ്റും, നമ്മെ തന്നെ രസിപ്പിക്കാനുള്ള അനന്തമായ വഴികള്‍ കാരണം ഏകാന്തമായി സമയം ചെലവഴിക്കാന്‍ പൊതുവേ നമ്മള്‍ ബുദ്ധിമുട്ടുന്നതായി തോന്നുന്നു.

സ്മാര്‍ട്ട് ഫോണുകളുടെയും അതിവേഗ ഇന്റര്‍നെറ്റിന്റെയും ആവിര്‍ഭാവത്തിന് മുമ്പ് ഒരു പതിറ്റാണ്ടിന് മുമ്പ് നിരന്തരമായ ഉത്തേജനത്തിന്റെ ആവശ്യം നിലവില്ലായിരുന്നു നമുക്ക് പറയാനാകും. എന്നാല്‍ ഇപ്പോഴത് സാധാരണമായിരിക്കുന്നു.

ഒറ്റയ്ക്ക് സമയം ചെലവഴിക്കുന്നത് നമ്മെ സംബന്ധിച്ചിടത്തോളം ഭയാനകമായ അവസ്ഥയായി മാറിയിരിക്കുന്നു, അല്ലെങ്കില്‍ അത് ബോറന്‍ ഏര്‍പ്പാടായി അനുഭവപ്പെടുന്നു.

നമ്മള്‍ ഒരു ക്യൂവില്‍ നില്‍ക്കുകയാണെങ്കിലോ ഭക്ഷണം കഴിക്കുകയാണെങ്കിലോ ബാത്ത് റൂമില്‍ ആണെങ്കിലോ പോലും നമ്മുടെ ഫോണ്‍ ഉപയോഗിക്കാനുള്ള ത്വരയെ അടക്കി നിര്‍ത്താന്‍ നമ്മളില്‍ പലര്‍ക്കും കഴിയാറില്ല. അതുകൊണ്ട് നമ്മള്‍ ഒരു പ്രവൃത്തിയില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടിക്കൊണ്ടിരിക്കുകയും നമ്മുടെ മനസ്സിനെ രസിപ്പിക്കുന്നതിനായുള്ള എന്തെങ്കിലും കാര്യങ്ങള്‍ക്കു വേണ്ടി അലക്ഷ്യമായി ഫോണ്‍ സ്‌ക്രോള്‍ ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നു.

നിരന്തരമായ ഉത്തേജനത്തിനുള്ള ആവശ്യം ഇന്നത്തെ കാലത്ത് ഏറ്റവും വലിയ ആസക്തിയായി മാറിയിട്ടുണ്ട്. ഇത് നമ്മുടെ സമൂഹത്തില്‍ സര്‍വസാധാരണമായിരിക്കുന്നതിനാല്‍ മറ്റു ആസക്തികളില്‍ നിന്ന് വിഭിന്നമായി ഇതിന് സ്വീകാര്യത ലഭിച്ചിട്ടുണ്ട്.

ഒരു ഹിന്ദു സന്യാസിയായ ദണ്ഡപാണി ടെഡ് ടോക്കിനിടിയില്‍ പാതി തമാശയായി പറഞ്ഞു: നമ്മുടെ ഫോണ്‍ ബീപ്പ് ശബ്ദം പുറപ്പെടുവിക്കുമ്പോള്‍ ' യെസ് മാസ്റ്റര്‍, ഞാന്‍ എന്തു സേവനമാണ് അങ്ങേയ്ക്ക് ചെയ്യേണ്ടത്?' എന്ന മട്ടിലാണ് നാം പെട്ടെന്ന് അതിലേക്ക് ശ്രദ്ധ തിരിക്കുന്നത് എന്ന്. നിരന്തരമായ ഉത്തേജനത്തെ തൃപ്തിപ്പെടുത്താനുള്ള വ്യഗ്രതയ്ക്ക്, നമ്മള്‍ ബോധപൂര്‍വം മനസ്സിലാക്കിയാലും ഇല്ലെങ്കിലും, വലിയ വില നല്‍കേണ്ടി വരും.

അനാവശ്യമായ വിവരങ്ങളാല്‍ നമ്മുടെ മനസ്സിനെ അലങ്കോലമാക്കുന്നതിലൂടെ അത് നമ്മുടെ ചിന്തിക്കാനുള്ള സമയം കവര്‍ന്നെടുക്കുകയും നമ്മുടെ മാനസിക വ്യക്തത ഇല്ലാതാക്കുകയും ചെയ്യുന്നു. ജീവിതത്തിലെ തിരക്ക് കുറയ്ക്കാനും ജീവിതം ആസ്വദിക്കാനും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു. നമ്മള്‍ സമ്മതിച്ചാലും ഇല്ലെങ്കിലും ഉത്തേജനത്തിനായുള്ള നമ്മുടെ ആവശ്യകത നമ്മുടെ ബന്ധങ്ങളെയും നമുക്ക് അരികിലുള്ളവരോടുള്ള ആശയവിനിമയത്തെയും ബാധിക്കുന്നു.

എന്നാല്‍ അത് നിയന്ത്രിക്കാനും നിരന്തരമായ ഉത്തേജനത്തിനുള്ള ആവശ്യകതയെ മറികടക്കാനും ചില വഴികളുണ്ട്.

വ്യഗ്രതയെ കുറിച്ചുള്ള നിങ്ങളുടെ ധാരണ പുനര്‍വിചിന്തനം ചെയ്യുക

വ്യഗ്രതയും ആസക്തികളും അലഞ്ഞു തിരിയുന്ന പൂച്ചയെ പോലെയാണ്- അതിന്് നിങ്ങള്‍ ഭക്ഷണം നല്‍കിയാല്‍ അത് തിരിച്ചു വന്നുകൊണ്ടിരിക്കും. അതിനാല്‍, നിരന്തരമായ ഉത്തേജനങ്ങളില്‍ നിന്ന് മുക്തമാകാന്‍, ഇടതടവില്ലാതെ മാനസിക ഉത്തേജനം തേടാന്‍ നമ്മെ നിര്‍ബന്ധിക്കുന്ന വ്യഗ്രതയെ ഊട്ടുന്നത് നിര്‍ത്തേണ്ടതുണ്ട്. മുന്‍പ് ഒരു ലേഖനത്തില്‍ ഞാന്‍ വിശദീകരിച്ചതു പോലെ, പൊതുവേ ഏത് ത്വരയും ഉണ്ടായി അവസാനിക്കാന്‍ 15 മിനുട്ടില്‍ കൂടുതല്‍ സമയം എടുക്കുന്നില്ലെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്.

ആഗ്രഹം ഉയരുമ്പോള്‍ അതിന് വഴങ്ങി തൃപ്തിപ്പെടുത്തുക എന്നതാണ് ഏകവഴിയെന്ന് തോന്നാം. അവിടെയാണ് എല്ലാ ത്വരയും താല്‍ക്കാലികമാണെന്നും അത് പെട്ടെന്ന് അവസാനിക്കുമെന്നും മനസ്സിലാക്കുന്നത് സഹായകരമാകുന്നത്.

ബ്ലോഗറായ, സെന്‍ ഹാബിറ്റ്സിന്റെ ലിയോ ബബാദ പറയുന്നതു പോലെ, 'ത്വര, അത്യാവശ്യമായ എന്തെങ്കിലുമല്ല, ഒരു കല്‍പ്പനയല്ല, മറിച്ച് നമുക്ക് അകന്നു നില്‍ക്കാനാകുന്ന, താല്‍പ്പര്യജനകമായൊരു വികാരം മാത്രമാണ്.'

ദിവാസ്വപ്നം

അടുത്ത കാലം വരെ പകല്‍ സ്വപ്നം കാണുന്നത് എല്ലാവരുടെയും ജീവിതത്തിലെ ഒരു സ്വാഭാവിക സംഗതി മാത്രമായിരുന്നിരിക്കാം. ഇന്ന് ആളുകളുടെ ഒഴിവു സമയങ്ങള്‍ ഉപകരണങ്ങള്‍( gadgets) കവര്‍ന്നെടുത്തിരിക്കുന്നതിനാല്‍ മിക്കയാളുകളും പകല്‍ സ്വപ്നം കാണാറില്ല.

പകല്‍ക്കിനാവ് കാണുന്നത് നല്ല കാര്യമായി പൊതുവേ കണക്കാക്കാറില്ലെങ്കിലും നമ്മള്‍ പകല്‍ക്കിനാവ് കാണുമ്പോള്‍ തിരശ്ശീലയ്ക്ക് പിന്നില്‍ പല കാര്യങ്ങളും നടക്കുന്നുണ്ട്. നിങ്ങള്‍ പകല്‍ക്കിനാവ് കണ്ടു തുടങ്ങിയാല്‍, നിങ്ങളുടെ മനസ്സിനെ ശരിക്കും അലയാന്‍ വിട്ടാല്‍, ബോധമനസ്സിനപ്പുറം നിങ്ങള്‍ ചിന്തിച്ചു തുടങ്ങും. ഇങ്ങനെ പകല്‍ക്കിനാവ് കാണുമ്പോള്‍ ഉയര്‍ന്ന സര്‍ഗാത്മകതയോടും അന്തര്‍ജ്ഞാനത്തോടും ബന്ധപ്പെട്ടിരിക്കുന്ന ഒരു ആല്‍ഫാ ബ്രെയ്ന്‍ തരംഗാവസ്ഥയിലേക്ക് നാം പോകുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ധ്യാനം (Meditation) ശീലിക്കുക

നിരന്തരമായ ഉത്തേജനത്തിന്റെ ആവശ്യകതയെ മറികടക്കാനും വ്യഗ്രതകളെ കൈകാര്യം ചെയ്യാനുമുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങളിലൊന്ന് നിത്യേന മെഡിറ്റേഷന്‍ പരിശീലിക്കുക എന്നതാണ്. പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്, അഞ്ചു മിനിറ്റാണെങ്കില്‍ പോലും പത്തു ആഴ്ചകള്‍ നിത്യേന മെഡിറ്റേഷന്‍ ചെയ്യുന്നത്, ആത്മ നിയന്ത്രണവുമായും ഇച്ഛാശക്തിയുമായും ബന്ധപ്പെട്ട നമ്മുടെ തലച്ചോറിലെ പ്രിഫ്രണ്ടല്‍ കോര്‍ട്ടെക്സിന്റെ വലിപ്പം കൂട്ടുന്നുവെന്നാണ്.

മള്‍ട്ടി ടാസ്‌കിംഗ് ഉപേക്ഷിക്കുക

നമ്മുടെ സമൂഹത്തില്‍ മള്‍ട്ടി ടാസ്‌കിംഗ് എന്നത് വളരെ സാധാരണമായിരിക്കുന്നു. ആളുകളെ കൂടുതല്‍ ഉല്‍പ്പാദനക്ഷമരാക്കാന്‍ അത് സഹായിക്കുന്നുവെന്നാണ് നമ്മള്‍ കരുതുന്നത്.

എന്നിരുന്നാലും പൊതുധാരണയക്ക് വിരുദ്ധമായി, നമ്മുടെ തലച്ചോര്‍ മള്‍ട്ടി ടാസ്‌കിംഗിന് അനുയോജ്യമായ വിധത്തിലല്ല നിര്‍മിക്കപ്പെട്ടിരിക്കുന്നതെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അത് നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ ബാധിക്കുകയും ഉല്‍പ്പാദനക്ഷമത കുറയ്ക്കുകയും ചെയ്യുന്നു. അത് നമ്മളില്‍ കൂടുതല്‍ പിരിമുറുക്കം ഉണ്ടാക്കുകയും ഹൃദയതാളവും രക്തസമ്മര്‍ദ്ദവും കൂട്ടുകയും ചെയ്യുന്നു.

ഭക്ഷണം കഴിക്കുമ്പോള്‍ ടി വിയോ ഫോണോ ഉപയോഗിക്കാനുള്ള പ്രലോഭനം ഒഴിവാക്കാനായി ഭക്ഷണത്തിന്റെ രൂചിയിലേക്ക് എല്ലാ ശ്രദ്ധയും നല്‍കുക. അതിലൂടെ നിങ്ങളുടെ ഭക്ഷണം കൂടുതല്‍ രുചികരമായി തോന്നുക മാത്രമല്ല, സംതൃപ്തി ലഭിക്കുന്നതിന് കുറച്ചു ഭക്ഷണം മാത്രമേ കഴിക്കേണ്ടതുള്ളൂവെന്ന് മനസ്സിലാക്കുകയും ചെയ്യാം.

നിങ്ങളുടെ സമയം ട്രാക്ക് ചെയ്യുക

'യൂസേജ് ടൈം' പോലുള്ള ആപ്പുകള്‍ ഫോണില്‍ ഓരോ ആപ്ലിക്കേഷനിലും നിങ്ങള്‍ ചെലവഴിച്ച സമയവും അതുപോലെ ഒരു ദിവസം എത്ര വട്ടം ഫോണ്‍ അണ്‍ലോക്ക് ചെയ്തുവെന്നുമുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്നു. അത് നമ്മളില്‍ പലരെയും അമ്പരിപ്പിക്കുന്നതും ബോധോദയം ഉണ്ടാക്കുന്നതുമായിരിക്കും. ഇത്തരം ആപ്പുകളിലൂടെ നമുക്ക് സ്‌ക്രീന്‍ ടൈം സെറ്റ് ചെയ്യാനും സമയം ട്രാക്ക് ചെയ്യാനും കഴിയും.

ഇടവേളകള്‍ ചെലവഴിക്കാന്‍ മറ്റു വഴികള്‍ തേടുക

നിങ്ങളുടെ മനസ്സിന് ആവശ്യമായ വിശ്രമം നല്‍കുന്നതിന് നടത്തം, ലഘുനിദ്ര(Powernap), ആഴത്തിലുള്ള ശ്വസന വ്യായാമങ്ങള്‍, പ്രകൃതി നിരീക്ഷണം, തണുത്തവെള്ളത്തിലുള്ള കുളി തുടങ്ങിയ മറ്റു മാര്‍ഗങ്ങളില്‍ ഏര്‍പ്പെടുക.

തണുത്ത വെള്ളത്തിലുള്ള കുളി ആദ്യം കുറച്ച് ബുദ്ധിമുട്ടായി തോന്നുമെങ്കിലും അത് മനഃശാന്തിയും ഉന്മേഷവും ലഭിക്കുന്നതിന് എന്നെ സഹായിക്കുന്നു.

അവസാനമായി പറയാനുള്ളത്

ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ മാനസിക വിശ്രമത്തിനായി സമയം കണ്ടെത്തേണ്ടത്് അത്യാവശ്യമാണ്. എന്നാല്‍ തിരക്ക് ഒഴിവാക്കി മാനസികമായ ഒരിടവേള എടുക്കുന്നത് സ്വാഭാവികമായി ഉണ്ടാവുന്നതല്ല, അതിന് ഉള്ളില്‍ നിന്നുള്ള ചെറുത്തുനില്‍പ്പ് മറികടക്കാന്‍ മനഃപൂര്‍വമായ ശ്രമം വേണം.

എന്നിരുന്നാലും അങ്ങനെ ചെയ്യുന്നതിലൂടെ കൂടുതല്‍ ഊര്‍ജം, മെച്ചപ്പെട്ട മാനസിക വ്യക്തത, ഉല്‍പ്പാദന ക്ഷമത, മനഃസമാധാനം എന്നിവ ലഭിക്കുന്നത്, ആ ശ്രമത്തെ മൂല്യമുള്ളതാക്കി മാറ്റും.

For more simple and practical tips to live better and be happier visit Anoop's website:

https://www.thesouljam.com

Anoop Abraham
Anoop Abraham  

He is the founder of the blog www.thesouljam.com. The blog is about simple and practical tips to live better and be happier. He writes about personal growth, spirituality and productivity. Email: anooptabraham@yahoo.co.in

Related Articles

Next Story

Videos

Share it