വ്യത്യസ്തരായിരിക്കാന്‍ ഭയക്കേണ്ടതില്ല

വ്യത്യസ്തരായിരിക്കുന്നതിന്റെ മേന്മ വിളിച്ചോതിയ മാതൃകകളായിരുന്നു സ്‌കൂളിലെ എന്റെ രണ്ട് അധ്യാപകര്‍
വ്യത്യസ്തരായിരിക്കാന്‍ ഭയക്കേണ്ടതില്ല
Published on

സ്‌കൂളില്‍ എനിക്ക് ഏറ്റവും ഇഷ്ടം ഏഴാം ക്ലാസിലെ, സ്നേഹ ചെറിയാന്‍ എന്ന ടീച്ചര്‍ എടുത്തിരുന്ന ഇംഗ്ലീഷ് ക്ലാസായിരുന്നു. കര്‍ക്കശക്കാരിയായ ടീച്ചറായിരുന്നു മിസ് ചെറിയാന്‍. എന്നാല്‍ അവരുടെ ക്ലാസുകള്‍ വളരെ രസകരമായിരുന്നു. പഠിപ്പിക്കുന്നതിനിടെ രസകരമായ കമന്റുകള്‍ പാസാക്കുന്ന കുറച്ച് സഹപാഠികളും ഉണ്ടായിരുന്നത് ആ ക്ലാസുകള്‍ കൂടുതല്‍ ആസ്വാദ്യകരമാക്കി.

സാമ്പ്രദായിക രീതികള്‍ അതേപടി പിന്തുടരുന്ന ആളായിരുന്നില്ല മിസ് ചെറിയാന്‍. അതുതന്നെയാകണം അവര്‍ ഒരു മികച്ച അധ്യാപികയാകാന്‍ കാരണം എന്നാണ് എന്റെ വിശ്വാസം. നല്ല വിദ്യാഭ്യാസം നല്‍കുന്നതില്‍ നിലവിലെ പാഠ്യപദ്ധതി അപര്യാപ്തമാണെന്ന് അവര്‍ കരുതി. മറ്റു അധ്യാപകരില്‍ നിന്ന് വ്യത്യസ്തമായി അവര്‍ ചെയ്തിരുന്ന ഒരു കാര്യം, അതുവരെ ഞങ്ങള്‍ കേട്ടിട്ടില്ലാത്ത ബുദ്ധിമുട്ടുള്ള വാക്കുകളുടെ സ്പെല്ലിംഗ് പഠിപ്പിച്ചുകൊണ്ടാണ് ഓരോ ക്ലാസും ആരംഭിച്ചിരുന്നത് എന്നതാണ്.

ക്ലാസില്‍ വെച്ച് ആ വാക്കിന്റെ അര്‍ത്ഥം എഴുതിയെടുക്കുകയും ഹോം വര്‍ക്കായി ആ വാക്ക് ഉപയോഗിച്ചുള്ള വാക്യം ഉണ്ടാക്കുകയും വേണം. ഇതിലൂടെയാണ് cynosure, gerrymander, alacrtiy തുടങ്ങിയ വാക്കുകള്‍ ഞാന്‍ പരിചയപ്പെട്ടത്.

അതിനു മുമ്പോ ശേഷമോ ഉള്ള ഏത് ക്ലാസിനേക്കാളും കൂടുതല്‍ ഇംഗ്ലീഷ് ഭാഷയെ കുറിച്ച് ഞാന്‍ പഠിച്ചത് അവരുടെ ക്ലാസില്‍ വെച്ചായിരുന്നു. ഞാന്‍ ഇപ്പോഴും സൂക്ഷിച്ചു വെച്ചിരിക്കുന്ന സ്‌കൂള്‍ കാലത്തെ ഏക പുസ്തകം അവരുടെ ഇംഗ്ലീഷ് സ്പെല്‍ ചെക്ക് ബൂക്കാണ്.

ഒരു വിഷയം എന്ന നിലയില്‍ ഇംഗ്ലീഷ് എനിക്ക് അത്രയധികം ഇഷ്ടമായിരുന്നു എന്നല്ല. എന്നാല്‍ അവര്‍ പഠിച്ചിച്ച രീതിയാണ് ഇഷ്ടപ്പെടാന്‍ പ്രധാനകാരണമായത്. പൂര്‍ണമായ ആത്മാര്‍ത്ഥതയോടെയാണ് അവര്‍ പഠിച്ചിപ്പിരുന്നത് എന്ന് വ്യക്തമായിരുന്നു.

സാമ്പ്രദായിക രീതികളില്‍ നിന്ന് മാറി നടന്ന മറ്റൊരു അധ്യാപകന്‍ മലയാളം പഠിപ്പിച്ച ജയന്‍ സാര്‍ ആയിരുന്നു. വിചിത്രമായ കുറേ കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞു തരുമായിരുന്നു.

കോഴികള്‍ക്ക് എങ്ങനെ ആന്റിബയോട്ടികുകള്‍ നല്‍കുകയും വളര്‍ച്ചാ ഹോര്‍മോണുകള്‍ കുത്തിവെക്കുകയും ചെയ്യുന്നു, ടൂത്ത് പേസ്റ്റും നിരവധി ഫാര്‍മസ്യൂട്ടിക്കല്‍ മരുന്നുകളും എങ്ങനെ ശരീരത്തിന് ഹാനികരമാകുന്നു തുടങ്ങി പലവിധ കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞു തരുമായിരുന്നു.

മിക്ക വിദ്യാര്‍ത്ഥികളും അതു കേട്ട് ചിരിക്കുമായിരുന്നു. മുമ്പ് ഞങ്ങള്‍ കേട്ടിട്ടില്ലാത്ത കാര്യങ്ങളായിരുന്നു അവയൊക്കെ. ഞങ്ങളാരും അദ്ദേഹത്തെ അത്ര ഗൗരവത്തിലെടുത്തിരുന്നില്ല. അല്‍പ്പം വിചിത്ര സ്വഭാവക്കാരനാണെന്നു പോലും കരുതി.

അദ്ദേഹം പറഞ്ഞിരുന്ന കാര്യങ്ങള്‍ ശരിക്കും അങ്ങനെയായിരുന്നെങ്കില്‍ എന്റെ മാതാപിതാക്കളില്‍ നിന്നോ മറ്റുള്ളവരില്‍ നിന്നോ ഇക്കാര്യങ്ങള്‍ ഞാന്‍ അതുവരെ കേള്‍ക്കാതിരുന്നതെന്താണ് എന്ന ചിന്ത എന്റെ മനസ്സിലുണ്ടായിരുന്നു.

സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞതിനു ശേഷം അദ്ദേഹത്തിന്റെ ചില പ്രസ്താവനകളെ കുറിച്ച് ആഴത്തില്‍ പഠിച്ചപ്പോഴാണ് പല കാര്യങ്ങളിലും അദ്ദേഹം ശരിയാണെന്ന് മനസ്സിലായത്.

ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍, തന്റെ വിഷയം മാത്രം പഠിപ്പിക്കുന്നതില്‍ ഒതുങ്ങാതെ യഥാര്‍ത്ഥ ലോകത്ത് നടക്കുന്ന മറ്റു കാര്യങ്ങളെ കുറിച്ചും തന്റെ വിദ്യാര്‍ത്ഥികളെ ബോധവാന്മാരാക്കണം എന്ന ആത്മാര്‍ത്ഥമായ ആഗ്രഹത്തോടെ പ്രവര്‍ത്തിച്ച ഒരാളായിരുന്നു അദ്ദേഹമെന്ന് മനസ്സിലാക്കുന്നു.

ഭ്രാന്തമായ കാര്യങ്ങള്‍ പറയുന്ന വിചിത്ര വ്യക്തിയാണെന്ന കാഴ്ചപ്പാട് തന്റെ വിദ്യാര്‍ത്ഥികളുടെ ഇടയിൽ ഉണ്ടാകും എന്നത്, ഒരു അധ്യാപകനെന്ന നിലയില്‍ തന്റെ കടമ നിര്‍വഹിക്കുന്നതില്‍ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല.

സാമ്പ്രദായിക രീതികളെ വെല്ലുവിളിച്ച ആളുകളെ കുറിച്ച് ചിന്തിക്കുമ്പോള്‍ രണ്ട് സ്‌കൂള്‍ അധ്യാപകര്‍ എൻ്റെ മനസ്സിലേക്കെത്തുന്നതില്‍ ഒരു വൈരുധ്യം തോന്നുന്നു. കാരണം വിദ്യാര്‍ത്ഥികള്‍ക്കിടയിലോ, എന്തിന് അധ്യാപകര്‍ക്കിടയിലോ പോലും, വ്യത്യസ്തത പുലര്‍ത്തുന്നത് സ്‌കൂളുകളിൽ പ്രോത്സാഹിപ്പിക്കാറില്ല.

എഴുത്തുകാരിയായ സൂസികാസെം അതേകുറിച്ച് ശക്തവും വ്യക്തവുമായി ഇങ്ങനെ പറയുന്നു; ' സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ തുടക്കത്തില്‍ തന്നെ, വ്യക്തികളാകാനല്ല, മറിച്ച് അനുയായികളാകാനാണ് നമ്മെ പ്രോഗ്രാം ചെയ്യുന്നത്. ഒരു സംഘത്തിന്റെ അല്ലെങ്കില്‍ വലിയ ഒരു ജനസമൂഹത്തിന്റെ പ്രിയങ്കരങ്ങളായ അഭിപ്രായങ്ങള്‍ സ്വീകരിക്കാനാണ് നമ്മെ പാകപ്പെടുത്തി എടുത്തിരിക്കുന്നത്. വ്യത്യസ്തമോ സാമാന്യ വിരുദ്ധമോ വേറിട്ടു നില്‍ക്കുന്നതോ ആയവയെ നിരസിക്കാനും പാകപ്പെടുത്തിയിരിക്കുന്നു. '

എന്നാല്‍ സാധാരണയായി പാരമ്പര്യ വിശ്വാസങ്ങളെ എതിര്‍ക്കുന്നവരോ അവരവരോട് തന്നെ സത്യസന്ധത പുലര്‍ത്താന്‍ ധൈര്യം കാട്ടുന്നവരോ ആയ ആളുകളാണ് ലോകത്ത് വലിയ പ്രഭാവം ഉണ്ടാക്കിയിരിക്കുന്നത്.

ഒരുപക്ഷേ എന്റെ രണ്ട് സ്‌കൂള്‍ അധ്യാപകരുടെയൂം കാര്യത്തിലെന്ന പോലെ, വ്യത്യസ്തരായിക്കുമ്പോള്‍ എല്ലാവരാലും ഇഷ്ടപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യണമെന്നില്ല.

പക്ഷേ അവര്‍ തീര്‍ച്ചയായും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന കാര്യത്തില്‍ മികച്ച ജോലിയാണ് ചെയ്തത്. സ്‌കൂളിലെ മറ്റെല്ലാ അധ്യാപകരേക്കാളും അവരെന്നെ സ്വാധീനിച്ചു.

എന്റെ രണ്ട് അധ്യാപകരെയും പോലെ, മറ്റുള്ളവര്‍ വ്യത്യസ്തമായും വിചിത്രമായും കാണുന്ന കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങളുടെ ഹൃദയം പ്രേരിപ്പിക്കുമ്പോള്‍ അത് പിന്തുടരാനുള്ള ധൈര്യം കാണിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.

കുറിപ്പ്: കോഴികളെ എങ്ങനെ വളര്‍ത്തുന്നുവെന്നതിനെ കുറിച്ചും പല മരുന്നുകളുടെയും ദൂഷ്യഫലങ്ങളെ കുറിച്ചും ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഒരു പതിറ്റാണ്ടു മുമ്പ് അദ്ദേഹം ഇക്കാര്യം പറയുമ്പോള്‍ അത്തരം കാര്യങ്ങളെ കുറിച്ച് കൂടുതല്‍ അവബോധം വിദ്യാര്‍ത്ഥികളായ ഞങ്ങളുടെ ഇടയില്‍ ഉണ്ടായിരുന്നില്ല.

എന്നാല്‍ ഇന്നും സാധാരണ ലഭ്യമായ ടൂത്ത് പേസ്റ്റിന്റെയും ഫ്ളൂറോയ്ഡിന്റെയും ദൂഷ്യഫലങ്ങളെ കുറിച്ച് വ്യാപകമായ അവബോധം ഉണ്ടായിട്ടില്ല. എന്നിരുന്നാലും ഇന്ന് ജൈവ-പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിച്ച് നിര്‍മിച്ച ടൂത്ത് പേസ്റ്റ് എളുപ്പത്തില്‍ ലഭ്യമാണ്.

For more simple and practical tips to live better and be happier visit Anoop's website: https://www.thesouljam.com

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com