നിങ്ങളുടെ 'പാഷന്‍' എന്തെന്ന് കണ്ടെത്താം!

ഞാന്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ കണ്ടെത്താനുള്ള ശക്തമായ ആഗ്രഹം വര്‍ഷങ്ങളായി എനിക്കുണ്ടായിരുന്നു. കാരണം, നമുക്ക് ചെയ്യാന്‍ ഇഷ്ടമുള്ള കാര്യങ്ങള്‍ക്കു വേണ്ടി സമയം ചെലവഴിക്കുന്നതാണ് ജീവിതത്തില്‍ സംതൃപ്തി കണ്ടെത്താന്‍ പ്രധാനമായും വേണ്ടതെന്ന് എനിക്ക് തോന്നിയിരുന്നു.

ഇക്കാര്യത്തില്‍ കുറച്ച് വ്യക്തത ലഭിക്കുമെന്ന പ്രതീക്ഷയില്‍ കഴിയാവുന്നത്ര ഞാന്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞു.
ഞാന്‍ കണ്ട ഭൂരിഭാഗം ഉള്ളടക്കങ്ങളും സൂചിപ്പിക്കുന്നത്, നിങ്ങള്‍ക്ക് ഇഷ്ടമുള്ളതും കഴിവുകളുള്ളതുമായ കാര്യങ്ങള്‍ ചെയ്യുന്നതിനായി നിങ്ങള്‍ക്ക് ആരെങ്കിലും പണം നല്‍കുന്നതിനെ കുറിച്ചാണ്. എന്നാല്‍ അവയിലൊന്നും എന്റെ ഇഷ്ടം കണ്ടെത്തുന്നതിനുള്ള പ്രായോഗിക ഉപദേശങ്ങളൊന്നും കണ്ടില്ല.
ഒടുവില്‍ ഞാന്‍ ഉത്തരം കണ്ടെത്തിയത് ഇങ്ങനെയാണ്;
ചോദിക്കുവിന്‍ നിങ്ങള്‍ക്ക് ലഭിക്കും
കോളെജില്‍ എത്തിയപ്പോഴേക്കും ഉത്തരങ്ങള്‍ കണ്ടെത്താന്‍ തീവ്രമായ ആഗ്രമുണര്‍ന്നു. ആകര്‍ഷണ നിയമം (Law of attraction) പരിചിതമായിരുന്നതിനാല്‍ എനിക്ക് ഉത്തരം ലഭിക്കുമെന്ന വിശ്വാസത്തോടെ എന്റെ ഇഷ്ടം എന്താണെന്ന് വെളിപ്പെടുത്തി തരാന്‍ പ്രപഞ്ചത്തോട് ചോദിക്കാന്‍ തന്നെ തീരുമാനിച്ചു.
കുറച്ചു മാസങ്ങള്‍ക്ക് ശേഷം എന്റെ സുഹൃത്തിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ പോയപ്പോള്‍ അവിടത്തെ രണ്ടു കാര്യങ്ങള്‍ എന്റെ ശ്രദ്ധ പിടിച്ചുപറ്റി്. അതിലൊന്ന് മനോഹരമായ യമഹ ഗിറ്റാര്‍ ആയിരുന്നു. മറ്റൊന്ന് സ്റ്റീവ് ജോബ്‌സിന്റെ ജീവചരിത്രത്തിന്റെ കോപ്പിയും. കുട്ടിക്കാലം മുതല്‍ ഞാന്‍ പഠിക്കണമെന്ന് ആഗ്രഹിച്ചിരുന്ന ഒന്നാണ് ഗിറ്റാര്‍. അത് കണ്ട നിമിഷം തന്നെ എന്നില്‍ അതിയായ ആഗ്രഹവും ആവേശവും ഉടലെടുത്തു.
ജീവചരിത്രം കണ്ടപ്പോള്‍ എന്നില്‍ ജിജ്ഞാസയുണര്‍ന്നു. രാത്രി വീട്ടിലെത്തിയപ്പോള്‍ അതിന്റെ കോപ്പി സംഘടിപ്പിക്കുകയും ചെയ്തു.
സ്റ്റീവ് ജോബ്‌സിന്റെ ജീവചരിത്രം എന്നെ 'Autobiography of a Yogi' (ഒരു യോഗിയുടെ ആത്മകഥ) എന്ന പുസ്തകത്തിലേക്ക് നയിച്ചു. സ്റ്റീവ് ജോബ്‌സിനെ ആഴത്തില്‍ സ്വാധീനിച്ച പുസ്തകമായിരുന്നു അത്. മരണത്തിന് മുമ്പ്, തന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് സമ്മാനമായി ഈ പുസ്തകം നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ അദ്ദേഹം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഐപാഡില്‍ (Ipad) ഉണ്ടായിരുന്ന ഒരേയൊരു ഇ ബുക്ക് കൂടിയായിരുന്നു അത്. എല്ലാ വര്‍ഷവും അദ്ദേഹം വീണ്ടും ഈ പുസ്തകം വായിക്കുമായിരുന്നു.
'ഒരു യോഗിയുടെ ആത്മകഥ' എന്നെ പിടിച്ചുകുലുക്കി. ജീവിതത്തെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാടിനെ തന്നെ അത് മാറ്റിമറിച്ചു. നമ്മുടെ സമൂഹവും മാധ്യമങ്ങളും മതങ്ങളും നമ്മളെ വിശ്വസിപ്പിച്ചതിലും ഏറെ കാര്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടെന്ന് അത് എന്നെ ബോധ്യപ്പെടുത്തി.
പ്രപഞ്ചം എന്റെ ആവശ്യത്തോട് പ്രതികരിച്ചു തുടങ്ങിയിരുന്നു. ഞാന്‍ ഗിറ്റാര്‍ പഠിച്ചു തുടങ്ങിയെന്ന് മാത്രമല്ല അത് വളരെയേറെ ഇഷ്ടപ്പെടുകയും ചെയ്തു. മറ്റ് ആത്മീയ ഗ്രന്ഥങ്ങളിലും ധ്യാന(Meditation)ത്തിലും ഞാന്‍ പൂര്‍ണമായും ആകൃഷ്ടനാകുകയും ചെയ്തു.
ആകര്‍ഷണ നിയമം പ്രയോജനപ്പെടുത്തി നിങ്ങളുടെ ഇഷ്ടം കണ്ടെത്തുക എളുപ്പമാണ്. നിങ്ങള്‍ എന്താണ് ഇഷ്ടപ്പെടുന്നതെന്ന് പ്രപഞ്ചത്തില്‍ നിന്നുള്ള ഉത്തരം ലഭിക്കുന്നതിനുള്ള ചുവടുകള്‍ ഇതാ:
1. നിങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ എന്താണെന്ന് വെളിപ്പെടുത്താന്‍ ദൈവത്തോടോ പ്രപഞ്ചത്തോടോ ചോദിക്കുക
2. നിങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം ലഭിക്കുമെന്ന് വിശ്വസിക്കുക
3. ക്ഷമയോടെ കാത്തിരിക്കുക. പ്രപഞ്ചത്തില്‍ നിന്നുള്ള സൂചനകളോ മാര്‍ഗനിര്‍ദ്ദേശങ്ങളോ ലഭിക്കും വരെ.
4. മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുക.
പ്രപഞ്ചത്തിന് നമ്മോട് ആശയനവിനിമയം നടത്താന്‍ കഴിയുന്ന വഴികള്‍ അനന്തമായതിനാല്‍ ലഭിക്കുന്ന സൂചനകള്‍ ഒരാളില്‍ നിന്ന് മറ്റൊരാളുടേത് വ്യത്യാസപ്പെടുന്നു.
നിങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലഭിച്ചേക്കാവുന്ന ചില വഴികളിതാ...
* ഒരു പ്രത്യേക പ്രവര്‍ത്തനം ചെയ്യുന്നതിനായി നിങ്ങള്‍ക്ക് ഉള്‍പ്രേരണയുണ്ടാകുന്നു.
* നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട ഒരു വ്യക്തി, കുടുംബം അല്ലെങ്കില്‍ സുഹൃത്തിലൂടെ നിങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം ലഭിച്ചേക്കാം
* നിങ്ങളുടെ ജിജ്ഞാസ ഉണര്‍ത്തുന്ന എന്തെങ്കിലും ഒന്ന് ഏതെങ്കിലും പുസ്തകത്തിലോ സിനിമയിലോ ഇന്റര്‍നെറ്റിലോ നിങ്ങള്‍ കണ്ടേക്കാം.
* നിങ്ങള്‍ക്ക് എന്തിനെയെങ്കിലും കുറിച്ച് അഭിനിവേശം തോന്നിയേക്കാം
* ആവര്‍ത്തിച്ചുള്ള സ്വപ്‌നങ്ങളിലൂടെ നിങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം ലഭിക്കാം.
മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ക്ക് എപ്പോഴും നേരിട്ട് ഉത്തരങ്ങള്‍ ചൂണ്ടിക്കാണിക്കണമെന്നില്ല. എന്നിരുന്നാലും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പിന്തുടരുന്നതും സൂക്ഷ്മമായി പഠിക്കുന്നതും ഉത്തരത്തിലേക്ക് നിങ്ങളെ നയിക്കും.
ഭയത്തെ മറികടക്കല്‍
നമ്മള്‍ ഇഷ്ടപ്പെടുന്നതും ആസ്വദിക്കുന്നതുമായ കാര്യങ്ങളെ കുറിച്ച് നമ്മില്‍ പലര്‍ക്കും ഇതിനകം തന്നെ നല്ല ധാരണ ഉണ്ടായിരിക്കും. എന്നാല്‍ നമ്മുടെ ഭയങ്ങളും സംശയങ്ങളും അവ പിന്തുടരുന്നതില്‍ നിന്ന് നമ്മെ തടയുന്നുണ്ടാകാം.
കുട്ടിക്കാലത്ത് പാട്ടുപാടുകയെന്നത് എനിക്ക് ഇഷ്ടപ്പെട്ടതും ഏറെ ആസ്വദിച്ചതുമായ കാര്യമായിരുന്നു. എന്നാല്‍ വളര്‍ന്നതോടെ ഞാന്‍ കൂടുതല്‍ 'സെല്‍ഫ് കോണ്‍ഷ്യസ്' ആയി. അതിന്റെ ഫലമായി ഞാന്‍ ഒരിക്കലും അതിനായി കൂടുതല്‍ സമയം ചെലവഴിക്കുകയോ ശ്രമം നടത്തുകയോ ചെയ്തില്ല. മാത്രമല്ല, പാടുന്നതിനായി എന്നിലുണ്ടാകുന്ന ഉള്‍പ്രേരണയെ അടിച്ചമര്‍ത്താനാണ് നോക്കിയത്. ഗിത്താര്‍ വായിക്കാന്‍ തുടങ്ങുന്നതു വരെ എനിക്ക് പാടുന്നത് അത്ര സുഖകരമായി തോന്നിയിരുന്നില്ല. കൂടുതലായി പാടിത്തുടങ്ങിയപ്പോഴാണ് അത്
എനിക്ക് താല്‍പ്പര്യമുള്ള ഒരു കാര്യം എന്നതിനേക്കാള്‍ ചെയ്യാന്‍ ഏറെ ഇഷ്ടമായിരുന്ന ഒന്നായിരുന്നുവെന്ന് മനസ്സിലായത്.
എനിക്ക് ശരിക്കും സംതൃപ്തിദായകവും ആസ്വാദ്യകരവുമാണെന്ന് തോന്നിയ എന്തെങ്കിലും ചെയ്യാതിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് മനസ്സിലായപ്പോള്‍ പാട്ടിനോടുള്ള ഇഷ്ടം ഭയത്തെ മറികടക്കാന്‍ സഹായിച്ചു.
നമ്മുടെ ഇഷ്ടത്തെ ജോലിയും പണവുമായി വേര്‍പ്പെടുത്തി കാണാന്‍ ശ്രമിക്കേണ്ടതില്ല
'നമ്മള്‍ ഇഷ്ടപ്പെടുന്ന'തിനെ കരിയറുമായി ബന്ധിപ്പിക്കുകയും അതില്‍ നിന്ന് സാമ്പത്തിക നേട്ടമുണ്ടാക്കുകയും ചെയ്യാമെന്ന വിചാരത്തോടെ ഉത്തരങ്ങള്‍ തേടുന്നത് പലപ്പോഴും നമ്മുടെ മുന്നിലുള്ള കാര്യങ്ങള്‍ പോലും കാണാന്‍ കഴിയാതെയാക്കുന്നു.
യാത്രയും സംഗീതവും ഞാന്‍ എപ്പോഴും ഇഷ്ടപ്പെടുന്നവയാണ്. എന്നാല്‍ ഇത്തരം മുന്‍വിധികളുമായി ഉത്തരം തേടിയപ്പോള്‍ അതൊന്നും എന്റെ മനസ്സിലെത്തിയില്ല.
ഏതെങ്കിലും സാമ്പത്തിക നേട്ടത്തിന്റെ സാധ്യതകള്‍ കാണുന്നില്ലെങ്കില്‍ നമ്മുടെ സമയത്തിനും പ്രയത്‌നത്തിനും വിലയില്ലെന്ന് കരുതി നമ്മള്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ എളുപ്പത്തില്‍ തള്ളിക്കളയാം. മറുവശത്ത്, അത് സാമ്പത്തികമായി നേട്ടമാകുമോ എന്ന് ശരിക്കും അറിയാന്‍ അതിനു വേണ്ടി സമയവും ഊര്‍ജവും ചെലവഴിക്കുക എന്നതുമാത്രമാണ് വഴി.
നിങ്ങളുടെ ജിജ്ഞാസയേയും ഉള്‍പ്രേരണയെയും പിന്തുടരുക
നിങ്ങളുടെ ജിജ്ഞാസയുടെയും ഉള്‍പ്രേരണയുടെയും പിന്നാലെ പോകുന്നതിലൂടെ നിങ്ങള്‍ക്ക് ഉത്തരങ്ങള്‍ കണ്ടെത്താനാകും. തിരിഞ്ഞു നോക്കുമ്പോള്‍, എന്റെ ഉള്‍പ്രേരണകള്‍ക്കനുസരിച്ച് പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ വളരെ മുമ്പു തന്നെ എനിക്ക് പല ഉത്തരങ്ങളും കണ്ടെത്താനാകുമായിരുന്നു. നമ്മുടെ ഉള്ളിലെ സന്തോഷം, ആവേശം അല്ലെങ്കില്‍ സുഖകരമായ സംവേദനങ്ങള്‍ എന്നിവയിലൂടെ നമ്മുടെ ഉള്‍പ്രേരണ നമ്മെ ഒരു പ്രത്യേക പ്രവര്‍ത്തനത്തിലേക്ക് നയിച്ചേക്കാം.
ഒരു പ്രത്യേക മേഖലയിലോ നമുക്ക് കഴിവുള്ള ഒന്നിലോ സ്വയം പ്രകടിപ്പിക്കാനുള്ള ശക്തമായ പ്രേരണയിലൂടെ ഇത് നമ്മോടും ആശയവിനിമയം നടത്തിയേക്കാം.
എന്നിരുന്നാലും നിങ്ങളുടെ ഉള്‍പ്രേരണ പിന്തുടരാനുള്ള തീരുമാനം എടുക്കുമ്പോള്‍ എന്തെങ്കിലും പ്രത്യേക പ്രതീക്ഷകള്‍ വെക്കരുത്. പ്രതീക്ഷകള്‍ പലപ്പോഴും നമ്മെ നിരാശരാക്കും എന്നതിനാല്‍ തുറന്ന മനസ്സോടെ അതിന്റെ സൂചനകള്‍ പിന്തുടരാന്‍ തയാറാവുക.
സ്വാഭാവികമായ ചായ്‌വുകളിലേക്കും പ്രവണതകളിലേക്കും ശ്രദ്ധിക്കുക
ഹോട്ടല്‍ ലോബിയിലോ കഫേയിലോ സുഹൃത്തിന്റെയോ ബന്ധുവിന്റേയോ വീട്ടിലോ എവിടെ പോയാലും പുസ്തകങ്ങളും മാസികകളും എടുത്ത് വായിക്കാനുള്ള സ്വാഭാവിക പ്രവണത എനിക്കുണ്ട്. ലൈബ്രറികളില്‍ പോകുന്നതും എനിക്ക് എപ്പോഴും ഇഷ്ടമുള്ള കാര്യമാണ്.
ഹാജര്‍ നിര്‍ബന്ധമല്ലാത്തതിനാല്‍ കോളെജില്‍ എനിക്ക് ധാരാളം ഒഴിവു സമയം ലഭിച്ചിരുന്നു. ഇത് എനിക്ക് വായിക്കാനുള്ള സമയം നല്‍കി. കോളെജിലെ മൂന്നു വര്‍ഷത്തിനിടയില്‍ ഏകദേശം നൂറ് പുസ്തകങ്ങളാണ് വായിച്ചു തീര്‍ത്തത്. വായന എനിക്ക് ഇഷ്ടമുള്ള കാര്യമാണെന്ന് കാലക്രമേണ എനി്ക്ക് മനസ്സിലായി.
നിങ്ങളുടെ സ്വാഭാവിക ചായ്‌വുകളിലേക്കും പ്രവണതകളിലേക്കും ശ്രദ്ധിക്കുന്നത് നിങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങളില്‍ വ്യക്തത പകരാന്‍ സഹായിക്കും. എന്നിരുന്നാലും, ചിലപ്പോള്‍ നിങ്ങളെ ആകര്‍ഷിച്ച കാര്യങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വന്നേക്കാം. അവസാനമായിരിക്കും അത് നിങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന കാര്യം തന്നെയാണെന്ന് മനസ്സിലാവുക.
വികാരങ്ങള്‍ നിങ്ങള്‍ക്ക് വഴികാട്ടട്ടെ
നിങ്ങള്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ തിരയുമ്പോള്‍ പാലിക്കേണ്ട നിയമങ്ങളൊന്നുമില്ല. നിങ്ങള്‍ക്ക് നല്ലതെന്ന് തോന്നുന്നത് നോക്കുക. നമുക്ക് നന്നെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യാന്‍ നമ്മള്‍ സ്വാഭാവികമായും ഇഷ്ടപ്പെടും.
നിങ്ങള്‍ക്ക് നല്ലതെന്ന് തോന്നുന്ന കാര്യങ്ങള്‍ ആസ്വദിക്കുന്ന മറ്റാരേയും നിങ്ങള്‍ക്ക് അറിയില്ലായിരിക്കാം. എന്നിരുന്നാലും അത് നിങ്ങള്‍ക്ക് എങ്ങനെ തോന്നുന്നുവെന്ന് വിലയിരുത്താന്‍ കഴിയുന്ന ഒരേയൊരാള്‍ നിങ്ങളാണ്.
എന്റെ കാര്യത്തില്‍ ഏകനായി സമയം ചെലവഴിക്കുന്നത് എനിക്ക് ഇഷ്ടമുള്ള ഒന്നാണെന്ന് ഞാന്‍ കണ്ടെത്തി. അത് എനിക്ക് സുഖവും സ്വാസ്ഥ്യവും നല്‍കുന്നു.
ഒരു കാര്യം മറ്റൊന്നിലേക്ക് നയിക്കുന്നു
എന്റെ ജീവിതത്തില്‍ ഞാന്‍ ഇഷ്ടപ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നത്, ഞാന്‍ ഇഷ്ടപ്പെടുകയും എനിക്ക് ഏറെ സന്തോഷം പകരുകയും ചെയ്യുന്ന മറ്റു കാര്യങ്ങള്‍ കണ്ടെത്തുന്നതിലേക്ക് എന്നെ നയിക്കുന്നു.
വായനയോടുള്ള എന്റെ ഇഷ്ടം ആത്മീയതയോടുള്ള ഇഷ്ടം കണ്ടെത്തുന്നതിലേക്ക് നയിച്ചു. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിനുള്ള പ്രചോദനവും വായന എനിക്ക് നല്‍കി. അത് അവിശ്വസനീയമാം വിധം സംതൃപ്തി നല്‍കുന്നതായും തിരിച്ചറിഞ്ഞു. എനിക്ക് ആളുകളുമായി ബന്ധം സ്ഥാപിക്കാന്‍ ഇഷ്ടമാണെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിത്തന്നത് ഒറ്റയ്ക്കുള്ള യാത്രകളാണ്.
ഗിറ്റാറിനോടുള്ള എന്റെ ഇഷ്ടം വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കുറഞ്ഞുവെങ്കിലും അത് വായിക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്ന വൈവിധ്യമാര്‍ന്ന സംഗീതത്തില്‍ മുഴുകുന്നതിലേക്കും പാടുന്നതിലേക്കും എന്നെ നയിച്ചു.
പരിമിതപ്പെടുത്തരുത്
ഞാന്‍ ഉത്തരങ്ങള്‍ തേടാന്‍ തുടങ്ങിയിട്ട് ഏഴ് വര്‍ഷത്തിലേറെയായി. ഇപ്പോള്‍ പോലും ഞാന്‍ ശരിക്കും ഇഷ്ടപ്പെടുന്ന പുതിയ കാര്യങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നു. കാലക്രമേണ നമ്മള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന പുതിയ കാര്യങ്ങള്‍ കണ്ടെത്തുന്നത് തുടരുന്നതിനാല്‍ നമ്മുടെ തിരച്ചിലിന് അവസാനമില്ല.
അതുകൊണ്ട് ഉത്തരങ്ങള്‍ തേടുമ്പോള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടേക്കാവുന്ന പുതിയ കാര്യങ്ങള്‍ക്കായി എപ്പോഴും മനസ്സ് തുറന്നിടുക.
ആത്മാന്വേഷണം
നിങ്ങളുടെ സ്വന്തം ജീവിതത്തിലേക്ക് നോക്കുകയും ചെറുതായി ആത്മാന്വേഷണം നടത്തുകയും ചെയ്യുന്നത് നിങ്ങള്‍ ഇഷ്ടപ്പെടുന്നത് കണ്ടെത്താന്‍ വളരെയധികം സഹായകമാകും. ആളുകളുമായി ബന്ധപ്പെടുന്നതും ദീര്‍ഘനേരം സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നതും സ്‌കൂള്‍ കാലം തൊട്ടേ ഞാന്‍ ആസ്വദിച്ചിരുന്ന കാര്യമാണ്. സത്യത്തില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി എനിക്കുണ്ടായ ഏറ്റവും സന്തോഷകരമായ സമയങ്ങള്‍ സുഹൃത്തുക്കളുമായി ചെലവഴിച്ച നിമിഷങ്ങളാണ്.
ഇന്ത്യയിലൂടനീളമുള്ള മൂന്നു മാസത്തെ ഏകാന്ത യാത്രയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സന്ദര്‍ശിച്ച സ്ഥലങ്ങളല്ല, യാത്രയില്‍ ഞാന്‍ കണ്ടുമുട്ടിയ ആളുകളുമായി ചെലവഴിച്ച സമയങ്ങളാണ്. അവരെ പരിചയപ്പെട്ടിട്ട് രണ്ടു മണിക്കൂറോ രണ്ടു ദിവസമോ എന്ന വ്യത്യാസം ഉണ്ടായിരുന്നില്ല. ആളുകളുമായി ബന്ധപ്പെടുന്നത് സംതൃപ്തിയും സന്തോഷവും നല്‍കുന്നുണ്ടെന്ന് ഞാന്‍ കണ്ടെത്തി. ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ മാത്രമാണ് അത് എപ്പോഴും പ്രകടമായിരുന്ന ഒരു കാര്യമാണെന്ന് എനിക്ക് മനസ്സിലാവുന്നത്.
നിങ്ങളുടെ ഇഷ്ടം കണ്ടെത്തുന്നതിന് നിങ്ങളെ കുറിച്ച് തന്നെ അറിയാന്‍ സ്വയം ചോദിക്കാവുന്ന ചില ചോദ്യങ്ങളിതാ.
ഒരു പേനയും പേപ്പറും എടുക്കുക. ഈ ചോദ്യങ്ങള്‍ക്ക് ഓരോന്നിനും ചുരുങ്ങിയത് മൂന്ന് ഉത്തരങ്ങളെങ്കിലും കണ്ടെത്താനാകുന്നതു വരെ കാത്തിരിക്കുക. നിങ്ങളുടെ മനസ്സിലേക്ക് എത്തുന്ന ഉത്തരങ്ങള്‍ അതേപടി എഴുതുക.
* എന്തു ചെയ്യുന്നതാണ് നിങ്ങള്‍ കൂടുതല്‍ ആസ്വദിക്കുന്നത്?
* എന്താണ് നിങ്ങളെ ഉത്തേജിപ്പിക്കുന്നത്?
* മറ്റെല്ലാ കാര്യങ്ങളും മറന്ന് നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളെന്താണ്?
* എന്തിലാണ് നിങ്ങള്‍ക്ക് ജിജ്ഞാസയും കൗതുകവും ഉള്ളത്?
* മണിക്കൂറുകളോളം ചെയ്തിട്ടും മടുക്കാത്തതും ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നതുമായ എന്തു കാര്യമാണ് ഉള്ളത്?
* നിങ്ങളെ സജീവമായി നിര്‍ത്തുന്ന കാര്യങ്ങള്‍ എന്താണ്?
* നിങ്ങളെ സ്വാഭാവികമായി ആകര്‍ഷിക്കുന്നത് എന്തൊക്കെയാണ്?
* നിങ്ങള്‍ രണ്ടാഴ്ചമാത്രമേ ജീവിച്ചിരിക്കൂ എന്ന അവസ്ഥയില്‍ അല്ലെങ്കില്‍ പണം ഒരു പ്രശ്‌നമല്ല എന്ന സ്ഥിതിയില്‍ നിങ്ങള്‍ നിങ്ങളുടെ സമയം എങ്ങനെ ചെലവഴിക്കും?
* കുട്ടിക്കാലത്ത് നിങ്ങള്‍ എന്താണ് ആസ്വദിച്ചതും ഇഷ്ടപ്പെട്ടതും?
* നിങ്ങള്‍ക്ക് സന്തോഷം പകരുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്?
* നിങ്ങള്‍ക്ക് എന്തിനു വേണ്ടിയാണ് ഉള്‍പ്രേരണ ഉണ്ടാകുന്നത്?
അവസാനമായി
നിങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ കണ്ടെത്തുക എന്നത് ചിന്തിക്കുന്നതിലും എളുപ്പമാണ്. ഒരു കരിയര്‍ ഓപ്ഷന്‍ എന്ന നിലയില്‍ നമ്മള്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങളെ കുറിച്ച് ചിന്തിക്കുന്നത് നിര്‍ത്തുന്ന നിമിഷം, മുമ്പ് ഒരിക്കലും പരിഗണിച്ചിട്ടില്ലാത്ത എല്ലാ തരം സാധ്യതകളും പരിഗണിക്കാന്‍ മനസ്സ് തയാറാവും.
നിങ്ങള്‍ അതിനായുള്ള അന്വേഷണം തുടങ്ങിക്കഴിഞ്ഞാല്‍ തന്നെ പാതിവഴിയിലെത്തിയതായി കണക്കാക്കാം. ആളുകള്‍ അവര്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നത് കണ്ടെത്താത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അവര്‍ ഒരിക്കലും അതിനായി സജീവമായി അന്വേഷണം നടത്തുന്നില്ല എന്നതാണ്.
ഒരുപക്ഷേ നിങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന പല കാര്യങ്ങളും ചെയ്യാന്‍ നിങ്ങള്‍ ഇതിനകം തന്നെ സമയം ചെലവഴിച്ചിട്ടുണ്ടാകാം. പക്ഷേ അവ നിങ്ങള്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങളാണെന്ന് കണക്കാക്കിയിട്ടുണ്ടാവില്ല.

For more practical tips to live better and be happier visit Anoop's blog: thesouljam.com


Anoop Abraham
Anoop Abraham  

He is the founder of the blog www.thesouljam.com. The blog is about simple and practical tips to live better and be happier. He writes about personal growth, spirituality and productivity. Email: anooptabraham@yahoo.co.in

Related Articles

Next Story

Videos

Share it