ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഇതാ ഒരു വഴി!

ഒന്നാലോചിച്ചു നോക്കൂ, നിങ്ങള്‍ക്ക് ആഗ്രഹിച്ചതു പോലെ ആരും ആയിത്തീരാം, എന്തും ചെയ്യാം, എന്തും സ്വന്തമാക്കാം എങ്കിലോ? ആകര്‍ഷണ നിയമം (Law of Attraction) ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ക്കത് സാധ്യമാക്കാം. ഈ വാക്ക് നിങ്ങള്‍ക്ക് അത്ര പരിചിതമല്ലെങ്കില്‍ എന്താണ് ആകര്‍ഷണ നിയമം എന്നതായിരിക്കും നിങ്ങള്‍ ചിന്തിക്കുക.

യുഗങ്ങളായി ഈ നിയമത്തെ കുറിച്ച് പലര്‍ക്കും അറിയാമെങ്കിലും 2004 ല്‍ ദി സീക്രട്ട് എന്ന പേരില്‍ ഡോക്യുമെന്ററിയും അതേ പേരില്‍ പുസ്തകവും പുറത്തിറങ്ങിയ ശേഷമാണ്, നമ്മുടെ ജീവിതത്തില്‍ ആകര്‍ഷണ നിയമം ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് കൂടുതലാളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയത്.
ആകര്‍ഷണ നിയമം നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നതെങ്ങനെ?
ലളിതമായി പറഞ്ഞാല്‍ സമാനമായ ഊര്‍ജം പരസ്പരം ആകര്‍ഷിക്കപ്പെടുന്നു എന്ന സാര്‍വത്രികമായ നിയമമാണ് ആകര്‍ഷണ നിയമം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നിങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് എന്തിലാണോ അതിനെ നിങ്ങള്‍ ആകര്‍ഷിക്കുന്നു, അല്ലെങ്കില്‍ നിങ്ങള്‍ പുറത്തേക്ക് വിടുന്ന ഊര്‍ജം എന്താണോ അത് നിങ്ങള്‍ക്ക് തിരികെ ലഭിക്കുന്നു.
നമ്മുടെ ഇന്ദ്രിയങ്ങള്‍ക്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും നമ്മള്‍ ഊര്‍ജത്തിന്റെയും അതുണ്ടാക്കുന്ന പ്രകമ്പന(Vibration) ത്തിന്റെയും ലോകത്താണ് ജീവിക്കുന്നതെന്ന് ക്വാണ്ടം ഫിസിക്‌സ് തെളിയിച്ചിട്ടുണ്ട്.
ഈ ലോകത്തുള്ള സകലതും, നിങ്ങളുടെ ശരീരമോ, ഒരു കസേരയോ ഒരു പാറക്കല്ലോ ഒരു പൂച്ചയോ എന്തുമാകട്ടെ, എല്ലാം വ്യത്യസ്തമായ ഫ്രീക്വന്‍സികളില്‍ പ്രകമ്പനം കൊള്ളുന്ന ഊര്‍ജമാണ്. അതുമാത്രമല്ല, നമ്മുടെ ചിന്തകള്‍, വികാരങ്ങള്‍, വിശ്വാസങ്ങള്‍ തുടങ്ങിയവ പോലും കമ്പനം ഉണ്ടാക്കുന്നുണ്ട്.
പോസിറ്റീവ് ചിന്തകളും ഭാവങ്ങളും ഉയര്‍ന്ന ആവൃത്തിയിലും നെഗറ്റീവ് ചിന്തകളും ഭാവങ്ങളും താഴ്ന്ന ആവൃത്തിയിലും കമ്പനങ്ങള്‍ സൃഷ്ടിക്കുന്നു. ആകര്‍ഷണ നിയമത്തിന്റെ പ്രവര്‍ത്തനത്താല്‍ നമ്മള്‍ നമ്മുടേതായ യാഥാര്‍ഥ്യം സൃഷ്ടിക്കുകയാണ്. അതായത് നമ്മളില്‍ പ്രബലമായിരിക്കുന്ന ചിന്തകള്‍ക്കും വികാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും അനുസരിച്ച് നമ്മുടെ ജീവിതത്തിലെ സംഭവങ്ങളും സാഹചര്യങ്ങളും നമ്മള്‍ തന്നെ സൃഷ്ടിക്കുന്നു.
നമ്മുടെ ചിന്തകളും വിശ്വാസങ്ങളും മാറ്റുന്നതിലൂടെ നമ്മള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ജീവിതത്തെ മാറ്റാന്‍ നമുക്ക് കഴിയും. സത്യത്തില്‍, നമ്മുടെ ചിന്തകള്‍ക്കും വിശ്വാസങ്ങള്‍ക്കും നമ്മുടെ ജീവിതത്തെ രൂപപ്പെടുത്താനുള്ള ശക്തിയുണ്ടെന്ന് ചരിത്രത്തിലുടനീളം വിവിധ ആത്മീയാചാര്യന്മാരും മതഗ്രന്ഥങ്ങളും സൂചിപ്പിക്കുന്നുണ്ട്.
'നമ്മള്‍ എന്താണോ അത്, നമ്മള്‍ ചിന്തിക്കുന്നതിന്റെ ഫലമാണ്',- ശ്രീബുദ്ധന്‍
'മനുഷ്യന്‍ അവന്റെ വിശ്വാസങ്ങളാല്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു, എങ്ങനെയാണോ അവന്റെ വിശ്വാസം, അതു പോലെ തന്നെ അവനും' - ശ്രീകൃഷ്ണന്‍
' ആകയാല്‍ ഞാന്‍ നിങ്ങളോട് പറയുന്നു, നിങ്ങള്‍ പ്രാര്‍ത്ഥനയില്‍ ആവശ്യപ്പെടുന്നതെന്തും നിങ്ങള്‍ക്ക് ലഭിച്ചുവെന്ന് വിശ്വസിക്കുക. അത് നിങ്ങളുടേതായിരിക്കും' - യേശുക്രിസ്തു
നിങ്ങളുടെ ആഗ്രഹങ്ങള്‍ സാധ്യമാക്കാന്‍ ആകര്‍ഷണ നിയമം എങ്ങനെ പ്രയോഗിക്കാം?
ആകര്‍ഷണ നിയമത്തിന്റെ ബോധപൂര്‍വമായ ഉപയോഗത്തില്‍ പോസിറ്റീവ് ചിന്തകള്‍ മാത്രമല്ല, മറ്റു പലതുമുണ്ട്. അത് നിങ്ങള്‍ക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്നാണ് ചുവടെ.
1. ലക്ഷ്യം അറിയുക
2. നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യത്തിനു വേണ്ടി ദൈവത്തോടോ പ്രപഞ്ച ശക്തിയോടോ ആവശ്യപ്പെടുക എന്നതാണ് ആദ്യപടി. അത് മനസ്സില്‍ ചോദിക്കാം, അല്ലെങ്കില്‍ എഴുതിയിട്ടോ ഉച്ചത്തില്‍ ചോദിക്കുകയോ ആകാം. താല്‍പ്പര്യമുള്ള വഴി നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം. എന്നിരുന്നാലും നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്താണെന്നതില്‍ വ്യക്തത ഉണ്ടായിരിക്കണം. ഉദാഹരണത്തിന് ജോലിയില്‍ ഉയര്‍ന്ന ശമ്പളമാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഉയര്‍ച്ച വേണം എന്നു മാത്രം ആവശ്യപ്പെടുന്നതിന് പകരം എത്രമാത്രം ശമ്പളം വേണമെന്ന് വ്യക്തമായി ചോദിക്കുക.
2. വിശ്വസിക്കുക
നിങ്ങള്‍ ഒരു കാര്യം ആവശ്യപ്പെട്ടു കഴിഞ്ഞാല്‍ അടുത്ത പടി, ആവശ്യപ്പെട്ടിരിക്കുന്ന കാര്യം നിങ്ങള്‍ക്കുണ്ടെന്ന് വിശ്വസിക്കുകയും തോന്നിക്കുകയും ചെയ്യുക എന്നതാണ്. എന്തുകൊണ്ട് അങ്ങനെ ചെയ്യണം?
നമ്മള്‍ പുറപ്പെടുവിക്കുന്ന ഊര്‍ജത്തോടും കമ്പനങ്ങളോടുമാണ് പ്രപഞ്ചം പ്രതികരിക്കുക. ആവശ്യപ്പെട്ട കാര്യം ഉണ്ടെന്ന തോന്നല്‍ പ്രകടിപ്പിക്കുമ്പോള്‍ നമ്മള്‍ ആവശ്യപ്പെട്ട കാര്യം ലഭിച്ചുകഴിഞ്ഞുവെന്ന സ്പന്ദനങ്ങളാണ് പുറത്ത് വിടുക.
എന്താണ് യാഥാര്‍ത്ഥ്യമെന്നും എന്താണ് മനസ്സില്‍ സങ്കല്‍പ്പിക്കുന്നതെന്നുമുള്ള വ്യത്യാസം തിരിച്ചറിയാന്‍ നമ്മുടെ തലച്ചോറിന് കഴിയില്ലെന്നാണ് ഗവേഷണങ്ങള്‍ തെളിയിക്കുന്നത്. നിങ്ങള്‍ ആഗ്രഹിച്ച കാര്യം ലഭിച്ചു എന്ന തോന്നലുണ്ടാക്കാന്‍ ഒരു വഴിയുണ്ട്. അത് ലഭിച്ചു കഴിഞ്ഞാല്‍ എന്തായിരിക്കും നിങ്ങളുടെ വികാരം എന്ന് സങ്കല്‍പ്പിക്കുക. അത് യഥാര്‍ത്ഥത്തില്‍ സംഭവിച്ചു എന്നതു പോലെ രസകരമായ അനുഭവമാക്കി മാറ്റുക. ഏറെ ശ്രമം നടത്താതെ ലാഘവത്തോടെ ചെയ്യേണ്ട കാര്യമാണത്.
ഒരു കാര്യം നിലവിലുണ്ടെന്ന് തോന്നിപ്പിക്കാന്‍ മികച്ച ഒരു മാര്‍ഗമാണ് ക്രിയേറ്റീവ് വിഷ്വലൈസേഷന്‍ (പിന്നീട് വിശദീകരിക്കുന്നുണ്ട്).
എന്താണോ നമ്മള്‍ ആഗ്രഹിക്കുന്നത് അത് ഉണ്ടെന്ന തോന്നല്‍ ഉണ്ടാക്കുകയാണ് നമ്മുടെ ജോലി. മറിച്ച്, നിലവിലെ സാഹചര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അത് എങ്ങനെ നേടിയെടുക്കുമെന്ന് സംശയിക്കുകയല്ല വേണ്ടത്.
എങ്ങനെ സാധ്യമാകും എന്ന് ചിന്തിക്കാതെ ദൈവത്തിന്/പ്രപഞ്ച ശക്തിക്ക് അത് വിട്ടുകൊടുക്കുക.
എന്ത് ആഗ്രഹമാണ് നിങ്ങള്‍ പ്രകടിപ്പിക്കുന്നത് എന്നതിനനുസരിച്ച് ചിലപ്പോള്‍ നടപടികള്‍ ആവശ്യമാണ്. ഉദാഹരണത്തിന് പരീക്ഷയില്‍ മികച്ച മാര്‍ക്ക് നേടുക എന്നതാണ് നിങ്ങളുടെ ആഗ്രഹമെങ്കില്‍ വെറുതെ ഇരുന്ന് അത് സങ്കല്‍പ്പിച്ചതു കൊണ്ടു മാത്രം കാര്യമില്ല. ആഗ്രഹിച്ചതു പോലുള്ള ഫലം ലഭിക്കണമെങ്കില്‍ പരിശ്രമവും ആവശ്യമാണ്.
3. ആസക്തി ഇല്ലാതാവട്ടെ
നമ്മള്‍ ആഗ്രഹിക്കുന്ന കാര്യത്തോടുള്ള ആസക്തി ഒഴിവാക്കുക എന്നതാണ് മൂന്നാമത്തെ പടി. ഇത് വൈരുദ്ധ്യമായി തോന്നാം. ഉപേക്ഷിക്കുക എന്നര്‍ത്ഥം ഇതിനില്ല. റസ്റ്റൊറന്റില്‍ ഒരു വിഭവം ഓര്‍ഡര്‍ ചെയ്യുന്നതു പോലെയാണത്. ഒരിക്കല്‍ ഓര്‍ഡര്‍ കൊടുത്തു കഴിഞ്ഞാല്‍ അത് ലഭിക്കുമെന്ന് നമുക്കറിയാം, അതേപ്പറ്റി വിഷമിക്കാറില്ലല്ലോ.
ഈ മാനസികാവസ്ഥ ഈ പ്രക്രിയയിലെ സുപ്രധാന ഭാഗമാണ്. പലപ്പോഴും എങ്ങനെയെങ്കിലും നേടിയെടുക്കണം എന്ന അമിത ആസക്തിയോടെ സമീപിക്കുമ്പോള്‍ നമ്മുടെ മനസ്സ് അത് എങ്ങനെ സാധ്യമാകില്ല എന്നതിനുള്ള കാരണങ്ങള്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കും.ഇതാകട്ടെ, നമ്മുടെ ആഗ്രഹം സാധ്യമാകുന്നതിനെ തടയുന്ന വൈരുദ്ധ്യാത്മകമായ പ്രകമ്പനങ്ങളാണ് പുറപ്പെടുവിക്കുക. എന്നാല്‍ അമിത ആസക്തി വിട്ടുകളയുന്നത് കൂടുതല്‍ ശാന്തതയും ക്ഷമയും കൈവരാനും നമ്മുടെ ആഗ്രഹം സാധ്യമാകും എന്ന വിശ്വാസത്തോടെ മുന്നേറാനും സഹായിക്കും.
ആഗ്രഹങ്ങള്‍ സാധ്യമാക്കാന്‍ ചില ശീലങ്ങള്‍
1. ക്രിയേറ്റീവ് വിഷ്വലൈസേഷന്‍
നിങ്ങള്‍ കണ്ണുകളടച്ച് അടുത്തിടെയുണ്ടായ സന്തോഷകരമായ ഒരു മുഹൂര്‍ത്തം ഓര്‍ത്തെടുക്കുക. എന്താണ് നിങ്ങള്‍ ചെയ്തിരുന്നത്? നിങ്ങള്‍ ആര്‍ക്കൊപ്പമായിരുന്നു? എന്തായിരുന്നു നിങ്ങള്‍ക്ക് ചുറ്റിലും ഉണ്ടായിരുന്നത്? നിങ്ങള്‍ക്ക് എങ്ങനെ തോന്നി?
ക്രിയേറ്റീവ് വിഷ്വലൈസേഷനും ഏതാണ്ട് ഇതുപോലെ തന്നെയാണ്. നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നിലവില്‍ ഉണ്ടെന്ന് സങ്കല്‍പ്പിക്കുകയും അത് അനുഭവിക്കുകയും ചെയ്യുക എന്നതാണ് ഇതില്‍ ഉള്‍പ്പെടുന്നത്. അത് എങ്ങനെ ചെയ്യാം?
മനസ്സ് ശാന്തമായും സ്വസ്ഥമായും വെക്കുക. അതിനുള്ള ഒരു എളുപ്പവഴി, 50 ല്‍ നിന്ന് പൂജ്യം വരെ പതുക്കെ എണ്ണുക എന്നതാണ്.
നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യം നിലവില്‍ ഉണ്ടെന്നതു പോലെയും അനുഭവിക്കുന്നതു പോലെയും സനസ്സില്‍ സങ്കല്‍പ്പിക്കുക. കാണാനും കേള്‍ക്കാനും അനുഭവിക്കാനും മണക്കാനും രുചിക്കാനുമുള്ള(ആവശ്യമെങ്കില്‍) കഴിവുകള്‍ ഉള്‍പ്പെടുത്തി, അത് യാഥാര്‍ത്ഥ്യമാണെന്ന് വരുത്തിത്തീര്‍ക്കുക.
നമ്മള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഉണ്ടെന്ന വികാരം അനുഭവിക്കുക എന്നതാണ് ഏറ്റവും പ്രധാനം.
നിങ്ങള്‍ ആഗ്രഹിച്ച കാര്യം നേടിയിട്ടുണ്ടായിരുന്നെങ്കില്‍ എന്താവും നിങ്ങള്‍ക്ക് തോന്നുക? അതാണ് ക്രിയേറ്റീവ് വിഷ്വലൈസേഷന്റെ പ്രധാന ലക്ഷ്യം. കഴിയാവുന്നത്രയും തോന്നല്‍ ഉണ്ടാക്കുക.
നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ളിടത്തോളം കാലം ഇത് ചെയ്യാം. ആകര്‍ഷണ നിയമം അനുസരിച്ച് നല്ല വികാരം സ്ഥിരമായി അയച്ചു കൊണ്ടിരുന്നാല്‍ പ്രപഞ്ചം നമ്മുടെ ജീവിതത്തിലേക്ക് നമ്മള്‍ ദൃശ്യവത്കരിക്കുന്നവയെ കൊണ്ടു വരും.
ക്രിയേറ്റീവ് വിഷ്വലൈസേഷന്‍ ഉപയോഗിക്കുമ്പോഴെല്ലാം അത് ഇപ്പോള്‍ സംഭവിക്കുന്നതാണെന്ന തോന്നല്‍ ഉണ്ടാക്കുകയും അതിലുള്‍്‌പ്പെടുന്ന പ്രക്രിയയെ ദൃശ്യവത്കരിക്കുന്നതിനപ്പുറം നിങ്ങളുടെ ശ്രദ്ധ അന്തിമഫലത്തിലോ ആഗ്രഹിക്കുന്ന ഫലത്തിലോ എത്തിക്കുകയും ചെയ്യുന്നു. അത് ആസ്വാദ്യകരവും രസകരവുമായ അനുഭവമാക്കി മാറ്റുക. എല്ലാറ്റിനുമുപരി നിങ്ങള്‍ ആഗ്രഹിക്കുന്നതെന്തും നല്ലതായി അനുഭവപ്പെടും.
മെഡിറ്റേഷന്‍
നിങ്ങളുടെ ചിന്തകളിന്മേല്‍ നിയന്ത്രണമില്ലാതെ വരുമ്പോള്‍ അത് ആശങ്കകളിലേക്കും ഉത്കണ്ഠകളിലേക്കും വഴിതിരിയും. ഇത് പലപ്പോഴും നമ്മുടെ ജീവിതത്തില്‍ അഭികാമ്യമല്ലാത്ത സാഹചര്യങ്ങളും സംഭവങ്ങളും ഉണ്ടാകാന്‍ ഇടയാക്കും. ദിവസവും മെഡിറ്റേഷന്‍ ചെയ്യുന്നതിലൂടെ നമ്മുടെ ചിന്തകളില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടു വരാനും നമ്മള്‍ ആഗ്രഹിക്കുന്ന കാര്യങ്ങളിലേക്ക് മനസ്സിനെ ബോധപൂര്‍വം നയിക്കാനും സാധിക്കും.
ആകര്‍ഷണ നിയമത്തെ ഞാന്‍ ആദ്യമായി പ്രയോജനപ്പെടുത്തിയത്..
പത്തു വര്‍ഷം മുമ്പാണ് ആകര്‍ഷണ നിയമത്തെ കുറിച്ച് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്. എട്ടില്‍ പഠിക്കുകയായിരുന്നു ഞാന്‍. സ്‌കൂള്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ സ്വര്‍ണ മെഡല്‍ നേടുക എന്നതായിരുന്നു അക്കാലത്ത് എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന്. ഒന്നാം ക്ലാസ് മുതല്‍ എല്ലാ വര്‍ഷവും ഓട്ട മത്സരത്തില്‍ പങ്കെടുക്കുകയും മിക്കപ്പോഴും എന്തെങ്കിലും മെഡല്‍ നേടുകയും ചെയ്യുമായിരുന്നു. എന്നാല്‍ സ്വര്‍ണമെഡല്‍ കിട്ടാക്കനിയായിരുന്നു.
ദി സീക്രട്ട് എന്ന ഡോക്യുമെന്ററി കണ്ടതിനു ശേഷം, അതിനു പിന്നില്‍ എന്തെങ്കിലും സത്യമുണ്ടോ എന്ന് കണ്ടെത്താനായി ആകര്‍ഷണ നിയമം പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിച്ചു.
പക്ഷേ, ആ വര്‍ഷം ഞാന്‍ പങ്കെടുത്ത 1500 മീറ്റര്‍, 3000 മീറ്റര്‍ മത്സരങ്ങളില്‍ അതിനു മുമ്പ് ഒരിക്കല്‍ പോലും ഞാന്‍ മത്സരിച്ചിരുന്നില്ല. 1995 നവംബറില്‍ ജനിച്ചുവെന്നതു കൊണ്ട് 1996 ല്‍ ജനിച്ച സഹപാഠികളേക്കാള്‍ വയസ് കൂടുതല്‍ ആയത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. രണ്ടു മാസത്തെ മാത്രം പ്രായക്കൂടുതലേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും എന്നേക്കാള്‍ രണ്ടു വര്‍ഷം സീനിയര്‍ ആയ ആളുകളുടെ കൂടെ എനിക്ക് മത്സരിക്കേണ്ടി വന്നു.
മത്സരത്തിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പേ ഞാന്‍ പരിശീലനം തുടങ്ങി. ഇടയ്ക്ക് സംശയം തോന്നുമായിരുന്നെങ്കിലും പരിശീലന സമയത്തെല്ലാം, ഞാന്‍ വിജയിക്കുന്നതായി സങ്കല്‍പ്പിച്ചു.
തൊട്ടു മുന്‍വര്‍ഷം റിലേ മത്സരത്തില്‍ നേടിയ, ജീവിതത്തിലെ ഏക സ്വര്‍ണമെഡല്‍ കട്ടിലിനരികില്‍ തന്നെ വെച്ചു. ഓരോ ദിവസവും ഉണര്‍ന്നെണീക്കുമ്പോഴെല്ലാം ഞാനത് കൈയിലെടുക്കുകയും മത്സരിക്കാനിരിക്കുന്ന ഇനങ്ങളില്‍ ലഭിച്ചതാണെന്ന് സങ്കല്‍പ്പിക്കുകയും ചെയ്തു.
കഥ ചുരുക്കി പറയാം, ആ വര്‍ഷം ഞാന്‍ മൂന്ന് മത്സരങ്ങളിലാണ് പങ്കെടുത്തത്. മൂന്നിലും സ്വര്‍ണമെഡല്‍ നേടുകയും ചെയ്തു.
എങ്ങനെ പ്രാവര്‍ത്തികമാക്കാം
ആകര്‍ഷണ നിയമം പ്രയോഗത്തില്‍ വരുത്തുമ്പോള്‍ ബലം പിടിക്കാതെ ക്ഷമയോടെ കാത്തിരിക്കുക. ആവിഷ്‌കരണം എന്നത് ഒരു കഴിവാണ്. മറ്റേതൊരു നൈപുണ്യവും പോലെ എത്രയും കൂടുതല്‍ പരിശീലിക്കുന്നുവോ അത്രയും കൂടുതല്‍ മെച്ചപ്പെടും.
എന്തെങ്കിലും ചെറിയ കാര്യങ്ങള്‍ വെച്ച് തുടങ്ങുന്നതാണ് നല്ലത്. അതു വഴി നിങ്ങള്‍ക്ക് വിശ്വാസം വളര്‍ത്താനും വലിയ കാര്യങ്ങളിലേക്ക് കടക്കാനും കഴിയുന്നു. ചെറിയ കാര്യങ്ങളില്‍ കുറഞ്ഞ പ്രതിരോധമേ ഉണ്ടാവുന്നുള്ളൂവെന്നതിനാല്‍ അത് സംഭവിക്കുമെന്ന് വിശ്വസിക്കാന്‍ പ്രയാസമില്ല. അതേസമയം നമ്മുടെ മുന്‍ധാരണ നമ്മള്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ക്ക് വിരുദ്ധമാണെങ്കില്‍ വലിയ കാര്യങ്ങള്‍ നേടിയെടുക്കാന്‍ ബുദ്ധിമുട്ടാകും.
ഒരു പക്ഷേ, കുറച്ചു കാലമായി ബന്ധപ്പെടാതിരുന്ന ഒരു സുഹൃത്തില്‍ നിന്നുള്ള ഫോണ്‍ വിളി ആകര്‍ഷിച്ചു കൊണ്ട് ആരംഭിക്കാം. നിങ്ങളുടെ വിശ്വാസം വികസിക്കുന്നതിനനുസരിച്ച് വലിയ കാര്യങ്ങള്‍ സാധ്യമാക്കാന്‍ എളുപ്പമാകും.
To Read more Articles by Anoop click on the link below: https://www.thesouljam.com


Anoop Abraham
Anoop Abraham  

He is the founder of the blog www.thesouljam.com. The blog is about simple and practical tips to live better and be happier. He writes about personal growth, spirituality and productivity. Email: anooptabraham@yahoo.co.in

Related Articles

Next Story

Videos

Share it