ഒഴിവു സമയം ഉപയോഗിച്ച് ജീവിതം മാറ്റിമറിക്കാന്‍ ഇതാ ഒരു വഴി!

രണ്ടു വര്‍ഷം മുമ്പ് ഒരാളുമായി ഞാന്‍ സംസാരിക്കുകയായിരുന്നു. അടുത്തിടെ ഞാന്‍ ടിവി ഷോകളൊന്നും കാണാറില്ലെന്നും സോഷ്യല്‍ മീഡിയ ഉപയോഗം വളരെ കുറവാണെന്നും പറഞ്ഞപ്പോള്‍ അവള്‍ ശരിക്കും അത്ഭുതപ്പെട്ടു.

അപ്പോള്‍ നീ എങ്ങനെ സമയം ചെലവഴിക്കുന്നു എന്ന് അവള്‍ എന്നോട് ചോദിച്ചു. ഞാന്‍ ഉള്ളില്‍ ചിരിച്ചു. സോഷ്യല്‍ മീഡിയയിലോ ടിവി ഷോകള്‍ കണ്ടോ അല്ലാതെ സമയം ചെലവഴിക്കാന്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ലെന്ന് തോന്നിക്കുന്ന തരത്തിലായിരുന്നു അവളുടെ ചോദ്യം.
ഒഴിവു സമയം എന്നാല്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലോ സോഷ്യല്‍ മീഡിയയിലോ സമയം ചെലവഴിക്കുന്നതിന്റെ പര്യായമായി മാറിയിട്ടുണ്ട്.
ശരാശരി ഇന്റര്‍നെറ്റ് ഉപയോക്താവ് പ്രതിദിനം രണ്ടു മണിക്കൂര്‍ 25 മിനുട്ട് നേരമാണ് സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്നത്.
നെറ്റ്ഫ്ലിക്സ് റിപ്പോര്‍ട്ട് പ്രകാരം അവരുടെ 117.58 ദശലക്ഷം വരിക്കാര്‍ ചേര്‍ന്ന് ഒരു ദിവസം 140 ദശലക്ഷം മണിക്കൂര്‍ കണ്ടന്റുകള്‍ കാണുന്നുണ്ട്. ഓരോ നെറ്റ്ഫ്ലിക്സ് വരിക്കാരനും എക്കൗണ്ട് തുടങ്ങിയതിനു ശേഷം ശരാശരി 49 ദിവസം സിനിമകളും ടിവി ഷോകളും കണ്ടിട്ടുണ്ട്.
നഷ്ടപ്പെട്ടാല്‍ തിരിച്ചു ലഭിക്കാത്ത അമൂല്യമായ ഒരു വസ്തുവാണ് സമയം.
ഇക്കാലത്ത് സമയം പാഴാക്കി കളയാനുള്ള എളുപ്പവഴികളിലൊന്ന് സോഷ്യല്‍ മീഡിയ ആപ്പുകളും സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളുമാണ്.
പാഴാക്കി കളയുന്നു എന്നു പറയുന്നതിനു കാരണം, അത് ഒരു നിര്‍ബന്ധമെന്ന നിലയില്‍ നമ്മള്‍ അതിന് കീഴ്‌പ്പെട്ട് പോകുന്നതിനാലാണ്. നമ്മള്‍ മനഃപൂര്‍വം തെരഞ്ഞെടുപ്പ് നടത്തേണ്ടതിന് പകരം ഉപബോധ മനസ്സ് സമയം ചെലവഴിക്കുന്നതിനായി സ്വയം അവ തെരഞ്ഞെടുക്കുകയാണ്.
ഒഴിവു സമയം ധാരാളമായി സോഷ്യല്‍മീഡിയയില്‍ ചെലവഴിക്കുന്ന ഒരാളായിരുന്നു ഞാന്‍. ആറാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള സമയത്ത് ഓര്‍ക്കുട്ടിലും പിന്നീട് ഫേസ്ബുക്ക് പോലെയുള്ള പ്ലാറ്റ്‌ഫോമുകളിലും സജീവമായിരുന്നു.
സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യുന്നത് രസകരമായിരുന്നുവെങ്കിലും ഞാന്‍ ഓണ്‍ലൈനില്‍ ചെലവഴിച്ച സമയങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ അവ എന്റെ ജീവിതത്തില്‍ ശാശ്വതമായ ഒരു മൂല്യവും ഉണ്ടാക്കിയതായി തോന്നുന്നില്ല.
സ്വയം വിനോദം കണ്ടെത്താനാകുന്നു എന്നതാണ് നമ്മളില്‍ പലരും സോഷ്യല്‍ മീഡിയകളിലും സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലും സമയം ചെലവഴിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്.
എന്നാല്‍ നിങ്ങളെ വിനോദിപ്പിക്കുക മാത്രമല്ല, അതോടൊപ്പം ജീവിതത്തില്‍ യഥാര്‍ത്ഥത്തില്‍ മൂല്യം പകര്‍ന്നു തരികയും ചെയ്യുന്ന ഒരു കാര്യം ഉണ്ടെങ്കിലോ?
വായനയെ കുറിച്ചാണ് ഞാന്‍ പറയുന്നത്.
വായന- അത് പുസ്തകങ്ങളോ മാസികകളോ ആകട്ടെ- എന്നെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുകയും അതില്‍ എന്റെ എല്ലാ വേവലാതികളും ആശങ്കകളും മറക്കുകയും ചെയ്യുന്നു.
വായിക്കുമ്പോള്‍ എനിക്ക് ശാന്തത ലഭിക്കുന്നു. കൂടാതെ പ്രചോദിപ്പിക്കുന്ന കുറേ ആശയങ്ങളും രസകരമായ ചിന്തകളും ലഭിക്കുന്നു.
ഒരു പക്ഷേ വായനയോളം ക്രിയാത്മകമായ സ്വാധീനം മറ്റൊന്നിനും എന്റെ ജീവിതത്തില്‍ ഉണ്ടാക്കാനായിട്ടില്ല. പുസ്തകങ്ങളും മാഗസിനുകളും എന്നെ രസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും മനസ്സ് വിശാലമാക്കുകയും കൂടുതല്‍ മെച്ചപ്പെട്ട ആളാക്കി മാറ്റുകയും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
എനിക്ക് മികച്ചൊരു കൂട്ടായിരുന്നു പുസ്തകങ്ങള്‍. പലപ്പോഴും എന്റെ ഉള്ളിലെ ചിന്തകള്‍ കടലാസില്‍ പകര്‍ത്തിയിരിക്കുന്നതു പോലെ എനിക്ക് തോന്നിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ ഒരുപാട് സമയം ചെലവഴിച്ച, എന്റെ സ്‌കൂള്‍ കാലഘട്ടത്തിലേക്ക് മടങ്ങാന്‍ സാധിക്കുമെങ്കില്‍, കൂടുതല്‍ വായിക്കണമെന്ന് ഞാന്‍ എന്നെത്തന്നെ ഉപദേശിക്കും.
ഇപ്പോള്‍ തീര്‍ച്ചയായും അത് സാധ്യമല്ലെന്ന് അറിയാം. എന്നാല്‍ ഒരാശ്വാസമെന്ന നിലയില്‍ ചുരുങ്ങിയത്, കുറേയാളുകളെ വായനയുടെ ആനന്ദത്തിലേക്ക് തിരിക്കാന്‍ എനിക്ക് കഴിഞ്ഞേക്കും.
പലരും കരുതിയിരിക്കുന്നത് അവര്‍ക്ക് വായിക്കാന്‍ ഇഷ്ടമല്ലെന്നാണ്. പക്ഷേ, എല്ലാവരും തന്നെ വായന ഇഷ്ടപ്പെടുന്നുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വായന ഇഷ്ടമല്ലെന്ന് പറയുന്നവര്‍ ഒരു പക്ഷേ ഇതുവരെ വളരെ നല്ല പുസ്തകങ്ങള്‍ വായിക്കുകയോ വായനയിലൂടെ ലഭിക്കുന്ന സന്തോഷം എന്തെന്ന് ഇതു വരെ അനുഭവിക്കുകയോ ചെയ്തിട്ടില്ലായിരിക്കാം.
സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ട് നില്‍ക്കുമ്പോള്‍ ആളുകള്‍ക്ക് എന്തോ നഷ്ടപ്പെടുന്നുണ്ടെന്ന ഭയമുണ്ടാകുന്നു. എന്നാല്‍ വായിക്കാത്തതിലൂടെ ആളുകള്‍ക്ക് അതിലേറെ കാര്യങ്ങള്‍ നഷ്ടമാകുന്നു എന്നാണ് എന്റെ വാദം.
ടിവി ഷോകള്‍ കാണുന്നതു പോലെയോ സോഷ്യല്‍ മീഡിയയില്‍ സമയം ചെലവഴിക്കുന്നതു പോലെയോ പ്രലോഭനം ഉണ്ടാക്കുന്ന ഒന്നല്ല, പുസ്തക വായനയെന്ന് എനിക്കറിയാം. എന്നാല്‍ അമിതമായി ഷോ കാണുന്നതും സോഷ്യല്‍ മീഡിയയിലൂടെ അലക്ഷ്യമായി സ്‌ക്രോള്‍ ചെയ്ത് പോകുന്നതും ഉല്‍പ്പാദനപരമായ കാര്യമല്ലെന്നും സമയം പാഴാക്കുകയാണെന്നും നിങ്ങള്‍ക്ക് തോന്നിയേക്കാം. അതേസമയം ഒരു നല്ല പുസ്തകം വായിക്കുമ്പോള്‍ നിങ്ങള്‍ സമയം മികച്ച രീതിയില്‍ ചെലവഴിക്കുന്നു എന്ന തോന്നലുണ്ടാക്കും.
നിങ്ങള്‍ക്ക് വായന ശീലമില്ലെങ്കിലോ എവിടെ നിന്ന് തുടങ്ങണമെന്ന് അറിയില്ലെങ്കിലോ നിങ്ങളുടെ ജിജ്ഞാസ മനസ്സിലാക്കി താല്‍പ്പര്യമുണര്‍ത്തുന്നതും ആകര്‍ഷകവുമായ പുസ്തകങ്ങള്‍ക്കായി തിരയുക.
ഫിക്ഷന്‍ വായിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും എന്റെ ജീവിതത്തില്‍ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയത് ജീവചരിത്രങ്ങള്‍, ഓര്‍മക്കുറിപ്പുകള്‍, ആത്മീയവും വ്യക്തിവികാസം സംബന്ധിച്ചതുമായ നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്ന പുസ്തകങ്ങളാണ്.
അതുകൊണ്ട്, നിങ്ങളോട് ഒരു ചോദ്യം ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 5-10 വര്‍ഷങ്ങള്‍ക്ക് ശേഷം നിങ്ങളുടെ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ നിങ്ങളുടെ ഒഴിവു സമയം എങ്ങനെ ചെലവഴിച്ചു എന്നതില്‍ നിങ്ങള്‍ തൃപ്തരായിരിക്കുമെന്ന് കരുതുന്നുണ്ടോ?
നിങ്ങളുടെ ഒഴിവു സമയങ്ങളില്‍ നല്ലൊരു ഭാഗം വായനയ്ക്കായി മാറ്റിവെക്കുകയാണെങ്കില്‍ എനിക്കുറപ്പുണ്ട്, ഭാവിയില്‍ നിങ്ങള്‍ അതിന് നന്ദി പറയും.

For more simple and practical tips to live better and be happier visit anoop's website:https://www.thesouljam.comAnoop Abraham
Anoop Abraham  

He is the founder of the blog www.thesouljam.com. The blog is about simple and practical tips to live better and be happier. He writes about personal growth, spirituality and productivity. Email: anooptabraham@yahoo.co.in

Related Articles

Next Story

Videos

Share it