

കോളെജില്‍ ഒന്നാം വര്‍ഷം പഠിക്കുമ്പോഴാണ് ഞാന്‍ Autobiography of a Yogi (AOY) എന്ന പുസ്തകം വായിക്കുന്നത്. സ്റ്റീവ് ജോബ്‌സിന്റെ ജീവചരിത്രം വായിച്ചപ്പോഴാണ് ഈ പുസ്തകത്തെ കുറിച്ചറിഞ്ഞത്.
'ഒരു യോഗിയുടെ ആത്മകഥ' സ്റ്റീവ് ജോബ്‌സിനെ ആഴത്തില്‍ സ്വാധീനിച്ചു. തന്റെ ശവസംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് സമ്മാനമായി ഈ പുസ്തകം നല്‍കുന്നതിനായി മരണത്തിനു മുമ്പേ സ്റ്റീവ് ജോബ്‌സ് ക്രമീകരണങ്ങള്‍ ചെയ്തു. അദ്ദേഹത്തിന്റെ ഐ പാഡില്‍ ഉണ്ടായിരുന്ന ഒരേയൊരു ഇ ബുക്കും അതായിരുന്നു. ഓരോ വര്‍ഷവും അദ്ദേഹം ഈ പുസ്തകം വീണ്ടും വായിക്കുമായിരുന്നു.
പുസ്തകത്തിന്റെ 100 പേജുകള്‍ വായിച്ചു കഴിഞ്ഞപ്പോള്‍ അതില്‍ എന്താണ് ഇത്ര മഹത്തരമെന്നും പുസ്തകത്തില്‍ ജോബ്‌സ് കണ്ടെതെന്താണെന്നും ഞാന്‍ ചിന്തിച്ചു.
എന്തായാലും വായന തുടരാനും പുസ്തകം മുഴുവനായി വായിച്ചു തീര്‍ക്കാനും തന്നെ തീരുമാനിച്ചു. അതെന്തായാലും നന്നായി.
ഇന്ത്യന്‍ സന്യാസി പരമഹംസ യോഗാനന്ദ (1893-1952)യുടെ ആത്മകഥയാണ് 1946 ല്‍ പ്രസിദ്ധീകരിച്ച ' ഒരു യോഗിയുടെ ആത്മകഥ'. എഴുപത് വര്‍ഷമായി ഈ പുസ്തകം അച്ചടിച്ചു വരുന്നു. നാല് ദശലക്ഷത്തിലധികം കോപ്പികള്‍ വിറ്റുപോയി. അമ്പതിലധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു.
തന്റെ കുട്ടിക്കാലത്തെ ശ്രദ്ധേയമായ അനുഭവങ്ങള്‍, വിവിധ ആത്മീയ ഗുരുക്കന്മാരുയുള്ള അദ്ദേഹത്തിന്റെ കൗതുകകരമായ കൂടിക്കാഴ്ചകള്‍, ഒരു ഗുരുവിനെ കണ്ടെത്താനുള്ള അന്വേഷണം, സന്യാസിയാകുന്നത്, പ്രഭാഷണങ്ങള്‍ക്കും കാലിഫോര്‍ണിയയില്‍ ആത്മീയ കേന്ദ്രം സ്ഥാപിക്കുന്നതിനുമായി അമേരിക്കയിലുടനീളം നടത്തിയ യാത്രകള്‍ എന്നിവയെല്ലാം പുസ്തകത്തില്‍ വിവരിക്കുന്നു.
പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ യോഗയും ധ്യാനവും(meditation) ജനകീയമാക്കുന്നതില്‍ യോഗാനന്ദ ഗണ്യമായ പങ്കുവഹിച്ചു. എന്നിരുന്നാലും തന്റെ ജീവിതത്തിലെ ഭൂരിഭാഗവും അമേരിക്കയില്‍ അധ്യാപനവും മറ്റുമായി ചെലവഴിച്ചതിനാല്‍ ഇന്ത്യയില്‍ അദ്ദേഹം അത്രയേറെ അറിയപ്പെട്ടിരുന്നില്ല.
ആത്മീയാചാര്യന്‍ ആണെങ്കിലും നമ്മളെ പോലെ വികാരങ്ങള്‍ക്ക് ( കോപം, നിരാശ, ഭയം, ആശങ്ക തുടങ്ങിയ) വിധേയനാണെന്ന് അദ്ദേഹം ഈ പുസ്തകത്തില്‍ സത്യസന്ധമായി എഴുതിയിട്ടുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹം പറയുന്നതില്‍ പലതും സ്വന്തം ജീവിതവുമായി ബന്ധപ്പെടുത്തി കാണാന്‍ വായനക്കാരന് കഴിയും.
മഹാത്മാഗാന്ധി, നോബല്‍ സമ്മാന ജേതാക്കളായ രവീന്ദ്ര നാഥ ടാഗോര്‍, സര്‍ സി വി രാമന്‍, കാത്തലിക് മിസ്റ്റിക് തെരേസെ ന്യൂമാന്‍, ഇന്ത്യന്‍ സന്യാസിനി ആനന്ദമയി മാ, ഗിരി ബാല (ഒരിക്കലും ഭക്ഷണം കഴിക്കാത്ത സ്ത്രീ യോഗി), മഹാവതാരം ബാബാജി തുടങ്ങിയ പ്രശസ്തരും സവിശേഷ വ്യക്തികളുമായുള്ള കൂടിക്കാഴ്ചകളെയും കുറിച്ച് പുസ്തകം വിവരിക്കുന്നു.
ഒരു യോഗിയുടെ ആത്മകഥ എന്റെ മനസ്സിനെ ഉലയ്ക്കുകയും ജീവിതത്തെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് മാറ്റിമറിക്കുകയും ചെയ്തു. നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍, ശാസ്ത്രജ്ഞര്‍, മതങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവ നമ്മുടെ ലോകത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും അറിയാനുള്ള ആധികാരികവും വിശ്വസനീയവുമായ ഉറവിടം തങ്ങളാണെന്ന് സ്വയം അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഇവര്‍ നമ്മോട് എന്തു പറയുന്നു എന്നതിനെ ആശ്രയിച്ചാണ് ലോകത്തെ കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് രൂപപ്പെടുന്നത്. എന്നാല്‍ അവര്‍ നമ്മോട് പറയുന്നതിനേക്കാള്‍ എത്രയോ അധികം കാര്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടന്നും ഒരു യോഗിയുടെ ആത്മകഥ വായിച്ചപ്പോഴാണ് എനിക്ക് മനസ്സിലായത്.
ഈ പുസ്തകത്തില്‍ വിവരിക്കുന്ന അത്ഭുകരമായ പല സംഭവങ്ങളും എന്നെ ആഴത്തില്‍ ചിന്തിപ്പിച്ചു. ബാല്യകാലം മുതല്‍ ജീവിതത്തെ കുറിച്ച് രൂപപ്പെടുത്തിയ പല ധാരണകളെയും വിശ്വാസങ്ങളെയും ചോദ്യം ചെയ്യാനും അതെന്നെ പ്രേരിപ്പിച്ചു.
ഉദാഹരണത്തിന്, ഒരു യോഗിയുടെ ആത്മകഥയില്‍ നിരവധി അത്ഭുത സംഭവങ്ങളെ കുറിച്ച് വിവരിക്കുന്നുണ്ട്. (അവയില്‍ ചിലത് യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നുള്ളതിനേക്കാള്‍ ഒരു സയന്‍സ് ഫിക്ഷന്‍ / സൂപ്പര്‍ ഹീറോ സിനിമയില്‍ നിന്ന് നേരിട്ട് എടുത്തതാണെന്ന് തോന്നും)
എന്നാല്‍ പിന്നീട് ഒരു യോഗിയുടെ ആത്മകഥയ്ക്ക് ശേഷം യോഗികളുടെ മറ്റ് നിരവധി പുസ്തകങ്ങള്‍ വായിച്ചപ്പോള്‍ അത്തരം അത്ഭുതങ്ങള്‍ ആ പുസ്തകങ്ങളിലും സാധാരണമാണെന്ന് ഞാന്‍ കണ്ടെത്തി. (പതിറ്റാണ്ടുകളായുള്ള സാധനയിലൂടെ ചില യോഗികള്‍ യോഗസിദ്ധി നേടുന്നു. അത് അവരെ അത്ഭുതകരമോ അമാനുഷികമോ ആയ കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തരാക്കുന്നു).
ഒരു യോഗിയുടെ ആത്മകഥ വായിച്ചതോടെ എന്നിലെ ആത്മീയമായ ചായ്‌വ് മനസ്സിലാക്കാനായി. പുസ്തകം വായിക്കുന്നതിന് തൊട്ടുമുമ്പ് ഞാന്‍ ധ്യാനം (Meditation) തുടങ്ങിയിരുന്നു. പക്ഷേ അത് ഇടയ്ക്ക് നില്‍ക്കും പിന്നെയും തുടങ്ങും. എന്നാല്‍ പതിവായി മെഡിറ്റേഷന്‍ ചെയ്യാന്‍ ഈ പുസ്തകം പ്രചോദനമായി. അത് എന്റെ ജീവിതത്തില്‍ പോസിറ്റീവായ മാറ്റം ഉണ്ടാക്കുന്നു.
ഈ പുസ്തകം എന്റെ കാഴ്ചപ്പാട് വിശാലമാക്കി. എന്റെ മുന്‍ഗണനകള്‍ മാറ്റി. പുസ്തകം വായിക്കുന്നതിന് മുമ്പ്, എന്നെ അലട്ടുകയും വിഷമിപ്പിക്കുകയും ചെയ്തിരുന്ന പല കാര്യങ്ങളും പിന്നീട് നിസാരമായി തോന്നിത്തുടങ്ങി.
പുസ്തകം വായിച്ചതിനു ശേഷം നടന്ന വിചിത്രമായ ഒരു കാര്യം, ഷോപ്പിംഗിലുള്ള എന്റെ താല്‍പ്പര്യവും അതില്‍ നിന്ന് ഞാന്‍ നേടിയ സന്തോഷവും ഏതാണ്ട് പൂര്‍ണമായി അപ്രത്യക്ഷമായി എന്നതാണ്. ജീവിതത്തില്‍ അതിനേക്കാള്‍ പ്രധാനപ്പെട്ട മറ്റു കാര്യങ്ങള്‍ ഉണ്ടെന്ന തോന്നല്‍ ഒരു യോഗിയുടെ ആത്മകഥ എന്നിലുണ്ടാക്കി.
കത്തോലിക്കാ മതാചാരമമനുസരിച്ച് വളര്‍ന്നതു കൊണ്ട് ദൈവത്തെ കുറിച്ചും മതത്തെ കുറിച്ചും എനിക്ക് ഭയത്തില്‍ അധിഷ്ഠിതമായ നിരവധി ചിന്തകള്‍ ഉണ്ടായിരുന്നു. അവയെ ഉപേക്ഷിക്കാന്‍ എന്നെ സഹായിച്ച നിരവധി ആത്മീയ പുസ്തകങ്ങളില്‍ ആദ്യത്തേത് ഒരു യോഗിയുടെ ആത്മകഥയാണ്.
ആളുകള്‍ വായിക്കണമെന്ന് ഞാന്‍ ശുപാര്‍ശ ചെയ്യുന്ന പുസ്തകമാണിത്. എന്നാല്‍ പരമാവധി അത് പ്രയോജനപ്പെടുത്തുന്നതിന് തുറന്ന മനസ്സോടെ വായിക്കുകയും ജീവിതത്തെയും യാഥാര്‍ത്ഥാര്‍ഥ്യങ്ങളെയും കുറിച്ചുള്ള നിങ്ങളുടെ മുന്‍വിധികള്‍ ഉപേക്ഷിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
പുസ്തകത്തില്‍ പറയുന്ന കാര്യങ്ങളൊന്നും അന്ധമായി വിശ്വസിക്കാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നില്ല. മറിച്ച്, ലോകത്തെ കുറിച്ചുള്ള നിങ്ങളുടെ നിലവിലെ ധാരണയുമായി പൊരുത്തപ്പെടാത്ത എന്തെങ്കിലും കണ്ടാല്‍ അതിനെ തല്‍ക്ഷണം നിരസിക്കരുതെന്നാണ് ആവശ്യപ്പെടുന്നത്.
ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം മാറ്റിമറിച്ച പുസ്തകം എന്നാണ് ഒരു യോഗിയുടെ ആത്മകഥയെ വിശേഷിപ്പിക്കുന്നത്.
സ്റ്റീവ് ജോബ്‌സിനെ കൂടാതെ, സംഗീതജ്ഞരായ എല്‍വിസ് പ്രെസ്ലി, ജോര്‍ജ് ഹാരിസണ്‍ (ബീറ്റ്ല്‍സിന്റെ പ്രധാന ഗിറ്റാറിസ്റ്റ്), ഇന്ത്യന്‍ ചലച്ചിത്ര താരം രജനീകാന്ത്, ക്രിക്കറ്റ് താരം വിരാട് കൊഹ്ലി തുടങ്ങി നിരവധി പ്രമുഖരുടെ ജീവിതത്തിലും ഈ പുസ്തകം ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ട്. ജീവിതം മാറ്റിമറിക്കുന്ന തരത്തില്‍ ഈ പുസ്തകം തങ്ങളെ എങ്ങനെ സ്വാധീനിച്ചുവെന്നും അവരെല്ലാം വാചാലരായിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളായ വിരാട് കോഹ്ലി ഒരു യോഗിയുടെ ആത്മകഥയെ കുറിച്ച് പറഞ്ഞിരിക്കുന്നത് ഇതാണ്; ' എനിക്ക് ഈ പുസ്തകം ഇഷ്ടമാണ്. തങ്ങളുടെ ചിന്തകളെയും പ്രത്യയശാസ്ത്രങ്ങളെയും വെല്ലുവിളിക്കാന്‍ ധൈര്യപ്പെടുന്ന ഓരോരുത്തരും വായിച്ചിരിക്കേണ്ട പുസ്തകം. ഈ പുസ്തകത്തില്‍ നിന്നുള്ള അറിവ് മനസ്സിലാക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നത് നിങ്ങളുടെ മുഴുവന്‍ കാഴ്ചപ്പാടും ജീവിതവും മാറ്റിമറിക്കും. '
ആര്‍ക്കറിയാം, ഈ പുസ്തകം വായിക്കുന്നത് ഒരു പക്ഷേ നിങ്ങളുടെ ജീവിതത്തെയും മാറ്റിമറിച്ചേക്കാം.
For more simple and practical tips to live better and be happier visit Anoop's website: https://www.thesouljam.com/
Read DhanamOnline in English
Subscribe to Dhanam Magazine