Begin typing your search above and press return to search.
ഈ മൂന്നു കഥകള്‍ നിങ്ങളെ ആഴത്തില്‍ ചിന്തിപ്പിക്കും
എന്റെ കുട്ടിക്കാലത്തെ ഓര്‍മകളിലൊന്ന്, ഉറങ്ങുന്നതിനു മുമ്പ് എന്റെ ജ്യേഷ്ഠ സഹോദരന്മാര്‍ ഉണ്ടാക്കി പറയുന്ന കഥകള്‍ ആകാംക്ഷയോടെ കേള്‍ക്കുന്നതാണ്. അന്നും ഇന്നും എനിക്ക് കഥകള്‍ ഇഷ്ടമാണ്. ആരാണ് കഥകള്‍ ഇഷ്ടപ്പെടാത്തത്?
ഈ ലേഖനത്തില്‍, നിങ്ങളെ ചിന്തിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്‌തേക്കാവുന്ന ലളിതമായ മൂന്നു ചെറുകഥകളാണ് അവതരിപ്പിക്കുന്നത്.
ചൈനീസ് കര്‍ഷകന്റെയും കുതിരയുടെയും കഥ
ഒരിക്കല്‍ ഒരു ചൈനീസ് കര്‍ഷകന്റെ കുതിര ദൂരേക്ക് ഓടിപ്പോയി. അന്ന് വൈകുന്നേരം അയല്‍വാസികളെല്ലാം വന്ന് സംഭവത്തില്‍ പരിതപിക്കാന്‍ തുടങ്ങി. ' കുതിര ഓടിപ്പോയതില്‍ തങ്ങള്‍ക്കും ദുഃഖമുണ്ട്. എന്തൊരു ദൗര്‍ഭാഗ്യമാണിത്' അപ്പോള്‍ കര്‍ഷകന്‍ പറഞ്ഞു; 'ആയിരിക്കാം'
എന്നാല്‍ പിറ്റേ ദിവസം കുതിര മറ്റു ഏഴ് കാട്ടുകുതിരകളോടൊപ്പം മടങ്ങിയെത്തി. അന്നും ആളുകള്‍ കൂടി, ' എങ്ങനെയൊക്കെയാണ് സംഭവങ്ങള്‍ മാറിയത്, നിങ്ങള്‍ക്കിപ്പോള്‍ എട്ട് കുതിരകളായി. എന്തൊരു ഭാഗ്യമാണിത', അപ്പോഴും കര്‍ഷകന്‍ പറഞ്ഞു; 'ആയിരിക്കാം'.
അടുത്ത ദിവസം ഒരു കാട്ടുകുതിരയുടെ പുറത്ത് കയറുന്നതിനിടെ കര്‍ഷകന്റെ മകന്‍ തെറിച്ചു വീഴുകയും കാല്‍ ഒടിയുകയും ചെയ്തു. അപ്പോള്‍ അയല്‍ക്കാര്‍ പറഞ്ഞു; ' ഇത് വളരെ കഷ്ടമായിപ്പോയി'. അപ്പോള്‍ കര്‍ഷകന്‍ പ്രതികരിച്ചത് 'ആയിരിക്കാം' എന്നു മാത്രമാണ്.
അതിനടുത്ത ദിവസം യുവാക്കളെ നിര്‍ബന്ധിത സൈനിക സേവനത്തിന് കൊണ്ടുപോകുന്നതിനായി പട്ടാള ഉദ്യോഗസ്ഥര്‍ അവിടെയെത്തി. കാലൊടിഞ്ഞു കിടക്കുന്നതിനാല്‍ കര്‍ഷകന്റെ മകനെ അവര്‍ കൊണ്ടു പോയില്ല. വീണ്ടും അയല്‍ക്കാരെല്ലാം ചുറ്റുംകൂടി, 'അത് വളരെ നന്നായി' എന്ന് അഭിപ്രായപ്പെട്ടു. അപ്പോഴും കര്‍ഷകന്‍ പറഞ്ഞത്; 'ആയിരിക്കാം' എന്നു മാത്രമാണ്.
ഗുണപാഠം
നമ്മുടെ ജീവിതത്തിലെ എല്ലാ സംഭവങ്ങളും സാഹചര്യങ്ങളും നിഷ്പക്ഷമാണ്. അവയെ നല്ലത്, മോശം എന്ന മുന്‍ധാരണയോടെ സമീപിക്കരുത്. ഓരോന്നിനോടുമുള്ള നമ്മുടെ കാഴ്ചപ്പാടിനനുസരിച്ചാണ് നല്ലതാണോ മോശമാണോ എന്ന അര്‍ത്ഥം നാം കല്‍പ്പിച്ചു നല്‍കുന്നത്.
ഒരു സംഭവത്തിന് നാം നെഗറ്റീവ് ലേബല്‍ നല്‍കുമ്പോള്‍ നമ്മുടെ തന്നെ ബോധം നമുക്ക് നല്‍കുന്നത് വേദനയാണ്. കര്‍ഷകന്റെ കഥ വരച്ചുകാട്ടുന്നതു പോലെ, നമ്മുടെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളെ നെഗറ്റീവ് കാഴ്ചപ്പാടോടെ നോക്കാതിരിക്കുന്നതാണ് ബുദ്ധി.
രാജാവിന്റെയും മോതിരത്തിന്റെയും കഥ
ഒരിക്കല്‍ ഒരു രാജാവ് തന്റെ പ്രജകളോട് പറഞ്ഞു; ലോകത്തിലെ ഏറ്റവും മനോഹരമായ വൈരമോതിരങ്ങളിലൊന്ന് ഞാന്‍ വാങ്ങിയിട്ടുണ്ട്. എന്റെ കാലശേഷം പിന്‍ഗാമികള്‍ക്ക് നല്‍കാനായി മികച്ച ഒരു സന്ദേശം ആ മോതിരത്തില്‍ ഒളിപ്പിച്ചു വെക്കണം. പോരാട്ടത്തിന്റെയും നിരാശയുടെയും സമയത്ത് ഉപകാരപ്പെടുന്നതായിരിക്കണം ആ സന്ദേശം. മോതിരത്തിന്റെ വജ്രത്തിനടിയില്‍ സൂക്ഷിക്കാവുന്ന തരത്തില്‍ ഹ്രസ്വമായിരിക്കുകയും വേണം അത്. '
ബുദ്ധിശാലികളും വളരെ വേഗത്തില്‍ ചിന്തിക്കാന്‍ കഴിയുന്നവരുമായിരുന്നു രാജസദസ്സിലെ എല്ലാവരും. അവര്‍ക്കെല്ലാം വലിയ ലേഖനങ്ങളെഴുതാന്‍ കഴിവുണ്ടായിരുന്നു. എന്നാല്‍ നിരാശയുടെ സമയത്ത് സഹായകരമാകുന്ന തരത്തിലുള്ള 2-3 വാക്കുകളിലുള്ള ഹ്രസ്വസന്ദേശം എഴുതാന്‍ കഴിഞ്ഞില്ല.
എല്ലാവരും ചിന്തിച്ചു നോക്കിയെങ്കിലും ആവശ്യമായത് മാത്രം ലഭിച്ചില്ല. രാജാവിന് നിരാശ തോന്നി. അദ്ദേഹം തന്റെ മുറിയിലേക്ക് പോയി. അവിടെ പ്രായം ചെന്ന ഒരു പരിചാരകന്‍ ഉണ്ടായിരുന്നു. ചെറു പ്രായത്തില്‍ തന്നെ അമ്മ മരിച്ചതിനുശേഷം രാജാവിനെ വളര്‍ത്തി വലുതാക്കിയത് വിശ്വസ്തനായ ആ പരിചാരകനാണ്. അതുകൊണ്ടു തന്നെ ആ പരിചാരകനോട് വളരെയേറെ ബഹുമാനം രാജാവ് പുലര്‍ത്തിയിരുന്നു. നിലവിലെ പ്രശ്‌നവും രാജാവ് പരിചാരകനോട് പറഞ്ഞു.
വയസ്സനായ അയാള്‍ പറഞ്ഞു;
മറ്റുള്ളവരെ പോലെ ജ്ഞാനിയോ പണ്ഡിതനോ വിദ്യാസമ്പന്നനോ അല്ല ഞാന്‍. പക്ഷേ എനിക്ക് ഒരു സന്ദേശത്തെ കുറിച്ച് അറിയാം. എന്റെ ജീവതത്തിനിടയില്‍ കൊട്ടാരത്തില്‍ വെച്ച് ഞാന്‍ പലയാളുകളെയും കണ്ടിട്ടുണ്ട്. ഒരിക്കലൊരു പണ്ഡിതനെ കണ്ടു. താങ്കളുടെ പിതാവ് ക്ഷണിച്ച് വന്നതായിരുന്നു അദ്ദേഹം. അന്ന് എനിക്ക് അദ്ദേഹം ഒരു സന്ദേശം നല്‍കിയിരുന്നു'
വയസ്സനായ പരിചാരകന്‍ ഒരു കടലാസ് കഷണത്തില്‍ ഒരു സന്ദേശമെഴുതി രാജാവിന് നല്‍കി. ' പക്ഷേ ഇത് വായിക്കരുത്, ഇത് മോതിരത്തിനുള്ളില്‍ സൂക്ഷിക്കുക, മറ്റൊരു വഴിയും മുന്നിലില്ലാത്തപ്പോള്‍ മാത്രമേ തുറന്ന് നോക്കാവൂ'
പെട്ടെന്നൊരു ദിവസം അയല്‍രാജ്യം ആക്രമിക്കാനെത്തുകയും രാജാവ് യുദ്ധം തോല്‍ക്കുമെന്ന സ്ഥിതി വരികയും ചെയ്തു. രാജാവ് കുതിരപ്പുറത്തേറി രക്ഷപ്പെടാന്‍ ശ്രമിച്ചു. ശത്രുക്കള്‍ പിന്നാലെയുണ്ട്. അദ്ദേഹം ഒറ്റയ്ക്കും ശത്രുക്കളുടെ എണ്ണം ഏറെയുമായിരുന്നു. അദ്ദേഹത്തിന് മുന്നില്‍ ഒരു ചെങ്കുത്തായ മലയായിരുന്നു. മടങ്ങാനും കഴിയാത്ത സ്ഥിതിയായിരുന്നു. മോതിരത്തിനകത്തുള്ള സന്ദേശത്തെ കുറിച്ച് അപ്പോള്‍ രാജാവ് ഓര്‍ത്തു. ആ കടലാസ് കഷണം നിവര്‍ത്തി അദ്ദേഹം സന്ദേശം വായിച്ചു. ' ഇതും കടന്നു പോകും'.
സന്ദേശം വായിച്ചയുടനെ ഒരു വലിയ ശാന്തതയും ശക്തിയും അദ്ദേഹത്തിന് അനുഭവപ്പെട്ടു. ഒരു ധൈര്യം വളര്‍ന്നു വരുന്നതായി തോന്നി. ശത്രുക്കള്‍ക്ക് കാട്ടില്‍ വഴിതെറ്റി. കുതിരകളുടെ ശബ്ദവും കേള്‍ക്കാതായി. രാജാവിന് പഴയ പരിചാരകനോടും ആ പണ്ഡിതനോടും നന്ദി തോന്നി. ആ വാക്കുകള്‍ മാന്ത്രികമായിരുന്നു. സന്ദേശമെഴുതിയ കടലാസ് കഷണം മോതിരത്തിനുള്ളില്‍ തിരികെ വെച്ച് അദ്ദേഹം തന്റെ രാജ്യത്തേക്ക് മടങ്ങി.
അദ്ദേഹത്തിന്റെ മടങ്ങി വരവ് രാജ്യത്ത് വിജയാഹ്‌ളാദം ഉണ്ടാക്കി. വലിയ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. അദ്ദേഹത്തിന്റെ സന്തോഷത്തിനും അതിരില്ലായിരുന്നു.
അ്‌പ്പോള്‍ പഴയ പരിചാരകന്‍ അടുത്തെത്തി അദ്ദേഹത്തോട് പറഞ്ഞു: 'ഒളിപ്പിച്ചു വെച്ചിരിക്കുന്ന ആ സന്ദേശം ഒരിക്കല്‍ കൂടി നോക്കേണ്ട സന്ദര്‍ഭമാണിത്.'
രാജാവ് അത്ഭുതപ്പെട്ടു, എന്നിട്ട് ചോദിച്ചു, 'നമ്മള്‍ വിജയിച്ചിരിക്കുകയാണ് ജനങ്ങള്‍ ആഘോഷിക്കുന്നു, ഞാന്‍ നിരാശനോ മറ്റൊരു വഴിയും മുന്നിലില്ലാത്ത സ്ഥിതിയിലോ അല്ല. പിന്നെന്തിന് ആ സന്ദേശം വീണ്ടും നോക്കണം? '
പരിചാരകന്‍ പറഞ്ഞു; ' ശ്രദ്ധിക്കൂ രാജാവേ, ഈ സന്ദേശം മോശം സമയത്തും നല്ല സമയത്തും ഒരു പോലെ പ്രാധാന്യമുള്ളതാണ്'
രാജാവ് വീണ്ടും ആ സന്ദേശം തുറന്നു വായിച്ചു.
'ഇതും കടന്നു പോകും'
രാജാവില്‍ മുമ്പ് സംഭവിച്ചതു പോലെ തന്നെ നിശബ്ദത ഉടലെടുത്തു. വിജയാഘോഷം നടക്കുകയാണെങ്കിലും അദ്ദേഹത്തിന്റെ അഹന്ത ഇല്ലാതായി. സന്ദേശത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം രാജാവിന് മനസ്സിലായി, അദ്ദേഹത്തിന് ബോധോദയമുണ്ടായി.
ഗുണപാഠം
നമ്മുടെ ബാഹ്യ സാഹചര്യങ്ങള്‍ സ്ഥിരമായി മാറിക്കൊണ്ടിരിക്കും. നമ്മുടെ ആന്തരിക സാഹചര്യങ്ങളും അതു പോലെ തന്നെയാണ്. ആകാശത്തിലെ മേഘങ്ങളെ പോലെയാണ് നമ്മുടെ എല്ലാ ചിന്തകളും വികാരങ്ങളും. സ്ഥിരമായി വന്നും പോയുമിരിക്കും.
ബുദ്ധമതക്കാര്‍ ഈ പ്രതിഭാസത്തെ 'അനിച്ഛ' എന്നാണ് വിശേഷിപ്പിക്കുന്നത്. എല്ലാം അസ്ഥിരമാണെന്നും ശാശ്വതമല്ലെന്നുമാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇക്കാര്യം നമ്മുടെ മനസ്സില്‍ വെക്കുന്നതിലൂടെ വെല്ലുവിളികളുടെ കാലത്ത് ആശ്വാസം പകരും. അതുപോലെ ജീവിതത്തിലെ ക്ഷണികവും മനോഹരവുമായ നിമിഷങ്ങളെ വിലമതിക്കാനും ആസ്വദിക്കാനും കഴിയും.
ആനയുടെയും കയറിന്റെയും കഥ
ഒരു ആനക്കോട്ടയിലൂടെ നടക്കുകയായിരുന്നു ഒരാള്‍. അവിടെ ആനകളെ കൂട്ടിലിടുകയോ ചങ്ങലയില്‍ ബന്ധിച്ചിരിക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം മനസ്സിലാക്കി. അവിടെ നിന്ന് അവ പുറത്ത് പോകാതിരിക്കാന്‍ ഒരു ചെറിയ കയറു കൊണ്ട് ഒരു കാലില്‍ ബന്ധിച്ചിരിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. എന്തുകൊണ്ടാണ് ആനകള്‍ ചെറിയ കയര്‍ പൊട്ടിക്കാന്‍ പോലും ശ്രമിക്കാത്തതെന്ന് അയാള്‍ അത്ഭുതപ്പെട്ടു. അവയ്ക്ക് അതിന് എളുപ്പം കഴിയുമായിരുന്നു. പക്ഷേ അവ അത് ചെയ്തില്ല.
എന്താണ് അതിന് കാരണമെന്ന് അയാള്‍ക്ക് അറിയണമായിരുന്നു. ആനകള്‍ എന്തുകൊണ്ടാണ് രക്ഷപ്പെടാനുള്ള ഒരു ശ്രമം പോലും നടത്താതെ നില്‍ക്കുന്നതെന്ന് അടുത്തു നിന്ന ഒരു പരിശീലകനോട് അദ്ദേഹം ചോദിച്ചു.
പരിശീലകന്‍ മറുപടി പറഞ്ഞു;
'ആന കുഞ്ഞായിരുന്നതു മുതല്‍ ഇതേ വലിപ്പത്തിലുള്ള കയറിലാണ് ബന്ധിച്ചിരുന്നത്. ആ പ്രായത്തില്‍ അവയെ തളയ്ക്കാന്‍ ഇത് മതിയായിരുന്നു. വളര്‍ന്നപ്പോഴും അവയുടെ വിചാരം കയര്‍ പൊട്ടിക്കാന്‍ തങ്ങളെ കൊണ്ട് ആവില്ലെന്നാണ്. അതുകൊണ്ടു തന്നെ പൊട്ടിക്കാനുള്ള ശ്രമം അവ നടത്തുന്നില്ല'
തന്നെ കൊണ്ട് സാധിക്കില്ലെന്ന വിശ്വാസം കുറേകാലമായി മനസ്സില്‍ ഉറച്ചതു കൊണ്ടു മാത്രമാണ് കയര്‍ പൊട്ടിച്ച് ആന രക്ഷപ്പെടാന്‍ ശ്രമിക്കാത്തത്.
ഗുണപാഠം
നമ്മുടെ ജീവിതത്തില്‍ പുലര്‍ത്തുന്ന വിശ്വാസങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ആകര്‍ഷണ നിയമ(Law of attraction)ത്തിന്റെ പ്രവര്‍ത്തനം കാരണം അവയ്ക്ക് യാഥാര്‍ത്ഥ്യങ്ങള്‍ സൃഷ്ടിക്കാനുള്ള ശക്തിയുണ്ട്.
പരിമിതപ്പെടുത്തുന്ന വിശ്വാസങ്ങള്‍ മാറ്റിയില്ലെങ്കില്‍ അവ സ്വയം നിറവേറ്റപ്പെടുന്ന പ്രവചനമായി ഭവിക്കും. നമ്മള്‍ സ്വയം അടിച്ചേല്‍പ്പിച്ച പരിമിതികളുടെ ബന്ധനം പൊട്ടിച്ച് പുറത്തുകടക്കാന്‍ നമുക്ക് ആകാതെ പോകുകയും ചെയ്യും.
എഴുത്തുകാരനായ മരിയേന്‍ വില്യംസണ്‍ പറഞ്ഞതു പോലെ, 'ചിന്തകളല്ലാതെ മറ്റൊന്നും നിങ്ങളെ ബന്ധനസ്ഥരാക്കുന്നില്ല. ഭയമല്ലാതെ മറ്റൊന്നും നിങ്ങളെ പരിമിതപ്പെടുത്തുന്നില്ല. വിശ്വാസമല്ലാതെ മറ്റൊന്നും നിങ്ങളെ നിയന്ത്രിക്കുന്നില്ല.'
ആനയുടെയും കയറിന്റെയും കഥയില്‍ നിന്ന് വ്യക്തമാകുന്നതു പോലെ വിശ്വാസവും യാഥാര്‍ത്ഥ്യവും വ്യത്യസ്തങ്ങളായ രണ്ടു കാര്യങ്ങളാണെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. അതുകൊണ്ടു തന്നെ ജീവിതത്തില്‍ നമ്മെ പിന്നോട്ട് വലിക്കുന്ന, പരിമിതികള്‍ സൃഷ്ടിക്കുന്ന വിശ്വാസങ്ങളെ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.
To Read more Articles by Anoop click on the link below: https://www.thesouljam.com
Next Story
Videos