Begin typing your search above and press return to search.
എന്തുകൊണ്ട് നിങ്ങള്‍ അപരിചിതരോട് സംസാരിക്കണം?
നമ്മള്‍ കുട്ടികളായിരുന്നപ്പോള്‍ എപ്പോഴെങ്കിലും മാതാപിതാക്കള്‍ നമ്മോട് പറഞ്ഞിട്ടുണ്ടാകും, 'അപരിചിതരോട് സംസാരിക്കരുത്' എന്ന്.
കുട്ടികളായിരിക്കുമ്പോള്‍ പിന്തുടരേണ്ട മികച്ച ഉപദേശമായിരിക്കാം അത്. എന്നാല്‍ മുതിര്‍ന്നതിനു ശേഷവും അപരിചിതരോട് ഉദാസീന മനോഭാവവും അകല്‍ച്ചയും പാലിക്കുന്നത് വലിയ നഷ്ടമുണ്ടാക്കും.
അതെങ്ങനെയെന്ന് വിശദീകരിക്കാം
കഴിഞ്ഞ കുറച്ചു വര്‍ഷത്തിനിടെ എനിക്ക് ഉണ്ടായ അര്‍ത്ഥവത്തായതും സന്തോഷകരവുമായ അനുഭവങ്ങളില്‍ ചിലത് തികച്ചും അപരിചിതരായ ആളുകളുമായുള്ള ഇടപെടലില്‍ നിന്നാണ് ലഭിച്ചത്. പല സന്ദര്‍ഭങ്ങളിലും അവരില്‍ പലരുമായും 10 മിനുട്ടിന്റെ പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ജീവിതകാലം മുഴുവന്‍ ഓര്‍മിക്കത്തക്ക കൗതുകകരമായ കഥകളും ഓര്‍മകളുമാണ് ആ ഇടപെടലുകളിലൂടെ ലഭിച്ചത്.
പഠനങ്ങള്‍ ആവര്‍ത്തിച്ച് തെളിയിക്കുന്ന ഒരു കാര്യമാണ് അപരിചിതരുമായുള്ള ഇടപെടല്‍ നമ്മെ സന്തോഷവാന്മാരും ഏകാന്തത കുറഞ്ഞവരും കൂടുതല്‍ ശുഭാപ്തി വിശ്വാസമുള്ളവരുമാക്കി മാറ്റുമെന്നത്.
അപരിചിതരുമായുള്ള ചെറിയ കൂടിക്കാഴ്ചകള്‍ പോലും എത്രമാത്രം മികച്ച അനുഭവം പകരുന്നുവെന്ന് പലപ്പോഴും ഞാന്‍ ആശ്ചര്യപ്പെട്ടിട്ടുണ്ട്. പല അവസരങ്ങളിലും അവ എന്റെ ആ ദിവസത്തെ ഏറ്റവും മികച്ച അനുഭവം തന്നെ ആയിരുന്നു.
കഴിഞ്ഞ ആഴ്ച, മുടിവെട്ടിക്കാനായി ചെന്ന ഞാന്‍ ബാര്‍ബറുമായി സംസാരിക്കാനിടയായി. പഞ്ചാബില്‍ നിന്നുള്ള യുവാവായിരുന്നു അയാള്‍. മൂന്നു മാസം മുമ്പാണ് കൊച്ചിയില്‍ എത്തിയത്.
പത്തു മിനുട്ടോളം ഞങ്ങള്‍ തമ്മില്‍ സംസാരിച്ചു. അദ്ദേഹം സ്വന്തം നാടിനെ കുറിച്ചും കൊച്ചിയിലെ അനുഭവത്തെ കുറിച്ചുമെല്ലാം എന്നോട് പങ്കുവെച്ചു. ഞാന്‍ എന്റെ ഹിന്ദി മെച്ചപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു. അതുകൊണ്ട് അദ്ദേഹത്തോട് പൂര്‍ണമായും ഹിന്ദിയിലാണ് സംസാരിച്ചത്.
എന്തായാലും ഹെയര്‍കട്ട് അത്ര ശരിയായില്ല. അല്‍പ്പം മോശമായിരുന്നു എന്നു തന്നെ പറയാം. പക്ഷേ നല്ലൊരു ഹെയര്‍ കട്ടില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ സംതൃപ്തി പകരുന്നതായിരുന്നു ഞങ്ങള്‍ നടത്തിയ സംഭാഷണം എന്നതു കൊണ്ട് അത് കാര്യമാക്കിയില്ല.
സ്മാര്‍ട്ട് ഫോണ്‍ വ്യാപകമാകുന്നതിന് മുമ്പ് വിരസതയൊഴിവാക്കാന്‍ നാം കൂടുതലായി അപരിചിതരുമായി ഇടപഴകാന്‍ നിര്‍ബന്ധിതരാകുമായിരുന്നു. പ്രത്യേകിച്ചും യാത്രയിലും മറ്റും.
എന്നാല്‍ ഇന്ന്, തങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ വ്യാപൃതരാകാന്‍ നിരവധി വഴികളുള്ളപ്പോള്‍ നമുക്ക് പരിചയമില്ലാത്ത ആളുകളോട് സംസാരിക്കാന്‍ ആരും മിനക്കെടാറില്ല. അതിന്റെ മൂല്യം മനസ്സിലാക്കുന്നുമില്ല.
സാങ്കേതിക വിദ്യയ്ക്ക് നമുക്കായി പല കാര്യങ്ങളും ചെയ്യാനാകും. എന്നാല്‍ അതിന് ചെയ്യാനാവാത്ത കാര്യം, മറ്റുള്ളവരുമായി മുഖാമുഖം ബന്ധപ്പെടാനുള്ള നമ്മുടെ പരിണാമപരമായ ആവശ്യത്തെ മാറ്റാനാവില്ല എന്നതാണ്. നമ്മുടെ വൈകാരികമായ ഉണര്‍വില്‍ നിര്‍ണായ പങ്കു വഹിക്കുന്ന കാര്യമാണത്.
അപരിചിതരുമായി സംഭാഷണം ആരംഭിക്കുക ബുദ്ധിമുട്ടുള്ള കാര്യമല്ല.
പുഞ്ചിരിയോടെ സമീപിച്ച് സൗഹാര്‍ദ്ദപരമായി പെരുമാറുക. പുഞ്ചിരിയോടെ ഒരാളെ സമീപിക്കുമ്പോള്‍ തന്നെ ഒരു ഊഷ്മളാന്തരീക്ഷം ഉണ്ടാകും. മിക്ക അവസരങ്ങളിലും അത് സംഭാഷണത്തിലേക്ക് വഴി തുറക്കുകയും ചെയ്യും.
നിങ്ങളുടെ ജിജ്ഞാസക്കനുസരിച്ച് അവരോട് ചോദ്യങ്ങള്‍ ചോദിക്കുകയോ അവരില്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അതിനെ അഭിനന്ദിക്കുകയോ ചെയ്യാം.
അപരിചിതരുമായി സംഭാഷണം ആരംഭിക്കുന്നതിന് കാര്യമായ ശ്രമം നടത്താന്‍ നിങ്ങളെ ഞാന്‍ പ്രോത്സാഹിപ്പിക്കുന്നു. അത് സുഖകരമായി തോന്നുന്നില്ലെങ്കില്‍ അതൊരു വെല്ലുവിളിയായി തന്നെ ഏറ്റെടുക്കുക. അത് നിങ്ങള്‍ക്ക് മികച്ച അനുഭവങ്ങള്‍ സമ്മാനിച്ചേക്കാം.
For more simple and practical tips to live better and be happier visit Anoop's website: https://www.thesouljam.com
Next Story
Videos