Begin typing your search above and press return to search.
നിങ്ങള്‍ സ്വയം ചോദിക്കാന്‍ പാടില്ലാത്ത ചോദ്യം!
ബ്ലോഗിംഗ് തുടങ്ങുന്നതിന് ഏകദേശം ഒന്നര വര്‍ഷം മുമ്പ് മാനസികമായും വൈകാരികമായും മോശം സ്ഥിതിയിലായിരുന്നു ഞാന്‍. ഭാവിയെ കുറിച്ച് വലിയ വ്യക്തതയില്ലാതെ ആശയറ്റവനായിരുന്നു അന്ന്.
ഞാന്‍ കുടുംബ ബിസിനസില്‍ ജോലി ചെയ്യുകയായിരുന്നു. കുടുംബാംഗങ്ങളുമായി രമ്യമായ ബന്ധം പുലര്‍ത്താന്‍ ഞാന്‍ ബുദ്ധിമുട്ടി. എനിക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ തന്നെ ഒരു പ്രചോദനമില്ലായിരുന്നു. ജീവിതം ലക്ഷ്യമില്ലാതെ ഒഴുകിപ്പോകുന്നതായി എനിക്ക് തോന്നി.
ആ സമയത്ത് ഞാന്‍ പലപ്പോഴും ചിന്തിച്ചത് 'എന്തു കൊണ്ട് ഞാന്‍?', 'എന്തുകൊണ്ടാണ് എനിക്ക് ഇതിലൂടെ കടന്നു പോകേണ്ടി വരുന്നത്?' എന്നായിരുന്നു.
ഈ ചോദ്യങ്ങള്‍ സ്വയം ചോദിച്ചത് കൊണ്ട് എനിക്ക് പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടായില്ല. മാത്രമല്ല, ഞാന്‍ അഭിമുഖീകരിച്ചുകൊണ്ടിരുന്ന വൈകാരിക ബുദ്ധിമുട്ടുകള്‍ വ്യത്യസ്തവും തരണം ചെയ്യാനാവാത്തതുമാണെന്ന വിശ്വാസത്തില്‍ നിന്നാണ് അത് ഉടലെടുത്തത്.
എന്നാല്‍ ജീവിതത്തില്‍ എപ്പോഴെങ്കിലും ഓരോരുത്തരും മോശം സമയങ്ങളിലൂടെ കടന്നു പോകുന്നുണ്ടെന്നതാണ് സത്യം. അതേകുറിച്ച് നമ്മള്‍ ബോധവാന്മാരായിരിക്കണം എന്നില്ല. കാരണം കാര്യങ്ങള്‍ നല്ല രീതിയിലല്ല പോകുന്നതെങ്കിലും നല്ലരീതിയിലാണെന്ന് നടിക്കുന്നത് മനുഷ്യപ്രകൃതമാണ്.
എല്ലാവരും ഒരു ഘട്ടത്തില്‍ അല്ലെങ്കില്‍ മറ്റൊരു ഘട്ടത്തില്‍ കഷ്ടപ്പാടിലൂടെ കടന്നു പോകുന്നുണ്ടെന്ന് മനസ്സിലാക്കുന്നത് , നിങ്ങളെ കുറിച്ച് സ്വയം സഹതാപം തോന്നുന്നതില്‍ നിന്നും കാര്യങ്ങള്‍ വ്യക്തമായി കാണാതെ വിശകലനം ചെയ്യുന്നതില്‍ നിന്നും തടയും.
കഷ്ടപ്പാടുകളുടെ സമയത്ത് 'എന്തു കൊണ്ട് ഞാന്‍' എന്ന് നമ്മോട് തന്നെ ചോദിക്കുന്നത് കൊണ്ട് സ്വയം സഹതാപം തോന്നിക്കുക മാത്രമേ ചെയ്യൂ. മറിച്ച്, അത്തരം സാഹചര്യങ്ങളില്‍ നിങ്ങളുടെ കാഴ്ചപ്പാടില്‍ സമൂലമായ മാറ്റം വരുത്തി ആ സാഹചര്യം നിങ്ങള്‍ക്ക് എങ്ങനെ അനുഗ്രഹമാകുന്നുവെന്ന് കണ്ടെത്തുകയാണ് വേണ്ടത്.
ബുദ്ധിമുട്ടേറിയ ആ കാലഘട്ടത്തിലേക്ക് ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ അതില്‍ നിന്ന് പല നല്ല കാര്യങ്ങളും ഉയര്‍ന്നു വന്നതായി കാണാനാകും.
എന്റെ വികാരങ്ങളെ കൂടുതല്‍ ഫലപ്രദമായി കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്ന് പഠിക്കാന്‍ അത് എന്നെ നിര്‍ബന്ധിതനാക്കി. പിന്നീട് എന്റെ ജീവിതം വന്‍തോതില്‍ മെച്ചപ്പെടുത്തിയ കാര്യമായിരുന്നു അത്.
മറ്റുള്ളവരെ മനസ്സിലാക്കുകയും അവരോട് സഹാനുഭൂതി പ്രകടിപ്പിക്കുകയും ചെയ്യുന്ന ഒരാളായി ഞാന്‍ മാറി. ആളുകളുമായി കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ബന്ധപ്പെടാന്‍ അതെന്നെ സഹായിച്ചു.
ആ സമയത്ത് അത്രയേറെ നിരാശയുണ്ടാക്കിയ സാഹചര്യം ആയിരുന്നില്ലെങ്കില്‍ ഞാന്‍ ജീവിതത്തില്‍ എടുത്ത ഏറ്റവും മികച്ച തീരുമാനം എന്ന് വിശേഷിപ്പിക്കാവുന്ന, ഇന്ത്യയിലൂടെ മൂന്നു മാസം നീണ്ടു നില്‍ക്കുന്ന സോളോ ട്രിപ്പ് മിക്കവാറും നടക്കുമായിരുന്നില്ല.
എന്റെ ജീവിതത്തില്‍ എല്ലാം സുഖകരമായി പോയിരുന്നെങ്കില്‍ അത്തരമൊരു ദീര്‍ഘ യാത്ര ചെയ്യാന്‍ തീരുമാനിക്കുമായിരുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ അതിന്റെ ഫലമായി ഉണ്ടായ വലിയ വളര്‍ച്ച കൈവരിക്കാന്‍ കഴിയുമായിരുന്നില്ല.
എനിക്ക് മെച്ചപ്പെടാന്‍ അവസരമൊരുക്കി എന്നതു കൊണ്ടു തന്നെ, എന്റെ ജീവിതത്തിലെ വെല്ലുവിളികള്‍ നിറഞ്ഞ ആ കാലഘട്ടത്തോട് ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ കൃതജ്ഞത തോന്നുന്നു.
അതുകൊണ്ട് വൈകാരികമായ പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോള്‍ അതില്‍ നിന്ന് നല്ലത് ഒന്നും ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് തോന്നിയാല്‍ പോലും കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് പുറത്തു വരുമെന്ന് വിശ്വസിക്കുക.
സ്റ്റീവ് ജോബ്‌സിന്റെ പ്രശസ്തമായ വാക്കുകള്‍ പോലെ, ' മുന്നോട്ട് നോക്കിക്കൊണ്ട് നിങ്ങള്‍ക്ക് ഡോട്ടുകള്‍ ബന്ധിപ്പിക്കാനാകില്ല. പിന്നിലേക്ക് നോക്കി മാത്രമേ അതിനാവൂ. ഡോട്ടുകള്‍ എങ്ങിനെയെങ്കിലും ബന്ധിപ്പിക്കപ്പെടുമെന്ന് വിശ്വസിക്കുക'.
For more simple and practical tips to live better and be happier visit Anoop's website: https://www.thesouljam.com
Next Story
Videos