Soul Sunday - മൂന്നു മാസത്തെ ഇന്ത്യാ യാത്രയിലൂടെ ഞാന്‍ പഠിച്ച 10 പാഠങ്ങള്‍

ഓര്‍മവെച്ച കാലം മുതല്‍ എനിക്ക് യാത്രകള്‍ ഇഷ്ടമാണ്.

അഞ്ചു വര്‍ഷം മുമ്പ് ഋഷികേശിലേക്കുള്ള തനിച്ചുള്ള യാത്രയോടെ സോളോ ട്രാവലിംഗ് ഇഷ്ടപ്പെട്ടുതുടങ്ങി. മറ്റു യാത്രികരുമായി നടത്തിയ സംഭാഷണങ്ങളിലൂടെ അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചപ്പോള്‍ ഹിമാചല്‍ ആയി എന്റെ അടുത്ത ലക്ഷ്യസ്ഥാനം.

ആ യാത്രയ്ക്കായി കൊച്ചിയില്‍ നിന്ന് ഡല്‍ഹിക്ക് ഞാന്‍ വിമാനം കയറി. ബാക്കിയുള്ള യാത്രയില്‍ മറ്റു പൊതുഗതാഗത മാര്‍ഗങ്ങളെ ആശ്രയിച്ചു. ബാക്ക് പായ്ക്കര്‍ ഹോസ്റ്റലുകളിലായിരുന്നു മിക്കപ്പോഴും എന്റെ താമസം. ചെലവു കുറഞ്ഞ മികച്ച താമസ സൗകര്യം ലഭിക്കുമെന്നതിനൊപ്പം സമാന ചിന്താഗതിക്കാരായ നിരവധി മറ്റു യാത്രക്കാരെ കാണാനുള്ള അവസരവും അത് നല്‍കി. ഒറ്റയ്ക്ക് ഇന്ത്യയിലുടനീളം സഞ്ചരിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നില്ല ഞാന്‍ പുറപ്പെട്ടത്. മറിച്ച്, ഹിമാചലില്‍ ചുറ്റിക്കറങ്ങാന്‍ മൂന്നു മാസം ചെലവിടുക എന്നതായിരുന്നു ആദ്യ പദ്ധതി. എന്നാല്‍ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോള്‍ പലപ്പോഴും സംഭവിക്കാറുള്ളതു പോലെ പ്ലാന്‍ മാറി. ഹിമാചലിലെ താമസം ഒരു മാസം കൊണ്ട് അവസാനിപ്പിച്ചു. സഞ്ചാരത്തിനിടയില്‍ കണ്ടുമുട്ടിയ ആളുകളുടെ നിര്‍ദ്ദേശങ്ങളും എന്റെ ജിജ്ഞാസയും പിന്തുടർന്ന് ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാനാണ് ബാക്കി സമയം ചെലവിട്ടത്.

എന്റെ യാത്രാ മാര്‍ഗം ഇതായിരുന്നു.

കൊച്ചി-ഡല്‍ഹി-മക്ലോയ്ഡ് ഗഞ്ച്-ബീര്‍-ചിത്കുല്‍-കസോള്‍- കല്‍ഗ-അമൃത്സര്‍-അജ്മീര്‍-പുഷ്‌കര്‍-ബുന്തി-ചിത്തോര്‍ഗഡ്- ഉദയ്പൂര്‍-സൂറത്ത്-മുംബൈ-പൂനെ-ഗോകര്‍ണ-ബാംഗളൂര്‍-ഹംപി-ബാംഗളൂര്‍-കൊച്ചി.

ഈ യാത്ര എന്റെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തി. അത് എന്നില്‍ വരുത്തിയ 10 മാറ്റങ്ങളെ കുറിച്ചാണ് ഈ ലേഖനത്തില്‍ വിശദമാക്കുന്നത്.

ഇത് അല്‍പ്പം ദൈര്‍ഘ്യമേറിയ ലേഖനമായിരിക്കും. എന്നിരുന്നാലും നിങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്ന കുറച്ചു കാര്യങ്ങള്‍ നല്‍കുന്നതിനൊപ്പം പുതിയ കാഴ്ചപ്പാടുണ്ടാകാനും സഹായിച്ചേക്കും.

എന്റെ ആത്മവിശ്വാസവും, ആളുകളുമായി ഇടപഴകാനുള്ള കഴിവും വര്‍ധിച്ചു

പുതിയ ആരെയെങ്കിലും പരിചയപ്പെടുമ്പോള്‍ അല്‍പ്പം ചമ്മലോടെ (awkwardly) പുഞ്ചിരിക്കുന്ന ഒരാളായിരുന്നു ഞാന്‍. പെട്ടെന്ന് തന്നെ എനിക്ക് അടുപ്പം തോന്നുന്ന അപൂര്‍വ അവസരങ്ങളില്‍ മാത്രമേ അവരുമായി കൂടുതല്‍ ഞാന്‍ ഇടപഴകാറുള്ളൂ. ബാക്ക് പായ്ക്കര്‍ ഹോസ്റ്റലുകളിലെ താമസവും പുതിയതും അപരിചിതവുമായ സാഹചര്യങ്ങളും നിങ്ങളെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തു കടക്കാന്‍ നിര്‍ബന്ധിതരാക്കും. ഓരോ ദിവസവും പുതിയ ആളുകളെ കാണാനും ഇടപഴകാനും അത് പ്രേരിപ്പിക്കുകയും ചെയ്യും. അതിന്റെ ഫലമായി ആദ്യമായി കാണുന്ന ആളുകളോട് ഞാന്‍ കൂടുതല്‍ സൗഹൃദത്തോടെ പെരുമാറാന്‍ തുടങ്ങി. അമിതമായി ചിന്തിച്ച് അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതിനു പകരം മറ്റുള്ളവരുമായി സംഭാഷണങ്ങള്‍ക്ക് മുന്‍കൈയെടുക്കാനും തുടങ്ങി.

തുടക്കത്തിലെ അസ്വസ്ഥത മറികടക്കാന്‍ കഴിഞ്ഞാല്‍ പിന്നീട് സംഭാഷണങ്ങള്‍ കൂടുതല്‍ ആസ്വാദ്യകരമായി മാറുന്നത് ഞാന്‍ മനസ്സിലാക്കി. അത് മറ്റുള്ളവരുമായി ഇടപഴകാന്‍ എനിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കി.

പ്രായം ഒരു പ്രശ്‌നമല്ല

മക്ലോയ്ഡ്ഗഞ്ചില്‍ ഹോസ്റ്റലിലെ മറ്റു നാല് യാത്രക്കാരോടൊപ്പം ഹിമാലയത്തിന്റെ ഭാഗമായ ഇന്ദ്രഹാര ചുരം (14271 അടി) മൂന്നു ദിവസമെടുത്ത് ഞാന്‍ കയറി. എന്നെ അത്ഭുതപ്പെടുത്തിയ കാര്യം, അവരില്‍ മൂന്നു പേര്‍ നാല്‍പ്പത് വയസ്സ് കഴിഞ്ഞവരായിരുന്നു. എന്നേക്കാള്‍ ഏകദേശം ഇരട്ടി പ്രായം. എന്നാല്‍ അതൊരിക്കലും ഞങ്ങളുടെ ഇടയിലെ ആസ്വാദ്യകരമായ സംഭാഷണങ്ങള്‍ക്ക് ഒരു തടസ്സമായില്ല.

ചെറുപ്പത്തില്‍ എന്റെ ഏറ്റവും മൂത്ത സഹോദരനുമായി എനിക്ക് വലിയ അടുപ്പം തോന്നിയിരുന്നില്ല. അതിനുള്ള ഒരു പ്രധാന കാരണമായി എനിക്ക് തോന്നിയത് ഞങ്ങളുടെ 9 വര്‍ഷത്തെ പ്രായവ്യത്യാസമായിരുന്നു.

എന്നാല്‍ യാത്രയില്‍ എനിക്ക് അടുപ്പം തോന്നിയ പലര്‍ക്കും എന്റെ ഇരട്ടിയിലേറെ പ്രായമുണ്ടായിരുന്നു. പ്രായ വ്യത്യാസം എന്നത് എന്റെ മനസ്സ് പറയുന്ന ഒഴിവ്കഴിവ് മാത്രമാണെന്നും ആളുകളുമായി ബന്ധപ്പെടുന്നതിന് അതൊരു തടസ്സമല്ലെന്നും ഇതിലൂടെ എനിക്ക് മനസ്സിലായി.


ഇന്ദ്രഹാര ചുരം കയറ്റം. തിരികെ വരുന്നതിനിടെ രണ്ടു പ്രാവശ്യം ഞാൻ തെന്നിപ്പോയി. കൂടെ ഗൈഡ് ഇല്ലായിരുന്നു എങ്കിൽ ഒരു പക്ഷെ ഈ കഥ പങ്കു വെക്കുവാൻ ഞാൻ ഉണ്ടാകുമായിരുന്നില്ല ( പടത്തിൽ നടുവിൽ കാണുന്നതാണ് ഞാൻ)


ആളുകളും അവരുമായുള്ള സംഭാഷണങ്ങളും ഏറെ ഇഷ്ടമായി

ഞാന്‍ കണ്ട സ്ഥലങ്ങളായിരുന്നില്ല എന്റെ യാത്രകളിലെ ഏറ്റവും വലിയ ആകര്‍ഷണം. മറിച്ച് യാത്രക്കിടയില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള കുറേ നല്ല ആളുകളുമായി ബന്ധപ്പെടാന്‍ കഴിഞ്ഞു എന്നതായിരുന്നു.

ഇന്ത്യ ഒരു ബാക്ക് പായ്ക്കര്‍ ഹബ്ബ് ആയതു കൊണ്ട് മെക്‌സികോ മുതല്‍ ബലാറസ് വരെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ളവരെ നിങ്ങള്‍ക്ക് കണ്ടുമുട്ടാനാകും.

വ്യത്യസ്തമായ സംസ്‌കാരങ്ങളുള്ള, വിവിധ പ്രായക്കാരായ, വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായി ഇടപഴകുക എന്നത് വളരെ രസകരമായിരുന്നു. കൂടാതെ വിവിധ ഉച്ചാരണ ശൈലിയിലുള്ള സംഭാഷണങ്ങള്‍ കേള്‍ക്കുന്നതും. അതില്‍ സ്പാനിഷ്, സൗത്ത് ആഫ്രിക്കന്‍ ശൈലികള്‍ ആയിരുന്നു എനിക്ക് ഏറ്റവും പ്രിയങ്കരം. യാത്ര പുരോഗമിക്കവേ ആളുകളോടും അവരുമായുള്ള സംഭാഷണങ്ങളോടും ആഴത്തിലുള്ള സ്‌നേഹം എന്നില്‍ വളര്‍ന്നു.

എന്റെ ജീവിതത്തില്‍ ഞാന്‍ ഇഷ്ടപ്പെടുന്ന മറ്റു കാര്യങ്ങളെ പോലെ, ആളുകളുമായി ബന്ധപ്പെടുന്നതും സംഭാഷണങ്ങള്‍ നടത്തുന്നതും സ്ഥലകാല ബോധം പോലുമില്ലാതെ സ്വയം മറക്കാനും എന്റെ എല്ലാ ആശങ്കകളും ഇല്ലാതാക്കാനും കഴിയുന്ന മാന്ത്രിക ശക്തിയുള്ള കാര്യമായി മാറി.

ആളുകള്‍ അവരുടെ ജീവിതത്തെ കുറിച്ച് പൂര്‍ണമായും തുറന്നു പറയുന്നതും അവരുടെ കഥകള്‍ പങ്കുവെക്കുന്നതും അവരുടെ ജീവിതത്തെ നിര്‍വചിച്ച തെരഞ്ഞെടുപ്പുകളെ കുറിച്ച് പറയുന്നതും കേട്ടിരിക്കാന്‍ രസമായിരുന്നു. ഭാവിയെ കുറിച്ച് ആശങ്കകള്‍ ഉണ്ടായിരുന്ന എനിക്ക് അവരുടെ കഥകള്‍ പ്രതീക്ഷ നല്‍കി. എന്റെ ജീവിതത്തെ കൂടുതല്‍ വ്യക്തതയോടെ കാണാന്‍ സഹായിക്കുകയും ചെയ്തു.

ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍, ചിലപ്പോള്‍ നിസാരമായി തോന്നുന്ന സംഭാഷണങ്ങള്‍ പെട്ടെന്ന് ആഴത്തിലുള്ളതായി മാറാം; 10 മിനുട്ട് നേരത്തെ പരിചയമാണെങ്കില്‍ പോലും! രാജസ്ഥാനിലെ ഒരു ചായക്കടയില്‍ വെച്ച് ഞാന്‍ കണ്ടുമുട്ടിയ ഒരു ഇസ്രായേലി യുവാവ് തന്റെ രാജ്യത്തിനായി സൈന്യത്തില്‍ സേവനമനുഷ്ഠിച്ച അനുഭവം പങ്കുവെച്ചു. ഒരു യുദ്ധരംഗം എങ്ങനെയെന്ന് അദ്ദേഹം വിവരിച്ചു. ഭാഗ്യം ഒന്നു കൊണ്ടു മാത്രമാണത്രെ അദ്ദേഹം വെടിയുണ്ടയില്‍ നിന്ന് രക്ഷപ്പെട്ടത്.

യാത്രക്കിടയിലല്ലെങ്കില്‍, നിങ്ങളുടെ വികാരങ്ങള്‍ ആരോടെങ്കിലും തുറന്നു പറയാനോ ഉള്ളുതുറന്ന് വിശ്വാസത്തോടെ സംസാരിക്കാനോ ഉള്ള ബന്ധം സൃഷ്ടിക്കാന്‍ മാസങ്ങളോ വര്‍ഷങ്ങളോ എടുത്തേക്കാം. എന്നാല്‍ യാത്രക്കിടയില്‍ എങ്ങനെയോ ഇതെല്ലാം ഒരു ദിവസത്തിനുള്ളില്‍ സംഭവിക്കുന്നു.

അപരിചിതരുമായുള്ള ഏറ്റവും ചെറിയ ഇടപഴകലുകള്‍ പോലും എന്റെ മുഖത്ത് വലിയ പുഞ്ചിരി സമ്മാനിക്കുന്നുവെന്നും അത് ആ ദിവസത്തെ ധന്യമാക്കുമെന്നും ഞാന്‍ മനസ്സിലാക്കി.


എന്നോടൊപ്പം ചുരം കയറിയ സഹയാത്രികർ


അത്ഭുതകരമായ അനുഭവങ്ങളിലേക്ക് നയിക്കും

യാത്രാ വേളകളിലെ എന്റെ അനുഭവങ്ങള്‍ എല്ലാത്തരം ആളുകളുമായും ഇടപഴകാന്‍ എന്നെ പഠിപ്പിച്ചു. ഏറ്റവും ചെറിയ കൂടിക്കാഴ്ചകള്‍ പോലും വലിയ ഫലം നല്‍കുന്നവയായിരുന്നു; അവ എന്തിലേക്ക് നയിക്കുമെന്നത് അപ്രവചനീയമായിരുന്നെങ്കിലും. ഹിമാചലിലെ 15 മിനുട്ട് ബസ് യാത്രയ്ക്കിടെ ഞാന്‍ കണ്ടുമുട്ടിയ ഒരാള്‍, പിന്നീട് ഞാന്‍ ഗുജറാത്തിലെത്തിയപ്പോള്‍ സൂറത്ത് ചുറ്റിക്കാണാന്‍ എന്നെ സഹായിച്ചു.

തദ്ദേശവാസികളുമായി ബന്ധം സ്ഥാപിക്കുന്നതിലൂടെ, മറ്റൊരു തരത്തിലും ഞാന്‍ കണ്ടെത്താന്‍ ഇടയില്ലാത്ത മനോഹരങ്ങളായ സ്ഥലങ്ങള്‍ കാണാന്‍ ഇടയായി.

യാത്രാ ക്ഷീണം യാഥാര്‍ത്ഥ്യമാണ്

യാത്ര തുടങ്ങി ഒന്നരമാസം പിന്നിട്ടപ്പോള്‍ പുതിയ സ്ഥലങ്ങള്‍ തേടിപ്പിടിക്കാനുള്ള ആവേശം കുറഞ്ഞു. എന്നില്‍ ആശയക്കുഴപ്പമുണ്ടായി. എനിക്ക് യാത്രാ ക്ഷീണം ഉണ്ടാകുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. കാരണം, ഞാന്‍ ചെയ്യണമെന്ന് സ്വപ്‌നം കണ്ട കാര്യമായിരുന്നു ഈ യാത്ര. എന്നിരുന്നാലും പിന്തിരിയാന്‍ ഞാന്‍ തയാറായിരുന്നില്ല. എന്നാല്‍ എവിടേക്കാണ് പോകേണ്ടത് എന്നതില്‍ വ്യക്തതയില്ലായിരുന്നു. പരിചിതമായ ചില മുഖങ്ങള്‍ കാണാന്‍ ഞാന്‍ കൊതിച്ചു. ഭാഗ്യത്തിന് ഒരാഴ്ചയിലധികം ആ ആശയക്കുഴപ്പം നീണ്ടുനിന്നില്ല.

നിരന്തരമായ യാത്രകളും അതിനുവേണ്ടിയുള്ള ബുക്കിംഗുകളും ഒഴിവാക്കി ഒരിടത്ത് ദീര്‍ഘനേരം ചെലവഴിച്ചതോടെ എന്നില്‍ വീണ്ടും ആവേശം നിറഞ്ഞു. യാത്ര പുരോഗമിച്ചപ്പോള്‍ ഒരു സ്ഥലത്തെ എല്ലാ കാര്യങ്ങളും കാണാനും ചെയ്യാനും പരിശ്രമിച്ചില്ല. അവിടത്തെ പ്രധാന ആകര്‍ഷണങ്ങള്‍ ആയിരുന്നെങ്കില്‍ പോലും ചിലതെല്ലാം ഒഴിവാക്കി. എല്ലാം കാണാന്‍ ശ്രമിക്കുന്നത് സംതൃപ്തിയേക്കാള്‍ പലപ്പോഴും ക്ഷീണമുണ്ടാക്കിയേക്കാം എന്ന തിരിച്ചറിവാണ് ഇതിന് പ്രേരിപ്പിച്ചത്.


യാത്രക്കിടെ കണ്ടുമുട്ടിയ രണ്ടു ഏകാന്ത യാത്രികർക്ക് ഒപ്പം. അതിൽ ഒരാളുടെ പിറന്നാൾ ആഘോഷമായിരുന്നു അന്ന്


നിങ്ങള്‍ എപ്പോഴും തെരഞ്ഞെടുക്കുകയാണ്

ഒരാഴ്ചയിലെ ആറു ദിവസവും രാവിലെ 9 മുതല്‍ വൈകീട്ട് അഞ്ചു വരെ എന്നതില്‍ ഒതുങ്ങി നില്‍ക്കേണ്ട ഒന്നല്ലെന്ന് ഒന്നല്ല ജീവിതമെന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. എന്നിരുന്നാലും സമൂഹത്തില്‍ ജീവിക്കുമ്പോള്‍ നിങ്ങളുടെ ചുറ്റുമുള്ളവരെല്ലാം ഈ വ്യവസ്ഥിതിയില്‍ വേരൂന്നിയിരിക്കുമ്പോള്‍ അതിനപ്പുറം ചിന്തിക്കുക എന്നത് ബുദ്ധിമുട്ടായിരിക്കും. യാത്രകള്‍ക്കിടെ സ്വന്തം സ്വപ്‌നങ്ങളെ പിന്തുടരുന്ന നിരവധി ആളുകളെ കണ്ടുമുട്ടാനാകുന്നു. അവര്‍ക്ക് അതിന് കഴിയുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എന്തുകൊണ്ട് ആകുന്നില്ല എന്ന് നിങ്ങളെ ചിന്തിപ്പിക്കാം. യാത്രക്കിടയില്‍ ഞാന്‍ കണ്ടുമുട്ടിയ ഹിമാചലിലെ ചിത്കുളില്‍ ജോലി ചെയ്യുന്ന ഒരു യുവ പ്രോപ്പര്‍ട്ടി മാനേജര്‍ പറഞ്ഞതിങ്ങനെയാണ്; 'ജീവിതം ബുദ്ധിമുട്ടാണെന്ന് ആളുകള്‍ പറഞ്ഞുകൊണ്ടേയിരിക്കും. എന്നാല്‍ കാര്യങ്ങള്‍ സ്വയം മെച്ചപ്പെടുത്താന്‍ ഒന്നും ചെയ്യുന്നില്ല താനും.'

നഗരത്തിലെ തന്റെ ജോലി ഉപേക്ഷിച്ച് തനിക്ക് പ്രിയങ്കരമായ ചിത്കുളിലെ പര്‍വത നിരകൾ ജോലിക്കായി അദ്ദേഹം തെരഞ്ഞെടുക്കുകയായിരുന്നു.

നിങ്ങള്‍ നടത്തുന്ന, അഥവാ നടത്താത്ത തെരഞ്ഞെടുപ്പുകളാണ് നിങ്ങളുടെ ജീവിതത്തെ നിര്‍ണയിക്കുന്നത് എന്ന മഹത്തായ, എന്നാല്‍ ലളിതമായ തിരിച്ചറിവാണ് അദ്ദേഹവുമായുള്ള സംഭാഷണത്തിലൂടെ എനിക്ക് ലഭിച്ചത്.


ചിത്കുൽ : ഇന്ത്യ - ടിബറ്റ് അതിർത്തിക്കിപ്പുറം ജനവാസമുള്ള അവസാന ഗ്രാമം

നിങ്ങളുടെ പ്രതീക്ഷകളെ നിയന്ത്രിക്കുക

പഞ്ചാബിലൂടെയും രാജസ്ഥാനിലെ പ്രാന്തപ്രദേശങ്ങളിലൂടെയുമുള്ള ഒരു മാസത്തെ യാത്രയ്ക്ക് ശേഷം എന്നില്‍ ഒരു അതൃപ്തിയും നിരാശയും ഉണ്ടായിരുന്നു. അത് പൂര്‍ണമായും കുടഞ്ഞെറിയാന്‍ കഴിഞ്ഞില്ല. മുമ്പത്തെ പോലെ കൂടുതല്‍ ആളുകളെ കണ്ടുമുട്ടാനോ അര്‍ത്ഥപൂര്‍ണമായ ആശയവിനിമയം നടത്താനോ കഴിയാത്തതില്‍ ഞാന്‍ നിരാശനായിരുന്നു.

എന്റെ ഏകാന്ത യാത്രകളെ പിന്തുണച്ചിരുന്ന സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഇത് ഞാന്‍ പ്രതീക്ഷിച്ച പോലെ രസകരമല്ലെന്ന് പറയുന്നില്‍ എനിക്ക് ബുദ്ധിമുട്ട് തോന്നി. എല്ലാറ്റിലുമുപരി, ഈ യാത്ര ഞാൻ ഏറെ സ്വപ്‌നം കണ്ടതും എന്റെ അന്തര്‍ജ്ഞാനം (Intuition) എന്നെ ചെയ്യാന്‍ പ്രേരിപ്പിച്ചതുമായ കാര്യമായിരുന്നു.

മാത്രമല്ല, എന്റെ ജീവിതത്തില്‍ ഞാന്‍ ഒന്നിനെ കുറിച്ചും ഇത്രയും കൂടുതല്‍ ആവേശഭരിതനായിരുന്നില്ല.

എന്നില്‍ ആശയക്കുഴപ്പമുണ്ടായി. ഈ ചിന്തകളും വികാരങ്ങളും എങ്ങനെയെങ്കിലും എന്നെ വിട്ടുപോകണമെന്ന് ഞാന്‍ ആഗ്രഹിച്ചു.

എന്നെ ഏറ്റവും വിഷമിപ്പിച്ചത്, ഞാന്‍ 'ഉദ്ദേശിച്ച' അത്രയും രസം ഇതിലില്ല എന്ന ചിന്തയായിരുന്നു; ഈ യാത്രയ്ക്ക് പുറപ്പെടും മുമ്പ് ഞാന്‍ വായിച്ച ധാരാളം ട്രാവല്‍ ബ്ലോഗുകളിലെ കാര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രത്യേകിച്ചും. ഈ ആളുകള്‍ യഥാര്‍ത്ഥത്തില്‍ അവരുടെ അനുഭവങ്ങളെ കുറിച്ച് സത്യസന്ധരായിരുന്നുവോ? ഞാന്‍ ആശ്ചര്യപ്പെട്ടു.

എന്തിന്, എന്റെ ആദ്യത്തെ സോളോ ട്രിപ്പ് പോലും ഇതിനേക്കാള്‍ മികച്ച അനുഭവമായിരുന്നു. എന്തുകൊണ്ട് ഇത് മുമ്പത്തെ പോലെ മികച്ചതായി തോന്നുന്നില്ലെന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.

നിങ്ങളുടെ മാനസിക നിലയുടെ ഉത്തരവാദി നിങ്ങള്‍ മാത്രമാണ്

ഒരു ദിവസം ഞാന്‍ എഴുന്നേറ്റയുടനെ, ഉദയ്പൂരിലേക്കുള്ള യാത്ര പുറപ്പെടുന്നതിന് മുമ്പ് എന്റെ ചിന്തകളും വികാരങ്ങളും എഴുതിയിടണമെന്ന് (Journaling)തീരുമാനിച്ചു. അങ്ങനെ ചെയ്യുന്നത് മാനസികമായി മെച്ചപ്പെടാന്‍ എന്നെ സഹായിക്കുമെ്ന്ന് ഞാന്‍ കരുതി. സാഹചര്യങ്ങളല്ല എന്റെ മനസ്സാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് എഴുതിക്കൊണ്ടിരിക്കേ എനിക്ക് മനസ്സിലായി.

ഇടുങ്ങിയതും നിഷേധാത്മകവുമായ കണ്ണിലൂടെയാണ് ഞാന്‍ കാര്യങ്ങള്‍ കണ്ടതെന്ന് എനിക്ക് തോന്നി. എല്ലാറ്റിനുമപരി എനിക്ക് ഇതൊക്കെ ചെയ്യാനാകുന്നത് തന്നെ വലിയ ഭാഗ്യമായി ഞാൻ കണ്ടു. ഞാന്‍ ആഗ്രഹിച്ചതു പോലെ കാര്യങ്ങള്‍ നീങ്ങുന്നില്ലെന്ന പരാതിയും ശാഠ്യവുമായിരുന്നു എന്നില്‍ ഉണ്ടായിരുന്നത്. അസുഖകരമായ ചിന്തകളെയും വികാരങ്ങളെയും ചെറുക്കാന്‍ ഞാന്‍ ശ്രമിച്ചു. അത് എങ്ങിനെയെങ്കിലും ഒഴിവാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. എന്നാല്‍ വികാരങ്ങളോടും ചിന്തകളോടും എതിരിടാന്‍ ശ്രമിക്കുന്തോറും വഷളാവുകയാണ് ചെയ്തത്. എക്കാര്‍ട്ട് ടോളെ (Eckhart Tolle)യുടെ 'ദി പവര്‍ ഓഫ് നൗ' എന്ന ജനപ്രിയ പുസ്തകത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വായിച്ചത് എന്റെ മനസ്സിലേക്ക് വന്നു. നിങ്ങളുടെ ചിന്തകളെയും വികാരങ്ങളെയും കുറിച്ച് അദ്ദേഹം ഇങ്ങനെ പറയുന്നു:

നിങ്ങള്‍ എന്തിനോടാണോ എതിരിടുന്നത് അതിനെ നിങ്ങള്‍ ശക്തിപ്പെടുത്തുകയും നിങ്ങള്‍ എന്തിനെയാണോ പ്രതിരോധിക്കുന്നത് അത് നിലനില്‍ക്കുകയും ചെയ്യും. നിഷേധാത്മക വികാരങ്ങള്‍ ഉപേക്ഷിക്കാന്‍ അത്യാവശ്യം വേണ്ടത് അവയെ പൂര്‍ണമായും ഉള്‍ക്കൊള്ളുക എന്നതാണെന്ന് അദ്ദേഹം തുടരുന്നു. ഞാന്‍ എന്റെ ചേതോവികാരങ്ങളെ അംഗീകരിക്കാന്‍ തീരുമാനിച്ചു. ഇങ്ങനെ തോന്നരുത്, അത് സംഭവിക്കാന്‍ പാടില്ല എന്നൊക്കെ ചിന്തിക്കുന്നതിന് പകരം എന്റെ വികാരങ്ങള്‍ ഉൾക്കൊണ്ട് കൊണ്ട് അവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചു.

ആ രാത്രിയുടെ അവസാനത്തോടെ മനസ്സ് ശാന്തമായി. അടുത്ത കുറച്ച് ദിവസങ്ങളില്‍ ഉദയ്പൂര്‍ എനിക്കായി എന്താണ് കരുതി വെച്ചിരിക്കുന്നതെന്ന് അപ്പോള്‍ എനിക്കറിയില്ലായിരുന്നു.

ലളിതമായ കാര്യങ്ങളാകും കൂടുതല്‍ സംതൃപ്തി നല്‍കുക

ഉദയ്പൂരിലെ അടുത്ത ഏഴു ദിവസങ്ങളില്‍ സംഭവിച്ച കാര്യങ്ങള്‍ എനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിനേക്കാള്‍ മികച്ചതായിരുന്നു. കാര്യങ്ങള്‍ 180 ഡിഗ്രിയില്‍ മാറി മറിഞ്ഞു. എന്റെ നിരാശയും ശാഠ്യവും സ്വയം സഹതാപം തോന്നലുമെല്ലാം അവസാനിപ്പിച്ചപ്പോള്‍ മുതല്‍ പ്രപഞ്ചം എനിക്ക് പ്രതിഫലം തരാന്‍ തീരുമാനിച്ച പോലെയായിരുന്നു അത്.

ഞാന്‍ പോയ മിക്ക സ്ഥലങ്ങളിലും സാധാരണയായി 1-2 ബാക്ക് പായ്ക്കര്‍ ഹോസ്റ്റലുകളിലായാണ് താമസിക്കാറ്. എന്നാല്‍ ഉദയ്പൂരില്‍ നാല് വ്യത്യസ്ത ഹോസ്റ്റലുകളില്‍ താമസിച്ചു. അത് ഒരു മികച്ച തീരുമാനമായി മാറി. ഞാന്‍ അതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ചതും രസികരുമായ ആളുകളെ ഞാന്‍ കണ്ടുമുട്ടി. അവരുമായി ആഴത്തില്‍ ബന്ധപ്പെടുന്നത് ഒരു ലഹരിയായി. എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച ആഴ്ചയായിരുന്നു അത്. അവിസ്മരണീയമായ ചില അനുഭവങ്ങള്‍ എനിക്കുണ്ടായി. എന്നാല്‍ സത്യം പറഞ്ഞാല്‍ പുറത്തു നിന്നു നോക്കുന്ന ഒരാള്‍ക്ക് അസാധാരണമായി ഒന്നും തന്നെ കാണാനാകുമായിരുന്നില്ല. മക്ലോയ്ഡ് ഗഞ്ചില്‍ ചെയ്തതു പോലെ ഒരു മല കയറുകയോ, ബീറില്‍ ചെയ്തതു പോലെ പാരാഗ്ലൈഡിംഗില്‍ ഞാന്‍ ആകാശത്തിലൂടെ ഒഴുകി നടക്കുകയോ ആയിരുന്നില്ല.

എന്നാല്‍ ഉത്തേജിപ്പിക്കുന്ന സംഭാഷണങ്ങളില്‍ ഏര്‍പ്പെടുക, വ്യത്യസ്ത തരത്തിലുള്ള ആളുകളുമായി ഇടപഴകുക, നന്നായി ചിരിക്കുക തുടങ്ങിയ ലളിതമായ കാര്യങ്ങളായിരുന്നു പ്രത്യേകത. കാണാന്‍ ഏറെ സ്ഥലങ്ങളും മികച്ച ഭക്ഷണവും അതിശയിപ്പിക്കുന്ന സംസ്‌കാരവും ഉള്ള സ്ഥലമാണ് ഉദയ്പൂര്‍ എന്നത് കാര്യങ്ങള്‍ കൂടുതല്‍ മികച്ചതാക്കി.


ലോകത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നുള്ള ഏകാന്ത യാത്രികർക്ക് ഒപ്പം ഉദയ്പൂരിൽ എൻ്റെ പിറന്നാൾ ആഘോഷിച്ചപ്പോൾ


ഭയം അടിസ്ഥാനരഹിതമാകാം

നമ്മള്‍ക്ക് അനുഭവം ഉണ്ടാകുന്നതു വരെ എന്തെങ്കിലും എങ്ങനെ സംഭവിക്കുമെന്ന് എല്ലായ്‌പ്പോഴും കൃത്യമായി പ്രവചിക്കാനാവില്ല. എങ്കിലും ജീവിതത്തെ കുറിച്ചുള്ള നമ്മുടെ ചിന്തകള്‍ (അനുമാനങ്ങള്‍) വളരെ ഗൗരവമായി എടുക്കുന്ന ശീലം നമുക്കുണ്ട്.

യാത്രയ്ക്കിടെ ചില അനുഭവങ്ങള്‍, സംഭവങ്ങള്‍, സ്ഥലങ്ങള്‍, ആളുകള്‍, സന്തോഷവാനായിരിക്കാന്‍ വേണമെന്ന് ഞാന്‍ കരുതിയ കാര്യങ്ങള്‍ തുടങ്ങിയവയെ കുറിച്ചുള്ള എന്റെ പല അനുമാനങ്ങളും തെറ്റാണെന്ന് ആവര്‍ത്തിച്ച് തെളിയിക്കപ്പെട്ടത് ഞാന്‍ ശ്രദ്ധിച്ചു. ഇത് യഥാര്‍ത്ഥത്തില്‍ വിമോചനം നല്‍കുന്ന(Liberating)തായിരുന്നു. കാരണം എന്റെ ഭയങ്ങളും ആശങ്കകളും യാഥാര്‍ത്ഥ്യമാകുന്നതിനെ കുറിച്ച് എനിക്ക് തെറ്റുപറ്റുമെന്ന് ഞാന്‍ മനസ്സിലാക്കി.

ചിലപ്പോള്‍ നമ്മുടെ സ്വന്തം ചിന്തകള്‍ നമ്മുടെ ഏറ്റവും വലിയ ശത്രുവായിരിക്കാം. എൻ്റെ ചിന്തകളെ അന്ധമായി വിശ്വസിക്കുന്നത് നിര്‍ത്തി ഞാൻ അവയെ ചോദ്യം ചെയ്യാന്‍ തുടങ്ങി. സത്യത്തില്‍, നമ്മുടെ മിക്ക ഭയങ്ങളും അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്, അല്ലാതെ വസ്തുതകളെ അടിസ്ഥാനമാക്കിയല്ല.

വിമര്‍ശനാത്മകമായി ചോദ്യം ചെയ്യുകയും നമ്മുടെ മനസ്സില്‍ ഉദിക്കുന്ന ചിന്തകളില്‍ യാന്ത്രികമായി വിശ്വസിക്കുന്നത് നിര്‍ത്തുകയും ചെയ്താല്‍ നമ്മുടെ ഭയങ്ങളില്‍ പലതും ഇല്ലാതാവും.

എന്റെ ഭയങ്ങളും ആശങ്കകളും അടിസ്ഥാനരഹിതമെന്ന് മനസ്സിലാക്കിയതിലൂടെ അമിതമായി ചിന്തിക്കുന്നത് കുറയ്ക്കാനും കൂടുതല്‍ തുറന്ന മനസ്സുള്ളവനായിരിക്കാനും മുമ്പ് ഞാന്‍ നിരസിച്ച പല അവസരങ്ങളിലും യെസ് പറയാനും എന്നെ സഹായിച്ചു.

സത്യത്തില്‍ ഞാന്‍ ബ്ലോഗിംഗ് ആരംഭിക്കാന്‍ തീരുമാനിച്ചതിന്റെ ഒരു കാരണം, കാര്യങ്ങള്‍ അമിതമായി ചിന്തിക്കുന്നത് നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതാണ്.


ബീറിൽ പാരാഗ്ലൈഡിംഗ് നടത്തിയപ്പോൾ ( സത്യത്തിൽ അതിനെക്കുറിച്ചുള്ള എൻ്റെ സങ്കല്പമായിരുന്നു യാഥാർത്ഥ്യത്തേക്കാൾ മനോഹരം)


അവസാന ചിന്തകള്‍

ഈ യാത്ര നടത്താനായതില്‍ എനിക്ക് വളരെയധികം കൃതജ്ഞത തോന്നുന്നു. ഇന്ത്യയുടെ പല ഭാഗങ്ങളില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള തീരുമാനം എന്റെ ജീവിതത്തിലെ ഏറ്റവും മികച്ചവയില്‍ ഒന്നാണ്. സോളോ ട്രിപ്പിനെ കുറിച്ച് നിങ്ങളുടെ ഹൃദയം ആവേശഭരിതമാകുന്നുണ്ടെങ്കില്‍ ഞാന്‍ നിങ്ങളോട് പറയുന്നു; രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. ചെയ്യുക!

നിങ്ങളുടെ ജീവിതത്തില്‍ ഒരിക്കലെങ്കിലും ചെയ്യേണ്ട കാര്യമാണത്. ഒറ്റയ്ക്കുള്ള യാത്ര എളുപ്പമോ ബുദ്ധിമുട്ടൊന്നുമില്ലാത്തതോ ആയിരിക്കുമെന്ന് ഉറപ്പു നല്‍കാനാവില്ല. എന്നാല്‍ അത് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിനേക്കാള്‍ മികച്ചതായി മാറിയേക്കാം.


For more simple and practical tips to live better and be happier visit Anoop's website: https://www.thesouljam.com

Anoop Abraham
Anoop Abraham  

He is the founder of the blog www.thesouljam.com. The blog is about simple and practical tips to live better and be happier. He writes about personal growth, spirituality and productivity. Email: anooptabraham@yahoo.co.in

Related Articles

Next Story

Videos

Share it