ആമസോണും വാള്‍മാര്‍ട്ടും നിങ്ങളെ പഠിപ്പിക്കുന്ന ഒരു ബിസിനസ് തന്ത്രം ഇതാണ്

ചൂടുള്ള, ഇപ്പോള്‍ ബേക്ക് ചെയ്‌തെടുത്ത പുതിയ ബ്രെഡ് ബേക്കറിയിലെ ഷെല്‍ഫിലേക്ക് വെയ്ക്കുകയാണ്. അതിന്റെ ഗന്ധം അവിടെയാകെ പരക്കുന്നു. ബേക്കറിയിലേക്ക് കടന്നു വരുന്നവര്‍ ആ ഗന്ധം ആസ്വദിക്കുന്നു, അതില്‍ ആകൃഷ്ടരാകുന്നു. വളരെവേഗം തന്നെ ബ്രെഡുകള്‍ വിറ്റുതീരുന്നു.

പുസ്തകം വാങ്ങുവാന്‍ നിങ്ങള്‍ ബുക്ക് സ്‌റ്റോറില്‍ കയറുന്നു. പുസ്തകങ്ങള്‍ മറിച്ചു നോക്കുന്നു. ചില പേജുകള്‍ വായിക്കുന്നു. പുസ്തകത്തിന്റെ പേജുകള്‍ വിടര്‍ത്തി മുഖത്തോടടുപ്പിച്ച് അതിന്റെ പുതുമയുള്ള ഗന്ധം ആസ്വദിക്കുന്നു. ആ ഗന്ധം നിങ്ങളുടെ ചുണ്ടിലേക്ക് ഒരു ചിരി കൊണ്ടുവരുന്നു, ഗൃഹാതുരത്വം തുളുമ്പുന്ന ഓര്‍മ്മകള്‍ ഉണരുന്നു.

അനുഭവങ്ങളായി നമുക്കിതിനെയൊക്കെ കാണാം. ചില സ്ഥലങ്ങള്‍ സമ്മാനിക്കുന്ന മനസില്‍ തങ്ങി നില്‍ക്കുന്ന അനുഭവങ്ങള്‍. ബിസിനസിലെ ഇത്തരം അനുഭവങ്ങളാണ് കസ്റ്റമേഴ്‌സിനെ ബിസിനസുമായി ബന്ധിപ്പിക്കുന്നത്. ഇത്തരം അനുഭവങ്ങള്‍ക്ക് വേണ്ടി കൂടിയാണ് അവര്‍ ചില ബിസിനസിടങ്ങള്‍ തേടിയെത്തുന്നതും.

ഓണ്‍ലൈന്‍ ബിസിനസ് ഭീമന്മാരായ ആമസോണ്‍ തങ്ങളുടെ ഓഫ്‌ലൈന്‍ റീറ്റെയില്‍ സ്‌റ്റോറുകള്‍ ആരംഭിച്ചത് ഇത്തരം അനുഭവങ്ങള്‍ ഇഷ്ടപ്പെടുന്ന കസ്റ്റമേഴ്‌സിനെ ലക്ഷ്യമിട്ടാണ്. ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ നിന്നും തികച്ചും വ്യത്യസ്തങ്ങളായ അനുഭവങ്ങള്‍ പ്രതീക്ഷിക്കുന്ന ഉപഭോക്താക്കള്‍ ഉണ്ടെന്ന് അവര്‍ തിരിച്ചറിഞ്ഞു. ആമസോണിന്റെ റീറ്റെയില്‍ ഫുഡ് സ്‌റ്റോറുകള്‍, ഗ്രോസ്സറി സ്‌റ്റോറുകള്‍, ബുക്ക് സ്‌റ്റോറുകള്‍ എന്നിവ കസ്റ്റമേഴ്‌സിന് വേറിട്ട അനുഭവങ്ങള്‍ സമ്മാനിക്കുന്നു. തങ്ങളുടെ ഓണ്‍ലൈന്‍ ബിസിനസ് മോഡലിനൊപ്പം പരമ്പരാഗത റീറ്റെയില്‍ മോഡല്‍ കൂടി ആമസോണ്‍ കൂട്ടിച്ചേര്‍ത്തു.

നിങ്ങള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങുന്നതാണ് താല്‍പ്പര്യം എന്ന് കരുതുക. അതിന് നിങ്ങള്‍ക്ക് നിങ്ങളുടേതായ കാരണങ്ങളുണ്ട്. സമയലാഭം, അതി വിപുലമായ സെലക്ഷനുകള്‍, വ്യത്യസ്ത ബ്രാന്‍ഡുകള്‍, വിലക്കുറവ്, ഓഫറുകള്‍, വീട്ടില്‍ സാധനമെത്തും അങ്ങനെ പല പ്രയോജനങ്ങളും ഓണ്‍ലൈന്‍ പര്‍ച്ചേസില്‍ നിങ്ങള്‍ കാണുന്നു. പരമ്പരാഗത റീറ്റെയില്‍ സ്‌റ്റോറില്‍ പോയി എന്തിന് സമയം മിനക്കെടുത്തണം എന്ന് ചിന്തിക്കുന്നൊരാളാണ് നിങ്ങള്‍.

പരമ്പരാഗത റീറ്റെയില്‍ ബിസിനസിലെ ആഗോള ചക്രവര്‍ത്തി വാള്‍മാര്‍ട്ട് നിങ്ങളെപ്പോലുള്ള കസ്റ്റമേഴ്‌സിനെ ലക്ഷ്യം വെച്ച് ഓണ്‍ലൈന്‍ ബിസിനസിലേക്ക് ചുവട് വെച്ച് കഴിഞ്ഞു. പരമ്പരാഗത ഷോപ്പിംഗ് രീതികള്‍ ഇഷ്ടപ്പെടാത്ത ഉപഭോക്താക്കളെക്കൂടി തങ്ങളിലേക്ക് എത്തിക്കുകയാണ് വാള്‍മാര്‍ട്ട് ചെയ്യുന്നത്. പരമ്പരാഗത ഷോപ്പിംഗ് അനുഭവങ്ങളില്‍ നിന്നും വ്യത്യസ്തമായ ഓണ്‍ലൈന്‍ അനുഭവം കസ്റ്റമേഴ്‌സിന് വാള്‍മാര്‍ട്ട് നല്‍കുന്നു. അതിനൊപ്പം തന്നെ ആ പഴയ റീറ്റെയില്‍ ഷോപ്പിംഗ് അനുഭവവും ഓഫ്‌ലൈന്‍ സ്‌റ്റോറുകളില്‍ ലഭ്യമാക്കുന്നു.

വാള്‍മാര്‍ട്ട് തങ്ങളുടെ പരമ്പരാഗത ബിസിനസ് മോഡലായ റീറ്റെയില്‍ സ്‌റ്റോറുകള്‍ക്കൊപ്പം (ബ്രിക്‌സ്) ആധുനിക മോഡലായ ഓണ്‍ലൈന്‍ സ്‌റ്റോറുകളും (ക്ലിക്‌സ്) കൂട്ടിച്ചേര്‍ക്കുന്നു. ആമസോണ്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ക്കൊപ്പം (ക്ലിക്‌സ്) ഓഫ്‌ലൈന്‍ റീറ്റെയില്‍ സ്‌റ്റോറുകള്‍ (ബ്രിക്‌സ്) കൂട്ടിച്ചേര്‍ക്കുന്നു. രണ്ടും ബിസിനസിന്റെ അവിഭാജ്യഘടകങ്ങളായി അവര്‍ വിലയിരുത്തുന്നു.

വര്‍ഷങ്ങളുടെ അനുഭവസമ്പത്ത് ഇതിനായി അവര്‍ക്കു മുതല്‍ക്കൂട്ടായി. ബിസിനസില്‍ നിന്നും സ്വാംശീകരിച്ച അറിവും അനുഭവങ്ങളും അത് നല്‍കിയ പാഠങ്ങളും മറ്റൊരു സെയില്‍സ് ചാനല്‍ കൂടി ബിസിനസിലേക്ക് എളുപ്പത്തില്‍ ഘടിപ്പിക്കുവാന്‍ അവര്‍ക്ക് തുണയായി. ബ്രിക്‌സ് എന്ന പരമ്പരാഗത മോഡലിന്റെയും ക്ലിക്‌സ് എന്ന ആധുനിക മോഡലിന്റെയും പ്രസക്തിയും ശക്തിയും പരസ്പരം അവര്‍ തിരിച്ചറിഞ്ഞു എന്നത് നമുക്ക് വലിയൊരു പാഠം തന്നെയാണ്.

ബ്രിക്‌സ് ആന്‍ഡ് ക്ലിക്‌സ് (Bricks & Clicks) എന്ന ബിസിനസ് തന്ത്രം നമുക്കും പിന്തുടരാവുന്ന ഒന്നാണ്. പരമ്പരാഗത റീറ്റെയില്‍ ബിസിനസുകളിലുള്ളവര്‍ക്ക് ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനെക്കുറിച്ചും ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ ഉള്ളവര്‍ക്ക് ഓഫ്‌ലൈന്‍ റീറ്റെയില്‍ സ്‌റ്റോറുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനെക്കുറിച്ചും ഇനി ചിന്തിച്ചു തുടങ്ങാം.


Dr Sudheer Babu
Dr Sudheer Babu  

Related Articles

Next Story

Videos

Share it