

ബിസ്മി എന്ന പേര് കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ മലയാളിക്ക് ഓര്‍മ വരുന്നത് സൂപ്പര്‍മാര്‍ക്കറ്റോ ഗൃഹോപകരണവില്പന ശൃംഖലയോ ആകാം. എന്നാല്‍ ഏകദേശം 35-40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്‌കൂളില്‍ പഠിച്ച എന്റെ തലമുറയ്ക്ക് ബിസ്മി ഒരു പേനയാണ്. വെറുമൊരു പേനയല്ല, മറിച്ചു അവര്‍ക്ക് എല്ലാവര്‍ക്കും സ്വന്തമാക്കാന്‍ കഴിയുന്ന ഒരേയൊരു പേന. ഏത് പെട്ടിക്കടയിലും പേനയെന്നു ചോദിച്ചാല്‍ എടുത്തു തരാന്‍ ഈ ഒരു ബിസ്മി മാത്രമേ അന്നുണ്ടായിരുന്നുള്ളൂ. അത് ബാള്‍ പേനയായാലും മഷിപ്പേനയായാലും ബിസ്മിയല്ലാതെ മറ്റൊരു പേന എന്റെ ഓര്‍മയിലില്ല.
അക്കാലത്ത് ബിസ്മിയുടെ ഈ മൊണോപ്പൊളി വല്ലപ്പോഴുമോക്കെ തകരുന്നത് ക്ലാസിലെ ഏതെങ്കിലും ഒരു കുട്ടിയുടെ അച്ഛനോ മാമനോ ഗള്‍ഫില്‍ നിന്ന് കൊണ്ട് വരുന്ന ഹീറോ പേനയുടെ മുന്നില്‍ മാത്രമായിരുന്നു. എന്നാല്‍ എണ്‍പതുകളുടെ പകുതിയോടെ സീന്‍ മൊത്തം മാറി.
നമ്മുടെ സ്വന്തമെന്ന് നമ്മള്‍ കരുതിയ അമേരിക്കന്‍ പേന താരം റെയ്‌നോള്‍ഡ്‌സ്, ജിഎം പെന്‍സ് ഇന്റര്‍നാഷണല്‍ എന്ന ഇന്ത്യന്‍ കമ്പനിയുമായി കൈ കോര്‍ത്തതോടെ റെയ്നോള്‍ഡ്സിന്റെ സൂപ്പര്‍ ഹീറോ ബാള്‍ പെന്‍ 045 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രിയ പേനയായി മാറി. ക്രിക്കറ്റ് ദൈവം കൂടി റെയ്‌നോള്‍ഡ്‌സ് ബ്രാന്‍ഡ് അംബാസഡര്‍ ആയി എത്തിയപ്പോള്‍ ഈ നീല ടോപ്പുള്ള വെള്ളക്കാരന്‍ ഭാരതീയര്‍ക്ക് സ്വന്തം നാട്ടുകാരനായി. അപ്പോഴേക്കും ബിസ്മി എന്ന പേനയും കമ്പനിയും മലയാളികളുടെ മനസില്‍ നിന്ന് മാഞ്ഞു പോയിരുന്നു.
അമേരിക്കക്കാരന്‍ റെയ്നോള്‍ഡ്സിന് ചെക്ക് വെച്ചത് പാന്‍ പരാഗിന്റെ നിര്‍മാതാക്കളായ കോത്താരി ഗ്രൂപ്പില്‍ നിന്ന് ജന്മമെടുത്ത റോട്ടോമാക് എന്ന തനി നാടന്‍ പേനകളായിരുന്നു. സാക്ഷാല്‍ സല്‍മാന്‍ ഖാന്‍ ബ്രാന്‍ഡ് അംബാസഡറായി റോട്ടോമാക് വന്നപ്പോള്‍ റോറിറ്റോ എന്ന പേനയ്ക്ക് സച്ചിന്‍ തെണ്ടുല്‍ക്കര്‍ വീണ്ടുമൊരിക്കല്‍ കൂടി ബ്രാന്‍ഡ് അംബാസഡര്‍ കുപ്പായമണിഞ്ഞു. പിന്നീടങ്ങോട്ട് ലക്‌സറും ലിങ്കും സെല്ലോയും ഫ്‌ളെയറുമൊക്കെ പേനകള്‍ വെള്ളേപ്പങ്ങാടിയില്‍ വെള്ളേപ്പം ചുട്ടിടുന്ന പോലെ ഇന്ത്യന്‍ വിപണി നിറച്ചു.
അപ്പോഴും വിദേശത്ത് നിന്നെത്തുന്ന പാര്‍ക്കര്‍, ഷീഫെര്‍സ് തുടങ്ങിയ പേനകള്‍ ബിസിനസുകാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയോമൊക്കെ പോക്കറ്റുകളില്‍ സ്റ്റാറായി വിലസിയിരുന്നു. പാര്‍ക്കര്‍ പേനയോക്കെ നമ്മളൊക്കൊണ്ടു വാങ്ങാന്‍ പറ്റുമോ എന്നാലോചിച്ചു തലപുകഞ്ഞ മലയാളിക്ക് മുന്നിലാണ് ഇന്ത്യന്‍ പേന നിര്‍മാതാക്കളിലെ തലമുതിര്‍ന്ന ബ്രാന്‍ഡായ ലക്‌സര്‍ പാര്‍ക്കര്‍ പേനയെ വെറും നൂറ്റമ്പത് രൂപയില്‍ താഴെ വിലക്ക് ഇന്ത്യന്‍ വിപണിയില്‍ വില്പനക്കെത്തിച്ചത്.
1963ല്‍ ഡി.കെ ജെയിന്‍ എന്ന വ്യവസായി വെറും അഞ്ചു ജീവനക്കാര്‍ മാത്രമായി തുടങ്ങിയ ലക്‌സറാണ് ജാപ്പനീസ് പേനയായ പൈലറ്റിനെ ഇന്ത്യയില്‍ എത്തിച്ചത്. 1996ല്‍ പാര്‍ക്കറുമായി കൈകോര്‍ത്ത ലക്‌സര്‍ പിന്നീട് 2003 ഫ്രഞ്ച് പേനക്കമ്പനിയായ വാട്ടര്‍മാനും തങ്ങളുടെ ബ്രാന്‍ഡ് പോര്‍ട്ടഫോളിയോയില്‍ കൂട്ടി ചേര്‍ത്തു. ഒപ്പം ജര്‍മന്‍ ബ്രാന്‍ഡായ ഷനൈഡറും ലക്‌സര്‍ ഇന്ത്യയില്‍ എത്തിച്ചു. 2000 ത്തിന്റെ അവസാനത്തോടെ എന്തൊക്കെ പേനകളാണ് ഈ കൊച്ചു കേരളത്തിലുള്ളതെന്ന് നേരിട്ട് കാണാന്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലെ ഓഫീസ് സ്റ്റേഷനറി സെക്ഷന്‍ വഴിക്കൊന്ന് നടന്നാല്‍ മാത്രം മതി.
അടുത്ത് കൊച്ചിയിലെ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റിലെ സ്റ്റേഷനറി സെക്ഷനില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന മോ ബ്‌ളാ മുതല്‍ കാശിനെട്ട് കിട്ടുന്ന പെന്റോണിക് വരെ നെഞ്ചും വിരിച്ചിരിക്കുന്ന കാഴ്ചകണ്ടു അന്തം വിട്ടു നില്‍ക്കുമ്പോള്‍ തൊട്ടടുത്ത് നില്‍ക്കുന്ന ജെന്‍ സി പയ്യനോട് ഞാന്‍ വെറുതെ ചോദിച്ചു, ഏതാ നിന്റെ പേനയുടെ ബ്രാന്‍ഡ്...
അവന്‍ എന്നെ ഒരു വിചിത്ര ജീവിയെന്ന പോലെ നോക്കി മൊഴിഞ്ഞു
"പേനക്കൊക്കെ എന്ത് ബ്രാന്‍ഡ്, എഴുതിയാ പോരേ!"
മകള്‍ കഴിഞ്ഞ പിറന്നാളിന് സമ്മാനമായി തന്ന 'ലാമി' പേന ഇപ്പോഴും എഴുതിക്കഴിഞ്ഞാല്‍ അതിന്റെ പെട്ടിയില്‍ തന്നെ ഭദ്രമായി സൂക്ഷിച്ചു വെക്കുന്ന ഞാന്‍ മനസില്‍ പറഞ്ഞു
ബ്രാന്‍ഡ് ലോയല്‍റ്റി ചത്തു. ജെന്‍ സി കൊന്നു.
Read DhanamOnline in English
Subscribe to Dhanam Magazine