പവിറ്റര്‍ സിംഗും മെയ് ജോയും വിജയവഴി വെട്ടിയത് കണ്ടുപഠിക്കാം

മൈ ലെഫ്റ്റും സിവയും സംരംഭകര്‍ക്ക് പറഞ്ഞുതരുന്ന മികച്ചൊരു സ്ട്രാറ്റജിയുണ്ട്. അതറിയാം
Backward Invention and Reverse Innovation by Dr Sudheer Babu
Published on

പവിറ്റര്‍ സിംഗിന്റെറ മകന് എട്ട് വയസായി. അതുവരെ സ്‌കൂളില്‍ പെന്‍സില്‍ കൊണ്ട് എഴുതിയിരുന്നയാള്‍ക്കിനി പേനയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. മകന്‍ പേന കൊണ്ട് പുസ്തകത്തില്‍ എഴുതുമ്പോള്‍ അതുവരെ ശ്രദ്ധിക്കാതിരുന്ന ഒരു പ്രശ്‌നം പവിറ്റര്‍ സിംഗ് കണ്ടെത്തി. മകന് ക്ലാസിലെ മറ്റ് കുട്ടികള്‍ എഴുതുന്ന വേഗതയില്‍ പേന കൊണ്ട് എഴുതാന്‍ സാധിക്കുന്നില്ല. എഴുതുമ്പോള്‍ താന്‍ എഴുതുന്നത് എന്താണ് എന്ന് മകന് കാണുവാന്‍ കഴിയുന്നില്ല. കാരണം പവിറ്റര്‍ സിംഗിന്റെ മകന്‍ ഒരു ഇടംകൈയ്യനായിരുന്നു.

മകന്റെ പ്രവൃത്തികള്‍ ശ്രദ്ധിക്കുന്തോറും ഈ അസാധാരണത്വം പവിറ്റര്‍ സിംഗിന്റെ ചിന്തകളെ അലട്ടി. എന്തുകൊണ്ടാണ് ഇടംകൈയ്യനായ തന്റെ മകന് മറ്റ് കുട്ടികള്‍ ചെയ്യുന്നത് പോലെ സുഗമമായി കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കുന്നില്ല എന്ന് ചിന്തിച്ച് അയാള്‍ ദുഃഖിതനായി. അധികം താമസിയാതെ തന്നെ അതിന്റെ ഉത്തരവും അയാള്‍ കണ്ടെത്തി. തന്റെ മകന്‍ ജീവിക്കുന്നത് വലംകൈയ്യന്മാര്‍ക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ട ഒരു ലോകത്തിലാണ്. അവന്റെ പുസ്തകങ്ങള്‍, പേനകള്‍, ഇരിക്കാന്‍ ഉപയോഗിക്കുന്ന കസേര അങ്ങിനെ ഓരോന്നും വലംകൈയ്യന്മാര്‍ക്ക് വേണ്ടിയാണ് രൂപകല്‍പ്പന (Design) ചെയ്തിരിക്കുന്നത്.

2016 ല്‍ പവിറ്റര്‍ സിംഗ് ഇടംകൈയ്യന്മാര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ മാത്രം വില്‍ക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഷോപ്പ് തുറന്നു. ഇടംകൈയ്യന്മാര്‍ക്കുള്ള സ്‌കൂള്‍ സ്‌റ്റേഷനറി മുതല്‍ ക്രിക്കറ്റ് ഉപകരണങ്ങള്‍ വരെ അവിടെ ലഭ്യമാക്കി. 'മൈ ലെഫ്റ്റ്' (MyLeft) എന്ന സ്വന്തം ബ്രാ്ന്‍ഡിനും പവിറ്റര്‍ സിംഗ് രൂപം നല്‍കി. ഇടംകൈയ്യന്മാര്‍ എഴുതാനുപയോഗിക്കുന്ന നോട്ട്ബുക്കിന്റെ പ്രത്യേകത നിങ്ങള്‍ക്കറിയുമോ? അതിന്റെ ബൈന്‍ഡിംഗ് ശ്രദ്ധിക്കുക. അത് വലതുഭാഗത്താണ്. ഈ അറിവുകള്‍ വളരെ രസകരമാണ്, അല്ലേ?

ഇടംകൈയ്യന്മാര്ക്ക്  ആവശ്യമായ ഉല്‍പ്പന്നങ്ങളുടെ ആ വിപണിയെ നമുക്ക് ഒരു നീഷ് മാര്‍ക്കറ്റ് (Niche Market) എന്ന് വിളിക്കാം. വലംകൈയ്യന്മാര്‍ക്കുള്ള അതിവിശാലമായ വിപണിയുടെ വളരെ അനന്യമായ (Unique) ഒരു കഷ്ണം മാത്രമാണത്. ഇടംകൈയ്യന്മാര്‍ എന്ന സവിശേഷ ഉപഭോക്താക്കളെ മാത്രമാണ് ഈ ബിസിനസ് ലക്ഷ്യമിടുന്നത്. അതിബൃഹത്തായ വിപണിയിലെ പ്രത്യേക ആവശ്യങ്ങളുള്ള ഉപഭോക്താക്കളെ കണ്ടെത്തുകയും അവര്‍ക്കായി ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ നല്‍കുകയും ചെയ്യുമ്പോള്‍ അത് നീഷ് (Niche) ബിസിനസ് സ്ട്രാറ്റജിയായി മാറുന്നു.

തന്റെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുന്ന വേളയിലാണ് ആ ബുദ്ധിമുട്ട് മെയ് ജോയ് തിരിച്ചറിഞ്ഞത്. മാറിവരുന്ന തന്റെ ശരീരപ്രകൃതിക്ക് യോജിച്ച, ഒരു ഗര്‍ഭിണിക്ക് സൗകര്യപ്രദമാകുന്ന വസ്ത്രങ്ങള്‍ ലഭ്യമാകുന്നില്ല. ഇത് അത്തരം വസ്ത്രങ്ങളുടെ ആവശ്യകത മെയ് ജോയിയെ ബോധ്യപ്പെടുത്തി. 2012 ല്‍ ഗര്‍ഭിണികള്‍ക്ക് മാത്രമായുള്ള വസ്ത്രശേഖരവുമായി ആദ്യത്തെ ബ്രാന്‍ഡഡ് ഷോപ്പ് 'ZIVA' കേരളത്തില്‍ മെയ് ജോയ് ആരംഭിച്ചു. തന്റെ ഗര്‍ഭകാലത്തുണ്ടായ അനുഭവം ഒരു നീഷ് മാര്‍ക്കറ്റ് (Niche Market) കണ്ടെത്തുന്നതിലേക്ക് മെയ് ജോയിയെ നയിച്ചു.

നീഷ് മാര്‍ക്കറ്റുകള്‍ പ്രത്യേക വിപണിയിടങ്ങളാണ് (MarketPlace). വിപണിയിലെ പൊതുവായ ഉപഭോക്താക്കളെ അവ ലക്ഷ്യം വെക്കുന്നില്ല. അവയുടെ ലക്ഷ്യം പ്രത്യേക ആവശ്യങ്ങളുള്ള ഉപഭോക്താക്കളുടെ സമൂഹത്തെ കണ്ടെത്തുകയും അവരെ സേവിക്കുകയും ചെയ്യുക എന്നതാണ്. ശുദ്ധ വെജിറ്റേറിയന്‍ റെസ്‌റ്റോറന്റുകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ട്. വെജിറ്റേറിയന്‍ ഭക്ഷണം ഇഷ്ടപ്പെടുന്നവര്‍ക്ക് ഇടയില്‍ നിന്നും ഒരു നീഷ് മാര്‍ക്കറ്റ് കണ്ടെത്തുവാന്‍ കഴിയുമോ? അങ്ങിനെ ചിന്തിക്കുമ്പോള്‍ 'വീഗെന്‍സിന്' (Vegans) മാത്രമായി റെസ്‌റ്റോറന്റുകള്‍ രൂപം കൊള്ളുന്നു. അതൊരു നീഷ് മാര്‍ക്കറ്റാണ്.

വിപണിയെ സൂക്ഷ്മമായി നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുക. സ്വന്തം ജീവിതാനുഭവങ്ങളെ ശ്രദ്ധിക്കുക. മറ്റാരുടേയും കണ്ണുകള്‍ ചെന്നെത്താത്ത നീഷ് മാര്‍ക്കറ്റുകള്‍ കണ്ടെത്തുക. അവിടെ വിജയ കഥകള്‍ രചിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com