Begin typing your search above and press return to search.
വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ച് നിങ്ങളറിയേണ്ട ഞെട്ടിപ്പിക്കുന്ന സത്യം
ആത്മീയത, ധ്യാനം, മെറ്റഫിസിക്‌സ് എന്നിവയെ കുറിച്ച് ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിച്ചതിലൂടെ വിവിധ വിഷയങ്ങളെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാടില്‍ ഗണ്യമായ മാറ്റമുണ്ടായി.
എന്നാല്‍ കുട്ടിക്കാലം മുതല്‍ മാറിയിട്ടില്ലാത്ത ഒന്ന് വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാടാണ്. പഠനത്തെ ഉത്തേജിപ്പിക്കുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നു എന്നതാണ് സ്‌കൂളകളെ കുറിച്ചുള്ള ധാരണ. എന്നാല്‍ കുട്ടികളുടെ സഹജമായ ജിജ്ഞാസയെയും പഠിക്കാനുള്ള താല്‍പ്പര്യത്തെയും കെടുത്തിക്കളയുകയാണ് ഇതെന്നതാണ് വൈരുധ്യം.
ഇത് ബുദ്ധിശൂന്യമായ അനുവര്‍ത്തിത്വം പ്രോത്സാഹിപ്പിക്കുകയും വ്യത്യസ്ത കഴിവുകളും താല്‍പ്പര്യങ്ങളും അഭിലാഷങ്ങളുമുള്ള നാമെല്ലാവരും അനന്യ വ്യക്തിത്വങ്ങളാണെന്ന വസ്തുത സൗകര്യപൂര്‍വം അവഗണിക്കുകയും ചെയ്യുന്നു. സ്‌കൂളുകള്‍ സ്വതന്ത്രമായ ചിന്തകളെ പ്രോത്സാഹിപ്പിക്കാതിരിക്കുകയും സ്റ്റാൻഡേർഡ് പരീക്ഷകള്‍ നടത്തി ഒരാളുടെ ബൗദ്ധിക നിലവാരം നിര്‍ണയിക്കുന്ന സൂചകമായി അതിനെ കാണുകയും ചെയ്യുന്നു.
ഈ സംവിധാനം ഒരിക്കലും എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ക്ലാസില്‍ എന്നെ പഠിപ്പിച്ച കാര്യങ്ങളില്‍ ഭൂരിഭാഗവും യഥാര്‍ത്ഥ ജീവിതത്തില്‍ എങ്ങനെ പ്രയോഗിക്കാനാവുമെന്ന് ഞാന്‍ ചിന്തിക്കുമായിരുന്നു.
എന്നാല്‍ നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഉത്ഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അതിൻ്റെ ഉദ്ദേശ്യം പിടികിട്ടിയത്. മാത്രമല്ല, എന്തിനു വേണ്ടിയാണോ അത് രൂപകല്‍പ്പന ചെയ്തത് അക്കാര്യം നിറവേറ്റുന്നതായും കണ്ടെത്തി.
വിദ്യാര്‍ത്ഥികളില്‍ പഠനം, ജിജ്ഞാസ, വിമര്‍ശനാത്മക ചിന്ത എന്നിവ പരിപോഷിപ്പിക്കുക എന്നത് നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ലക്ഷ്യമല്ലെന്നും സത്യത്തില്‍ നേരെ മറിച്ചാണ് ഉദ്ദേശ്യമെന്നും ഞാന്‍ പറഞ്ഞാല്‍ എങ്ങനെയിരിക്കും?
ഈ ലേഖനത്തില്‍, വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അമ്പരപ്പിക്കുന്ന ഉത്ഭവവും ലക്ഷ്യവും വെളിപ്പെടുത്തിക്കൊണ്ട് മുകളിലെ പ്രസ്താവനയെ ശരിവെക്കുന്ന തരത്തിലുള്ള വിവിധ എഴുത്തുകാരുടെ അഭിപ്രായങ്ങള്‍ നിങ്ങളുമായി പങ്കിടാനാണ് ഉദ്ദേശിക്കുന്നത്.
വിദ്യാഭ്യാസത്തിന്റെ 'ഫാക്ടറി മോഡല്‍'
പ്രശസ്ത എഴുത്തുകാരനായ ആല്‍വിന്‍ ടോഫ്‌ലര്‍ 1970 കളില്‍ പ്രസിദ്ധീകരിച്ച തന്റെ ഫ്യൂച്ചര്‍ ഷോക്ക് എന്ന പുസ്തകത്തില്‍ നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഉത്ഭവത്തെ കുറിച്ച് വിശദീകരിക്കുന്നുണ്ട്.
' അമേരിക്കന്‍ വിദ്യാഭ്യാസ മാതൃക (ഇന്ത്യയിലും ലോകത്തിന്റെ മറ്റിടങ്ങളിലും പിന്തുടരുന്ന അതേ മാതൃക) യഥാര്‍ത്ഥത്തില്‍ പതിനെട്ടാം നൂറ്റാണ്ടിലെ പ്രഷ്യന്‍ മാതൃകയില്‍ നിന്ന് പകര്‍ത്തിയതാണ്. അനുസരണയുള്ള പൗരന്മാരെയും ഫാക്ടറി തൊഴിലാളികളെയും സൃഷ്ടിക്കാന്‍ രൂപകല്‍പ്പന ചെയ്തത്'. (ചരിത്രപരമായി പ്രാധാന്യമുള്ള ജര്‍മന്‍ സംസ്ഥാനമായിരുന്നു പ്രഷ്യ).
വ്യവസായത്തിന് ആവശ്യമായ തൊഴിലാളികളെ വാര്‍ത്തെടുക്കുന്നതിനായി ഉണ്ടാക്കിയ തന്ത്രപരമായ ഒരു മെഷിനറിയായിരുന്നു ബഹുജന വിദ്യാഭ്യാസം എന്നത്.
ഒരു പുതിയ ലോകത്തോട് കുട്ടികളെ എങ്ങനെ പൊരുത്തപ്പെടുത്താം- ആ ലോകം എന്നു പറയുന്നത് തുടര്‍ച്ചയായ അധ്വാനം, പുക, ശബ്ദം, യന്ത്രങ്ങള്‍, തിങ്ങിനിറഞ്ഞുള്ള ജീവിത സാഹചര്യം, അച്ചടക്കം, സൂര്യന്റെയും ചന്ദ്രന്റെയും ചംക്രമണത്തിനനുസരിച്ചല്ലാതെ ഫാക്ടറിയിലെ വിസില്‍ ശബ്ദത്തിനനുസരിച്ച് നീങ്ങുന്ന സമയക്രമം ഉള്ളിടം.
ഈ പുതിയ ലോകത്തിനും ഘടനയ്ക്കും അനുസരിച്ചുള്ള ഒരു വിദ്യാഭ്യാസ സമ്പ്രദായമായിരുന്നു അതിനുള്ള പോംവഴി.
കേന്ദ്രീകൃതമായി സ്ഥിതി ചെയ്യുന്ന ഒരു സ്‌കൂളില്‍ (ഫാക്ടറി) അധ്യാപകരാല്‍ (തൊഴിലാളികള്‍) സംസ്‌കരിക്കുന്നതിനായി വിദ്യാര്‍ത്ഥികളെ (അസംസ്‌കൃത വസ്തുക്കള്‍) ഒരുമിച്ച് കൂട്ടുക എന്ന ആശയം വ്യാവസായിക ബുദ്ധി തന്നെയായിരുന്നു.
വിദ്യാഭ്യാസത്തിന്റെ മുഴുവന്‍ ഭരണാധികാര ശ്രേണിയും വളര്‍ച്ചയില്‍ വ്യവസായ ബ്യൂറോക്രസിയുടെ മാതൃകയാണ് പിന്തുടര്‍ന്നത്.
കുട്ടികള്‍ ഒരിടത്തു നിന്നു മറ്റൊരിടത്തേക്ക് മാര്‍ച്ച് ചെയ്യുകയും നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ ഇരിക്കുകയും ചെയ്തു. സമയമാറ്റങ്ങള്‍ അറിയിക്കാന്‍ മണികള്‍ മുഴങ്ങി.
അങ്ങനെ സ്‌കൂള്‍ എന്നത് വ്യാവസായിക സമൂഹത്തിനു നേരെ പിടിച്ച കണ്ണാടിയായി മാറി.
' ഫാക്ടറി മാതൃകയില്‍ സൃഷ്ടിച്ച ബഹുജന വിദ്യാഭ്യാസം അടിസ്ഥാന വായന, എഴുത്ത്, ഗണിതശാസ്ത്രം, കുറച്ച് ചരിത്രം, മറ്റ് വിഷയങ്ങള്‍ എന്നിവ പഠിപ്പിച്ചു. ഇത് പ്രത്യക്ഷത്തിലുള്ള പാഠ്യപദ്ധതി.
അതിനുള്ളില്‍ കൂടുതല്‍ അടിസ്ഥാനപരമായ രഹസ്യ പാഠ്യപദ്ധതി ഉണ്ടായിരുന്നു. അതില്‍ മൂന്നു കോഴ്‌സുകള്‍ ഉള്‍പ്പെടുന്നു. കൃത്യനിഷ്ഠ, വിധേയത്വം, തുടര്‍ച്ചയായ ജോലി. വിശ്വസനീയരും ഉല്‍പ്പാദന ക്ഷമതയുള്ളവരുമായ ഫാക്ടറി തൊഴിലാളികളെ സൃഷ്ടിക്കുന്നതിനുള്ള അടിസ്ഥാന പരിശീലനമായിരുന്നു അത്.
മാനേജ്‌മെന്റിനെ ചോദ്യം ചെയ്യാതെ അനുസരിക്കുന്ന ഫാക്ടറി തൊഴിലാളികളെയായിരുന്നു ആവശ്യമുണ്ടായിരുന്നത്. ഏറെ നേരം യന്ത്രങ്ങളിലും ഓഫീസുകളിലും ജോലി ചെയ്യാന്‍ തയാറുള്ള അടിമകളായ പുരുഷന്മാരെയും സ്ത്രീകളെയും ഇത് ആവശ്യപ്പെട്ടു.' (ആല്‍വിന്‍ ടോഫ്‌ലറുടെ ഫ്യൂച്ചര്‍ ഷോക്കിലെ പ്രയോഗം)
എന്നിരുന്നാലും ടോഫ്‌ലറുടെ വിവരണത്തിന് വിരുദ്ധമായി, വിദ്യാഭ്യാസത്തിന്റെ പ്രഷ്യന്‍ മാതൃക 'ഫാക്ടറി തൊഴിലാളി'കളെ സൃഷ്ടിക്കുന്നതിനു പകരം പൗരന്മാരില്‍ അച്ചടക്കവും അനുസരണയും വളര്‍ത്താന്‍ ഉണ്ടാക്കിയതാണെന്ന് ചിലര്‍ വാദിക്കുന്നു.
എന്നിരുന്നാലും വ്യാവസായിക വത്കരണത്തിന്റെ വ്യാപനം അനുസരണയുള്ളവരും സാക്ഷരരുമായ തൊഴിലാളികളുടെ ആവശ്യകത സൃഷ്ടിച്ചുവെന്ന വസ്തുത മിക്കവരും സമ്മതിക്കുന്നു. അതുകൊണ്ട് വ്യവസായികളുടെ വലിയ പിന്തുണയോടെ ഈ സംവിധാനം യുഎസ്, യുകെ അടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ അനുകരിച്ചു.
ഗവേഷകനായ പീറ്റര്‍ ഗ്രേയുടെ എ ബ്രീഫ് ഹിസ്റ്ററി ഓഫ് എഡ്യുക്കേഷന്‍ എന്ന പുസ്തകത്തില്‍ നിന്ന് എടുത്ത വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ചുള്ള ഉദ്ധരണിയാണ് ചുവടെ.
'സ്റ്റാര്‍ഡേര്‍ഡ് സ്‌കൂളുകള്‍ എന്താണെന്ന് മനസ്സിലാക്കണമെങ്കില്‍ അവ യുക്തിപരമായ ആവശ്യകതയുടേയോ ശാസ്ത്രീയ ഉള്‍ക്കാഴ്ചയുടേയോ ഉല്‍പ്പന്നങ്ങളാണെന്ന ആശയം നാം ഉപേക്ഷിക്കണം. പകരം അവ, ചരിത്രത്തിന്റെ ഉല്‍പ്പന്നങ്ങളാണ്. ഇന്ന് നിലവിലുള്ളതു പോലുള്ള സ്‌കൂളിംഗ് ചരിത്രപരമായ വീക്ഷണകോണില്‍ നിന്ന് നോക്കുമ്പോള്‍ മാത്രമാണ് അര്‍ത്ഥവത്തായി തോന്നുക.
സാര്‍വത്രികവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസത്തിന്റെ ആശയവും പ്രയോഗവും പതിനാറാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ 19 ാം നൂറ്റാണ്ട് വരെ ക്രമേണവികസിക്കുകയിയിരുന്നു.
കുട്ടികള്‍ പഠിക്കേണ്ട പാഠങ്ങളെ കുറിച്ച് എല്ലാവര്‍ക്കും അവരുടേതായ അജണ്ടകളുള്ള ഏറെ പിന്തുണയുള്ള ഒരാശയമായിരുന്നു ഇത്. ' വ്യവസായികളായ തൊഴിലുടമകള്‍ മികച്ച തൊഴിലാളികളെ സൃഷ്ടിക്കുന്നതിനുള്ള ഒരു മാര്‍ഗമായാണ് സ്‌കൂള്‍ വിദ്യാഭ്യാസത്തെ കണ്ടത്. അവരെ സംബന്ധിച്ചിടത്തോളം ഏറ്റവും നിര്‍ണായകമായ പാഠങ്ങള്‍, സമയനിഷ്ഠ, നിര്‍ദ്ദേശങ്ങള്‍ പാലിക്കല്‍, മണിക്കൂറുകളോളം മടുപ്പിക്കുന്ന ജോലിയോടുള്ള സഹിഷ്ണുത, വായിക്കാനും എഴുതാനുമുള്ള അടിസ്ഥാന കഴിവ് എന്നിവയായിരുന്നു.
അവരുടെ വീക്ഷണ കോണില്‍ (അവര്‍ അങ്ങനെ പറഞ്ഞിട്ടില്ലെങ്കിലും) സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന വിഷയങ്ങള്‍ ബുദ്ധിയുണര്‍ത്തുന്നത് ആകാതിരിക്കുന്നതായിരുന്നു നല്ലത്.
കുട്ടികളുടെ മനസ്സില്‍ ചില പ്രത്യേക ചിന്താരീതികളും സത്യങ്ങളും ഉറപ്പിക്കുന്നതിനുള്ള മാര്‍ഗമായി സ്‌കൂള്‍ വിദ്യാഭ്യാസത്തെ അവര്‍ കണ്ടു. മനസ്സില്‍ ഉറപ്പിക്കുന്നതിന് അന്നും ഇന്നും അറിയപ്പെടുന്ന ഒരേയൊരു മാര്‍ഗം ആവര്‍ത്തിച്ച് പഠിപ്പിക്കുകയും പഠിപ്പിച്ചതെന്തെന്ന് പരീക്ഷിച്ചറിയുകയുമാണ്.
പാഠങ്ങള്‍ ആവര്‍ത്തിക്കുന്നതും മനഃപാഠമാക്കുന്നതും കുട്ടികള്‍ക്ക് മടുപ്പുളവാക്കുന്ന ജോലിയാണ്. അവരുടെ സഹജാവബോധം അവരെ സ്വതന്ത്രമായി കളിക്കാനും ലോകത്തെ അറിയാനും നിരന്തരം പ്രേരിപ്പിക്കുന്നു.
വയലുകളിലും ഫാക്ടറികളിലും പണിയെടുക്കുന്നതിനോട് പെട്ടെന്ന് പൊരുത്തപ്പെടാത്തതു പോലെ അവര്‍ സ്‌കൂള്‍ വിദ്യാഭ്യാസവുമായും പെട്ടെന്ന് പൊരുത്തപ്പെടില്ല. അതില്‍ അതിശയിക്കാനില്ല.
കുട്ടികളെ സ്‌കൂളില്‍ വിട്ട് പഠിപ്പിക്കണമെങ്കില്‍ അവരുടെ ഇഷ്ടങ്ങളെ അടിച്ചൊതുക്കേണ്ടി വരുമെന്ന് എല്ലാവരും കരുതി. വിദ്യാഭ്യാസ പ്രക്രിയയില്‍ ശിക്ഷകള്‍ കൂടി ഉള്‍പ്പെട്ടു. ചില സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് കളിക്കാനായി ഇടവേള നല്‍കി. എന്നാല്‍ കളി പഠനത്തിനുള്ള മാര്‍ഗമായി കണക്കാക്കപ്പെട്ടിരുന്നില്ല. ക്ലാസ് മുറിയില്‍ കളി പഠനത്തിന്റെ ശത്രുവായിരുന്നു.
കളിയോടുള്ള പതിനെട്ടാം നൂറ്റാണ്ടിലെ സ്‌കൂള്‍ അധികാരികളുടെ മനോഭാവം ജോണ്‍ വെസ്ലിയുടെ റൂള്‍സ് ഫോര്‍ വെസ്ലിയന്‍ സ്‌കൂളിലെ പ്രസ്താവനയില്‍ അടങ്ങിയിരിക്കുന്നു. ' കളിക്കാനുള്ള ദിവസങ്ങള്‍ ഇല്ലാത്തതിനാല്‍ ഒരു ദിവസവും ഞങ്ങള്‍ കളിക്കാനായി സമയം അനുവദിക്കാറില്ല. കാരണം കുട്ടിയായിരിക്കുമ്പോള്‍ കളിക്കുന്നയാള്‍ മുതിരുമ്പോഴും അതു തന്നെ ചെയ്യും.'
19 ഉം 20 ഉം നൂറ്റാണ്ടുകളില്‍ ക്രമേണ ഉയര്‍ന്നു വന്ന പൊതുവിദ്യാഭ്യാസത്തേയാണ് ഇന്ന് പരമ്പരാഗത സ്‌കൂള്‍ വിദ്യാഭ്യാസമായി അംഗീകരിക്കുന്നത്. മുതിര്‍ന്നവര്‍ അവരുടെ ജോലി സ്ഥലത്ത് എട്ടു മണിക്കൂര്‍ സമയം ചെലവഴിക്കുന്നതു പോലെ ഇന്ന് കുട്ടികള്‍ സ്‌കൂളില്‍ അവരുടെ ആറ് മണിക്കൂര്‍ ചെലവഴിക്കുന്നു. കൂടാതെ മറ്റൊരു മണിക്കൂറോ അതിലധികമോ ഗൃഹപാഠത്തിനും പഠനത്തിനായും സ്‌കൂളിന് പുറത്തും ചെലവഴിക്കുന്നു.
കാലക്രമേണ കൂട്ടികളുടെ ജീവിതത്തെ സ്‌കൂള്‍ പാഠ്യക്രമം രൂപപ്പെടുത്തുകയും ചെയ്തു. കുട്ടികള്‍ ഇപ്പോള്‍ ഏകദേശം സാര്‍വത്രികമായി തിരിച്ചറിയുന്നത് സ്‌കൂളിലെ ഗ്രേഡ് (നിലവാരം) കൊണ്ടാണ്. മുതിര്‍ന്നവര്‍ അവരുടെ ജോലിയോ കരിയറോ വഴി അറിയപ്പെടുന്നതു പോലെ.
എല്‍വുഡ് കബര്‍ലിയെ പോലുള്ള നേതാക്കളാണ് ഈ വിദ്യാഭ്യാസ മാതൃക ശാശ്വതമായി ഉറപ്പിച്ചത്. അദ്ദേഹം സ്‌കൂളിനെ തുടര്‍ച്ചയായി ഫാക്ടറിയോട് ഉപമിച്ചു:
' നമ്മുടെ സ്‌കൂളുകള്‍ ഒരര്‍ത്ഥത്തില്‍ ഫാക്ടറികളാണ്. അതില്‍ അസംസ്‌കൃത ഉല്‍പ്പന്നങ്ങള്‍ (കുട്ടികള്‍) രൂപപ്പെടുത്തുകയും ജീവിതത്തിലെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായുള്ള ഉല്‍പ്പന്നങ്ങളാക്കി മാറ്റുകയും ചെയ്യുന്നു. നിര്‍മാണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ 20 ാം നൂറ്റാണ്ടിലെ നാഗരികതയുടെ ആവശ്യങ്ങളില്‍ നിന്നാണ് വരുന്നത്. നിര്‍വചിച്ചിരിക്കുന്ന തരത്തിലുള്ള വിദ്യാര്‍ത്ഥികളെ നിര്‍മിച്ചു നല്‍കുന്ന ബിസിനസാണ് സ്‌കൂളുകളുടേത്. '
അവസാനമായി
ഇന്നത്തെ ലോകത്ത്, ഓരോ വ്യവസായ മേഖലകളിലും വലിയ മാറ്റങ്ങളും നൂതന കാര്യങ്ങളും സംഭവിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ എങ്ങനെയോ വിദ്യാഭ്യാസ സമ്പ്രദായം ദശകങ്ങളായി അതേപടി നിലനില്‍ക്കുന്നു.
തീര്‍ച്ചയായും സ്‌കൂള്‍ പാഠ്യപദ്ധതി വിപുലീകരിച്ചിട്ടുണ്ടാകാം. എന്നാല്‍ വിദ്യാഭ്യാസം നല്‍കുന്ന അടിസ്ഥാന രീതി മാറ്റമില്ലാതെ തുടരുന്നു. സ്‌കൂളുകളും ഫാക്ടറി മോഡലും തമ്മില്‍ ഇന്നും അസാധാരണമായ സമാനതകളുണ്ട്.
നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത് വ്യാവസായിക യുഗത്തിലല്ല. നമ്മുടെ നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായം എന്നത്തേക്കാളും അപ്രസക്തമായിരിക്കുന്ന ഇന്റര്‍നെറ്റിന്റെയും കൃത്രിമ ബുദ്ധി (AI)യുടെയും യുഗത്തിലാണ്.
അതുകൊണ്ടാണ് ഹോം സ്‌കൂളിംഗും പാരമ്പര്യേതര/ബദല്‍ സ്‌കൂളുകളുടെ എണ്ണവും സമീപ ദശകങ്ങളില്‍ വര്‍ധിച്ചു വരുന്നത്. ഉദാഹരണത്തിന് യുഎസില്‍ ഹോം സ്‌കൂളിംഗ് നടത്തുന്ന കുട്ടികളുടെ എണ്ണം 1999 ലെ 8.5 ലക്ഷത്തില്‍ നിന്ന് 2016 ആയപ്പോഴേക്ക് 16.90 ലക്ഷമായി ഉയര്‍ന്നു.
നമുക്ക് നമ്മുടെ സ്‌കൂള്‍ വിദ്യാഭ്യാസം വീണ്ടും ചെയ്യാനാവില്ല. എന്നാല്‍ നമ്മുടെ കുട്ടികള്‍ക്ക് വേണ്ടി ഇത്തരം പഠന രീതികള്‍ സ്വീകരിക്കാവുന്നതാണ്.
For more simple and practical tips to live better and be happier visit Anoop's website: https://www.thesouljam.com
Next Story
Videos