കുടുംബ ബിസിനസില്‍ വിജയം കൈവരിക്കാന്‍ വേണം ഈ 3 കാര്യങ്ങള്‍

കുടുംബ ബിസിനസുകളുടെ എണ്ണം ഇന്ത്യയിൽ അത്ര കുറവല്ല. കൂട്ടു കുടുംബ വ്യവസ്ഥയിലുള്ളതുപോലെ ധാരാളം അംഗങ്ങള്‍ ചേര്‍ന്നതല്ല ഇന്നത്തെ കുടുംബ ബിസിനസുകള്‍. കൂടുതലും പ്രൊഫഷനലുകളായ ഭാര്യയും ഭര്‍ത്താവും ചേര്‍ന്നു നടത്തുന്ന ബിസിനസുകള്‍, മൂന്നോ നാലോ ബന്ധുക്കള്‍ ഒരുമിച്ചുചേര്‍ന്നു നടത്തുന്ന ബിസിനസുകള്‍ തുടങ്ങിയവയാണ് നാട്ടില്‍ വര്‍ധിച്ചുവരുന്നത്. അത്തരം രീതിയില്‍ ബിസിനസ് ചെയ്യാനൊരുങ്ങുമ്പോള്‍ മൂന്ന് കാര്യമാണ് പ്രധാനമായും ശ്രദ്ധിക്കുക.

1. വേണ്ടത് പ്രൊഫഷണല്‍ ബന്ധം:

കുടുംബാംഗങ്ങൾ തമ്മിലുള്ള രക്തബന്ധങ്ങള്‍ക്കപ്പുറത്ത് അവര്‍ ഒരുമിച്ചു ബിസിനസ് ചെയ്യുമ്പോള്‍ നിര്‍ബന്ധമായും നിയമപരമായി ബിസിനസ് ബന്ധം കൂടി ഉറപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. അതായത് വ്യക്തമായ നിയമത്തില്‍ അധിഷ്ഠിതമായ ഒരു കരാര്‍ കുടുംബാംഗങ്ങള്‍ തമ്മില്‍ സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്. അതില്‍ ഏറ്റവും ഉചിതമായ റെജിസ്‌ട്രേഷന്‍ രീതി, ലിമിറ്റഡ് ലിയബിലിറ്റി പാര്‍ട്ണര്‍ഷിപ്പാണ് (LLP).

LLP കരാറില്‍ ഓരോ അംഗത്തിന്റയും ലാഭവിഹിതവും ഡ്യൂട്ടിയും ഉത്തരവാദിത്വവും വ്യക്തമായി എഴുതി തയ്യാറാക്കേണ്ടതുണ്ട്. ഇത് ഭാവിയില്‍ ബിസിനസുമായി ബന്ധപ്പെട്ട് വ്യക്തികള്‍തമ്മില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. കുടുംബ ബന്ധത്തെയും വ്യക്തി ബന്ധത്തെയും കൃത്യമായി വേര്‍തിരിക്കാന്‍ കഴിയുമ്പോഴാണ് ബിസിനെസ്സില്‍ വളര്‍ച്ചയും കുടുംബത്തില്‍ ഐക്യവും ഉണ്ടാകുന്നത്.

2. റോളുകള്‍ നിര്‍വചിക്കുക:

പലപ്പോഴും കുടുംബ ബിസിനസുകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശനം, തീരുമാനം എടുക്കുന്നതിനുള്ള കാലതാമസമാണ്. അതിനുള്ള കാരണം ചെറിയൊരു വിഷയത്തില്‍ തീരുമാനം എടുക്കണമെങ്കില്‍ പോലും കുടുംബത്തിലെ എല്ലാരുമായും ചര്‍ച്ച ചെയ്യേണ്ടിവരുന്നു എന്നതാണ്. മാത്രമല്ല, ആ തീരുമാനത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നത് കുടുംബത്തിലെ മുതിര്‍ന്ന അംഗമായിരിക്കും. കുടുംബത്തിലെ പ്രധാന അംഗമായതുകൊണ്ടുതന്നെ ആ തീരുമാനം തെറ്റാണെങ്കില്‍പോലും ആര്‍ക്കും എതിര്‍ത്തൊന്നും പറയാന്‍ കഴിയുകയില്ല.

LLP കരാറില്‍ ഓരോ അംഗത്തിന്റെയും ഡ്യൂട്ടികള്‍ നിര്‍വചിച്ചിട്ടുണ്ടെങ്കിലും അംഗങ്ങള്‍തമ്മില്‍ പുറമെ ഒരു എഗ്രിമെന്റ് ഉണ്ടാക്കേണ്ടത് അനിവാര്യമാണ്. മാര്‍ക്കറ്റിംഗ്, സെയില്‍സ്, ഫിനാന്‍സ്, അഡ്മിനിസ്‌ട്രേഷന്‍, ഉത്പാദനം തുടങ്ങി ഓരോ ഡിപ്പാര്‍ട്ട്‌മെന്റായി തിരിച്ച് അതില്‍ ഓരോ അംഗങ്ങളെ ചുമതലപെടുത്തുക. ആ ഡിപ്പാര്‍ട്ട്‌മെന്റില്‍ ആ അംഗത്തിനായിരിക്കും തീരുമാനമെടുക്കുന്നതിനുള്ള അവകാശം. അല്ലാത്തപക്ഷം തീരുമാനം എടുക്കുന്നതിനുള്ള കാലതാമസം മൂലം ബിസിനസ്സിന്റെ വളര്‍ച്ച പതിയെയായിരിക്കും.

3. തൊഴില്‍ നല്‍കേണ്ടത്:

ഒരു കുടുംബ ബിസിനസില്‍ ആളുകളെ ജോലിക്കെടുക്കേണ്ട സാഹചര്യം വരുമ്പോള്‍ സ്വാഭാവികമായും കുടുംബത്തിനകത്തു നിന്നുതന്നെ ആളുകളെ എടുക്കാനുള്ള ശുപാര്‍ശ ഉണ്ടാകും. അതൊരിക്കലും ചെയ്യരുത്! കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ ജോലിക്കെടുത്താല്‍, അത് തൊഴിലുടമയ്ക്ക് വലിയ പരിമിതികള്‍ ഉണ്ടാക്കും. ശമ്പളത്തിന്റെ കാര്യത്തിലും, ടാര്‍ഗറ്റ് കൊടുക്കുന്ന കാര്യത്തിലും, പിരിച്ചുവിടേണ്ട അവസ്ഥ വരുമ്പോഴുമെല്ലാം പ്രതിസന്ധി നേരിടേണ്ടതായിവരും. അതിനാല്‍ ഒരിക്കലും ശുപാര്‍ശയ്ക്ക് വഴങ്ങരുത്.

കൃത്യമായ വ്യവസ്ഥകള്‍ പാലിച്ച് നിയമപരമായി നടത്തുന്ന കുടുംബ ബിസിനസുകള്‍ക്ക് എന്നും വളര്‍ച്ചയുണ്ടാകും, ഒപ്പം കുടുംബത്തില്‍ ഐക്യവും ഉണ്ടാകും.

For More Details :

Siju Rajan

Business and Brand Consultant

BRANDisam LLP

www.sijurajan.com

+91 8281868299

Siju Rajan
Siju Rajan  

ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റും ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് വിദഗ്ധനും എച്ച്ആര്‍ഡി ട്രെയ്‌നറുമായ സിജു രാജന്‍ ബ്രാന്‍ഡ് ഐഡന്റിറ്റി, ബ്രാന്‍ഡ് സ്ട്രാറ്റജി, ട്രെയ്‌നിംഗ്, റിസര്‍ച്ച് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന BRANDisam ത്തിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റാണ്

Related Articles

Next Story

Videos

Share it