Begin typing your search above and press return to search.
വീടുകളുടെ അകത്തളം ഭംഗിയാക്കാം, പണം പാഴാക്കാതെ
വീട് വയ്ക്കുമ്പോള്‍ കൃത്യമായ പ്ലാനിംഗ് ഇല്ലെങ്കില്‍ ഏറ്റവും കൂടുതല്‍ പണം പാഴായി പോകുന്ന മേഖലയാണ് ഇന്റീരിയര്‍ വര്‍ക്കുകള്‍. പലര്‍ക്കും ഏത് സമയത്താണ് വീടിന്റെ ഇന്റീരിയര്‍ ചെയ്യേണ്ടത്, എപ്പോള്‍ വര്‍ക്ക് ഏല്‍പ്പിക്കണം, എന്തൊക്കെയാണ് അതിനു മുന്നോടിയായി ചെയ്യേണ്ടത് എന്നതില്‍ പല സംശയങ്ങളുമുണ്ടാകാറുണ്ട്. ആര്‍ക്കിടെക്റ്റുമാരുണ്ടെങ്കില്‍ അവര്‍ അത് കൃത്യമായി ചെയ്യും. അതേസമയം കോണ്‍ട്രാക്റ്റര്‍മാരെ വീട് പണി ഏല്‍പ്പിക്കുമ്പോഴാണ് ആശയക്കുഴപ്പം വരുന്നത്. പണനഷ്ടവും സമയനഷ്ടവും ഒഴിവാക്കാന്‍ ഇന്റീരിയര്‍ ഡിസൈനിംഗുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം.
എപ്പോള്‍ ഇന്റീരിയര്‍ തുടങ്ങണം
വീടിന്റെ സ്ട്രക്ചര്‍ ആയാല്‍ ഉടനെ, അതായത് തേപ്പ് പൂര്‍ത്തിയാകും മുന്‍പ് തന്നെ വീടിന്റെ 3 ഡി, 2ഡി പ്ലാന്‍ ചെയ്യണം. പലപ്പോഴും ഉപയോക്താക്കള്‍ക്ക് 3ഡി മാത്രം നല്‍കി 2ഡി പ്ലാന്‍ കമ്പനികള്‍ കൈവശം വയ്ക്കാറുണ്ട്. 2 ഡി പ്രിന്റ് വാങ്ങിയാലേ പുറത്തു നിന്ന് മെഷര്‍മെന്റ് അനുസരിച്ച് മെറ്റീരിയല്‍ വാങ്ങാന്‍ സാധിക്കൂ. അതുകൊണ്ട് 2ഡി പ്രിന്റ് വാങ്ങാന്‍ മറക്കരുത്. ഇന്റീരിയര്‍ ചെയ്യുന്നവര്‍ തന്നെയാണ് 2ഡി, 3ഡി ചെയ്യുന്നതെങ്കില്‍ അവര്‍ അഡ്വാന്‍സ് പണം ഇതിനായി വാങ്ങാറുണ്ട്. പിന്നീട് വര്‍ക്ക് പൂര്‍ത്തിയായ ശേഷം ഡിസ്‌കൗണ്ട് നല്‍കാറാണ് പതിവ്.
ഇലക്ട്രിക്, പ്ലംബിംഗ്, സീലിംഗ് വര്‍ക്കുകള്‍ക്ക് മുമ്പായി ഇന്റീയര്‍ ഏല്‍പ്പിച്ചാല്‍ പണം ലാഭിക്കാം. അല്ലെങ്കില്‍ ഇലക്ട്രിക് വയറുകളും പ്ലംബിംഗ് വയറുകളും റീവര്‍ക്ക് ചെയ്യേണ്ടി വരും. 70 ശതമാനത്തിലധികം ആളുകളും ഇപ്പോഴും ഇതിനു ശേഷമാണ് ഇന്റീരിയറിനെ കുറിച്ച് ചിന്തിക്കുന്നത്. ടൈല്‍ വിരിക്കുന്നതും ഇന്റീരിയര്‍ ഡ്രോയിംഗ് തുടങ്ങിയതിനു ശേഷം മതി. ഇന്റീരിയര്‍ ചെയ്യുന്നുണ്ടെങ്കില്‍ അടുക്കളയിലും മുറികളിലും സ്ലാബുകളൊന്നും നൽകേണ്ട ആവശ്യമില്ല.
കമ്പനികളില്‍ ഇന്റീരിയര്‍ സെറ്റ് ചെയ്യാം
ഇന്റീരിയര്‍ വര്‍ക്കിനാവശ്യമായ മെഷിനറികള്‍ ഉള്ള കമ്പനികളെ വര്‍ക്ക് ഏല്‍പ്പിക്കുകയാണ് അടുത്ത പടി. ആവശ്യമായ അളവിലുള്ള ഇന്റീരിയര്‍ ഭാഗങ്ങള്‍ കമ്പനികളില്‍ തന്നെ മിനിഫിക്‌സ് ഉപയോഗിച്ച് സെറ്റ് ചെയ്ത് കൊണ്ടുവരുന്നത് ലാഭകരമാണ്. മാത്രമല്ല സ്‌ക്രൂവിന് പകരം മിനിഫിക്‌സ് ഉപയോഗിച്ച് കമ്പനികളില്‍ ചെയ്‌തെടുക്കുന്ന വര്‍ക്കുകള്‍ക്ക് കാര്യക്ഷമത കൂടും. ഏതെങ്കിലും സമയത്ത് ഇത് അഴിച്ച് മാറ്റേണ്ടി വന്നാല്‍ രണ്ട് റൗണ്ട് തിരിച്ചാല്‍ ഈ മിനിഫിക്‌സ് ഊരിവരും. കൈകൊണ്ട് ഒട്ടിക്കുന്നതിനേക്കാള്‍ നല്ല പെര്‍ഫെക്ഷനും ഈടും വലിയ മെഷിനറികള്‍ ഉപയോഗിച്ച് സെറ്റ് ചെയ്യുമ്പോള്‍ ലഭിക്കും. സൈറ്റ് വര്‍ക്കിനെ അപേക്ഷിച്ച് മെറ്റീരിയല്‍ വേസ്റ്റേജും വളരെ കുറവായിരിക്കും. കോള്‍ഡ് അല്ലെങ്കിൽ ഹോട്ട് പ്രസോ ഉപയോഗിച്ചാണ് ലാമിനേഷന്‍ വര്‍ക്കുകള്‍ കമ്പനികള്‍ നടത്തുന്നത്. അതേസമയം, കൈകൊണ്ട് ഒട്ടിച്ചാല്‍ ലാമിനേഷന്‍ പൊളിഞ്ഞു വരാന്‍ സാധ്യതയുണ്ട്.
ഗ്ലാസ്, അക്രിലിക്, വിനിര്‍, മൈക്ക, പി.വി.സി മൈക്ക എന്നിങ്ങനെ ലാമിനേഷനുകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. വശങ്ങളില്‍ വെള്ളം കയറാതിരിക്കാന്‍ ട്രൂഫീറ്റ് കൊണ്ട് ലിപ്പിങ് ഒട്ടിക്കും. സാധാരണ 0.4 എം.എം ലിപ്പിംഗ് ഒട്ടിക്കുമ്പോള്‍ കമ്പനികളില്‍ ആണെങ്കില്‍ 2 എം.എം ലിപ്പിംഗ് ഒട്ടിക്കും. ഒട്ടും തന്നെ നനവ് അകത്തു കടക്കാത്തതിനാല്‍ ലാമിനേഷന്‍ നീണ്ടകാലം നിലനില്‍ക്കാന്‍ ഇത് സഹായിക്കും. ട്രൂഫീറ്റില്‍ 9തരം പ്രക്രിയകള്‍ക്ക് ശേഷമാണ് എഡ്ജ് ഒട്ടിക്കുന്നത്. ഏകദേശം 30 ശതമാനം മെറ്റീരിയല്‍ വേസ്റ്റേജും 30 ശതമാനം ലേബറും കുറയ്ക്കാന്‍ കമ്പനികളില്‍ നിന്നുള്ള വര്‍ക്ക് സഹായിക്കും.
അടുക്കള സൗകര്യപ്രദമാക്കണം
ആദ്യം തന്നെ ഡ്രോയിംഗ് പ്ലാന്‍ ചെയ്ത് വിദഗ്ധരുമായി കണ്‍സള്‍ട്ടേഷന്‍ നടത്തിയാല്‍ കുടുംബാംഗങ്ങളുടെ ഉയരത്തിനനുസരിച്ച് കിച്ചന്‍ സ്ലാബുകളുടെ അളവ് കൃത്യമാക്കാനാകും. ത്രിഡി വരയ്ക്കുമ്പോള്‍ തന്നെ എന്തൊക്കെ അടുക്കള ഉപകരണങ്ങള്‍ ഉപയോഗിക്കാനുദ്ദേശിക്കുന്നു അത് എവിടെ വേണമെന്നൊക്കെ പറഞ്ഞുകൊടുക്കുക. അങ്ങനെയാണെങ്കില്‍ ഇന്‍ബില്‍റ്റായി ചെയ്യാനോ അതിന് സ്‌പേസ് ഇടാനോ സാധിക്കും. കൈയ്യകലത്തില്‍ എത്തുന്നവിധത്തില്‍ അടുക്കള ഉപകരണങ്ങള്‍ ക്രമീകരിച്ചാല്‍ അടുക്കളയില്‍ ചെലവിടുന്ന സമയം കുറയ്ക്കാനാകും.
ചെലവ്
പാനലിംഗ് വര്‍ക്കുകളാണ് ഇന്റീരിയറിന് ഒരു പ്രീമിയം ലുക്ക് നല്‍കുന്നത്. ആവശ്യമായ സ്ഥലങ്ങളില്‍ ചെറിയ രീതിയില്‍ പാനലിംഗ് വര്‍ക്ക് ചെയ്താല്‍ 3,000 സ്‌ക്വയര്‍ഫീറ്റ് വീടിന് 15 ലക്ഷം രൂപയോളം ചെലവ് വരാറുണ്ട്. അത്രയും ബഡ്ജറ്റില്ലെങ്കില്‍ റെഡിമെയ്ഡ് ബെഡ് റൂം സെറ്റുകള്‍ വാങ്ങാം. 50,000 രൂപ മുതല്‍ ഒന്നര ലക്ഷം രൂപവരെയാണ് നല്ല ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ക്ക് വരുന്നത്. ഇതു വഴി ചെലവ് പാതിയാക്കാം. കിച്ചണിന് മൂന്ന് ലക്ഷം രൂപയും നാല് ബെഡ്‌റൂമും പാനലിംഗ് വര്‍ക്കുമുള്‍പ്പെടെ മൊത്തം 10 ലക്ഷം രൂപയ്ക്ക് ഇന്റീരിയര്‍ വര്‍ക്കിന്റെ ചെലവ് ഒതുക്കാനാകും. ഒരു വീടിന്റെ കണ്‍സള്‍ട്ടേഷന്‍ 2ഡി, 3ഡി എന്നിവയ്ക്കായി 25,000 രൂപ മുതലാണ് ചെലവ്.
ആര്‍ക്കിറ്റെക്റ്റുമാരും ഇന്റീരിയര്‍ ഡിസൈനര്‍മാരും ഇന്റീരിയര്‍ കൺസൾട്ട് ചെയ്യാറുണ്ട്. വീടിന്റെ അകത്തളങ്ങൾക്കു ജീവൻ നൽകാനും സൗകര്യവും ഭംഗിയും നല്‍കാന്‍ ഇന്റീരിയര്‍ വർക്ക് സഹായിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.
(ഫര്‍ണീച്ചര്‍, ഇന്റീരിയര്‍ രംഗത്ത് 23 വര്‍ഷത്തെ അനുഭവസമ്പത്തുള്ള ലേഖകന്‍ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ Faisal Cheeran എന്ന പേരിൽ വ്‌ളോഗറുമാണ്.)
Next Story
Videos