കുറഞ്ഞ സമയത്തില്‍ കൂടുതല്‍ കസ്റ്റമേഴ്‌സിനെ കൈകാര്യം ചെയ്യണോ? ഈ രീതി സ്വീകരിക്കാം

നിങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നു. ടിക്കറ്റ് എടുക്കേണ്ടതുണ്ട്. ടിക്കറ്റ് കൗണ്ടറില്‍ നല്ല തിരക്കുണ്ട്. ട്രെയിന്‍ ഇപ്പോഴെത്തും. ക്യൂ നിന്ന് ടിക്കറ്റ് എടുക്കുവാനുള്ള സമയമില്ല. നിങ്ങള്‍ നേരെ ഓട്ടോമാറ്റിക് ടിക്കറ്റ് വെന്റിoഗ് മെഷീനിന്റെ (ATVM) അരികിലേക്ക് ചെല്ലുന്നു. സ്വയം ടിക്കറ്റ് എടുക്കുന്നു. പ്ലാറ്റ്‌ഫോമിലേക്ക് പായുന്നു.

ഇവിടെ ആരും നിങ്ങളെ സഹായിക്കുന്നില്ല. നിങ്ങള്‍ തന്നെ ടിക്കറ്റ് എടുത്തു. ക്യൂ നിന്ന് വിലപ്പെട്ട സമയം പാഴായില്ല. റെയില്‍വേയുടെ ഒരു ഉദ്യോഗസ്ഥനും നിങ്ങള്‍ക്ക് ടിക്കറ്റ് നല്‍കാനായി സമയമോ ശ്രമമോ വിനിയോഗിച്ചില്ല. നിങ്ങള്‍ക്കാവശ്യമുള്ളത് നിങ്ങള്‍ തന്നെ കണ്ടെത്തി. ഒരു എ ടി എമ്മില്‍ നിന്നും പണമെടുക്കുന്നത് പോലെ നിസ്സാരമായി നിങ്ങളത് ചെയ്തു. പണമെടുക്കാന്‍ ബാങ്കില്‍ പോകേണ്ട, ക്യൂ നില്‍ക്കേണ്ട നിങ്ങള്‍ സ്വയം സേവിക്കുന്നു, സ്വയം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നു.

നിങ്ങളുടെ ബിസിനസില്‍ പെട്ടെന്ന് സപ്ലയര്‍ക്ക് പണം നല്‍കണം. നിങ്ങള്‍ ചെക്ക് എഴുതി അതുമായി ബാങ്കില്‍ ചെന്ന് സമയം കളയുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതേയില്ല. പകരം നിങ്ങള്‍ സപ്ലയര്‍ക്ക് പണം ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നു. ഇരുന്നിടത്തു നിന്ന് അനങ്ങാതെ നിങ്ങള്‍ ആ പണം നല്‍കിക്കഴിഞ്ഞു. കസ്റ്റമര്‍ക്ക് ബാങ്കിലേക്ക് വരാതെ തന്നെ ഇടപാടുകള്‍ നടത്താനുള്ള സൗകര്യം ബാങ്ക് ഒരുക്കിയിരിക്കുന്നു. രണ്ടു കൂട്ടര്‍ക്കും പണവും സമയവും ലാഭം.

ബിസിനസുകള്‍ തങ്ങളുടെ ഉപഭോക്താക്കളെ ശാക്തീകരിക്കുകയാണ് (Empowerment) സെല്‍ഫ് സര്‍വീസിലൂടെ ചെയ്യുന്നത്. ഉപഭോക്താക്കളെ അവരുടെ പ്രശ്‌നങ്ങള്‍ക്ക് സ്വയം പരിഹാരം തേടാന്‍ പ്രാപ്തരാക്കുന്നു. ഇന്നിപ്പോള്‍ ഒരു ഉല്‍പ്പന്നം വാങ്ങിക്കുക എത്ര എളുപ്പമായിരിക്കുന്നു. വെബ്‌സൈറ്റില്‍ കയറുക, ഉല്‍പ്പന്നം ഓര്‍ഡര്‍ ചെയ്യുക, ഓണ്‍ലൈനായി പണം നല്‍കുക. നിമിഷങ്ങള്‍ക്കുള്ളില്‍ ഇടപാടുകള്‍ കഴിയുന്നു. ഉപഭോക്താവ് കൂടുതല്‍ സംതൃപ്തനും സന്തോഷവാനുമായിത്തീരുന്നു. ഉപഭോക്താവിനെ സ്വീകരിക്കുവാനും ഉല്‍പ്പന്നങ്ങളെക്കുറിച്ച് വിശദീകരിക്കുവാനും വില്‍പ്പന നടത്തുവാനും ജീവനക്കാരുടെ ആവശ്യമില്ല. ഉപഭോക്താവ് തന്നെ ആവശ്യമുള്ളത് തിരഞ്ഞെടുക്കുന്നു, ഓര്‍ഡര്‍ ചെയ്യുന്നു, പണമടക്കുന്നു. സാങ്കേതികതയുടെ (Technology) കാലഘട്ടത്തില്‍ സെല്‍ഫ് സര്‍വീസ് (Self Service) ശക്തമായ ബിസിനസ് തന്ത്രമായി മാറുന്നു.

നിങ്ങള്‍ മാളിലെ ഫുഡ് കോര്‍ട്ടില്‍ കയറുന്നു. മെനു നോക്കി ഭക്ഷണം തിരഞ്ഞെടുത്ത് ഓര്‍ഡര്‍ ചെയ്യുന്നു, പണമടക്കുന്നു. നിങ്ങള്‍ക്ക് ഒരു ടോക്കണ്‍ (Token) ലഭിക്കുന്നു. അതുമായി നിങ്ങള്‍ കാത്തിരിക്കുന്നു. അതാ നിങ്ങളുടെ ഭക്ഷണം തയ്യാറായിക്കഴിഞ്ഞു. നിങ്ങള്‍ കൗണ്ടറില്‍ പോയി ഭക്ഷണം എടുക്കുന്നു. ഇവിടെ നിങ്ങളെ സഹായിക്കുവാന്‍ ആരുമില്ല. നിങ്ങള്‍ തന്നെ ഭക്ഷണം എടുക്കണം. ഇത്തരം സെല്‍ഫ് സര്‍വീസ് നിങ്ങള്‍ തീര്‍ച്ചയായും അനുഭവിച്ചിട്ടുണ്ടാകും.

ബിസിനസിലെ പ്രക്രിയകള്‍ ഉപഭോക്താക്കള്‍ക്ക് സ്വയം സേവിക്കുവാന്‍ സാദ്ധ്യമായ തരത്തില്‍ ചിട്ടപ്പെടുത്തുവാന്‍ കഴിഞ്ഞാല്‍ ബിസിനസുകള്‍ക്ക് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കും. സാങ്കേതിക വിദ്യയുടെ വളര്‍ച്ച ഇന്ന് ബിസിനസില്‍ ഇത്തരം പ്രവൃത്തികളെ കൂടുതല്‍ എളുപ്പത്തില്‍ ഉള്‍ക്കൊള്ളിക്കുവാന്‍ സഹായിക്കുന്നു. ഒരു ബിസിനസിന് വെബ്‌സൈറ്റില്‍ കൂടിയോ മൊബൈല്‍ അപ്ലിക്കേഷന്‍ വഴിയോ വളരെ വേഗത്തില്‍ ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ നല്‍കുവാന്‍ സാധിക്കും. ഉപഭോക്താക്കള്‍ തന്നെ സ്വയം സേവിക്കുന്നു. ഇതുവഴി ബിസിനസുകള്‍ പണവും സമയവും ലാഭിക്കുന്നു. കൂടുതല്‍ ഉപഭോക്താക്കളെ കുറഞ്ഞ സമയം കൊണ്ട് സേവിക്കുവാന്‍ സാധിക്കുന്നു. ബിസിനസിലെ ലാഭം വര്‍ദ്ധിക്കുകയും ചെയ്യുന്നു.

സാങ്കേതിക വിദ്യയുടെ സാദ്ധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുക. ഉപഭോക്താക്കള്‍ക്ക് സ്വയം ഇടപെടാന്‍, സ്വയം സേവിക്കുവാന്‍ അവസരങ്ങള്‍ സൃഷ്ടിക്കുക. അവര്‍ സ്വയം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും. കാലം കടന്നുപോകവേ ബിസിനസിന്റെ കാര്യക്ഷമത കൂടും. ബിസിനസിന്റെ വിപുലീകരണത്തിന് സെല്‍ഫ് സര്‍വീസ് (Self Service) എന്ന തന്ത്രം ശക്തി പകരും.
Dr Sudheer Babu
Dr Sudheer Babu  

Related Articles

Next Story

Videos

Share it