ഇപ്പോള്‍ ബിസിനസ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങള്‍

Read this article in English

കഴിഞ്ഞ രണ്ടുലക്കങ്ങളിലായി നാം ഒരു മാന്ത്രിക വിദ്യ പഠിക്കുകയാണ്. ഈ പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കുന്നതിനായി ബിസിനസുകള്‍ പിന്തുടരേണ്ട ഏഴ് 'C' കളെ കുറിച്ചാണ് നാം ചര്‍ച്ച ചെയ്യുന്നത്. അതില്‍ നാല് 'സി' കളെ കുറിച്ച് വിശദമായി പറഞ്ഞു കഴിഞ്ഞു.

സംരംഭകര്‍ ഇപ്പോള്‍ ഓര്‍ക്കേണ്ട ഒരു സുപ്രധാനകാര്യമുണ്ട്. അതിജീവനമാണ് നിങ്ങളുടെ മുന്നിലുള്ള അതിപ്രധാനമായ ഹ്രസ്വകാല ലക്ഷ്യം. അതിനുശേഷമേ പുനരുജ്ജീവനം വരുന്നുള്ളൂ. ബിസിനസിന്റെ പുനരുജ്ജീവനത്തെ മിഡീയം, ദീര്‍ഘകാല ലക്ഷ്യമായി പരിഗണിക്കാം.

ഈ പ്രതിസന്ധി ഘട്ടത്തില്‍ അതീജീവനം ഉറപ്പാക്കാന്‍, ഹ്രസ്വകാല പദ്ധതിയുടെ ഭാഗമായി, എന്റെ മാര്‍ഗനിര്‍ദേശം സ്വീകരിക്കുന്ന നിരവധി ബിസിനസുകാര്‍ വിജയകരമായി ഏഴ് 'C' കള്‍ സ്വന്തം സംരംഭത്തില്‍ നടപ്പാക്കുകയും മികച്ച റിസള്‍ട്ട് ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്.

നമ്മള്‍ കഴിഞ്ഞ രണ്ട് ലേഖനങ്ങളിലായി ചര്‍ച്ച ചെയ്ത ആ നാല് 'C' കളിലൂടെ ഒരിക്കല്‍ കൂടി കടന്നുപോകാം. ഏതൊക്കെയാണത്? കാഷ്, കോസ്റ്റ്, കമ്യൂണിക്കേഷന്‍, കസ്റ്റമേഴ്‌സ്. മുന്‍ ലേഖനങ്ങള്‍ വായിക്കാത്തവര്‍ ആ രണ്ടുപാര്‍ട്ടുകളും വായിച്ചാല്‍ ഇവയെ കുറിച്ച് വിശദമായി അറിയാം.

പ്ലാറ്റിനം ഇന്‍ഡസ്ട്രീസ് വില്‍പ്പന കൂട്ടാന്‍ ചെയ്ത കാര്യം ഇതാണ്

നമ്മള്‍ ഇതുവരെ ചര്‍ച്ച ചെയ്ത നാല് 'C' കളില്‍ നാലാമത്തേതായ കസ്റ്റമേഴ്‌സ് എന്നതിനോട് ചേര്‍ത്ത് ഒരു കാര്യം കൂടി പറയാം. നാം കഴിഞ്ഞ ലക്കത്തില്‍ ഇപ്പോള്‍ ഇടപാടുകാരെ എങ്ങനെ കൂടുതല്‍ നമ്മിലേക്ക് അടുപ്പിക്കണമെന്നത് പറഞ്ഞു കഴിഞ്ഞു.

ഈ ഘട്ടത്തില്‍ സംരംഭകര്‍ തങ്ങളുടെ നിലവിലുള്ള ഉപഭോക്താക്കളിലേക്ക് പുതിയ ഉല്‍പ്പന്നങ്ങളുമായി കടന്നെത്തണം. ഇനി, മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നതും ഇടയ്ക്ക് വെച്ച് ബന്ധം വിട്ടുപോയതുമായ ഉപഭോക്താക്കളിലേക്ക് കടന്നെത്താന്‍ ഇക്കാലത്ത് പ്രത്യേകം ഊന്നല്‍ നല്‍കി ശ്രമിക്കണം. നിലവിലുള്ള ഉല്‍പ്പന്നങ്ങളുമായി പുതിയ ഉപഭോക്താക്കളിലേക്ക് കൂടി എത്തിച്ചേരണമെന്ന ബദല്‍ തന്ത്രങ്ങളും പ്രമുഖ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റുകള്‍ നല്‍കുന്നുണ്ട്. ഈ തന്ത്രം വളരെ ഫലപ്രദമായി നടപ്പാക്കിയ സംരംഭകനാണ് എന്റെ ഒരു മെന്റി ആയ കൃഷ്ണ റാണ. പ്ലാറ്റിനം ഇന്‍ഡസ്ട്രീസ് എന്ന സംരംഭത്തിന്റെ സാരഥിയാണ് അദ്ദേഹം.

ലോക്ക്ഡൗണ്‍ കാലത്ത് റാണയും അദ്ദേഹത്തിന്റെ സെയ്ല്‍സ് ടീമും ചേര്‍ന്ന് അവര്‍ക്ക് ബിസിനസ് സാധ്യതയുള്ള ഉപഭോക്താക്കളുടെ പട്ടിക തയ്യാറാക്കി. അതിനുശേഷം ഈ ഉപഭോക്താക്കള്‍ക്കായി അതത് മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയ സെമിനാറുകള്‍ സംഘടിപ്പിച്ചു. ഈ സെമിനാറുകളില്‍ സംസാരിച്ചത് രാജ്യാന്തര തലത്തിലെ പ്രമുഖരാണ്. അവര്‍ അതത് മേഖലകളിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങളും ഇനി വരാനിരിക്കുന്ന കാര്യങ്ങളും വിശദീകരിച്ചു. വലിയ അലയൊലിയാണ് ഇതുമൂലമുണ്ടായത്. പ്ലാറ്റിനം ഇന്‍ഡസ്ട്രീസിന്റെ ഉപഭോക്താക്കള്‍ അവരുടെ മേഖലയില്‍ വരാനിരിക്കുന്ന കാര്യങ്ങളെ കുറിച്ച് ധാരണയുള്ളവരായി. ആഗോളതലത്തിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യയെ കുറിച്ച് ഉള്‍ക്കാഴ്ച അവര്‍ക്ക് ലഭിച്ചു. ഇതിനോടൊപ്പം പ്ലാറ്റിനം ഇന്‍ഡസ്ട്രീസിന്റെ ബ്രാന്‍ഡ് പ്രതിച്ഛായയും വര്‍ധിച്ചു. പ്ലാറ്റിനം ഇന്‍ഡസ്ട്രീസിന്റെ സെയ്ല്‍സ് ടീമിന്റെ 'മാസ്റ്റര്‍ സ്‌ട്രോക്കാ'യിരുന്നു ഇത്. ഇതിലൂടെ കസ്റ്റമേഴ്‌സിനും കമ്പനിക്കും ഒരുപോലെ ഗുണകരമായ സാഹചര്യം ഉടലെടുത്തു. നിലവിലുള്ള ഉപഭോക്താക്കളും ഉപഭോക്താക്കളാകാന്‍ സാധ്യതയുള്ളവരും പ്ലാറ്റിനം ഇന്‍ഡസ്ട്രീസിനെ കുറിച്ച് ധാരണയുള്ളവരായതോടെ അവരുടെ സെയ്ല്‍സ് ടീമിന് ജോലി എളുപ്പമാകുകയും ചെയ്തു.

ലോക്ക്ഡൗണ്‍ കാലം ഇതുപോലെ സെമിനാറുകള്‍ സംഘടിപ്പിക്കാന്‍ പറ്റിയ കാലമായിരുന്നു. സമാനമായ ചില കേസ് സ്റ്റഡികള്‍ വരും ആഴ്ചകളില്‍ നമുക്ക് ചര്‍ച്ച ചെയ്യാം.

ഇപ്പോള്‍ വേണ്ട മൂന്ന് കാര്യങ്ങള്‍

ഇത് തീര്‍ച്ചയായും അങ്ങേയറ്റം വെല്ലുവിളികള്‍ നിറഞ്ഞ കാലം തന്നെയാണ്. ഒരു ബിസിനസ് നടത്തി കൊണ്ടുപോകാനും വളര്‍ത്താനും മൂന്ന് സ്‌കില്ലുകള്‍ അനിവാര്യമാണ്. അവ ഐക്യു ( Intelligence Quotient), എസ് ക്യു (Social Quotient) ഇക്യു (Emotional Quotient). ഇവ മൂന്നും അളക്കപ്പെടുന്ന കാലമാണിത്. ഈ മൂന്ന് സ്‌കില്ലുകളും ബിസിനസുകാരില്‍ വേണ്ട അളവിലുണ്ടോയെന്നതും പരിശോധിക്കപ്പെടുന്ന കാലം കൂടിയാണ്.

എല്ലാ ബിസിനസുകാരും തീര്‍ച്ചയായും ഓര്‍ത്തിരിക്കേണ്ട മൂന്ന് പ്രമാണങ്ങള്‍ ഇതാണ്.

പ്രമാണം 1: ഈ കാലവും കടന്നുപോകും.

പ്രമാണം 2: ബിസിനസ് നടത്തിപ്പ് എന്നാല്‍ കയറ്റിറക്കങ്ങളുള്ള ഒരു യാത്രയാണ്. ആ യാത്രയുടെ ആനന്ദം ആസ്വദിക്കുക.

പ്രമാണം 3: നിങ്ങള്‍ ഈ ദുര്‍ഘട ഘട്ടം മറികടക്കുകയാണെങ്കില്‍, ഭാവിയില്‍ തിരിഞ്ഞുനോക്കുമ്പോള്‍ അങ്ങേയറ്റം സംതൃപ്തി അനുഭവപ്പെടുമെന്നു മാത്രമല്ല, മറ്റ് സംരംഭകര്‍ക്കും സംരംഭകര്‍ അല്ലാത്തവര്‍ക്കും നല്ലൊരു മാതൃക സൃഷ്ടിക്കാനും നിങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടാകും.

അടുത്ത ആഴ്ച നമുക്ക് ബാക്കിയുള്ള 'C' കളെ കുറിച്ച് ചര്‍ച്ച ചെയ്യാം. അതുവരെ ഞാന്‍ നിങ്ങളോട് ഇതുവരെ പറഞ്ഞ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ നോക്കൂ. എന്നിട്ട് നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങള്‍ എന്നെ അറിയിക്കൂ. എന്റെ ഇ മെയ്ല്‍ വിലാസം: anilrmenon1@gmail.com

Read this article in English

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dr Anil R Menon
Dr Anil R Menon  

PhD in Strategy & a post-graduate in Finance. An Engineer by graduation he is a business consultant to leading companies in India and abroad. He also loves mentoring entrepreneurs and his videos can be accessed on YouTube channel menonmantras

Related Articles

Next Story

Videos

Share it