

അവസാന നിമിഷം കാര്യങ്ങള്‍ മാറിമറിയുമെന്ന് കരുതിയെങ്കിലും ഇന്ത്യക്ക് മേലുള്ള 50 ശതമാനം യു.എസ് ഇറക്കുമതി തീരുവ ഓഗസ്റ്റ് 27ന് നിലവില്‍ വന്നു. യു.എസുമായി വ്യാപാര കരാറിലെത്തുമെന്ന ആദ്യ രാജ്യമായിരിക്കും ഇന്ത്യയെന്നാണ് ട്രംപ് അധികാരമേറ്റ ആദ്യ നാളുകളില്‍ എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ ഇന്നത്തെ അവസ്ഥ നോക്കൂ. ബ്രസീല്‍ കഴിഞ്ഞാല്‍ 50 ശതമാനം ഉയര്‍ന്ന തീരുവ ചുമത്തിയ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യന്‍ കര്‍ഷകരെ ബാധിക്കുന്ന കാര്‍ഷിക, ക്ഷീര, ജനിതക മാറ്റം വരുത്തിയ ഉത്പന്നങ്ങളുടെ സ്വതന്ത്ര ഇറക്കുമതിയെക്കുറിച്ചുള്ള തര്‍ക്കമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയില്‍ നിര്‍ണായകമായതെന്നാണ് കരുതുന്നത്. യു.എസ് താരിഫ് ഇന്ത്യക്ക് മേല്‍ പതിച്ചപ്പോള്‍ പതിവുപോലെ ചര്‍ച്ചകള്‍ വ്യാപാര കമ്മിയിലും കയറ്റുമതി-തൊഴില്‍ നഷ്ടത്തിലും വളര്‍ച്ചാ മുരടിപ്പിലും ചുറ്റിപ്പറ്റിയായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ ഗഹനമായി പഠിച്ചാല്‍, ഇത് വിപണി പ്രവേശനത്തെക്കുറിച്ചല്ലെന്നും മറിച്ച് വ്യാപാരം, വ്യവസായം, സ്വയംപര്യാപ്തത എന്നീ വിഷയങ്ങളില്‍ ഇന്ത്യയുടെ സമീപനത്തെക്കുറിച്ചാണെന്നും മനസിലാകും.
കയറ്റുമതി പ്രധാനമാണെങ്കിലും കയറ്റുമതിയെ മാത്രം ആശ്രയിക്കുന്ന വിയറ്റ്‌നാമിനെയും ജര്‍മനിയെയും പോലയല്ല ഇന്ത്യയെന്നും മനസിലാക്കണം. ജി.ഡി.പിയുടെ 21 ശതമാനം മാത്രം സംഭാവന ചെയ്യുന്ന വിഷയമാണ് കയറ്റുമതി. കയറ്റുമതിയേക്കാള്‍ മറ്റ് രംഗങ്ങളെയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കൂടുതല്‍ ആശ്രയിക്കുന്നത്. ഇത് ഒരേസമയം ആശ്വാസവും നഷ്ടമായ അവസരവുമാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പരിശോധിക്കാം.
34 കോടി ജനസംഖ്യയുള്ള യു.എസ് വിപണി ലാഭകരമാണെങ്കിലും അനിവാര്യമല്ലാത്ത ഒന്നാണ്. ഇന്ത്യയുടെ ആകെ കയറ്റുമതിയുടെ ചെറിയൊരു ശതമാനം മാത്രമാണ് അമേരിക്കന്‍ വിപണിയിലേക്കുള്ളത്, ഇതില്‍ വരുന്ന തടസങ്ങള്‍ ചെറിയൊരു ശതമാനം വ്യവസായങ്ങളെ മാത്രമേ ബാധിക്കൂ. എന്നാല്‍ ഏതാണ്ട് യു.എസിലെയും യൂറോപ്പിലെയും ആകെ ജനസംഖ്യക്ക് തുല്യമായ 140 കോടി ജനങ്ങള്‍ ജീവിക്കുന്ന ഇന്ത്യ വലിയൊരു വിപണിയാണ്. ഫാക്ടറികള്‍, ലോജിസ്റ്റിക്‌സ്, റീട്ടെയില്‍ ട്രേഡ്, ഡിജിറ്റല്‍ സര്‍വീസ് എന്നീ മേഖലകളിലെ സേവനങ്ങളും ഉത്പന്നങ്ങളും ലഭ്യമാകാത്ത വലിയൊരു ശതമാനം ജനസംഖ്യ ഇന്ത്യയില്‍ ഇപ്പോഴുമുണ്ട്. ഇന്ത്യന്‍ കമ്പനികള്‍ ഈ സാധ്യത ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചാല്‍ അമേരിക്കന്‍ വ്യാപാര നയങ്ങളെ കൂടുതല്‍ ആശ്രയിക്കാതെ ഇവിടെത്തന്നെ വളരാനുള്ള അവസരമുണ്ട്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ സ്വന്തം ജനങ്ങളുടെ ശക്തിയില്‍ തന്നെ വളരും. 50 ശതമാനം അധിക നികുതി തിരിച്ചടിയാണെന്ന് സമ്മതിച്ചുകൊണ്ട് തന്നെ പറയട്ടെ, സ്വന്തം ജനതക്ക് സേവനം നല്‍കുന്ന രീതിയില്‍ തദ്ദേശീയ വ്യവസായ മേഖലയെ ശക്തിപ്പെടുത്താനുള്ള പറ്റിയ അവസരമാണിത്. ഇതിലൂടെ ഇത്തരം വെല്ലുവിളികളെ അവഗണിക്കാനും നമുക്ക് കഴിയും.
നടന്ന സംഭവങ്ങള്‍ പരിശോധിച്ചാല്‍, കൃഷി മുതലായ സെന്‍സിറ്റീവ് മേഖലകളില്‍ ഇന്ത്യ കുറച്ചുകൂടി നയപരമായ സമീപനം സ്വീകരിക്കണമായിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. ജനിതക മാറ്റം വരുത്തിയ വിളകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയരുമ്പോള്‍ കര്‍ഷകരെ സംരക്ഷിക്കണമെന്നാണ് എല്ലാ നേതാക്കളുടെയും അഭിപ്രായം. വോട്ടിന് വേണ്ടി ആവര്‍ത്തിക്കുന്ന നിലപാടാണ് ഇതെങ്കിലും മോശം രാഷ്ട്രീയമാണ് ഇതിന് പിന്നില്‍. യു.എസ് കാര്‍ഷിക-ക്ഷീര ഉത്പന്നങ്ങളുടെ സ്വതന്ത്ര്യ വിപണി പ്രവേശനം അനുവദിക്കാതിരുന്നാല്‍ നമ്മുടെ കര്‍ഷകരുടെ അവസ്ഥ മെച്ചപ്പെടുമോയെന്ന ചോദ്യം എല്ലാവരും സ്വയം ചോദിക്കണം, ഇല്ലെന്ന് വേണമെങ്കില്‍ പറയാം. ജനിതക മാറ്റം വരുത്തിയ വിളകളുടെ ഇറക്കുമതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. അത്തരം ഉത്പന്നങ്ങളുടെ ഇറക്കുമതി അനുവദിക്കാമെന്ന് നിതി ആയോഗ് ശിപാര്‍ശ ചെയ്‌തെങ്കിലും രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. ഇത് പുതിയ കാര്യങ്ങള്‍ സ്വീകരിക്കുന്നതിനും രാഷ്ട്രീയത്തിനും ഇടയില്‍ പെട്ടിരിക്കുകയാണ് നമ്മുടെ രാജ്യമെന്നതിന് തെളിവാണ്. എന്നാല്‍ ജനിതക മാറ്റം വരുത്തിയ വിളകള്‍ ഇറക്കുമതി ചെയ്യാനുമുള്ള നീതി ആയോഗിന്റെ ശിപാര്‍ശ ആധുനീകരണത്തിന്റെയും ഉത്പാദനം വര്‍ധിപ്പിക്കേണ്ടതിന്റെയും ആവശ്യകത നമ്മുടെ നയരൂപകര്‍ത്താക്കള്‍ മനസിലാക്കിയതിന്റെ തെളിവാണ്. രാഷ്ട്രീയമാണ് വളര്‍ച്ച തടയുന്നത്, സാമ്പത്തിക ചിന്തകളല്ല.
ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ നല്‍കുന്ന തുണിത്തരങ്ങള്‍, രത്‌നം, ആഭരണങ്ങള്‍ എന്നീ മേഖലകളിലെ കയറ്റുമതിയെ യു.എസ് തീരുവ ബാധിക്കുമെന്ന് ഉറപ്പാണ്. ഇതിലൂടെ നിരവധി തൊഴില്‍ നഷ്ടമുണ്ടാകും. ഉയര്‍ന്ന തീരുവ നിലവില്‍ വരുമ്പോള്‍ ബാധിക്കപ്പെടുന്ന ഫാക്ടറി, ലോജിസ്റ്റിക്‌സ്, അനൗപചാരിക തൊഴിലാളികളെ മാറ്റിനിര്‍ത്തി കര്‍ഷകരെക്കുറിച്ചു മാത്രം സംസാരിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ നിലപാട് ആശ്ചര്യകരമാണ്.
ഇനി യു.എസ് ക്ഷീര ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ അനുവദിച്ചുവെന്നിരിക്കട്ടെ, അവ ഇന്ത്യയില്‍ വില്‍ക്കുക അത്ര എളുപ്പമാകില്ല. പ്രാദേശികമായി ലഭിക്കുന്ന ശുദ്ധവും വില കുറഞ്ഞതുമായ ക്ഷീര ഉത്പന്നങ്ങള്‍ വാങ്ങി ശീലിച്ചവരാണ് ഇന്ത്യക്കാര്‍. കോള്‍ഡ് ചെയിന്‍ ഇന്‍ഫ്രാസ്ട്രക്ച്ചറിന്റെ അഭാവം, വില, പ്രാദേശിക ഉത്പന്നങ്ങളോടുള്ള ആസക്തി എന്നീ ഘടകങ്ങള്‍ പരിഗണിച്ചാല്‍ ഇന്ത്യന്‍ വിപണിയിലേക്കുള്ള യു.എസ് ഉത്പന്നങ്ങളുടെ വ്യാപനം തുച്ഛമായിരിക്കും. മാത്രവുമല്ല ഇന്ത്യയിലെ ക്ഷീരവ്യവസായം വലിയ രീതിയില്‍ വികേന്ദ്രീകൃതവും ദശലക്ഷക്കണക്കിന് ചെറു കര്‍ഷകരും സഹകരണ മാതൃകയിലുള്ള കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ളതുമാണ്. വിപണിയിലെ ചില മേഖലകളില്‍ യു.എസ് ഉത്പന്നങ്ങള്‍ സ്വാധീനം ചെലുത്താമെങ്കിലും വലിയ തോതിലുള്ള വിപണി വ്യാപനം സാധ്യമല്ല. അതുകൊണ്ട് തന്നെ ഇക്കാര്യത്തിലെ പല ആശങ്കകളും ഊതിപ്പെരുപ്പിച്ചതാണെന്നും മനസിലാക്കാം.
ഇനി നമുക്ക് സുഖകരമല്ലാത്ത ചില സത്യങ്ങള്‍ പരിശോധിക്കാം. വളരെ എളുപ്പത്തില്‍ ബിസിനസ് ചെയ്യാന്‍ കഴിയുന്ന ഇടമല്ല ഇന്ത്യയെന്ന് സമ്മതിച്ചേ പറ്റൂ. നടപടികളിലെ കടുപ്പം, കാലതാമസം, ലോജിസ്റ്റിക്‌സ് മേഖലയിലെ ഉയര്‍ന്ന ചെലവ് എന്നിവ ഇന്ത്യന്‍ ഉത്പന്നങ്ങളുടെ മത്സരക്ഷമത കുറക്കുന്നു. നിലവിലെ സാഹചര്യം മാറ്റുന്നതിനും ഇന്ത്യയെ വളര്‍ച്ചയിലേക്ക് നയിക്കുന്നതിനും നിരവധി പരിഷ്‌ക്കാരങ്ങള്‍ നടത്തുമെന്ന് അടുത്തിടെ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഈ പരിഷ്‌ക്കാരങ്ങള്‍ എത്രയും വേഗം നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ ശ്രദ്ധിക്കണം. ഇതിലൂടെ ഇന്ത്യയില്‍ ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കാനും ചെലവ് കുറക്കാനും സാധിക്കും. താരിഫ് തിരിച്ചടിയാകുമ്പോള്‍ അതിനെക്കുറിച്ച് വിലപിച്ചിട്ട് കാര്യമില്ല. എന്നാല്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുകയും ചെലവ് കുറക്കുകയും ചെയ്താല്‍ ഏത് ആഗോള സാഹചര്യത്തിലും അവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കും.
സാമ്പത്തിക രംഗത്തെ ഉദാരവത്കരണ നീക്കങ്ങള്‍ ഏതാണ്ട് ഒരേസമയത്ത് തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. എന്നാല്‍ ഇന്ന് നമ്മള്‍ എവിടെയാണെന്നും ചൈന എവിടെയാണെന്നും നോക്കൂ. ലോകത്തിന്റെ ഫാക്ടറി എന്ന പദവി ചൈന അബദ്ധത്തില്‍ നേടിയതല്ല. സ്‌കെയില്‍അപ്പ് ചെയ്യാനും ആഗോളതലത്തില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും വിതരണ ശൃംഖലയില്‍ ആധിപത്യം സ്ഥാപിക്കാനും അവിടുത്തെ സര്‍ക്കാര്‍ വ്യവസായങ്ങളെ നിരന്തരം പിന്തുണച്ചത് കൊണ്ടാണ്. വ്യവസായ രംഗത്തെ ആ മാറ്റമാണ് ചൈനയെ സൂപ്പര്‍ പവര്‍ പദവിയിലെത്തിച്ചത്. ഇന്ന് ദൈനംദിന ജീവിതത്തില്‍ ചൈനീസ് ഉത്പന്നങ്ങള്‍ ഉപയോഗിക്കാത്ത ഒരൊറ്റ രാജ്യവും ലോകത്തുണ്ടാകില്ല.
എന്നാല്‍ ഇന്ത്യയാകട്ടെ വ്യവസായങ്ങളെ ലാഭത്തിന് പുറകെയോടുന്ന സ്വകാര്യ സംവിധാനങ്ങളായാണ് പരിഗണിക്കുന്നത്. ഭൗമരാഷ്ട്രീയത്തിലും സമകാലിക ലോകത്തും വ്യവസായങ്ങള്‍ സൃഷ്ടിക്കുന്ന തന്ത്രപരമായ മാറ്റങ്ങള്‍ മനസിലാക്കാന്‍ ആരും തയ്യാറാകുന്നില്ല. മോശം കാര്യമെന്തെന്നാല്‍, എപ്പോഴെല്ലാം സര്‍ക്കാരുകള്‍ വ്യവസായങ്ങളെ പിന്തുണക്കാന്‍ ശ്രമിക്കുന്നുവോ, അപ്പോഴെല്ലാം സ്വകാര്യ കമ്പനികളെ സഹായിക്കുന്നുവെന്ന ആരോപണമാണ് ഉയരുന്നത്. രാഷ്ട്രപുരോഗതിക്ക് വേണ്ടിയുള്ള ശ്രമമാണെന്ന് ആരും മനസിലാക്കുന്നില്ല.
ഇപ്പോഴത്തെ തിരിച്ചടി സ്വയം പര്യാപ്തതക്കുള്ള മികച്ച അവസരമാക്കുകയും ടൂറിസം രംഗത്ത് മെച്ചപ്പെട്ട ശ്രദ്ധകൊടുത്ത് കൂടുതല്‍ ഡോളര്‍ സമ്പാദിക്കണമെന്നും ഇതിലൂടെ അമേരിക്കന്‍ കയറ്റുമതിയിലെ നഷ്ടം നികത്താമെന്നും അടുത്തയിടെ നിതി ആയോഗ് മുന്‍ സി.ഇ.ഒ അമിതാഭ് കാന്ത് അഭിപ്രായപ്പെട്ടിരുന്നു.. ഇതൊരു മികച്ച ഉപദേശമാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇത് പൂര്‍ണമായും പ്രയോജനപ്പെടുത്താനുള്ള അടിസ്ഥാന സൗകര്യ വികസനം നമ്മുടെ നാട്ടില്‍ ഇല്ല. അടുത്തെങ്ങും ഇവ മെച്ചപ്പെടുമെന്ന സാധ്യതയും കാണുന്നില്ല. പൊട്ടിത്തകര്‍ന്ന റോഡുകള്‍, മതിയായ ടോയ്‌ലെറ്റുകളുടെയും വൃത്തിയുടെയും അഭാവം, സുരക്ഷാ പ്രശ്‌നങ്ങള്‍, ഹോട്ടലുകളുടെ അമിത വില, പര്യാപ്തമല്ലാത്ത ഗതാഗത സംവിധാനങ്ങള്‍ എന്നിവയുള്ള നമ്മുടെ നാട് വിദേശരാജ്യങ്ങളുമായി മത്സരിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നതില്‍ അതിശയിക്കേണ്ടതില്ല. ഇന്ത്യക്ക് സമ്പന്നമായ ചരിത്രമുണ്ടെങ്കിലും തായ്‌ലാന്റ്, യു.എ.എ, വിയറ്റ്‌നാം പോലുള്ള ചെലവ് കുറഞ്ഞ രാജ്യങ്ങളില്‍ നിന്ന് ശക്തമായ മത്സരമാണ് നേരിടുന്നത്. അമിതാഭ് കാന്ത് അഭിപ്രായപ്പെട്ടത് പോലെ വിദേശ കറന്‍സി ഇന്ത്യയിലേക്ക് ഒഴുകാന്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍ സര്‍ക്കാര്‍ ശക്തമായ നിക്ഷേപം നടത്തേണ്ടത് അത്യാവശ്യമാണ്.
ചരക്ക് സേവന നികുതി നിരക്കുകള്‍ പരിഷ്‌ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങള്‍ സ്വാഗതാര്‍ഹമാണ്. ഉയര്‍ന്ന വരുമാനം നേടാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് വളരെ സങ്കീര്‍ണമായ ഒരു നികുതിഘടന നിര്‍മിച്ചുവെന്നത് സത്യമാണ്. മുന്‍പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗ് ഉയര്‍ന്ന ജി.എസ്.ടി പരിധി 18 ശതമാനമാക്കി നിലനിറുത്തണമെന്ന് ആഗ്രഹിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിന് സര്‍ക്കാരിന്റെ മറ്റ് വിഭാഗങ്ങളില്‍ നിന്നും ശക്തമായ എതിര്‍പ്പാണ് നേരിട്ടത്. 5 ശതമാനമായി നിരക്ക് കുറക്കുന്നത് സമ്പദ് വ്യവസ്ഥക്ക് ഉണര്‍വ് നല്‍കുമെങ്കിലും ബിസിനസുകള്‍ അധിക ലാഭമുണ്ടാക്കാനുള്ള അവസരമായി ഇതിനെ ഉപയോഗിക്കാനുള്ള സാധ്യതയുണ്ട്. ഇത് നടക്കില്ലെന്ന് മതിയായ സംവിധാനങ്ങള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ ഉറപ്പാക്കണം. ഉപയോക്താക്കളുടെ അവകാശങ്ങളും സംരക്ഷിക്കണം.
കയറ്റുമതി ചെയ്യാനുള്ള കൂടുതല്‍ വിപണി കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഇന്ത്യ ആരംഭിക്കണം. ഒന്നോ രണ്ടോ വലിയ രാജ്യങ്ങളെ മാത്രം കയറ്റുമതിക്ക് ആശ്രയിക്കുന്നത് ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിലും താരിഫ് മാറ്റത്തിലും ഇന്ത്യയുടെ സാധ്യതകളെ സാരമായി ബാധിക്കും. ആസിയാന്‍, ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍, മിഡില്‍ ഈസ്റ്റ്, മറ്റ് ഏഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തണം. ഇതിലൂടെ നഷ്ടസാധ്യത കുറക്കാന്‍ കഴിയും.
അമിതതീരുവ നടപ്പിലാകുമ്പോള്‍ മേഖലകള്‍ക്ക് പിന്തുണ നല്‍കാന്‍ ഇടപെടുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് കാലത്ത് നല്‍കിയത് പോലെയാകാതെ വ്യവസായങ്ങള്‍ക്ക് കൃത്യമായ സഹായം ലഭിക്കുന്നതാകണം ഈ സംവിധാനങ്ങള്‍. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നത് വരെയെങ്കിലും ബാങ്കിംഗ് മേഖലയില്‍ പലിശ ഇളവ്, മൊറട്ടോറിയം, വായ്പാ ചട്ടങ്ങളില്‍ ഇളവ് എന്നിവ ഏര്‍പ്പെടുത്തണം.
താരിഫ് മൂലമുണ്ടാകുന്ന ബാധ്യത കുറക്കാന്‍ അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക് ഇന്‍സെന്റീവ് ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തയ്യാറാകണം. പുതിയ വിപണി കണ്ടെത്താനും സര്‍ക്കാര്‍ ശ്രമിക്കണം. ഒപ്പം നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നത് വരെ വ്യവസായങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും സര്‍ക്കാര്‍ തയ്യാറാകണം.
താരിഫ് വിഷയത്തില്‍ യു.എസിന് അതേഭാഷയില്‍ മറുപടി നല്‍കണമെന്ന് ചില കേന്ദ്രങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് വിപരീതഫലം ഉണ്ടാക്കും. മുന്‍പെങ്ങുമില്ലാത്ത വിധം ഇന്ത്യയെ ശാക്തീകരിക്കാനുള്ള അവസരമായി ഇതിനെ ഉപയോഗിക്കണം. കുറച്ച് വിപണികളെ മാത്രം ആശ്രയിക്കുന്ന പതിവ് ഇന്ത്യ അവസാനിപ്പിക്കണം. ബിസിനസ് ചെയ്യാനുള്ള ചെലവ് കുറക്കുകയും വ്യവസായങ്ങളെ രാഷ്ട്ര നിര്‍മാണത്തിന്റെ ഭാഗമാണെന്ന് അംഗീകരിക്കുകയും വേണം. അങ്ങനെ സംഭവിച്ചാല്‍ യു.എസ് ഭീഷണി മറികടക്കാമെന്ന് മാത്രമല്ല, ലോക സാമ്പത്തിക ശക്തിയായി ഇന്ത്യക്ക് വളരാനുള്ള വഴിയും തെളിയും.
ഇതിനൊപ്പം നമ്മുടെ നയതന്ത്ര സാധ്യതകള്‍ ഉപയോഗിച്ച് യു.എസുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും ഊര്‍ജ്ജിതമാക്കണം. യു.എസിന്റെ സഖ്യരാജ്യമെന്ന അടയാളപ്പെടുത്തല്‍ ആഗോളതലത്തില്‍ നമുക്ക് പല ഗുണങ്ങളും നല്‍കും. വ്യാപാര തര്‍ക്കങ്ങള്‍ പരിഹാരമാകാതെ തുടര്‍ന്നാല്‍ ഈ ഗുണങ്ങളെല്ലാം നഷ്ടമാവുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാല്‍ യു.എസ് താരിഫ് വിഷയം തിരിച്ചടിയേക്കാള്‍ അവസരമായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. കരുക്കള്‍ ശരിയായി നീക്കിയാല്‍ ഇന്നല്ലെങ്കില്‍ നാളെ നമ്മുടെ ഉത്പന്നങ്ങള്‍ യു.എസ് വിപണിയില്‍ സുഗമമായി വ്യാപാരം ചെയ്യാന്‍ സാധിക്കും.
പ്രയോജനപ്പെടുത്താന്‍ കഴിയുന്ന ഏറ്റവും നല്ല അവസരമാണ് പ്രതിസന്ധി എന്നൊരു ചൊല്ലുണ്ട്, ഗുണപരമായി ഉപയോഗിക്കാന്‍ കഴിയുന്ന അത്തരമൊരു സാഹചര്യമാണ് നിലവിലേത്.
US Tariff Shock: Rabfil International MD G Krishnakumar Sees Opportunity in Crisis
Read DhanamOnline in English
Subscribe to Dhanam Magazine