സാംസ്‌കാരിക വൈവിധ്യത്തെ ബുദ്ധിപരമായി ഉപയോഗിക്കൂ; വില്‍പ്പന വര്‍ധിപ്പിക്കൂ
വസ്ത്രങ്ങളുടെ പ്രപഞ്ചം ഹരം കൊള്ളിക്കുന്നതാണ്. മാറി മാറി വരുന്ന ഫാഷനുകള്‍, വിവിധ വര്‍ണ്ണങ്ങള്‍, വ്യക്ത്വിത്വം പ്രകാശിപ്പിക്കുന്ന ഡിസൈനുകള്‍ വസ്ത്രങ്ങള്‍ നമ്മുടെ ജീവിതത്തില്‍ കാട്ടുന്ന മായാജാലം അസാധാരണമായ അനുഭവമാണ്. വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ നാം അത്യന്തം ശ്രദ്ധിക്കുന്നു. ഓരോ സന്ദര്‍ഭത്തിനും ചേരുന്ന വസ്ത്രങ്ങള്‍ ജീവിതത്തിന്റെ ഭാഗമാണ്. ജീവിതം ആഘോഷമാക്കാന്‍ വസ്ത്രങ്ങള്‍ക്കുള്ള പങ്ക് വിസ്മരിക്കാനാവില്ല.
ജപ്പാനിലെ റീറ്റെയ്ല്‍ ഭീമനായ Uniqlo ഉന്നത മേന്മയുള്ള വസ്ത്രങ്ങള്‍ വില്‍ക്കുന്നതില്‍ പ്രശസ്തമാണ്. നിങ്ങള്‍ അവരുടെ ഫ്‌ലാഗ്ഷിപ്പ് സ്റ്റോറിലേക്ക് കടന്നു ചെല്ലുന്നുവെന്നിരിക്കട്ടെ. നിങ്ങളുടെ ഹൃദയത്തെ ത്രസിപ്പിക്കുന്ന രീതിയിലാണ് അവിടെ വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. വസ്തങ്ങള്‍ സ്പര്‍ശിക്കുമ്പോള്‍ ലഭിക്കുന്ന അനുഭവത്തിനായവര്‍ നിങ്ങളെ ആദരവോടെ ക്ഷണിക്കുന്നു. പാരമ്പര്യവും ആധുനികതയും ഇഴചേരുന്ന അത്ഭുതാവഹമായ കാഴ്ച നിങ്ങള്‍ക്ക് അവരുടെ സ്റ്റോറുകളില്‍ കാണാം. ഉപഭോക്താക്കളുടെ മനം കവരുന്ന രീതിയില്‍ സ്റ്റോര്‍ രൂപകല്‍പ്പന ചെയ്യാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു.
ആഗോള വിപണിയെടുത്താല്‍ ഫാഷന്‍ ബ്രാന്‍ഡുകള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എത്ര കൃത്യതയോടെ പ്ലാന്‍ ചെയ്താണ് വില്‍പ്പന നടത്തുന്നതെന്ന് കാണാം. ഉപഭോക്താക്കളുടെ മൂല്യം അവര്‍ മനസ്സിലാക്കുന്നു. അലസമായ ഒരു സമീപനം അവരുടെ ബിസിനസില്‍ നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിക്കുകയില്ല. വളരും തോറും അവര്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നു.
അഡിഡാസും നൈക്കിയും
ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് കടന്നു ചെന്നാല്‍ നിങ്ങളെ എതിരേല്‍ക്കുന്നത് ഈ ഫാഷന്‍ ഭീമന്മാരുടെ തകര്‍പ്പന്‍ പരസ്യങ്ങളാവും. തങ്ങളുടെ ബ്രാന്‍ഡ് ഇമേജ് എന്താണോ അതിനുസൃതമായ പരസ്യ തന്ത്രങ്ങളാണ് അവര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് നിങ്ങള്‍ക്ക് കാണാം. മികച്ച സ്‌പോര്‍ട്‌സ് സെലിബ്രിറ്റികള്‍ അവരുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ്. ഉല്‍പ്പന്നത്തിന്റെ മൂല്യം ഒരു തരിപോലും ചോരാത്ത രീതിയില്‍ അവര്‍ മാര്‍ക്കറ്റ് ചെയ്യുന്നു. അമേരിക്കന്‍ സംസ്‌കാരത്തിന്റെ ഭാഗമായ, അവരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള സ്‌പോര്‍ട്‌സിനോടുള്ള അഭിനിവേശം അവര്‍ കൃത്യമായി, ബുദ്ധിപരമായി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നു.
ഫാബ്ഇന്ത്യ
ഇന്ത്യന്‍ വിപണി ഫാഷനും പാരമ്പര്യവും ആഴത്തിലുള്ള സംസ്‌കാരവും കൂടിച്ചേര്‍ന്നതാണ്. വൈവിധ്യത്തിന് പേരുകേട്ട വിപണിയാണ് ഇന്ത്യയുടേത്. വ്യത്യസ്ത ജനവിഭാഗങ്ങളും ഭാഷയും ആഘോഷങ്ങളും കൂടിച്ചേര്‍ന്ന അത്യസാധാരണവും സങ്കീര്‍ണ്ണവുമായ വിപണിയെന്നു തന്നെ നമുക്കതിനെ വിലയിരുത്താം. ഇത്തരമൊരു വിപണിയിലാണ് ഫാബ്ഇന്ത്യ വെന്നിക്കൊടി പാറിച്ചത്. കൈത്തറി വസ്ത്രങ്ങളിലും പരമ്പരാഗത നിര്‍മ്മാണ വൈദഗ്ദ്യത്തിലും ഊന്നല്‍ നല്‍കി അവര്‍ പരീക്ഷിച്ച വിപണന തന്ത്രം ഫലം കണ്ടു.
സാറയും എച്ച് ആന്‍ഡ് എമ്മും
മറ്റൊരാള്‍ക്കും സാധിക്കാത്ത തരത്തില്‍ ഫാസ്റ്റ് ഫാഷനില്‍ വൈദഗ്ദ്യം നേടിയവരാണ് സാറയും എച്ച് ആന്‍ഡ് എമ്മും (Zara & H & M). അസാധാരണ വേഗത്തില്‍ ഫാസ്റ്റ് ഫാഷന്‍ വസ്ത്രങ്ങള്‍ വിപണിയിലെത്തിക്കാന്‍ അവര്‍ക്കുള്ള മിടുക്ക് അപാരമാണ്. അവരുടെ വിജയ ഫോര്‍മുല ഇത് തന്നെയാണെന്ന് പറയാം. വളരെ തന്ത്രപരമായാണ് അവര്‍ തങ്ങളുടെ സ്റ്റോറുകള്‍ സ്ഥാപിക്കാനുള്ള കണ്ണായ സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നത്. ഫാസ്റ്റ് ഫാഷന്‍ വസ്ത്രങ്ങള്‍ എത്തിക്കുന്നതും അവയുടെ ശേഖരവും പ്രൈം ലൊക്കേഷനുകളുമാണ് യൂറോപ്പിലെ അവരുടെ വിജയ ഫോര്‍മുല.
പ്യൂമ
ബ്രസീലിന്റെ ഫുട്‌ബോള്‍ പ്രേമം ഒരു രഹസ്യമല്ല. അത് എല്ലാ സീമകളും ലംഘിക്കും. ഓരോ ബ്രസീലിയനും ഫുട്‌ബോള്‍ ഒരു വികാരമാണ്. ജീവിതത്തിന്റെ അടര്‍ത്തിമാറ്റാന്‍ കഴിയാത്ത ഭാഗമാണ്. സ്‌പോര്‍ട്‌സിനോടുള്ള ബ്രസീലിന്റെ അദമ്യമായ ഈ വികാരത്തെയാണ് പ്യൂമ വിപണനത്തിനായി ഉപയോഗിച്ചത്. ബ്രസീലിലെ എല്ലാ പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളിലും അവര്‍ ഭാഗഭാക്കായി. തങ്ങളുടെ ലിമിറ്റഡ് എഡിഷന്‍ ഉല്‍പ്പന്നങ്ങള്‍ അവര്‍ ടൂര്‍ണമെന്റുകളില്‍ ലോഞ്ച് ചെയ്തു. സ്‌പോര്‍ട്‌സും സ്‌റ്റൈലും ഒത്തിണക്കാന്‍ പ്യൂമയ്ക്ക് സാധിച്ചു.
മുഡി ആഫ്രിക്ക
ബെസ്‌പോക്ക് ടൈലറിംഗും (Bespoke Tailoring) ആഫ്രിക്കന്‍ പൈതൃകത്തിലൂന്നിയ ഡിസൈനുകളും കൊണ്ട് നൈജീരിയ കീഴടക്കിയ ഫാഷന്‍ ബ്രാന്‍ഡാണ് മുഡി ആഫ്രിക്ക (Mudi Africa). വൈയക്തികമായ, ആഫ്രിക്കന്‍ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്ന ഫാഷനുകള്‍ നൈജീരിയന്‍ ഉപഭോക്താക്കളുടെ മനസ്സ് കീഴടക്കി. അവര്‍ അത്തരം ഫാഷനുകളുമായി അതിവേഗം താതാത്മ്യം പ്രാപിച്ചു. നൈജീരിയന്‍ പ്രാദേശിക വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമായി ഉറപ്പിക്കാന്‍ ഇത് മുഡി ആഫ്രിക്കയെ സഹായിച്ചു.
ആരണ്യ ക്രാഫ്റ്റ്‌സും ആരോങ്ങും
വസ്ത്ര നിര്‍മ്മാണത്തില്‍ ആഗോള മാര്‍ക്കറ്റിലെ പ്രധാനപ്പെട്ട ഒരിടമാണ് ബംഗ്ലാദേശ്. വസ്ത്ര നിര്‍മ്മാണത്തില്‍ വിദഗ്ദ്ധരായ തൊഴിലാളികള്‍ ഇവിടെ ധാരാളമുണ്ട്. തൊഴിലില്‍ അസാമാന്യ വൈദഗ്ദ്യമുള്ള ഈ തൊഴിലാളികളേയും വസ്ത്ര നിര്‍മ്മാണ രംഗത്തെ ബംഗ്ലാദേശിന്റെ സമ്പന്നമായ പൈതൃകത്തേയും ഉപയോഗിച്ചാണ് ആരണ്യ ക്രാഫ്റ്റ്‌സും ആരോങ്ങും (Aranya Crafts & Aarong) ഈ മേഖലയില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചത്. ആധികാരികമായ സ്രോതസ്സുകളില്‍ നിന്നുള്ള അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് ഉന്നത മേന്മയുള്ള വസ്ത്രങ്ങള്‍ നെയ്‌തെടുക്കാന്‍ അവര്‍ക്ക് സാധിക്കുന്നു. പ്രാദേശിക വിപണിയിലും അന്താരാഷ്ട്ര വിപണിയിലും അവര്‍ക്കിന്ന് ഉപഭോക്താക്കളുണ്ട്. ഓരോ രാജ്യത്തിന്റെയും വിഭവങ്ങളെ എത്ര ഫലപ്രദമായി ഉപയോഗിക്കാം എന്നതിന് ഇത് തെളിവാണ്.
ആഗോള വിപണിയും പ്രാദേശിക സംസ്‌കാരവും
ജപ്പാനായാലും ഇന്ത്യയായാലും ബ്രസീലായാലും നൈജീരിയയായാലും പ്രാദേശിക സംസ്‌കാരത്തിന്റെ ശക്തി ആലോചിച്ചു നോക്കൂ. വിജയിക്കുന്ന ബ്രാന്‍ഡുകള്‍ ഈ സാംസ്‌കാരിക വൈവിധ്യത്തെ ബുദ്ധിപരമായി ഉപയോഗിക്കുന്നവരാണ്. ഓരോ പൗരന്റെ ഉള്ളിലും ആഴത്തില്‍ വേരൂന്നിയ സംസ്‌കാരം അവന്റെ ഉല്‍പ്പന്നങ്ങളുടെ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്നു. ഇത്തരം പ്രാദേശിക സംസ്‌കാരങ്ങളെ ഉള്‍ക്കൊള്ളാനും ബഹുമാനിക്കാനും ബ്രാന്‍ഡുകള്‍ക്ക് സാധിക്കേണ്ടതുണ്ട്.
ഇനി ഒരു ഫാഷന്‍ സ്റ്റോറില്‍ കടന്നു ചെല്ലുമ്പോള്‍ ചുറ്റുപാടും കണ്ണോടിക്കുക. എത്ര മനോഹരമായിട്ടാണ് അവര്‍ ആ രാജ്യത്തെ അല്ലെങ്കില്‍ പ്രദേശത്തെ സാംസ്‌കാരിക പൈതൃകത്തെ ഉള്‍ക്കൊള്ളുന്നത്. ഓരോ വസ്ത്രത്തിനും സംസ്‌കാരവും നവീനതയും പൈതൃകവുമായൊക്കെ ബന്ധപ്പെട്ട ഒരു കഥ പറയാനുണ്ടാകും. അതിന് ചെവി കൂര്‍പ്പിക്കുക. വിപണി എന്നും പരിണാമദിശയിലാണ്. അത് നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമാകുന്നു, മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു.