വില്‍പ്പനയും ലാഭവും കൂട്ടണോ? ഇതാ അതിനുള്ള മാര്‍ഗം

നിങ്ങള്‍ ചിക്കന്‍ വാങ്ങുവാനായി ചിക്കന്‍ സ്റ്റാളില്‍ കയറിയിരിക്കുകയാണ്. ചിക്കന്‍ തൂക്കി നോക്കി ഡ്രസ്സ് ചെയ്ത് നിങ്ങള്‍ക്കു തന്നു കൊണ്ട് കടക്കാരന്‍ പറയുകയാണ്.

''സര്‍, സ്വാദിഷ്ടങ്ങളായ ചിക്കന്‍ വിഭവങ്ങളുടെ പാചകക്കുറിപ്പുകള്‍ അടങ്ങിയ പുസ്തകം ഇവിടെ ലഭിക്കും. കൂടാതെ പാചകം ചെയ്യുവാനുള്ള ചിക്കന്‍ മസാലയും മറ്റ് സുഗന്ധവ്യഞ്ജനങ്ങളും കൂടി ലഭ്യമാണ്. ദയവായി അതുകൂടെ വാങ്ങിക്കോളൂ.''

നിങ്ങളില്‍ ആശ്ചര്യം ഉണരുന്നു. ചിക്കന്‍ കൂടാതെ അത് രുചികരമായി പാചകം ചെയ്യുവാന്‍ ഉപയോഗിക്കുന്ന മസാലയും സുഗന്ധവ്യഞ്ജനങ്ങളുംകൂടി അവിടെ വില്‍ക്കപ്പെടുന്നു. ചിക്കന്‍ എന്ന പ്രധാനപ്പെട്ട ഉല്‍പ്പന്നത്തിനൊപ്പം വില്‍ക്കപ്പെടുവാന്‍ സാധ്യതയുള്ള മറ്റ് കോംപ്ലിമെന്ററി ഉല്‍പ്പന്നങ്ങള്‍ കൂടി ആ കടക്കാരന്‍ വില്‍പ്പനക്കായി വെച്ചിരിക്കുന്നു. ഇത് കടയിലെ കച്ചവടം വര്‍ദ്ധിപ്പിക്കുന്നു. ചിക്കന്‍ വാങ്ങുന്നവര്‍ അതുമായി ബന്ധപ്പെട്ട ഈ കോംപ്ലിമെന്ററി ഉല്‍പ്പന്നങ്ങള്‍ കൂടിവാങ്ങുന്നു.

നിങ്ങള്‍ ഒരു മൊബൈല്‍ ഫോണ്‍വാങ്ങുവാനായി ഷോപ്പില്‍ എത്തുന്നു. മൊബൈല്‍വാങ്ങിക്കഴിയുമ്പോള്‍ കടക്കാരന്റെ ചോദ്യം ഇങ്ങിനെയായിരിക്കും.

''സര്‍, സ്‌ക്രീന്‍ ഗാര്‍ഡും മൊബൈല്‍ കവറും ആവശ്യമില്ലേ?' നിങ്ങള്‍ മൊബൈല്‍ കവറും സ്‌ക്രീന്‍ ഗാര്‍ഡും വാങ്ങിക്കുന്നു. കാരണം മൊബൈലിന് ഇത് രണ്ടും ആവശ്യമാണ്. കടക്കാരന്റെ ചോദ്യം അവസാനിക്കുന്നില്ല.''

'സര്‍, സിം കാര്‍ഡ് ആവശ്യമുണ്ടോ?' പുതിയൊരു കണക്ഷന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ സിം കാര്‍ഡോ കൂടി അവിടെ നിന്നും വാങ്ങുന്നു. ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ വാങ്ങുവാന്‍ പോയ നിങ്ങള്‍ അതിനൊപ്പം മറ്റെന്തൊക്കെ വാങ്ങിയെന്ന് ശ്രദ്ധിക്കൂ.

ഒരു ഉല്‍പ്പന്നത്തിന്റെ ഒപ്പം ഉപയോഗിക്കുവാന്‍ സാധിക്കുന്ന മറ്റ് ഉല്‍പ്പന്നങ്ങളെ കോംപ്ലിമെന്ററി ഗുഡ്‌സ് എന്ന് വിളിക്കാം. ഒരു ഉല്‍പ്പന്നത്തിന്റെ ആവശ്യകത മറ്റ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പ ന കൂട്ടാന്‍ സഹായിക്കും. ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഒരുമിച്ച് വില്‍ക്കുവാന്‍ സാധിക്കുന്നവയാണ്. 'സ്‌റ്റോര്‍ വിത്തിന്‍ എ സ്‌റ്റോര്‍' (Store within a store) എന്ന ആശയം നോക്കുക. ഒരു കോഫി ഷോപ്പും ബുക്ക് ഷോപ്പും ഉള്‍ക്കൊള്ളുന്ന സ്‌റ്റോര്‍ രണ്ടിന്റേയും വില്‍പ്പനയ്ക്ക് സഹായകരമാകുന്നു.

നിങ്ങള്‍ സിനിമ കാണുവാനായി തീയേറ്ററില്‍ കയറുകയാണ്. അവിടെ ഭക്ഷണങ്ങളും പാനീയങ്ങളും ലഭ്യമാണ്. സിനിമ എന്ന ഉല്‍പ്പന്നത്തിനൊപ്പം ഇത്തരം ഉല്‍പ്പന്നങ്ങള്‍ കൂടി വില്‍ക്ക പ്പെടുന്നു. ഒരു തോക്ക് വാങ്ങിക്കുമ്പോള്‍ ബുള്ളറ്റുകള്‍ അതിനൊപ്പം വില്‍ക്കപ്പെടുന്നു. ബുള്ളറ്റുകള്‍ ഇല്ലെങ്കില്‍ തോക്ക് ഉപയോഗശൂന്യമാണ്. തോക്കിന്റെ വില്‍പ്പന ബുള്ളറ്റിന്റെ വില്‍പ്പന കൂടി ഉറപ്പു വരുത്തുന്നു.

ഒരു പെറ്റ് ഷോപ്പ് (Pet Shop) ശ്രദ്ധിക്കുക. അവിടെ പെറ്റുകള്‍ മാത്രമല്ല വില്‍പ്പനയ്ക്കുള്ളത്. ഭക്ഷണം, കൂടുകള്‍, മരുന്നുകള്‍, ഷാമ്പൂ, സോപ്പ്, ചീപ്പ് തുടങ്ങി പെറ്റുകള്‍ക്ക്് ആവശ്യമായ എല്ലാവിധ ഉല്‍പ്പന്നങ്ങളും അവിടെ നിന്നും ലഭ്യമാണ്. പെറ്റുകള്‍ വില്‍ക്കപ്പെടുന്നതിനൊപ്പം ഇവ കൂടി വില്‍ക്കപ്പെടുന്നു. ഇത്തരം കോംപ്ലിമെന്ററി ഉല്‍പ്പന്നങ്ങള്‍ ഭാവിയിലെ തുടര്‍ച്ചയായ വില്‍പ്പന കൂടി ഉറപ്പുവരുത്തുന്നു.

നിങ്ങളുടെ ബിസിനസില്‍ കൂട്ടിച്ചേര്‍ക്കുവാന്‍ കഴിയുന്ന കോംപ്ലിമെന്ററി ഗുഡ്‌സ് കണ്ടെത്തുക. പ്രധാനപ്പെട്ട ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം വില്‍ക്കുവാന്‍ സാധിക്കുന്ന കോംപ്ലിമെന്ററി ഗുഡ്‌സ് ഷോപ്പിന്റെ മൊത്തം വില്‍പ്പന വര്‍ദ്ധിപ്പിക്കും അതിനൊപ്പം തന്നെ തുടര്‍ച്ചയായ വില്‍പ്പനയ്ക്ക് സാധ്യത കൂട്ടുകയും ചെയ്യും. സ്‌പോര്‍ട്‌സ് ഗുഡ്‌സ് വില്‍ക്കുന്ന കടകള്‍ നോക്കുക. ക്രിക്കറ്റ് ബാറ്റിനൊപ്പം അവര്‍ ബോള്‍, പാഡ്, ഹെല്‌മെലറ്റ്, ഷൂസ്, ടീ ഷര്‍ട്ട് തുടങ്ങിയ ധാരാളം അനുബന്ധ ഉല്‍പ്പന്നങ്ങള്‍ കൂടി വില്‍ക്കുന്നു. ബിസിനസിലെ വില്‍പ്പനയും ലാഭവും വര്‍ദ്ധിപ്പിക്കുവാന്‍ ഈ തന്ത്രം നിങ്ങള്‍ക്കും പ്രയോഗിക്കാം.


Dr Sudheer Babu
Dr Sudheer Babu  

Related Articles

Next Story

Videos

Share it