ഇന്നും ഭീതിയുണര്‍ത്തി ആ ബോംബെ - മദ്രാസ് കാര്‍ യാത്ര

ഇന്നും ഭീതിയുണര്‍ത്തി ആ ബോംബെ - മദ്രാസ് കാര്‍ യാത്ര
Published on

തൊണ്ണൂറുകളുടെ അവസാനം ഒരു ഞായറാഴ്ച വെളുപ്പിന് ഞാനും മുത്തുവും ബോബെ ബാംഗ്ലൂര്‍ ഹൈവേ തൊട്ടു. കാര്‍ അതിവേഗതയില്‍ കുതിച്ചുപായുന്നു. മുത്തു കമ്പനി ഡ്രൈവര്‍. തമിഴ്‌നാട്ടുകാരന്‍. കമ്പനി ഡയറക്ടര്‍മാരുടെ വിശ്വസ്ത സാരഥി. ഞാന്‍ സീനിയര്‍ ജി.എം.ആയതിന്റെ ഭാഗമായി ഒരു വലിയ ഫോര്‍ഡ് കാര്‍ കമ്പനി എനിക്ക് ബോംബെയില്‍ നിന്ന് ചെന്നൈയിലേക്ക് തന്നു വിടുന്നു. ഒറ്റയ്ക്ക് അത്ര ദൂരം ഞാന്‍ ഓടിക്കാതിരിക്കാന്‍ മുത്തുവെന്ന സ്വന്തം സാരഥിയെ വിട്ടു തന്നിരിക്കുകയാണ് കിഷോര്‍ മോട്‌വാനിയെന്ന എന്റെ ഡയറക്റ്റര്‍.

കരുതലുള്ള ഒരു മനുഷ്യനാണദ്ദേഹം എന്നെനിക്കറിയാം. പല അനുഭവങ്ങളും ഉണ്ട്. ചെന്നൈയില്‍ ഒരു ഡ്രൈവറെയും നിയമിച്ചോളാന്‍ പറഞ്ഞിട്ടുണ്ട്.

കുറച്ചു ദൂരം പോയപ്പോഴേക്കും ഒരു കാര്യമെനിക്ക് മനസിലായി. ഇവന്‍ ഒടുക്കത്തെ സ്പീഡുകാരന്‍. അയാള്‍ക്ക് മുമ്പില്‍ ഏതു വണ്ടി കണ്ടാലും മറികടക്കണം. മീഡിയനില്ലാത്ത ഭാഗത്തൊക്കെ നമ്മുടെ കാര്‍ ഓവര്‍ടേക്ക് ചെയ്ത് തുടങ്ങുമ്പോള്‍ എതിരെ നിന്ന് ഭീമന്‍ ട്രക്കുകള്‍ വരും. ഉടനെ ഇവന്‍ ബ്രേക്ക് ഒരു ചവിട്ടാണ്. എന്റെ വയറ്റില്‍ നിന്ന് തീഗോളം ഉയര്‍ന്ന് വന്നു. ഒന്നല്ല പലതവണ.വേഗം കുറയ്ക്കാന്‍ പറയുമ്പോള്‍ മനസില്ലാ മനസ്സോടെ പതിനഞ്ചു മിനിറ്റ് അനുസരിക്കും. പിന്നെ പഴയ പടി തന്നെ. കുറെയേറെ വണ്ടിയോടി.

ഇത്തവണ എതിരെ വന്ന കൂറ്റന്‍ ട്രക്ക് വേഗം കുറച്ചില്ല. ഇടത് വശം മറ്റൊരു ഭീമന്‍ ട്രക്ക് ഓടുന്നു. നമ്മുടെ പഹയന്‍ വണ്ടി വലത്തേക്ക് വെട്ടിച്ച് കയറ്റിയപ്പോള്‍ എതിരെ വന്ന കൂറ്റന്‍ ട്രക്ക് തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ കടന്നു പോയി. അതിന്റെ കാറ്റില്‍ ഞങ്ങളുടെ കാര്‍ ഒന്നു കുലുങ്ങി മുത്തുവിന്റെ നിയന്ത്രണം വിട്ട് റോഡിന്റെ വലതു വശത്തുള്ള ഒരു കാനയിലേക്ക് ഇറങ്ങി നിന്നു.

ഭാഗ്യത്തിന് ട്രക്കിലും വലതു വശത്തെ തിട്ടയിലും ഇടിച്ചില്ല!

അല്ലെങ്കില്‍ കാറും രണ്ടു പേരും പപ്പടമായേനെ...

ഞാന്‍ മുത്തുവിനോട് വണ്ടിയില്‍ നിന്നിറങ്ങാന്‍ പറഞ്ഞു. ഞാന്‍ സാരഥിയാവാം നീ സൈഡിലിരുന്നോന്ന്

പറഞ്ഞു. വണ്ടി റിവേഴ്‌സ് എടുത്ത്

ഞാന്‍ ഹൈവേയിലൂടെ ഓടിക്കാന്‍ തുടങ്ങി. ചില കമ്പനി വര്‍ത്തമാനങ്ങള്‍.

മോട്‌വാനി സഹോദരങ്ങള്‍ മൂന്ന് പുതിയ മോഡല്‍ ബെന്‍സ് ഒരുമിച്ചു ഡെലിവറി എടുത്ത കാര്യം മുത്തു എന്നോട് എടുത്തു പറഞ്ഞു.

ഞങ്ങള്‍ നഗരപരിധി വിടുന്നതിന് മുമ്പ് പ്രാതല്‍ കഴിച്ചിരുന്നു. ഏറെ ദൂരം വന്നിട്ടും കടകളും ഭോജന ശാലകളൊന്നും കാണുന്നില്ല. റോഡ് നീണ്ടു നിവര്‍ന്നങ്ങനെ കിടക്കുന്നു.

ഉച്ചഭക്ഷണ സമയം കഴിഞ്ഞിട്ട് സമയമേറെയായി. വഴിയോര ധാബകള്‍ എല്ലാം അടച്ചിരിക്കുന്നു. രാത്രി വൈകിയടയ്ക്കുന്നവ ഇനി വൈകുന്നേരമേ തുറക്കൂ. വഴിച്ചിലവിന് ഓഫീസില്‍ നിന്ന് തന്ന പതിനായിരം പാന്റിന്റെ പോക്കറ്റില്‍ ഭദ്രമായുണ്ട്. സ്വര്‍ണ്ണം പവന്‍ നാലായിരത്തിന് കിട്ടുന്ന കാലം.

വയര്‍ കാളാന്‍ തുടങ്ങി. വണ്ടിയില്‍ കുടി വെള്ളവും തീരാറായി. പൈസ ചില സമയത്ത് ഉപകാരപ്പെടില്ലല്ലോ. Money is what money does. എന്തു ഗതികേടാണെന്നറിയില്ല ഒറ്റ കട തുറന്നിട്ടില്ല! ഞങ്ങള്‍ ഇരു വശങ്ങളിലേക്കും നോക്കി നോക്കി ഇരിക്കുകയാണ്.

ഒടുവില്‍ ഒരു ചെറിയ ചായക്കട പോലെ ഒന്ന് കുറച്ചു തുറന്നു വച്ചത് ദൂരെ നിന്ന്

കണ്ടു. ഞാന്‍ ചാടിയിറങ്ങിയിട്ടും ഇയാള്‍ ഇറങ്ങുന്നില്ല. കാറിന്റെ ഡാഷില്‍ നിന്ന് എന്തോ എടുത്ത് പാന്റിന്റെ പുറകില്‍ അരയിലേക്ക് തിരുകി ഇറങ്ങി.

കടയില്‍ കഴിക്കാന്‍ ഒന്നുമില്ലെങ്കിലും ചപ്പാത്തിയും തക്കാളിക്കറിയും തയ്യാറാക്കാമെന്ന് കടയിലെ സ്ത്രീ പറഞ്ഞു. ഞങ്ങളുടെ അവസ്ഥ കണ്ട് പറഞ്ഞതാണ്. ഒരു മൂലയിലെ രണ്ടു കസേരകളില്‍ ഞങ്ങള്‍ പോയിരുന്നു. സ്ത്രീ അടുക്കളയിലാണ്.

ഇരിക്കാനുള്ള സൗകര്യത്തിന് മുത്തു അരയില്‍ തിരുകിയിരുന്ന വസ്തു എടുത്ത് ടേബിളില്‍ വച്ച് അവിടെ കിടന്ന ഒരു പത്രം കൊണ്ട് മൂടിയിട്ടു. എന്റെ ഹൃദയം വായിലെത്തിയ പോലെ തോന്നി. അതൊരു പിസ്റ്റളായിരുന്നു!

ചോദിച്ചു പോയി. നീ ശരിക്ക് ആരാണ്?

കുറെ നാളായി മോട്്‌വാനി സഹോദരന്മാര്‍ക്ക് ബോംബെ അധോലോകത്ത് നിന്ന് ഭീഷണിയുണ്ട്.

മുത്തു കിഷോര്‍ജിയുടെ സാരഥിയേക്കാളേറെ അംഗരക്ഷകനാണ്. ഈ കാര്‍ ഏതാനും മാസം കിഷോര്‍ജി ഉപയോഗിച്ചിരുന്നു. അവന്‍മാരുടെ ഹിറ്റ് ലിസ്റ്റില്‍ ഈ കാര്‍ നമ്പരുണ്ട്! എന്റെ വിശപ്പ് പെട്ടെന്ന് കെട്ടു. ചൂട് ചപ്പാത്തിയും തക്കാളിക്കറിയും കൂടാതെ ഓംലറ്റുമായി സ്ത്രീ എത്തി. ഞാന്‍ എങ്ങനെയൊക്കെയോ കഴിച്ചുവെന്ന് വരുത്തി ഓടിപ്പോയി വണ്ടിയില്‍ക്കേറി ചുറ്റും നോക്കി. മുത്തു ഇരുന്ന് പതിയെ കഴിക്കുകയാണ്. ആള്‍ കൂള്‍.

ഞാന്‍ നോക്കുന്നു, പുറകെ ആരെങ്കിലും പിന്തുടരുന്നുണ്ടോ. കിഷോര്‍ ജി എന്റെ പോലെ കണ്ണട വച്ച വെളുത്ത ആളാണ്. തടിയല്‍പ്പം കൂടുതലൊഴിച്ചാല്‍ ഞാനുമായി സാമ്യമുണ്ട്. ആളെ മാറി ഇവന്‍മാര്‍ വെടി വെക്കുമോ?

അച്ഛനമ്മമാരെയും ഭാര്യയെയും മനസിലോര്‍ത്തു. അന്ന് മോളില്ല.

എന്തായാലും മുത്തു വന്നു കയറിയപ്പോള്‍ ഞാന്‍ അയാളോട് കാര്‍ ഓടിക്കാന്‍ പറഞ്ഞു. അതിനു മുമ്പ് തോക്കൊന്നു കയ്യില്‍ വാങ്ങി കണ്‍കുളിര്‍ക്കെ കണ്ടു. സൊയമ്പന്‍ സാധനം. സ്മിത്ത് ആന്റ് വെസ്സന്‍ ബ്ലാക്ക് പിസ്റ്റള്‍ !

ഒറ്റയടിക്ക് 15 എണ്ണം പൊട്ടിക്കാം. ഇയാളെ വെച്ചിരിക്കുന്ന ഏജന്‍സി കൊടുത്തിട്ടുള്ളതാണ്. ലൈസന്‍സുണ്ട്.

ഇതൊക്കെ അയാള്‍ പറയുന്നതാണ്.

അപ്പോഴാണ് ഞാന്‍ അയാളുടെ മെലിഞ്ഞതെങ്കിലും ദൃഢമായ ശരീരം ശ്രദ്ധിച്ചത്.നാല്‍പ്പതില്‍ താഴെ പ്രായം. ഗൗരവമുള്ള മുഖം. എനിക്ക് ആശ്വാസം തോന്നിത്തുടങ്ങി. ഇയാള്‍ കൂടെയുണ്ടല്ലോ. ഒരു പ്രൊഫഷണല്‍ കൂടെയുള്ളതു പോലെ..

പതിനാറു മണിക്കൂറില്‍

ബാംഗ്ലൂര്‍ എത്തി. രാത്രിയായി. ഇനി ഒരു ദിവസത്തെ ജോലി കഴിഞ്ഞിട്ട് വേണം മദ്രാസിലേക്ക് പോവാന്‍. ബാംഗ്ലൂരില്‍ പഴയ വുഡ്‌ലാന്‍ഡ്‌സ് ഹോട്ടലില്‍ അടുത്തടുത്ത രണ്ടു മുറികളെടുത്തു. എനിക്കും അംഗരക്ഷകനും... Draught ബിയറും ഭക്ഷണവും ഒരുമിച്ച് കഴിച്ച് സുഖ നിദ്ര.

അടുത്ത ദിവസം രാത്രി എന്നെ മദ്രാസില്‍ അണ്ണാനഗര്‍ K4 പോലീസ് സ്‌റ്റേഷനടുത്തുള്ള ഫ്്‌ളാറ്റില്‍ കാറടക്കം ഇറക്കി മുത്തു വെളുപ്പിനുള്ള ബോംബെ ഫ്‌ളൈറ്റ് പിടിച്ചു.

അയാളൊരു സാധാരണ ഡ്രൈവര്‍ അല്ലല്ലോ... ട്രെയിനില്‍ പോകാന്‍...

കഥയുടെ ട്വിസ്റ്റ്...

രണ്ടു മാസങ്ങള്‍ക്ക് ശേഷം ഔറംഗബാദ് ഫാക്റ്ററിയില്‍ മറ്റൊരു കമ്പനി ഉദ്യോഗസ്ഥനെ കാറില്‍ കൊണ്ടു വിട്ടു ഒറ്റയ്ക്ക്  തിരിച്ചു വരുന്ന വഴി മുത്തുവോടിച്ചിരുന്ന കാറില്‍ ഒരു  ട്രക്കിടിച്ചു പപ്പടം പോലെയായി. മുത്തു സ്‌പോട്ടില്‍ തീര്‍ന്നു.

വീട്ടിലേക്ക് കൊണ്ടു പോകാന്‍ കാര്യമായി ഒന്നും ഇല്ലായിരുന്നുവെന്ന് 

സംഭവം എന്നോട് പറഞ്ഞ ആള്‍.

അന്ന് ബാംഗ്ലൂര്‍ ഹൈവേയില്‍ ഞങ്ങളെ തൊട്ടു തൊട്ടില്ല എന്നു പാഞ്ഞു പോയ ട്രക്കിനെ ഞാന്‍ ഭീതിയോടെ ഓര്‍ത്തു...

അത് യാദൃച്ഛികമായിരുന്നോ?

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com