Begin typing your search above and press return to search.
ഇളയരാജ സംഗീതത്തിലൊഴുകി മഴക്കാടുകളിലേക്ക്
കാൻഡിയെക്കുറിച്ച് കുറച്ചൊക്കെ വായിച്ചും കേട്ടുമുള്ള അറിവുണ്ടായിരുന്നു. ചരിത്രം നിറഞ്ഞു നിൽക്കുന്ന പുരാതന നഗരവും ലങ്കയിലെ രാജഭരണകാലത്തെ അവസാന തലസ്ഥാനവുമായിരുന്നു. പീഠഭൂമിയിലെ മലകൾക്കിടയിൽ ഒതുങ്ങിക്കിടക്കുന്ന ശാന്തമായ ഒരിടം. തേയിലച്ചെടികളുടെ പച്ചപ്പ് വകഞ്ഞു മാറ്റിയുണ്ടാക്കിയ വഴികൾ കടന്ന് വേണമിവിടെക്കെത്താനെന്ന് യാത്രികർ പറയും. പലർക്കും പ്രധാന കാഴ്ച സ്ഥലം ശ്രീബുദ്ധന്റെ പല്ലിന്റെ തിരുശേഷി പ്പ് സൂക്ഷിച്ചിരിക്കുന്നു എന്ന് അവകാശപ്പെടുന്ന ക്ഷേത്രമാണ്. ടൂറിനിലെ അങ്കിയെയും കേരളത്തിലെ തിരുകേശവും പോലെ ഇതും ഒരു വിശ്വാസമാണ്.
എന്തായാലും യുനെസ്കോയുടെ ലോക പൈതൃക ഇടമായി അംഗീകരിക്കപ്പെട്ടതോടെ അങ്ങോട്ട് സന്ദർശകർ ഒഴുകാൻ തുടങ്ങി. ലങ്കാചരിത്രം നോക്കിയാൽ പ്രാദേശിക ബുദ്ധമതക്കാർ ഏത് കാലത്തും അധിനിവേശത്തെ എതിർത്തവരാണ്. കാൻഡ്യൻ ബുദ്ധമതക്കാരും അങ്ങനെ തന്നെയായിരുന്നു.
ഞങ്ങൾ രാവിലെ ഏഴ് മണിക്ക് തന്നെ സമൃദ്ധമായ പ്രാതൽ കഴിച്ച് ഹോട്ടൽ ലോബിയിലെത്തി. യാത്രയിൽ ഇനി നല്ല ഭക്ഷണം എവിടെ എപ്പോൾ കിട്ടുമെന്നറിയില്ല. കുറച്ച് വിദേശികൾ ലോബിയിൽ ടൂർ ഓപ്പറേറ്റർമാരുടെ വണ്ടികൾ വരുന്നത് കാത്തിരിക്കുന്നുണ്ട്. അഞ്ചുമിനിട്ടിനുള്ളിൽ ശെൽവനായകം ഹാൻഡ് ഫോണിൽ വിളിച്ചു പുറത്തേക്ക് ഇറങ്ങിക്കോളാൻ പറഞ്ഞു. കവാടത്തിന് തൊട്ടു മുന്നിൽ കാർ പാർക്ക് ചെയ്തിരിക്കുന്നു. അന്ന് തന്നെ മടങ്ങി വരുന്നത് കൊണ്ട് ഒരു ചെറു ബാക് പാക് മാത്രമേ എന്റെ കൈയിലുള്ളൂ. കുപ്പിയിൽ കുടിവെള്ളവും ചെറു കാമറയും കൂടാതെ അൽപം കശുവണ്ടിപ്പരിപ്പും ഒരു പാക്കറ്റ് ബിസ്കറ്റും ചെറിയ വിശപ്പിന് മരുന്നാകും. മിസ്റ്റർ ജെ കൈകൾ രണ്ടും വീശിയാണ് കാറിലേക്ക് വന്നത്. ലങ്കൻ വഴികളിൽ മിക്കവാറും കടകളിൽ ബിയർ കിട്ടുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ പുള്ളിക്ക് മനസിലായിരിക്കുന്നു. പിന്നെയെന്തിന് പച്ച വെള്ളം ചുമക്കണം എന്ന് പറഞ്ഞയാൾ പൊട്ടി ചിരിച്ചു. ദൂരം കൂടുതലുള്ള കാൻഡിയിൽ ആദ്യം പോയി തിരിച്ചു വരുമ്പോൾ റിവർ ക്വായ് സിനിമ ലൊക്കേഷനിൽ പോകുകയാണ് ബുദ്ധി എന്ന് ശെൽവനായകം പറഞ്ഞത് ഞങ്ങൾ ശരിവെച്ചു.
ഓടുന്ന കാറിന് മുന്നിൽ മിനുത്ത ടാർ റോഡ് നാല് വരിയിൽ നല്ല വീതിയിൽ നീണ്ട് കിടക്കുന്നു. വശങ്ങളിൽ ചെടികളും മരങ്ങളും നിറഞ്ഞ പച്ചപ്പിനെ അതിരിട്ട് നീണ്ട് കിടക്കുന്ന ലോഹ വേലിക്കെട്ട് കാണാം. കാർ കുറച്ച് ദൂരം ചെല്ലുമ്പോൾ റോഡിലൂടെ തലയെടുപ്പുള്ള ഒരാനയെ നടത്തിക്കൊണ്ട് പോകുന്ന ചെറുപ്പക്കാരൻ ആനപാപ്പാൻ പുറം കഴുത്തിൽ കാലൻ കുട തൂക്കിയിട്ടിരിക്കുന്നു. മഴക്കാർ കൊണ്ട് ആകാശം മങ്ങിയിരിക്കുന്നുണ്ട്. മഴ ചെയ്താൽ പാപ്പാന് കുടയുണ്ട്. ആന നനഞ്ഞത് തന്നെയെന്ന് പറഞ്ഞ് ജെ ചിരിക്കാൻ തുടങ്ങി.
വലിയ കാറുകളും വാനുകളും ഓട്ടോകളും പിന്നിട്ട് ഞങ്ങൾ സാമാന്യം വേഗത്തിൽ പോവുകയാണ്. പെട്ടെന്ന് ഇടി മുഴക്കം പോലൊരു ശബ്ദം പുറകിൽ നിന്ന് കേട്ട് ഞങ്ങൾ മൂന്ന് പേരും ഞെട്ടി.ഹാർലിയുടെ വിലകൂടിയ ഒരു കൂറ്റൻ ബൈക്ക് ഞങ്ങളെ കടന്ന് മിന്നൽ പോലെ പോയി. കൊളംബോയിലെ ഒരു " റിച്ച് കിഡ് " കാൻഡിയിൽ പോകുകയാണെന്ന് ഡ്രൈവർ പുഞ്ചിരിയോടെ പറഞ്ഞു
കാറിന്റെ സ്റ്റീരിയോയിൽ തമിഴ് പാട്ടുകൾ ശബ്ദം കുറച്ച് കേട്ടുതുടങ്ങി. ഇളയരാജയുടെ മാസ്മര സംഗീതം ഞങ്ങളെ പൊതിഞ്ഞു. ഞങ്ങളുടെ ഗൈഡ് കം ഡ്രൈവർ പാട്ടിൽ ലയിച്ച് വണ്ടിയോടിക്കുകയാണ്. കാർ കുറേയേറെ ഓടിയെത്തിയ റോഡിനിരുവശവും മരങ്ങൾ പന്തലിച്ചു നിൽക്കുന്നത് കാണാൻ ഭംഗിയുണ്ട്. ഇടക്കിടെ പെയ്യുന്ന മഴയാണ് ഇപ്പോഴത്തെ തഴച്ച പച്ചപ്പിന് കാരണമെന്ന് തോന്നി. കയറ്റത്തിൽ വഴിയോരത്തെ കൊച്ച് പഴക്കടയിൽ നിർത്തി ഞങ്ങൾ പേരക്കയും മാങ്ങയും മുറിച്ച് ഉപ്പും മുളക് പൊടിയും തൂവി തന്നത് ആസ്വദിച്ച് കഴിച്ചു. അവിടെ നിന്ന് നോക്കുമ്പോൾ റോഡിന് താഴെ നോക്കെത്താദൂരം മരങ്ങൾ നിറഞ്ഞ കാട് കാണാം.
മുന്നോട്ടുള്ള യാത്രയിൽ ഇടക്കൊക്കെ കാണുന്ന ചെറിയ പട്ടണങ്ങൾ തമിഴ് നാടിനെ ഓർമ്മ പ്പെടുത്തി. കാറിലപ്പോഴും ഇളയരാജയുടെ സംഗീതം ഇളം കാറ്റു പോലെ വീശിക്കൊണ്ടിരുന്നു. പാട്ട് കേട്ട് മയങ്ങിയ ഞാൻ ഉണർന്നെഴുന്നേറ്റത് വീണ്ടും വൃക്ഷങ്ങളുടെ പച്ചപ്പിലേക്കായിരുന്നു. ഞങ്ങൾ ഇപ്പോൾ കാൻഡി പട്ടണത്തിലേക്ക് പ്രവേശിക്കുന്നതിന് അൽപ്പം മുമ്പുള്ള മലനിരകളിലാണെന്ന് ശെൽവ നായകം പറഞ്ഞു.
തിങ്ങി നിറഞ്ഞ സമൃദ്ധമായ മഴക്കാടുകൾ, പരന്നുകിടക്കുന്ന മലനിരകൾ, പുളഞ്ഞൊഴുകുന്ന തടാകം എന്നിങ്ങനെ കാണാനേറെയുണ്ടിവിടെ. സമുദ്രനിരപ്പിൽ നിന്ന് അഞ്ഞൂറ് മീറ്റർ ഉയരത്തിലായത് കൊണ്ട് സുഖകരമായ കാലാവസ്ഥയാണെപ്പോഴും. ഗംഭീര്യമുള്ള കൊളോണിയൽ കെട്ടിടങ്ങൾ മധ്യകാല കാൻഡ്യൻ വാസ്തുശിൽപ്പ സൃഷ്ടികളുമായി കലർന്നു നിന്നു. ആഗസ്തിൽ പത്ത് ദിവസം നീണ്ട് നിൽക്കുന്ന ഉൽസവവും ബുദ്ധന്റെ പല്ലുമായി ബന്ധപ്പെട്ടതാണ്. കാൻഡിയിൽ ഞങ്ങളാദ്യം പോയത് പല്ല് സൂക്ഷിച്ചിരിക്കുന്ന ക്ഷേത്രത്തിലേക്കാണ്. സമുച്ചയത്തിന്റെ പൗരാണികതയും വാസ്തുശിൽ ഭംഗിയും മാത്രമാണെന്റെ ആകർഷണം. ബുദ്ധന്റെ പല്ല് ഞങ്ങൾക്ക് അത്ര ആവേശമുണ്ടാക്കിയില്ല.
പഴയ കാൻഡ്യൻ രാജവംശത്തിന്റെ കൂറ്റൻ കൊട്ടാര സമുച്ചയത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുശേഷിപ്പ് കൈവശ മുള്ളവർക്ക് എന്നും അധികാരം കിട്ടുമെന്ന വിശ്വാസത്തിൽ പല്ലിന് വലിയ പ്രാധാന്യം കൽപ്പിക്കപ്പെട്ടു.ചരിത്രപരമായി നോക്കിയാൽ സിംഹളരാജാക്കൻമാരുടെ പക്കലായിരുന്നു എന്നും ഇതിന്റെ സ്ഥാനം. കാട് സ്ഥിതി ചെയ്യുന്ന പർവ്വതത്തിനും തടാകത്തിനും നടുവിലുള്ള അതി ഗംഭീരമായ ഒരു കെട്ടിട സമുച്ചയമായിരുന്നു ഞങ്ങൾ കണ്ടത്. പത്തോളം വിവിധ വലിപ്പത്തിലും ആകൃതിയിലുള്ള കെട്ടിടങ്ങൾ നിൽക്കുന്നത് പച്ചപുതച്ച ഒരു മലയുടെ അടിവാരത്തിലാണ്. തെളിഞ്ഞ കാൻഡി തടാകത്തിലുള്ള ഓടിട്ട രമ്യഹർമ്യത്തിന്റെ വെള്ളത്തിൽ പ്രതിഫലിക്കുന്ന കാഴ്ച ഹൃദ്യം. അതോടൊപ്പം മുകളിലെ കാട് വെള്ളത്തെ ഒരു പച്ചക്കടലാക്കിത്തീർക്കുന്നു. വെള്ളത്തിൽ നിൽക്കുന്ന മനോഹര കെട്ടിടം റാണിയുടെ കുളിപ്പുരയും വിശ്രമ സ്ഥാനവുമായിരുന്നു. അഷ്ടഭുജ മാതൃകയിലുള്ള കെട്ടിടം ക്ഷേത്രത്തിന്റെ ഭാഗമാണ്. കാടിനോട് ചേർന്ന് നീളത്തിലുള്ള താണ് രാജകൊട്ടാരം. കൊളംബോ മ്യൂസിയം മാതൃകയിൽ കാൻഡിയിലെ ദേശീയ മ്യൂസിയം ഈ സമുച്ചയത്തിന്റെ മറ്റേ അറ്റത്തുണ്ട്. ഉയരത്തിൽ കാണുന്ന ഇരുന്നൂറ്റമ്പത് ഏക്കറിലധികം വരുന്ന സുരക്ഷിത വന മേഖല "ഉടവാട്ട കെലെ " എന്നറിയപ്പെടുന്നു. സംരക്ഷിത വനമായിരുന്ന അതിനെ ഒരു വന്യമൃഗ സംരക്ഷണ കേന്ദ്രമാക്കിയത് തൊള്ളായിരങ്ങളുടെ മധ്യത്തിലാണ്. അതിലെയൊക്കെ ഒന്ന് കേറിയിറങ്ങി വന്നപ്പോഴേയ്ക്കും രണ്ട് മണിയൊക്കെയായി. ഇടക്കെപ്പഴോ ബാക് പാക്കിലെ ബിസ്കറ്റും കശുവണ്ടിയും ഞങ്ങൾക്ക് ബലമേകി. മിസ്റ്റർ ജെ ശെൽവനായകത്തോട് ബിയർ എവിടെ കിട്ടുമെന്ന് ചോദിക്കാൻ തുടങ്ങി. ഉച്ച ഭക്ഷണത്തിനൊപ്പം സംഘടിപ്പിക്കാമെന്നയാളേറ്റത് കാര്യമായി. ജെ ഒന്നടങ്ങി കാഴ്ചകളിലേക്ക് മടങ്ങി. എനിക്ക് ആ സമുച്ചയത്തിൽ കാൽ കുത്തിയത് മുതൽ മനസ് അത്യന്തം ശാന്തമായതായ നുഭവപ്പെട്ടു. അവിടുത്തെ അന്തരീക്ഷം തന്നെയാണ് കാരണം. വൃക്ഷങ്ങളുടെയും ചെടികളുടെ യും പച്ചപ്പിനുള്ളിൽ ഇളം കാറ്റിന്റെ സാന്ത്വനം മനസ്സിനെ കുളിർപ്പിച്ചു. ക്ഷേത്രത്തിനുള്ളിലെ ധ്യാനത്തിനായുള്ള ഹാളിൽ ആളൊഴിഞ്ഞ സമയമായിരുന്നു. അവിടെയൊരു മൂലയിൽ ഞാൻ കണ്ണടച്ച് ചമ്രം പടിഞ്ഞിരുന്ന് മനസിനെ ശൂന്യമാക്കാൻ ശ്രമിച്ചു. ആദ്യമൊക്കെ വിചാരങ്ങൾ തള്ളിക്കയറി വന്നു. അൽപ്പം കഴിഞ്ഞപ്പോൾ മനസ് ശൂന്യമായിത്തുടങ്ങി. "നമ്മൾ സ്വയം സമാധാനം കണ്ടെത്താതെ പുറം ലോകത്തിൽ അതിനെത്തിരഞ്ഞിട്ടെന്ത് കാര്യം " എന്ന് ബുദ്ധൻ പറഞ്ഞത് ഓർമ്മ വന്നു. ശരിക്കും ധ്യാനം എന്നത് അവനവന്റെ ഉള്ളിലേക്കുള്ള നോട്ടമാണല്ലോ?
പൊതുവെ യാത്രകളിൽ പല കാര്യങ്ങളിലും അസഹിഷ്ണുത കാണിക്കുന്ന ജെ ഇവിടെ വന്നപ്പോൾ ശാന്തനായിരുന്നു എന്നത് ഒരു അത്ഭുതമായിരുന്നു.
തുടരും....
Next Story
Videos