Begin typing your search above and press return to search.
'കറുവപ്പട്ട തോട്ടവും' കണ്ടു തീരാത്ത കാഴ്ചകളും
രാവിലെ ഉണർന്നപ്പോൾ മണി ഏഴായി. ഗാൾ ഫേസ് ഹോട്ടൽ വിടുമ്പോൾത്തന്നെ അർധരാത്രി കഴിഞ്ഞിരുന്നല്ലോ? തലേ രാത്രിയിലെ അനുഭൂതിദായകമായ വയലിൻ വായനയും നാദവും വ്യക്തമായിക്കണ്ട ഒരു സ്വപ്നം പോലെ ഓർമ്മയിൽ തെളിഞ്ഞു നിന്നു.
ഇന്ന് ഞങ്ങളുടെ പ്രദർശനം അവസാന ദിവസമാണ്. തുറക്കുമ്പോൾ പതിനൊന്ന് മണിയാവും. ഭാട്യയും സഹായിയുമുള്ളതിനാൽ ഞങ്ങൾ വൈകിയാലും കുഴപ്പമില്ല. ഇടയ്ക്കൊന്ന് പോയി നോക്കിയാൽ മതി. ഇന്ന് എവിടെയെങ്കിലും കറങ്ങാൻ പോയാലോ എന്നാലോചിച്ചു. രാവിലെ ഒരു ഉശിരൻ ലങ്കൻ ചായയൊക്കെക്കുടിച്ച്ഹോ ട്ടലുകാർ തന്ന നഗരത്തെക്കുറിച്ചുള്ള പുസ്തകം മറിച്ചു നോക്കി. അതിലാകട്ടെ കാണേണ്ട സ്ഥലങ്ങൾ പത്ത് നാൽപതെണ്ണം ഫോട്ടോയടക്കം കൊടുത്തിരിക്കുന്നു. അതിൽ ശ്രീലങ്കൻ സ്വാതന്ത്ര്യസ്മാരകം, പഴയ പാർലമെന്റ് മന്ദിരം, കൊളംബോ നാഷണൽ മ്യൂസിയം, പ്രശസ്ത ആർക്കിട്ടെക്റ്റ് ജെഫ്റി ബാവയുടെ ഭവനം, നാഷണൽ ആർട് ഗ്യാലറി , പഴയ ഡച്ച് ഹോസ്പിറ്റൽ, ബുദ്ധ ക്ഷേത്രം എന്നിങ്ങനെ ഏറ്റവും ചുരുങ്ങിയത് പത്തിരുപത് സ്ഥലങ്ങൾ ഒഴിവാക്കാൻ പറ്റാത്തവയെന്ന് കാണുന്നു. മുമ്പ് രണ്ടു തവണയും ഔദ്യോഗിക കാര്യങ്ങൾക്ക് വേണ്ടി മാത്രമേ സമയം തികഞ്ഞുള്ളൂ. മൂന്നാം തവണയെങ്കിലും കൊളംബോ ഒന്ന് വിസ്തരിച്ച് കാണണ്ടേ? ഞാൻ മിസ്റ്റർ ജെയെ ഇന്റർ കോമിൽ വിളിച്ച് അഭിപ്രായം ചോദിച്ചു. അയാൾ പറയുന്നത് മടക്കയാത്ര രണ്ട് ദിവസം കൂടി നീട്ടാമെന്നാണ്! കുറച്ച് കാഴ്ചകളും കണ്ടിട്ട് പോകാമെന്ന് അയാൾക്കുമുണ്ട്. എനിക്കാണെകിൽ നടന്നു കണ്ടനുഭവിക്കേണ്ട തെരുവുകൾ ഇനിയുമുണ്ട്..
അങ്ങനെയെങ്കിൽ ആദ്യം ശ്രീലങ്കൻ എയർലൈൻ ഓഫീസിൽ നേരിട്ട് പോയി ടിക്കറ്റ് നീട്ടി വാങ്ങണം. അവർ പത്ത് മണിക്ക് തുറക്കുമെന്ന് തോന്നുന്നു. ഇന്നത്തേത് പോലെ കാര്യങ്ങൾ നടത്താൻ ഓൺലൈൻ സൗകര്യങ്ങളില്ലാത്ത കാലമാണ്. എന്തായാലും കുളിച്ച് തയ്യാറായി പ്രാതൽ കഴിക്കാൻ പോയി. വിഭവസമൃദ്ധമായ പ്രാതൽ അവിടയങ്ങനെ നീണ്ട് നിവർന്ന് കിടക്കുന്നു. ഞങ്ങൾ അധികം സമയം കളയാതെ അപ്പവും ഇടിയപ്പവും ചിക്കൻ ഉരുളക്കിഴങ്ങ് കറിയും പുഴുങ്ങിയ മുട്ടയും കഴിച്ച് അവസാനം ഒരു കാപ്പിയും കുടിച്ച് പുറത്തിറങ്ങി ഒരു ടാക്സി വിളിച്ചു. നേരെ എയർലൈൻ ഓഫീസിലേക്ക് കാർ വിട്ടു. അവിടെയെത്തിയപ്പോൾ ജോലിക്കാർ വളരെ ഉപചാര പൂർവം ഞങ്ങളുടെ ടിക്കറ്റ് രണ്ട് ദിവസത്തേക്ക് നീട്ടിത്തന്നു. വിസ മുപ്പത് ദിവസത്തേക്കുള്ളത് കൊണ്ട് പ്രശ്നമില്ല. ഇരുപത് അമേരിക്കൻ ഡോളർ ഒരാൾക്ക് ഈടാക്കിയെങ്കിലും കാര്യം നടന്നു. ഇനി കാഴ്ച കാണാൻ വീണ്ടും വരുന്നത് വെച്ച് നോക്കിയാൽ എന്തുകൊണ്ടും ലാഭം തന്നെ!
സ്വാതന്ത്യ സമര സ്മാരകമാകട്ടെ ഇന്നത്തെ ആദ്യ കാഴ്ച എന്ന് തീരുമാനിച്ചു. തലേ ദിവസം കെ.സി. കുട്ടനുമായി സംസാരിക്കുമ്പോൾ അദ്ദേഹം അത് ഞാൻ കണ്ടിരുന്നോ എന്ന് ചോദിച്ചിരുന്നു. കണ്ടില്ലെങ്കിൽ പോകണം എന്നും പറഞ്ഞിരുന്നു. ഞങ്ങൾ വന്ന കാറിന്റെ ഡ്രൈവറോട് നഗരം ചുറ്റാൻ വൈകുന്നേരം വരെയുള്ള വാടക സംസാരിച്ചു തീരുമാനിച്ചു. ശെൽവ നായകം എന്ന ശ്രീലങ്കൻ തമിഴനാണ് ഡ്രൈവർ. തമിഴും ഇംഗ്ലീഷും ഒരു വിധം പറയുന്നതിനാൽ നമുക്ക് പറ്റും എന്ന് തോന്നി. സമയം നോക്കിയപ്പോൾ പതിനൊന്നായി. കർത്തവ്യമാദ്യം എന്നാണല്ലോ ചൊല്ല്. നേരെ പ്രദർശന ഹാളിലേക്ക് വണ്ടി പാഞ്ഞു. അവിടെയെത്തിയപ്പോൾ നമ്മുടെ ആൾക്കാർ റെഡിയായി നിൽപ്പുണ്ട്. സന്ദർശകർ വന്നു തുടങ്ങുന്നതേയുള്ളൂ. ഞങ്ങൾ ഒരു മണിക്കൂർ അവിടെ ചെലവഴിച്ച് ഭാട്യ യോട് പറഞ്ഞ് നഗരക്കാഴ്ചകളിലേക്കിറങ്ങി.
ആദ്യം സ്വാതന്ത്യ സ്മാരകത്തിലേയ്ക്കാണ് പോയത്. സിന്നമൻ ഗാർഡൻസ് എന്നറിയപ്പെടുന്ന വാണിജ്യ, ആഢംബര നഗര ഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇവിടെ മുന്നൂറോളം ഏക്കറിൽ സിന്നമൻ (കറുവപ്പട്ട) കൃഷി ഉണ്ടായിരുന്നത്രേ ! നഗര വികസന-പുരോഗമന ഒഴുക്കിൽ കൃഷിസ്ഥലം കെട്ടിടങ്ങൾക്കും റോഡുകൾക്കും വഴിമാറിക്കൊടുത്തു. എങ്കിലും സിന്നമൻ എന്ന "ദുഷ്പേര് " ഇപ്പോഴും മാറിയിട്ടില്ലെന്ന് ഞാൻ മനസിലോർത്തു. ശ്രീലങ്കയിൽ " കറുവപ്പട്ട തോട്ടം" പോലെ കേരളത്തിലെ ഒരു നഗരഭാഗത്തിന് "തെങ്ങിൻ തോപ്പ്" എന്ന് പേരു വരാത്തതെന്തെന്ന് ഞാനാലോചിച്ചു.
ഇൻഡിപ്പെൻഡൻസ് ഹാൾ കൂടാതെ പ്രധാനമന്ത്രിയുടെ ഓഫീസ്, നാഷണൽ മ്യൂസിയം, ടൗൺഹാൾ തുടങ്ങിവയൊക്കെ പരിസരങ്ങളിലുണ്ട്. നല്ല കാശുള്ള സിഹളൻമാരും തമിഴരും ബർഖേഴ്സ് എന്ന് വിളിക്കപ്പെടുന്ന ഡച്ച് - ശ്രീലങ്കൻ സങ്കര വർഗക്കാരും മൂറുകൾ എന്ന തമിഴ് മുസ്ലീങ്ങളും ഇവിടത്തെ താമസക്കാരിലുണ്ട്. ഒട്ടേറെ പേരു കേട്ട സ്കൂളുകളും കൂടാതെ കൊളംബോ യൂണിവേഴ്സിറ്റിയും ഇവിടെത്തന്നെ. ഞങ്ങളുടെ സാരഥി ശെൽവനായകം ഒരു പ്രാദേശിക ടൂറിസ്റ്റ് ഗൈഡുമാണ് എന്നതിനാൽ സഥലങ്ങളെക്കുറിച്ചുള്ള ചരിത്ര വിവരങ്ങളും ലഭിച്ചു.
ഇപ്പോൾ പൈസയുണ്ടെങ്കിൽ ആർക്കും സിന്നമൻ ഗാർഡൻസിൽ താമസിക്കാമെന്നയാൾ അഭിമാനത്തോടെ പറഞ്ഞു. ബ്രിട്ടീഷ് ഭരണ കാലത്ത് കണ്ണായ സ്ഥലങ്ങൾ അവർക്കായി മാത്രം കയ്യടക്കി വെച്ചിരുന്നു. നാട്ടുകാർക്കവിടെ താമസിക്കാൻ കഴിഞ്ഞിരുന്നില്ല. ശ്രീലങ്കയ്ക്ക് സ്വാതന്ത്യം കിട്ടി അഞ്ചു കൊല്ലങ്ങൾക്ക് ശേഷമാണ് 1953 ൽ ഇൻഡിപെന്റൻസ് മെമ്മോറിയൽ ഹാൾ ജനങ്ങൾക്കായി തുറന്നു കൊടുക്കുന്നത്. പ്രശസ്ത അമേരിക്കൻ ആർക്കിട്ടെക്റ്റായ ടോം നെവില്ലും ശ്രീലങ്കൻ ആർക്കിട്ടെക്റ്റായ ഷെർളെ ഡി ആൽവിസുമാണ് പ്രധാന വാസ്തുശിൽപ്പികൾ. ഒപ്പം മറ്റു ചില വാസ്തു ശിൽപികൾ അവർക്ക് വേണ്ട സഹായം ചെയ്തു.
ഏതാണ്ട് പതിനായിരം ചതുരശ്രയടി വിസ്തീർണ്ണമുള്ള സ്മാരകത്തിന്റെ തലഭാഗത്തായി ആദ്യ പ്രധാനമന്ത്രിയായിരുന്ന ഡോൺ സ്റ്റീഫൻ സേനനായകെയുടെ ഗംഭീര പ്രതിമയുണ്ട്. ശ്രീലങ്കയുടെ രാഷ്ട്ര പിതാവാണദ്ദേഹം. എല്ലാവർഷവും സ്വാതന്ത്യ ദിനാഘോഷങ്ങൾ നടക്കുന്നത് ഈ കെട്ടിടത്തിലും ചുറ്റുമുള്ള വിശാലമായ പുൽത്തകിടിയിലുമാണ്. സ്വാതന്ത്ര്യസ്മാരകക്കെട്ടിടം പുൽമൈതാനത്തിന്റെ ഏതാണ്ട് ഒത്ത നടുവിലാണ്. മഗൾ മധുവ എന്ന കാൻഡിയിലെ രാജവംശത്തിന്റെ ആഘോഷ ശാലയുടെ മാതൃക ഇതിൽ പിന്തുടർന്നിട്ടുണ്ട്. കൊത്തു പണികൾ ചെയ്ത ഒട്ടേറെ തൂണുകളാണ് ടെറാക്കോട്ട ഓടിട്ട ഈ കെട്ടിടത്തിന്റെ പ്രധാന ആകർഷണം. കോൺക്രീറ്റ് ഉപയോഗിച്ചിരിക്കുന്ന ഭാഗങ്ങൾ കണ്ടാൽ കരിങ്കല്ലാണെന്നേ തോന്നൂ. നാല് മൂലയ്ക്കുമുള്ള ഭീമൻ തൂണുകൾ ചതുരാകൃതിയിലാണ്. കലാഭംഗിയുള്ള തൂണുകൾ മേൽക്കൂരയിൽ ചെന്ന് ചേരുന്ന ഭാഗങ്ങളിലെ കൊത്തു പണികൾ കണ്ടാൽ നൂറ്റാണ്ടുകൾക്ക് മുമ്പുള്ള നിർമ്മിതിയാണെന്ന് തോന്നിപ്പോകും.
ഹാളിന്റെ ചുറ്റുമുള്ള വലിയ കൽക്കെട്ടുകളും വിവിധ രൂപത്തിൽ തലകളുള്ള അറുപതോളം സിംഹപ്രതിമകളും ശിൽപികളുടെ അനന്യമായ കരവിരുത് പ്രകാശിപ്പിക്കുന്നവയാണ്. ഓരോ സിംഹവും ഓരോ രാജാക്കന്മാരെ പ്രതിനിധീകരിക്കുന്നുവെന്ന് പറയപ്പെടുന്നു. ഹാളിന് ചുറ്റുമുള്ള വിശാലമായപുൽത്തകിടികളിൽ വൈകുന്നേരങ്ങളിൽ വെയിലാറിയാൽ നാട്ടുകാരുടെ തിരക്കുണ്ടാകുമെന്ന് സെൽവ നായകം പറഞ്ഞു. നടപ്പും ഓട്ടവും സൈക്കിളോട്ടവും സൊറ പറച്ചിലുമായി അവരങ്ങനെ ചുറ്റിനടക്കുന്നത് ഞാൻ സങ്കൽപ്പിച്ചു. കെട്ടിടത്തിന് താഴെ ഒരു ഭൂഗർഭ ചരിത്ര മ്യൂസിയവുമുണ്ട്. സന്ദർശിക്കാൻ ഏറെ സ്ഥലങ്ങൾ ഏറെയുള്ളത് കൊണ്ടും നാഷണൽ മ്യൂസിയത്തിലെക്കാഴ്ചകൾ ഇതിലേറെ കാണമെന്നുള്ളത് കൊണ്ടും ഞങ്ങളിവിടുത്തെ ചെറു മ്യൂസിയത്തെ കൈവിട്ടു.. എന്നാൽ കുറച്ചു നേരം ശാന്തവും സൗമ്യവുമായ പുൽത്തകിടിയിലൂടെ കാറ്റേറ്റ് നടന്നു. കരിങ്കല്ല് പാകിയ നടപ്പാതയ്ക്ക് ഇരുവശവും ചെറു വൃക്ഷങ്ങൾ പുൽത്തകിടികളിൽ കലർന്നു നിന്നു. സ്മാരകവും പരിസര പ്രദേശവും ലാളിത്യത്തിന്റെ സൗന്ദര്യം കൊണ്ട് നമ്മൾ ഇഷ്ടപ്പെട്ട് പോകും. ചുറ്റും തുറന്നു കിടക്കുന്ന സ്മാരകമന്ദിരം സ്വാതന്ത്യത്തിന്റെ പ്രതീകമായിത്തോന്നി. ചുറ്റുമുള്ള ഭൂവിസ്തൃതിയും പുൽപരപ്പും അത്യാകർഷകം.
അവിടെ നിന്ന് അത്ര ദൂരത്തല്ലാതെ കാണാവുന്ന ധവള നിറമാർന്ന കൊളോണിയൽ കെട്ടിടം ഇപ്പോൾ ആർക്കേഡ് എന്നറിയപ്പെടുന്നു. ആയിരത്തി എണ്ണൂറുകളുടെ അവസാനം പണിത ജവാട്ട മാനസിക രോഗാശുപത്രിയാണ് പുതുക്കിപ്പണിത് പുത്തൻ ഷോപ്പിംഗ് സമുച്ചയമാക്കിയിരിക്കുന്നത്. വിവിധതരം ഭക്ഷണം കിട്ടുന്ന പല ഭോജന ശാലകളും ഇവിടെയുണ്ട്.
1890 ൽ ഒരു ലക്ഷം ചതുരയടി വിസ്തീർണമുള്ള കെട്ടിടം പണിത കാലത്ത് നാലര ലക്ഷം ശ്രീലങ്കൻ രൂപയാണത്രേ ചെലവായത്. ആർഭാടം ആവശ്യമില്ലാത്ത ഒന്നാണല്ലോ മാനസിക രോഗാശുപത്രി. 1920 കളിൽ യൂണിവേഴ്സിറ്റി കോളജ് പ്രവർത്തിച്ച ഇവിടം ശ്രീലങ്ക റേഡിയോ പ്രക്ഷേപണ നിലയമായും പൊതുഭരണ വകുപ്പിന്റെ ആസ്ഥാനമായും ഓഡിറ്റർ ജനറലിന്റെ ഓഫീസായുമൊക്കെ പരിവർത്തിക്കപ്പെട്ടു.
സിലോൺ റേഡിയോ നിലയത്തിൽ നിന്ന് 1960 കളുടെ അവസാനം മുതൽ നമുക്ക് കേരളത്തിൽ ലഭിച്ചിരുന്ന മലയാളം പരിപാടികൾ എത്ര ആസ്വാദ്യകരമായിരുന്നു !
പല വേഷമാറ്റങ്ങൾക്കൊടുവിൽ അമ്പത് കോടി ശ്രീലങ്കൻ രൂപ ചെലവഴിച്ചാണ് അതിനെ ഇപ്പോഴുള്ള മനോഹര കെട്ടിടമായ ആർക്കേഡായി മാറ്റിയെടുത്തത്. കെട്ടുകാഴ്ചകൾ എല്ലാമഴിച്ചു വെച്ച് അതിന്റെ ശരിയായ രൂപം വീണ്ടെടുത്ത് ഗാംഭീര്യത്തോടെ നില കൊള്ളാൻ തുടങ്ങിയിട്ട് അധിക വർഷമായിട്ടില്ല.
അവിടം വിട്ട് പോരാൻ മടിയായെങ്കിലും നാഷണൽ മ്യൂസിയത്തിലേക്ക് ഏകദേശം നാല് കിലോമീറ്റർ ഉള്ളൂ എന്ന് പറഞ്ഞ് ശെൽവനായകം ഞങ്ങളെ കാറിലേക്ക് നയിച്ചു. ഞങ്ങളയാളെ പിന്തുടർന്നു..
തുടരും..
Next Story