ബോധിസത്വന്റെ പാദരക്ഷകളും പുനനായിലെ പുള്ളിപ്പുലിയും

സ്വാതന്ത്ര്യ സ്മാരകത്തിൽ നിന്ന് മുക്തി നേടി കാറിൽ കയറിയപ്പോഴാണ് ഉച്ചഭക്ഷണത്തെക്കുറിച്ചോർത്തത്. എനിക്ക് ചെറുതായി വിശക്കുന്നുണ്ടായിരുന്നു. ശെൽവനായകം നമുക്ക് തമിഴ് ഭക്ഷണമായാലോ എന്ന് ചോദിച്ചെങ്കിലും ഞാൻ ശ്രീലങ്കനിലുറച്ചു നിന്നു. ചേരയെത്തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കണ്ടം തിന്നണം എന്ന് പറഞ്ഞ പോലെയാണ് യാത്രകളിൽ എന്റെ ഭക്ഷണരീതി. ദോശയും ചോറും സാമ്പാറും കഴിക്കാൻ നാട്ടിൽ കിട്ടുമല്ലോ എന്ന് പറഞ്ഞത് കേട്ട് ശെൽവനായകം എന്നെ വിചിത്ര ജീവിയെ എന്നോണം നോക്കി. മിസ്റ്റർ ജെയാവട്ടെ എന്തായാലും കുഴപ്പമില്ല നിങ്ങൾ തീരുമാനിക്ക് എന്ന മട്ടിൽ ഇരിക്കുന്നു. എങ്കിലും 'ശ്രീലങ്കൻ ആരക്ക് ' കിട്ടുമോ എന്ന് ശെൽവനായ കത്തോട് അയാൾ ചോദിച്ചെന്ന് മാത്രം. ആരക്ക് എന്നാൽ എ.കെ ആന്റണി നാട്ടിൽ നിരോധിച്ച ചാരായം തന്നെ സാധനം! അതിവിടെ പല രൂപഭാവങ്ങളിൽ ഉയിർത്തെഴുന്നേറ്റു എന്ന് സെൽ വനായകം പറഞ്ഞതിൽ നിന്ന് മനസിലായി. തെങ്ങിൻ പൂക്കുലയിൽ നിന്നു ണ്ടാക്കുന്ന ഈ മദ്യം ശ്രീലങ്കയിലെ തേങ്ങാ കർഷകർക്കും ടൂറിസം മേഖലയ്ക്കും കൊടുക്കുന്ന ഉണർവ് ചെറുതല്ല. ഭാവനയും നിശ്ചയ ദാർഢ്യവുമുള്ള സംരംഭകർ സിലോൺ ആരക് എന്ന പേരിൽ ഇതിനെ ലോകപ്രശസ്തമാക്കി. കപടസദാചാരമില്ലാത്ത ശ്രീലങ്കക്കാർ അവരുടെ മദ്യം സൂപ്പർമാർക്കറ്റ് വഴിയാണ് വിൽക്കുന്നത്. അവിടെ ഒരിടത്തും നീണ്ട ക്യൂനിന്ന് ആർക്കും മദ്യം വാങ്ങേണ്ട കാര്യമില്ല.

യാത്രയിലെ ഭക്ഷണകാര്യത്തിൽ മലയാളികൾ മാത്രമല്ല ഇന്ത്യക്കാർ പൊതുവിൽ അരസികരാണ് എന്നാണെന്റെ അനുഭവം. അപവാദം ഇല്ലെന്നല്ല. ആലോചിച്ചു നോക്കിയാൽ പോകുന്നയിടത്തെ ഭക്ഷണം യാത്രയുടെ ഒരു സുപ്രധാന ഘടകമാണ്. അതാസ്വദിച്ചില്ലെങ്കിൽ പിന്നെന്ത് യാത്ര. യാത്രാനുഭവം പൂർണ്ണമാകുന്നത് പ്രാദേശിക ഭക്ഷണം കൂടി ചേർന്നിട്ടാണ് എന്നാണെനിക്ക് തോന്നിയിട്ടുള്ളത്.
ഒരിക്കൽ ചൈന യാത്രയിൽ ഒരു ഗ്രൂപ്പിന്റെ കൂടെ പോകേണ്ടി വന്നു. ഗ്വാങ്ചൗവിൽ നടന്ന അന്താരാഷ്ട്ര പ്രദർശനത്തിലേക്കുള്ള യാത്ര സംഘടിപ്പിച്ചത് അന്ന് ദേശീയ തലത്തിൽ പ്രശസ്തമായ ഒരു ഏജൻസി. എന്നെ കൂടാതെ ഇരുപതോളം പേരുള്ളതിൽ പതിനഞ്ചോളം പേർ തമിഴ്നാട്ടിൽ നിന്നും പിന്നെ ബോംബെയിൽ നിന്നുള്ള ബിസിനസ്സുകാരും . മലയാളിയായി ഞാൻ മാത്രമേയുള്ളൂ. ഗ്വാങ്ചൗവിലെ ഹോട്ടലിൽ ആദ്യ ദിവസം പ്രാതലിന് പ്രത്യേകം ഹാളിൽ വിളമ്പിയ ഇഡ്ലിയും വടയും പൊങ്കലും കണ്ട് ഞാനന്തം വിട്ടു. കല്ല് പോലെയിരിക്കുന്ന അതിനൊന്നും സ്വാദുമില്ല. കൂടെയുള്ള തമിഴ്നാട്ടുകാർ മിണ്ടാതെ കഴിക്കുന്നുണ്ട്. അടുത്ത ദിവസം ഹിന്ദിക്കാർക്ക് വേണ്ടി ആലു പറാത്ത, പൂരി ഇത്യാദിയും വന്നു. എന്തുകൊണ്ട് ചൈനയിലെ പ്രാദേശിക ഭക്ഷണമടങ്ങിയ പ്രാതൽ കൊടുക്കുന്നില്ല എന്ന എന്റെ ചോദ്യത്തിന് ടൂർ മാനേജർ ഹോർമൂസിന്റ ഉത്തരം രസകരമായിരുന്നു. ഇവർക്കിത് കൊടുത്തില്ലെങ്കിൽ ഞാനും നിങ്ങളും മാത്രമേ ഈ ടൂറിലുണ്ടാകൂ എന്ന് അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു. അതിലെല്ലാ വിശദീകരണവുമടങ്ങിയിരുന്നു.ഇവിടെ ശെൽവനായകം എന്റെ അഭ്യർത്ഥനയനുസരിച്ച് കറി ലീഫ് എന്ന ലങ്കൻ ഭോജന ശാലയിലേക്ക് ഞങ്ങളെ നയിച്ചു. അവിടേക്ക് കയറിയതും ഷെഫിന്റെ വെളുത്ത യൂണിഫോം ധരിച്ച ഉയരമുള്ള ഒരാൾ വന്ന് ഞങ്ങളെ ആനയിച്ച് നാല് പേർക്കിരിക്കാവുന്ന ഒരു ചെറിയ കാബിനിലിരുത്തി. മെനു ഞങ്ങൾക്കു തന്ന് ലഭ്യമായ വിഭവങ്ങളെക്കുറിച്ച് പറഞ്ഞ് തന്നു. ചിലതിന്റെ സാമ്പിൾ ചെറു പാത്രങ്ങളിൽ ഒരു സ്റ്റീൽ ട്രേയിൽ കൊണ്ടുവന്നു കാണിച്ചു. കണവമൽസ്യം തക്കാളിച്ചാറിൽ വറ്റിച്ചെടുത്തത് കൊള്ളാമെന്ന് കാഴ്ചയിൽ തോന്നി. നല്ല ശുദ്ധജലത്തിൽ വറ്റി ച്ചെടുത്ത മൽസ്യത്തിൽ നെയ്യിൽ മൊരിച്ച മസാലകൾ ചേർത്ത് അവസാനം തേങ്ങാപ്പാലൊഴിച്ച് എടുക്കുന്ന കറി അൽപം ഇരുണ്ടതും കുഴമ്പുപോലെയുമിരുന്നു. ചൂട് റൊട്ടി ചേർത്ത് കഴിച്ചപ്പോൾ രുചി അതി ഗംഭീരമായി. മിസ്റ്റർ ജെ യ്ക്ക് അൽപ്പം ശ്രീലങ്കൻ ആരക്ക് കഴിക്കാൻ തോന്നിയതിനാൽ കൂടെ ഒരു ജാഫ്ന ഞണ്ട് റോസ്റ്റ് ഷെഫ് നിർദ്ദേശിച്ചു. ഒരു കിലോയോളം ഉള്ള, ചുവന്ന അരപ്പിൽ പൊതിഞ്ഞ ഞണ്ടിനെ ഞങ്ങൾ മൂന്ന് പേരും ചേർന്ന് തിന്ന് തീർക്കാൻ അരമണിക്കൂറെടുത്തു. വയർ നിറയ്ക്കാൻ ഒടുവിൽ ഒരു സ്പൂൺ ചോറും കഴിച്ചു! അവിടെ നിന്ന് കാറിൽ കയറി അൽപ്പ ദൂരം പോയപ്പോൾ ദൂരെനിന്ന് തന്നെ വെളുത്ത കൊട്ടാരം പോലെയുള്ള നിർമ്മിതി കണ്ടു. നീണ്ട് പരന്ന് കിടക്കുന്ന ഭംഗിയാർന്ന ഒരു യൂറോപ്യൻ കെട്ടിടം. ചരിത്രം ശെൽവനായകം വക തുടർന്നു... മ്യൂസിയം സ്ഥാപിച്ചത് 1877 ൽ ശ്രീലങ്കയിലെ ബ്രിട്ടീഷ് ഗവർണറായിരുന്ന സർ വില്യം ഗ്രിഗറി തന്നെ. പൊതുമരാമത്ത് വകുപ്പിലെ വാസ്തു ശിൽപി സ്മിത്തറാണ് ഇറ്റാലിയൻ രീതിയിലുള്ള കെട്ടിടം രൂപകൽപന ചെയ്തത്. പണിതത് അരശി മരിക്കാർ എന്ന പ്രശസ്ത കോൺ ട്രാക്ടർ. ഇതേ ബിൽഡർ തന്നെയാണ് കൊളംബോയിലെ ജനറൽ പോസ്റ്റ് ഓഫീസ്, ക്ലോക് ടവർ, വിക്ടോറിയ ആർക്കേഡ് എന്നിവ പണിതീർത്തത്. അവരുടെ നിർമ്മാണ വൈദഗ്ദ്യവും ഗുണമേന്മയിലുള്ള ശ്രദ്ധയും ഈ കെട്ടിടങ്ങളിലെല്ലാം ദർശിക്കാം. നമ്മുടെ നാട്ടിലെ പൊതുമരാമത്ത് വകുപ്പ് പണിയുന്ന വിരൂപമായ കെട്ടിടങ്ങൾ പോലെയല്ല.
മനോഹരമായ കെട്ടിടത്തിന് മുന്നിലായുള്ള വൃത്താകൃതിയിലുള്ള പുൽത്തകിടിയിൽ സിലോൺ ഗവർണർ ഹെൻറി ഗ്രിഗറിയുടെ പ്രതിമ. രണ്ട് നിലയുള്ള മ്യൂസിയം കെട്ടിടം ആർച്ച് വാതിലുകളും ജനലുകളും കൊണ്ട് കമനീയമാണ്. തണൽ വിരിക്കുന്ന കൂറ്റൻ ആൽമരങ്ങൾ നിറഞ്ഞ പച്ച പുൽത്തകിടി വെളുത്ത കെട്ടിടത്തിന്റെ മനോഹാരിതയ്ക്ക് മാറ്റ് കൂട്ടുന്നു. മ്യൂസിയത്തിലേക്ക് കടക്കുന്നിടത്ത് നാലാം നൂറ്റാണ്ടിലെ ബുദ്ധപ്രതിമ ഞങ്ങളെ നോക്കി പുഞ്ചിരിച്ചു. മുന്നോട്ട് നടക്കുന്തോറും ചരിത്രത്തിന്റെയും പുരാവസ്തുക്കളുടെയും മാസ്മരിക ലോകത്തിലേക്ക് നമ്മൾ കടക്കുകയായി. കാൻഡ്യൻ രാജവംശത്തിന്റെ കിരീടവും സിംഹാസനവും കൂടാതെ പുരാതന കലകളുടെയും കൊത്തുപണികളുടെയും മറ്റനേകം പുരാ പ്രതിമകളുടെയും വലിയ ശേഖരമുണ്ട്. അഞ്ചാം നമ്പർ മുറിയിലെ പ്രശസ്തമായ തിളങ്ങുന്ന കിരീടം പതിനാറാം നൂറ്റാണ്ടിലെ വിമലധർമ്മസൂര്യ രാജാവിന്റെതാണ്. ഒമ്പതാം നൂറ്റാണ്ടിലെ ബോധിസത്വന്റെ പാദരക്ഷകൾ മറ്റൊരു മുറിയിൽ കാണാം. ദുർദേവതകളുടെ പ്രാചീനമായ മുഖം മൂടികൾ വളരെയധികം കണ്ടു. പ്രാചീന ശ്രീലങ്കൻ സംസ്കാരത്തിന്റെ ഒരു പ്രത്യേകതയാണ് വിവിധ വർണ്ണങ്ങളിലുള്ള മുഖം മൂടികൾ. ഇവ ഇത് പോലെ പുതുതായിഉണ്ടാക്കിയത് കടകളിൽ വാങ്ങാൻ കിട്ടും. ശ്രീലങ്കയുടെ ഒരു പ്രധാന സൊവനീർ ആണിത്.തോക്കും വാളുമൊക്കെയടങ്ങുന്ന അധിനിവേശ ആയുധങ്ങൾ മ്യൂസിയത്തിൽ നിരന്നിരിക്കുന്നത് കാണാം. പഴയകാല കൃഷിയായുധങ്ങളുടെയൊപ്പം മറ്റനേകം കാഴ്ചവസ്തുക്കളും നമ്മെ പ്രാചീന കാലത്തിലേക്ക് കൂട്ടിക്കൊണ്ട് പോകും.
പത്തൊമ്പതാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് പെയിന്റിംഗുകളുടെ പകർപ്പുകൾ ഇവിടെ ഗാലറികൾ നിറഞ്ഞിരിക്കുന്നു. ഓരോ പ്രദർശന വസ്തുവും സൂക്ഷിച്ചിരിക്കുന്ന രീതി മനം കവരുന്നതാണ്. ചില്ലു കൂടുകളിൽ വൃത്തിയിലും ഭംഗിയിലും എല്ലാം സംവിധാനം ചെയ്തിരിക്കുന്നു. പലയിടങ്ങളിൽ നിന്നായി പ്രദർശന വസ്തുക്കൾ വന്ന് ചേരുന്ന മുറയ്ക്ക് കെട്ടിടത്തിനോട് കൂട്ടിച്ചേർപ്പുകൾ ഉണ്ടായി വന്നതും കണ്ടു. അവ പഴയ കെട്ടിടത്തോട് ഇഴ ചേർന്നു നിൽക്കുന്ന രൂപത്തിലാണ്. പുറത്തിറങ്ങി നടക്കുമ്പോൾ ആൽമരങ്ങൾക്കടിയിൽ കനോപ്പി എന്ന ഒരു കഫേ കണ്ടു. അവിടെക്കയറി ഞാനും ശെൽവനായകവും ഓരോ കാപ്പി പറഞ്ഞു. ഉച്ചയൂണിന് മുമ്പ് ആരക്ക് കഴിച്ച ജെയാവട്ടെ കാപ്പി ഒഴിവാക്കി. നല്ല രുചിയും കടുപ്പവുമുള്ള കാപ്പിയുടെ കൂടെ തന്ന കോക്കനട്ട് ബിസ്കറ്റിന് നല്ല സ്വാദ് തോന്നി. ശ്രീലങ്കയിൽ തേങ്ങ അടിസ്ഥാനമാക്കിയ വിവിധ ഉൽപന്നങ്ങളുണ്ട്. അവ ധാരാളമായി കയറ്റുമതി ചെയ്യുന്നുമുണ്ട്.വന്ന സ്ഥിതിക്ക് ഇതേ മതിൽക്കെട്ടിനുള്ളിൽ ത്തന്നെയുള്ള നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം കൂടി കാണാമെന്ന് ഞങ്ങൾ വിചാരിച്ചു. 1986 ൽ തുടങ്ങിയ ഈ പ്രദർശന ശാലയിൽ അയ്യായിരത്തോളം അപൂർവ സസ്യജാലങ്ങളുടെയും മൃഗങ്ങളുടെയും മാതൃകകൾ പ്രദർപ്പിച്ചിരിക്കുന്നു. ജൂറാസിക് കാലഘട്ടത്തിലെ ഫോസിലുകളും ചരിത്രാതീത കാലത്തെ പാറക്കഷണങ്ങളും അവയുടെ പഴക്കം എഴുതിയ ഫലകങ്ങളോടെ കാണാം. സ്റ്റഫ് ചെയ്തു വെച്ചിരിക്കുന്ന സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ, ഇഴജന്തുക്കൾ, മത്സ്യങ്ങൾ എന്നിങ്ങനെ കാഴ്ചവസ്തുക്കൾ നിറയെയുണ്ട്. "പുനനായിലെ പുള്ളിപ്പുലി "എന്ന് പുകഴ്പെറ്റ മൃഗത്തിന്റെ സ്റ്റഫ് ചെയ്ത രൂപം കണ്ടാൽ ഇപ്പോഴും ജീവൻ തുടിക്കുന്നു. പതിമൂന്ന് പേരെ കൊന്നൊടുക്കിയ ഇവനെ 1924 ലാണ് വെടിവെച്ച് കൊന്നത്. അതുപോലെ തന്നെ കൗതുകരമാണ് കൂറ്റൻ കൊമ്പുകൾ വിരിച്ച് നിൽക്കുന്ന കലമാന്റെ തലയോട്ടി, 1950 ൽ ലോർഡ് എനിസ്ക്കെലൻ അന്നത്തെ ശ്രീലങ്കൻ ഭരണാധികാരിക്ക് സമ്മാനിച്ചത്. മ്യൂസിയം സന്ദർശനത്തിനിടയിൽ ചരിത്രമറിയാവുന്ന ഡ്രൈവർ കം ഗൈഡ് ശെൽവനായകം ഞങ്ങൾക്ക് ഏറെ ഉപകാരമായി.
സർ, നിങ്ങൾ ബ്രിഡ്ജ് ഓൺ ദ റിവർ ക്വായ് കണ്ടിട്ടുണ്ടോ എന്ന് ശെൽവ നായകം ചോദിച്ചു. ഡേവിഡ് ലീനിന്റെ സിനിമയാണുദ്ദേശിച്ചതെങ്കിൽ കണ്ടിട്ടുണ്ടെന്ന് ഞാൻ പറഞ്ഞു. സിനിമയിൽ കഥ നടക്കുന്നത് സയാം എന്ന തായ്ലൻഡിലാണെങ്കിലും ശ്രീലങ്കയിലാണ് സിനിമ കൂടുതലും ഷൂട്ട് ചെയ്തതെന്ന് അയാൾ പറഞ്ഞു. അതിനായി ശ്രീലങ്കയിൽ പണിത പാലം ഇപ്പോഴുമുണ്ടത്രേ! അതെനിക്ക് പുതിയ അറിവായിരുന്നു. ഞങ്ങൾക്ക് ആ ലോക്കേഷൻ കാണണമെന്ന് ഞാൻ ആഗ്രഹം പ്രകടിപ്പിച്ചു. മിസ്റ്റർ ജെ യ്ക്ക് ആരക്കിന്റെ കെട്ട് മുഴുവനായും അഴിഞ്ഞിരുന്നില്ലെന്ന് തോന്നി. എവിടെപ്പോകുന്ന കാര്യമാണ് പറയുന്നതെന്ന് അയാൾ വീണ്ടും ചോദിച്ചു. സിനിമയെക്കുറിച്ച് കാര്യമായ അറിവില്ലാത്ത ആളായത് കൊണ്ട് ചരിത്രവും സിനിമയും ചേർത്ത് അൽപം പറഞ്ഞു കൊടുക്കേണ്ടി വന്നു...
തുടരും...


Abhay Kumar
Abhay Kumar  

ട്രയം മാര്‍ക്കറ്റിംഗ് ആന്‍ഡ് കണ്‍സള്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്ററാണ് പി കെ അഭയ് കുമാര്‍. ഇ മെയ്ല്‍: abhay@triumindia.in

Related Articles

Next Story

Videos

Share it