ടോപ് കാപി എന്ന കണ്ടു തീരാത്ത വിസ്മയം

ടോപ് കാപി കൊട്ടാരത്തിലേക്ക് കടക്കാൻ വിവിധ കവാടങ്ങളുണ്ട്. അതിലൊന്നിൻ്റെ മുന്നിലെത്തി ഞാൻ കൂറ്റൻ മിനാരങ്ങൾക്കിടയിലൂടെ മുകളിലേക്ക് നോക്കി അത്ഭുതപ്പെട്ട് നിന്നു. കവാടത്തിന് മുന്നിലുള്ള ആർച്ചിന് തന്നെ പത്താൾപ്പൊക്കം കാണണം. ഭിത്തിയുടെ കനം മൂന്ന് മീറ്ററെങ്കിലും വരും. ഭീമൻ ആർച്ചിൻ്റെ കീഴിലുള്ള കവാടത്തിൽ സുവർണ്ണ നിറത്തിലുള്ള അറേബ്യൻ കാലിഗ്രാഫി പതിച്ചിട്ടുണ്ട്. അകത്തേക്ക് പ്രവേശിക്കുന്നവർക്കും പുറത്തേക്ക് വരുന്നവർക്കുമിടയിൽ സാറ്റിൻ കയർ കൊണ്ടുള്ള വേർതിരിവുണ്ട്. പ്രവേശിക്കുന്നതിന് തൊട്ട് മുമ്പായി സിദാൽ പറഞ്ഞു, നമുക്ക് ഒരു ഗൈഡിനെ വേണം. അത്രയ്ക്കുണ്ട് ഇതിൻ്റെ കാഴ്ചകളും ചരിത്രവും അറിയാനും ആസ്വദിക്കാനും. അതിനോട് യോജിച്ച എൻ്റെ നിബന്ധന ഞാൻ ഗൈഡിൻ്റെ പൈസ കൊടുക്കുമെന്നായിരുന്നു. അങ്ങനെ മൂന്ന് പേർക്കായി ആയിരത്തഞ്ഞുറ് രൂപയ്ക്ക് തുല്യമായ ടർക്കിഷ് ലിറ കൊടുത്ത് ഞാൻ സന്തോഷവാനായി. ഹാലിൽ എന്നായിരുന്നു ഞങ്ങളുടെ ഗൈഡിൻെറ പേര്. തലമുടി പറ്റെ വെട്ടിയ ജീൻസും ടീ ഷർട്ടും ധരിച്ച ഒരു ആറടിക്കാരൻ യുവതുർക്കി. ഞങ്ങൾ അയാളുടെ പിറകെ പതിയെ നടന്ന് കവാടം കയറി. ചിരിച്ചു കൊണ്ട് അയാൾ തൻ്റെ പേരിൻ്റെ അർത്ഥം 'അടുത്ത സുഹൃത്ത്' എന്നാണെന്ന് പറഞ്ഞു. തന്നെ അങ്ങനെ കാണാമെന്നും അയാൾ ഞങ്ങളോട് സന്തോഷത്തോടെ സൂചിപ്പിച്ചു. കവാടത്തിന് മുന്നിൽ നിന്നു കൊണ്ട് അയാൾ ചെറുതായി ടോപ് കാപി ചരിത്രം തൊട്ടു. ടോപ് കാപിയുടെ അർത്ഥം 'പീരങ്കിക്കവാടം' എന്നാണെന്നും കൂനൻ മഹ്മൂദ് എന്നറിയപ്പെട്ടിരുന്ന ഒട്ടോമൻ സുൽത്താനാണ് കൊട്ടാരത്തിന് പേരിട്ടതെന്നും അയാൾ ആമുഖമായി പറഞ്ഞു. ബാക്കി നടത്തത്തിൽ പറയാമെന്നും. നാല് അതി വിശാലമായ നടുമുറ്റങ്ങളും ഓരോന്നിനും ചുറ്റുമുള്ള അസംഖ്യം കെട്ടിടങ്ങളും സുൽത്താൻ്റെ അന്തപ്പുരവും അടുക്കളയും ഒട്ടേറെ ഉദ്യാനങ്ങളുമാണ് പ്രധാനമായും കാണാനുള്ളത്. സമുദ്രത്തിൽ നിന്ന് ഒരു കൈക്കുടന്ന വെള്ളമെടുക്കുന്ന പോലെയാവും ഈ നടത്തമെന്ന് ഹാലിൽ ഒരു തത്വജ്ഞാനിയെപ്പോലെ മൊഴിഞ്ഞു. നൂറ്റിയെഴുപത്തഞ്ചേക്കർ വിസ്തൃതിയുള്ള കൊട്ടാരക്കെട്ട് മുഴുവൻ നടന്നു കാണുന്നത് ഞാൻ മനസ്സിൽക്കാണാൻ ശ്രമിച്ചു പരാജയപ്പെട്ടു.

കൊട്ടാരത്തിൻ്റെ ആദ്യ നടുമുറ്റം ഉയർന്ന മതിലുകൾ ഉള്ള ഒരു മനോഹര ഉദ്യാനമായിട്ടാണ് തോന്നിയത്. നാല് നടുമുറ്റങ്ങളിൽ മറ്റെല്ലാത്തിനെക്കാളും വലുതാണിതെന്ന് കവാടത്തിൽ എഴുതി വച്ചിട്ടുണ്ട്. മനോഹരങ്ങളായ ചെടികളും നൂറ്റാണ്ടുകൾ പഴക്കമുള്ള വൃക്ഷങ്ങളും കാടിന് സമാനമായ അന്തരീക്ഷമുണ്ടാക്കിയിരുന്നു. അവിടുന്ന് കുത്തനെയുള്ള ഇറക്കം മർമര കടലിൽ ചെന്നു ചേരുന്നത് കണ്ടു. നടുമുറ്റത്തിന് ചുറ്റുമുള്ള ചരിത്ര പ്രാധാന്യമുള്ള നിർമ്മിതികൾ ഏറെയും കാലപ്രവാഹത്തിൽ കുത്തിയൊലിച്ചുപോയി. ബാക്കിയുള്ളത് നാണയങ്ങൾ അടിക്കാനുള്ള കമ്മട്ടത്തിൻ്റെയും ഹഗിയ ഐറീൻ എന്ന ഓർത്ത ഡോക്സ് പള്ളിയുടെ അവശിഷ്ടങ്ങളും പിന്നെ കുറെ ജലധാരകളും മാത്രം. അത് തന്നെ നടന്ന് കാണാൻ ഏറെയുണ്ട്.
പളളി കുറേക്കാലം ഒട്ടോമൻ സാമ്രാജ്യത്തിൻ്റെ ആയുധപുരയായിരുന്നുവെന്നും ടർക്കിയുടെ ഇപ്പോഴത്തെ ഭരണകൂടം ഇനിയും മോസ്ക് ആക്കാത്ത അപൂർവ്വം കൃസ്ത്യൻ പള്ളിയുമാണെന്ന് ഗൈഡ് പറഞ്ഞു. അവിടെ കറുത്ത ഗൗൺ ധരിച്ച രണ്ട് പെൺകുട്ടികൾ ഫോണിൽ ഫോട്ടോ എടുക്കുന്നു. ഞങ്ങൾ നാൽവർ സംഘത്തെക്കണ്ട് അവർ ഇരുവരും ചേർന്ന് നിൽക്കുന്ന ഒരു ഫോട്ടോ ക്യാമറയിൽ എടുത്ത് കൊടുക്കാൻ അഭ്യർത്ഥിച്ചു.
ഫോട്ടോ എടുത്തു കൊടുത്ത ശേഷം ഞങ്ങൾ 'നടുവിലെക്കവാടം' എന്നറിയപ്പെടുന്ന കവാടം വഴി രണ്ടാം നടുമുറ്റത്തേക്കിറങ്ങി. 1542 ൽ പണിതതാണെന്നെഴുതിയ ഒരു ഫലകമുണ്ട് കവാടത്തിന് മുന്നിൽ. അതിനു സമീപത്തുള്ള ജലധാരയിലാണത്രേ ആരാച്ചാർ കുറ്റവാളികളെ ശിരച്ഛേദം ചെയ്ത ശേഷം വാളും കൈകളും കഴുകിയിരുന്നത്! ചോര പുരണ്ട കൈകൾ കഴുകുന്ന ഭീമാകാരനായ ആരാച്ചാരെ സങ്കൽപ്പിച്ചു മനസ് അസ്വസ്ഥമായി. അമൂർത്തമായ ഭയം മനസിൽ നിറഞ്ഞു.
രണ്ടാം നടുമുറ്റത്തിന് ചുറ്റുമുള്ള കെട്ടിടങ്ങൾ മെഹ്മദ് രണ്ടാമൻ പണിതത് 1465 ലാണെന്ന് വിശ്വസിക്കപ്പെടുന്നു. കൊട്ടാര ആശുപത്രിയും ബേക്കറിയും കുതിര ലായവുമാണ് അതിന് ചുറ്റുമുള്ളത്. വടക്ക് ഭാഗത്തായി കൗൺസിൽ ഹാളും അന്തപ്പുരവും തെക്ക് ഭാഗത്ത് കൊട്ടാര അടുക്കളയും. അന്തപ്പുരത്തിൽ സുന്ദരിമാരും ലായത്തിൽ കുതിരകളും അടുക്കളയിൽ ആടുകളും നിറഞ്ഞു നിന്ന കാലത്തെക്കുറിച്ച് ഗൈഡ് പറഞ്ഞു കൊണ്ടിരുന്നു.
സുൽത്താൻ്റെ പ്രത്യേക പരിശീലനം സിദ്ധിച്ച സംരക്ഷകർക്കള്ള താമസ സ്ഥലവും അതിനോട് ചേർന്ന് തന്നെയായിരുന്നു.
അന്നൊക്കെ ഉദ്യാനത്തിൽവർണ്ണ ഭംഗിയാർന്ന മയിലുകൾ പീലി നിവർത്തിയാടി, നീണ്ട പിരിഞ്ഞ കൊമ്പുകളോടെ കല മാനുകൾ അവിടെയൊക്കെ മേഞ്ഞു നടന്നിരുന്നു. കൊട്ടാര പാലകർ അവിടെ കൂട്ടം കൂടിയിരുന്നു.സ്വർണ്ണം പൂശിയ സിംഹാസനത്തിലിരുന്ന് സുൽത്താൻ പ്രജകളോട് സംവദിച്ചിരുന്നു.
കുതിര ലായങ്ങൾ ഭൂമിക്ക് ഇരുപതടി താഴെയായിരുന്നത്രേ നിലകൊണ്ടിരുന്നത്. അതവസാനിക്കുന്നിടത്ത് കൊട്ടാര സംരക്ഷണ സേനയുടെ പൊതു ശയനമുറി. നീണ്ട മുടിക്കെട്ട് അലങ്കാര മായണിഞ്ഞിരുന്നവർ ശൗര്യത്തിൻ്റെ പര്യായമായിരുന്നെന്ന് ഗൈഡ് പറഞ്ഞു. കൊട്ടാരക്കെട്ടിലെ മറ്റ് നിർമ്മിതികളിൽ നിന്ന് വ്യത്യസ്തമായി ചുവപ്പും പച്ചയുമടിച്ച മരം കൊണ്ടുള്ളവയാണ് അവരുടെ ശയനമുറികൾ ഉള്ള കെട്ടിടം. അഞ്ചു നൂറ്റാണ്ടുകൾക്കിപ്പുറവും കുറെയൊക്കെ ഇപ്പോഴും കാണാനുണ്ട്. ആറായിരം കിലോമീറ്റർ താണ്ടി വന്നത് വേറെ കാര്യത്തിനാണെങ്കിലും ഇവിടെ വരാൻ പറ്റിയതോർത്തപ്പോൾ ഉള്ളിൽ ചെറുതല്ലാത്ത ആഹ്ളാദം നുരഞ്ഞു.
രണ്ട് നിരകളിലായി ഇരുപതോളം പുകക്കുഴലുകൾ നിരന്നു നിൽക്കുന്ന കെട്ടിടത്തിനടുത്ത് നിന്ന് ഗൈഡ് പറഞ്ഞു, ''ഇതായിരുന്നു രാജകീയ അടുക്കള " പത്ത് താഴികക്കുടങ്ങൾക്കടിയിൽ സുൽത്താൻമാരുടെ അടുക്കളയും കലവറയും പരന്ന് കിടന്നു. ഒട്ടോമൻ സാമ്രാജ്യത്തിലെ ഏറ്റവും വലിയ അടുക്കളയിൽ ദിവസവും നാലായിരത്തോളം പേർക്ക് ഭക്ഷണമുണ്ടാക്കാൻ എണ്ണൂറോളം പാചകക്കാരുണ്ടായിരുന്നുവെന്ന് കേട്ട് ഞങ്ങൾ അന്തം വിട്ടുനിന്നു. തുർക്കികളുടെ അനന്യമായ ഭക്ഷണ വൈവിധ്യത്തിൻ്റെ കാരണമെനിക്ക് തെളിഞ്ഞു കിട്ടി. പാചകക്കാർക്ക് താമസിക്കാനും ഉറങ്ങാനും കുളിക്കാനും അവിടെ സൗകര്യങ്ങളുണ്ടായിരുന്നു. പലതും ഇപ്പോൾ തകർന്ന് പോയിരിക്കുന്നു. എന്നാൽ പാചകത്തിനുപയോഗിച്ചിരുന്ന വലിയ പാത്രങ്ങൾ, കഴിക്കാനുപയോഗിച്ചിരുന്ന വെള്ളിപ്പാത്രങ്ങൾ, വില കൂടിയ പിഞ്ഞാണങ്ങൾ എന്നിവ പ്രദർശിപ്പിച്ചിട്ടുണ്ട്. പതിനായിരത്തിൽ കൂടുതൽ പിഞ്ഞാണങ്ങളുടെ ശേഖരം ലോകത്തിലെ തന്നെ ഏറ്റവും വലുതാണെന്ന് ഗൈഡ് പറഞ്ഞു. ചൈനയിൽ നിന്ന് കൂടാതെ യൂറോപ്പിൽ നിന്നും സുൽത്താൻമാർ പാത്രങ്ങൾ ഇറക്കുമതി ചെയ്തിരുന്നുവെന്നത് കൗതുകകരമായിരുന്നു. കാഴ്‌ചകൾ കണ്ട് നടന്ന് ഉച്ചഭക്ഷണ സമയം കഴിഞ്ഞത് ഞങ്ങൾ ശ്രദ്ധിച്ചിരുന്നില്ല. ഗംഭീരമായ അടുക്കള കണ്ടതോടെ വിശപ്പാളിക്കത്തി. എന്തായാലും കൊട്ടാരവളപ്പിനകത്തുള്ള ഒരു നല്ല ഭോജന ശാല അത്രയൊന്നും അകലെയല്ലായിരുന്നു. 'കരക്കോൾ ' എന്ന് പേരുള്ള അത് ഉദ്യാനത്തിനകത്ത് മെർമരക്കടലിനഭിമുഖമായിരുന്നു. അതിൻ്റെ മുകൾഭാഗം താൽക്കാലികമായ തുണി മേൽക്കൂരയാൽ മൂടപ്പെട്ടതാണ്. കടലിൽ നിന്നുള്ള കാറ്റ് അതിലടിക്കുന്ന പട പട ശബ്ദം കേട്ടു .
മെനുവിലെ വിഭവങ്ങൾ ചോദിച്ചപ്പോൾ കാര്യമായി ഒന്നും ഉണ്ടായിരുന്നില്ല. സമയം വൈകിയതിനാലാകാം.. മൊരിച്ച ഇറച്ചിയും ചീസും ചേർന്ന ഒരു വലിയ റോൾ,ബാഗറ്റ് എന്ന നീളൻ ഫ്രെഞ്ച് റൊട്ടി, ഉരുളക്കിഴങ്ങ് നീളത്തിൽ വറുത്തത്, മീറ്റ് ബോൾസ്, അനാർ പഴത്തിൻ്റെ നീര് ഇതൊക്കെയായിരുന്നു കഴിക്കാൻ കിട്ടിയത്. തുർക്കിയുടെ പാരമ്പര്യം നോക്കിയാൽ ശോക ഭക്ഷണം. എന്നാൽ വെയിലിൽത്തിളങ്ങുന്ന മെർമര കടലിലേക്ക് നോക്കിയിരുന്ന് സുഖമാർന്ന കാറ്റേറ്റ് ഭക്ഷണം കഴിക്കുമ്പോൾ രുചി പതിൻമടങ്ങായിത്തോന്നി. അൽപ്പസമയം അവിടെ ഇരുന്ന് വിശ്രമിച്ചപ്പോൾ കാറ്റിൻ്റെ തലോടലിൽ ഞാൻ ചെറു മയക്കത്തിലേക്ക് വീണു.
"ഇനി ഞാൻ നിങ്ങളെ ക്കൊണ്ട് പോകുന്നത് രാജകീയ അന്തപ്പുരത്തിലേക്കാണ്.അവിടെ ഒരു കാലത്ത് നൂറ് കണക്കിന് സുന്ദരിമാർ സുൽത്താൻ്റെ കടാക്ഷത്തിനായി കാത്തിരുന്നിട്ടുണ്ടാകും" ഗൈഡിൻ്റെ ശബ്ദം എന്നെ മയക്കത്തിൽ നിന്നുണർത്തി. ഏതാണ്ട് നാന്നൂറോളം മുറികളിലായി സുൽത്താൻ്റെ ഭാര്യമാരും കുട്ടികളും , വെപ്പാട്ടികളും അവരുടെ വേലക്കാരുമെല്ലാം ചേർന്ന് ഒരിക്കൽ താമസിച്ചിരുന്നയിടത്ത് ഞങ്ങൾ സ്തബ്ധരായി നിന്നു. ഭീമൻമാരായ നപുംസകങ്ങളായിരുന്നത്രേ അക്കാലത്ത് അവിടെ കാവൽ നിന്നിരുന്നത്. എത്രയോ കെട്ടിടങ്ങളും ഇടനാഴികളും തുറന്നയിടങ്ങളും മറ്റുമായി അന്തപുരം പരന്നു കിടക്കുന്നു. മനോഹരമായ ടൈലുകൾ പതിപ്പിച്ച, നീലയും മഞ്ഞയും കലർന്ന ജനാലച്ചില്ലുകളിലൂടെ വരുന്ന വെളിച്ചം ഒരു സ്വപ്ന സമാന ചിത്രം ഞങ്ങൾക്ക് സമ്മാനിച്ചു. നൂറ് കണക്കിന് മനുഷ്യർ ജീവിച്ചിരുന്ന ഒരിടമായിരുന്നു ഒരിക്കലി വിടം എന്നത് അവിശ്വസനീയമായി തോന്നി. ചരിത്രമെന്ന രാവണൻ കോട്ടയിലൂടെ വഴിയാതലഞ്ഞു നടക്കുന്ന ഒരു ജീവബിന്ദുവായി ഞാൻ മാറിയിരുന്നു.
കൊട്ടാരത്തിൻ്റെ ഭാഗങ്ങൾ ഇനിയും എത്രയോ കാണാൻ മുന്നിൽ കിടക്കുന്നു. ഞങ്ങൾക്ക് ഇപ്പോൾ തിരിച്ചു പോയേ പറ്റൂ. വിമാനം കയറുന്നതിന് മുമ്പ് കുറച്ച് ജോലി തീർക്കാനുണ്ട്. ഹാദിൽ എന്ന ഗൈഡ് വികാരഭരിതനായി പറഞ്ഞു. ''നിങ്ങൾ ഇനിയും തിരിച്ചു വരും, ടോപ് കാപി മാത്രം കാണാനായിട്ട്. അന്നും ഞാനിവിടെയുണ്ടാകും"
അയാളോട് യാത്ര പറഞ്ഞ് ഞങ്ങൾ കൊട്ടാരത്തിൽ നിന്ന് ഇറങ്ങി കുറേ ദൂരം നടന്ന് കാറിൽക്കയറി.... വണ്ടിയിലിരിക്കുമ്പോൾ ഇസ്താംബുൾ ദിനങ്ങളെക്കുറിച്ച് സിദാൽ എന്നോടഭിപ്രായം ചോദിച്ചു.
"ഭൂമി ഒറ്റ രാജ്യമായിരുന്നെങ്കിൽ ഇസ്താംബുൾ അതിൻ്റെ തലസ്ഥാനമായിരുന്നേനെ " എന്ന് നെപ്പോളിയൻ ബോണപ്പാർട്ട് പറഞ്ഞത് അന്വർത്ഥമാണെന്ന് ഞാൻ മറുപടി കൊടുത്തു. പൊട്ടിച്ചിരിച്ചു കൊണ്ട് സിദാൽ എൻ്റെ കൈ പിടിച്ചു കുലുക്കി. കാർ പെട്ടെന്ന് അതിൻ്റെ മുഴുവൻ വേഗമാർജ്ജിച്ചു ഞങ്ങൾക്ക് പോവാനുള്ള പ്രധാന പാതയെത്തൊട്ടു.

അവസാനിച്ചു


Abhay Kumar
Abhay Kumar  

ട്രയം മാര്‍ക്കറ്റിംഗ് ആന്‍ഡ് കണ്‍സള്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്ററാണ് പി കെ അഭയ് കുമാര്‍. ഇ മെയ്ല്‍: abhay@triumindia.in

Related Articles

Next Story

Videos

Share it