കുട്ടൻ എന്ന ശ്രീലങ്കൻ ചരിത്രത്തിന്റെ ദ്വാരപാലകൻ

ഗാൾ ഫേസ് ഹോട്ടലിന്റെ C എന്ന ആകൃതിയുടെ ഗുണം എല്ലാ ഭാഗത്ത് നിന്നുമുള്ള കടൽക്കാഴ്ചയാണ്. 'വരാന്ത ' എന്ന ഭോജനശാല ഏതാണ്ട് ഒത്ത നടുവിലായത് കൊണ്ട് കടൽകാറ്റ് പകലും രാത്രിയും അടിച്ചു കൊണ്ടേ ഇരിക്കും. ഞങ്ങൾ ചെല്ലുന്നത് രാത്രിയായതിനാൽ അവിടെ നിന്നുള്ള കടൽക്കാഴ്ച കഷ്ടിയും കടൽക്കാറ്റ് സമൃദ്ധവുമായിരുന്നു.
ആദ്യം മിസ്റ്റർ ജെ യെ നടത്തത്തിന് അനുനയിപ്പിക്കാൻ ഓഫർ ചെയ്ത വിസ്കി ഓർഡർ ചെയ്തു. അവിടുത്തെ മെനുവിലെ വിലകൾ ഞങ്ങൾക്കത്ര ഇഷ്ടമായില്ലെങ്കിലും ഞാനൊരു മർഗരീത്ത കോക്ടെയിലും പറഞ്ഞു. ടെക്വീലയും കൊയിൻട്യൂവും ലൈം ജ്യൂസും 2:1:1 അനുപാതത്തിൽ കലർത്തി ഷേക്കറിലിട്ട് നല്ലപോലെ കുലുക്കിപ്പതപ്പിച്ച് വക്കിൽ ഉപ്പു പൊടി തേച്ച ഗ്ലാസിലാണ് അതൊഴിച്ചു തരിക. സംഭവം കിടിലനാണ്. വീശിയടിക്കുന്ന കടൽക്കാറ്റ് അതിന്റെ ആസ്വാദനം കൂട്ടും! ടപസ് എന്നു വിളിക്കുന്ന ചെറുകടികൾ ഒപ്പം വന്നു. ചീസ് ൻ പൈനാപ്പിൾ, എരിവുള്ള ചിക്കൻ വറുത്തത്. ചുട്ട ചെമ്മീൻ കാപ്സിക്കം ഈർക്കിലിൽ കോർത്തത് എന്നിങ്ങനെ ഒന്നൊന്നായി ചൂടോടെ വന്നു കൊണ്ടിരുന്നു.
പത്ത് മണിയായതോടെ ഞാൻ ജെ യോട് ഇപ്പോ വരാമെന്ന് പറഞ്ഞ് കുട്ടൻ സഖാവിനെ നോക്കാനിറങ്ങി. അദ്ദേഹം ഔദ്യോഗിക വേഷം മാറ്റി ഒരു സാധാരണ പാന്റും ഷർട്ടും ധരിച്ചിരിക്കുന്നു.' വരാന്ത 'യിലേക്ക് വരാൻ ഹോട്ടലിന്റെ നിയമം അനുവദിക്കുന്നില്ലാത്തത് കൊണ്ട് ഞാൻ ഹോട്ടലിന്റെ പൂൾ ഭാഗത്തേക്ക് നടക്കാൻ പറഞ്ഞു. അവിടെ അത്രയൊന്നും ശ്രദ്ധ കിട്ടാത്ത, തിരക്കില്ലാത്തയിടത്ത് ഞങ്ങൾ രണ്ടു കസേരകളിലിരുന്നു.
രാത്രി വൈകിയ ഷിഫ്റ്റ് കഴിഞ്ഞാൽ അദ്ദേഹത്തിന് ഹോട്ടലിന്റെ ബേസ്മെന്റിൽ ഒരു കിടക്കയുണ്ട്. ഒരു പഞ്ചനക്ഷത്ര ഹോട്ടലിന്റെ യും പിന്നാമ്പുറം (Backend) അത്ര സുഖകരമല്ല. കുറെ യാത്രകൾ ചെയ്തത് കൊണ്ട് ഹോട്ടലുകളിൽ നമ്മൾ കാണുന്ന ആഡംബരമൊക്കെ ഇടപാടുകാർക്ക് മാത്രമാണെന്ന് ഞാൻ മനസിലാക്കിയിരുന്നു.
ആ രാത്രി അവിടെ ഇരുന്ന് ഇംഗ്ലീഷിലും തമിഴിലും പിന്നെ കുറച്ച് തൃശൂർ മലയാളത്തിലും കുട്ടൻ സ്വന്തം കഥ പറഞ്ഞു. 1920 ൽ തൃശൂർ ജില്ലയിൽ ജനനം. പതിനെട്ടാമത്തെ വയസിൽ അമ്മയുടെ മരണത്തോടെ നാട് വിട്ടു. അച്ഛൻ നേരത്തേ മരിച്ചു പോയിരുന്നു. രാമേശ്വരത്ത് നിന്ന് ഒരു വലിയ ബോട്ടിൽക്കയറിയാൽ സിലോണെത്തുമെന്ന് കേട്ടിരുന്നചെറുപ്പക്കാരൻ ജോലി തേടി അവിടെ തന്നെയാണ് എത്തിയത്. ഭാരതത്തിൽ നിന്ന് ശ്രീലങ്കയിൽ പോകാൻ പാസ്പോർട്ടോ വിസയോ ഒന്നും വേണ്ടായിരുന്ന കാലം. എത്തിയ ഉടനെ വലിയ പണക്കാരായ സിംഹള കുടുബത്തിൽ കുറച്ചു നാൾ ആദ്യ ജോലിയെടുത്തു. പിന്നെ ഗാൾ ഫേസ് ഹോട്ടലിൽ ബെൽബോയിയും വെയിറ്ററുമായി ച്ചേർന്നു. ഹോട്ടൽ വിരുന്നുകാരിൽ നിന്ന് സിംഹളീസും തമിഴും ഇംഗ്ലീഷും പഠിച്ചെടുത്തു. അവരോട് സംസാരിച്ചല്ലേ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ പറ്റൂ. വെയിറ്ററായി ജോലി ചെയ്യുന്നതി നിടയിൽ ഒരു ക്രിസ്ത്യൻ സിംഹളസ്ത്രീയെ വിവാഹം കഴിച്ചു. ഇപ്പോൾ രണ്ട് പെൺകുട്ടികളും ഭാര്യയുമായി സാധാരണക്കാർ ജീവിക്കുന്ന കൊളംബോയുടെ ഒരു ഭാഗത്ത് പാർക്കുന്നു. ബെയറ റായി റിട്ടയർ ചെയ്തെങ്കിലും അവിടത്തന്നെ ഡോർമാനായി തുടർന്നു. അറുപത്തി രണ്ട് വർഷങ്ങളായി ഇവിടെത്തന്നെ ജോലിയെടുക്കുന്നു. പരാതി പറയാൻ ഒന്നുമില്ലായിരുന്ന ല്ലോ! ഹോട്ടൽ മുതലാളിമാർക്ക് ഇഷ്ടമായിരുന്നു. അച്ഛനും പിന്നെ മകനും. "ഇരുപത്തിരണ്ട് വയസുള്ളപ്പോഴാണ് ജപ്പാൻകാരുടെ ബോംബിങ്ങിൽ നിന്നും രക്ഷപ്പെട്ടത്. മറ്റൊരിക്കൽ ഹോട്ടലിന് മുന്നിൽ തീ പിടിച്ച യുദ്ധവിമാനം വീണത് ഇന്നലെയെന്നോണം ഓർമ്മയുണ്ട്. നഷ്ടപ്പെടാൻ ഒന്നുമില്ലാത്ത തോണ്ട് ഞാനെങ്ങും ഓടിപ്പോയില്ല. ചരിത്രത്തിന്റെ അന്തം വിട്ട പോക്ക് കണ്ട് നിന്നു. ഇടയ്ക്ക് കൂടെയോടുകയും ചെയ്തു."കുട്ടൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. സിലോണിന് സ്വാതന്ത്യം കിട്ടിയത് കുട്ടന്റെ ജന്മമാസം കൂടിയായ ഫെബ്രുവരിയിൽ. 1948 ലെ ആ ചരിത്ര മുഹൂർത്തത്തിന് ആൾ സാക്ഷിയുമായി. അന്ന് മുതലുള്ള എല്ലാ ശ്രീലങ്കൻ പ്രസിഡണ്ടുമാർക്കും പ്രധാനമന്ത്രിമാർക്കും മന്ത്രി മാർക്കും കെ.സി. കുട്ടനെ അറിയാം. ആദ്യ സിലോൺ പ്രസിഡണ്ട് സേനനായകെ മുതൽ മഹിന്ദ രാജ പക്സേയ്ക്ക് വരെ! എല്ലാവരും ഗാൾ ഫേസ് ഹോട്ടലിലെ സന്ദർശകരായിരുന്നു.
അതു മാത്രമോ മഹാത്മാ ഗാന്ധി,ജവഹർലാൽ നെഹ്റു, എലിസബത്ത് രാജ്ഞി, ചർച്ചിൽ, മൗണ്ട് ബാറ്റൻ പ്രഭു, ക്രൂഷ്ചേവ്, റിച്ചാർഡ് നിക്സൻ, ദെങ് സിയാവോ പിങ് തുടങ്ങിയ എത്രയോ രാഷ്ട്രീയ പ്രമുഖരും ബെർട്രൻഡ് റസ്സലിനെ പോലെയുള്ള ചിന്തകരും ഡോൺ ബ്രാഡ്മാനെയും ഗാരി സോബേഴ്സിനെയും പോലെയുള്ള കായിക താരങ്ങളും ഉർസുല ആൻഡ്രൂസിനെപ്പോലെയുള്ള സിനിമാക്കാരും ഈ കൊച്ചു മനുഷ്യന്റെ കൈ കൂപ്പൽ ഏറ്റുവാങ്ങിയാണ് ഗാൾ ഫേസ് ഹോട്ടലിലേക്ക് കയറിയത്!
ശ്രീലങ്കൻ ചരിത്രത്തിന്റെ തന്നെ ഭാഗമായ മലയാളി പറഞ്ഞു.
"ഞാൻ ഇവിടെ വന്നിട്ട് ആകെ ഒരു തവണയെ നാട്ടിൽ പോയിട്ടുള്ളൂ. പത്ത് ദിവസം നീണ്ട് നിന്ന വിട്ട് നിൽക്കൽ കഴിഞ്ഞ് എനിക്ക് സിലോണിലേക്ക് തന്നെ പോരണമെന്ന് തോന്നി.അഞ്ച് സഹോദരിമാരിൽ മൂത്ത ആൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. കണ്ണടയ്ക്കുന്നതിന് മുമ്പ് ഒന്നൂടി പോണമെന്നുണ്ട്. നടക്കുമോ ആവോ?" നിറഞ്ഞ കണ്ണുകൾ തുടച്ച കുട്ടന്റെ ഇരുകൈകളും ഞാൻ ചേർത്തു പിടിച്ചു. എന്റെ കണ്ണുകളും നനഞ്ഞു തുടങ്ങിയിരുന്നു. പാന്റിന്റെ പോക്കറ്റിൽ കയ്യിട്ടപ്പോൾ കിട്ടിയ സാമാന്യം വലിയ തുകയുടെ ഡോളർ നോട്ട് ആ കൈകളിൽ ചുരുട്ടി വെച്ച് ഞാൻ അദ്ദേഹത്തോട് പറഞ്ഞു, "നാട്ടിൽ പോകുമ്പോൾ ഈ നാട്ടുകാരനെയുമോർക്കുക" ഞാൻ അയാളുടെ ജീവിതകഥ ചുരുക്കത്തിൽ കേട്ട് ഭ്രമിച്ചു പോയിരുന്നു.... അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങൾക്കും ചരിത്ര പരിചയങ്ങൾക്കും മനസ് കൊണ്ട് സല്യൂട്ട് കൊടുത്തു.
ശ്രീലങ്കയുടെ ചരിത്രത്തിന്റെയൊപ്പം നടന്ന ഈ മലയാളിയെ കാണാനോ സംസാരിക്കാനോ നമ്മുടെ മലയാള മാധ്യമങ്ങളൊന്നും ശ്രമിച്ചതായി ഞാനറിഞ്ഞിട്ടില്ല. എന്നാൽ ലോകത്തിൽ ഏറ്റവും കൂടുതൽ തവണ ഫോട്ടോഗ്രാഫ് ചെയപ്പെട്ട ഹോട്ടൽ ജീവനക്കാരനാണ് ഈ കൃശഗാത്രൻ.ഞാൻ അന്ന് കണ്ടതിന് പത്ത് വർഷങ്ങൾക്ക് ശേഷം 94 വയസിൽ അദ്ദേഹം മരണമടഞ്ഞു. ഇടയ്ക്ക് ഹൃസ്വകാലം സുഖമില്ലായിരുന്നെങ്കിലും ഹോട്ടലിൽ വരവ് മുടക്കിയില്ല.ഒരേയൊരു തൊഴിലുടമയ്ക്കൊപ്പം 72 വർഷം തുടർച്ചയായി ജോലി ചെയ്തത് ലോക റെക്കോർഡായിരിക്കണം ! അവസാന കാലം ജീവിച്ചിരുന്നത് കൊച്ചു മകളുടെ ഒപ്പമായിരുന്നു എന്നറിഞ്ഞു.
അന്ന് കുട്ടനോട് വർത്തമാനം പറഞ്ഞ് അരമണിക്കൂറോളം കഴിഞ്ഞ് ഞാൻ വരാന്തയിലെത്തി നോക്കുമ്പോൾ മിസ്റ്റർ ജെ പല റൗണ്ട് വിസ്കി കഴിഞ്ഞ് നല്ല ഫോമിലിരിക്കുന്നു. എനിക്കാണെങ്കിൽ കുട്ടന്റെയടുത്ത് സംസാരിച്ച് കഴിഞ്ഞതോടെ കഴിച്ച മർഗരീത്ത കോക് ടെയ്ൽ ആവിയായിപ്പോയിരുന്നു. അദ്ദേഹത്തിന്റെ ജീവിത സമുദ്രത്തിൽ നിന്ന് ഒരു കുടന്നയേ കോരിയെടുക്കാൻ പറ്റിയുള്ളൂ വെങ്കിലും അത് തന്നെ അമ്പരപ്പിക്കുന്നതായിരുന്നു.
ഞാൻ നോക്കുമ്പോൾ ഒരു സ്ത്രീയും പുരുഷനും മിസ്റ്റർ ജെയ്ക്ക് കമ്പനിയൊക്കെ കൊടുത്ത് ടേബിളിൽ ഇരിപ്പുണ്ട്. "കൂട്ടുകാരൻ വന്നു ഞങ്ങൾക്കിനി പോകാമല്ലോ " എന്നവർ പറഞ്ഞു. നോക്കുമ്പോൾ ഞങ്ങൾ കണ്ടയിനർ തപ്പി ആറ്റ്കിൻ സ്പെൻസ് കമ്പനിയിൽച്ചെന്നപ്പോൾ ആദ്യ ദിവസം കണ്ട ഉയർന്ന ഉദ്യോഗസ്ഥൻ ഭാര്യാസമേതം അത്താഴം കഴിക്കാൻ വന്നതാണ്. ജെയെക്കണ്ട് എങ്ങനെയോ തിരിച്ചറിഞ്ഞ് അയാൾക്കൊപ്പം ഇരിക്കുകയായിരുന്നു. എന്തായാലും ഒരു മർഗരീത്ത കോക്ടെയിൽ ഞാനുമായി ഒരുമിച്ചിരുന്ന് കഴിച്ചിട്ടാണ് അവർ പോയത്.
ഞാൻ കുട്ടൻ എന്ന ശ്രീലങ്കൻ ചരിത്രത്തിന്റെ ദ്വാരപാലകനെക്കണ്ട് സംസാരിച്ച കാര്യമറിഞ്ഞപ്പോൾ ജെ അയാളെയും കൂട്ടാത്തതിൽ പരിഭവിച്ചു. എന്നാൽ എനിക്കറിയാവുന്ന ജെ അതത്ര ആസ്വദിക്കുമെന്ന് എനിക്ക് തോന്നാതിരുന്നത് കൊണ്ടാണെന്ന് ഞാൻ മറുപടി പറഞ്ഞു. ജെ പൊതുവെ സമൂഹത്തിന്റെ ഉന്നതശ്രേണിയിൽ പെട്ടവരുമായി മാത്രം ചങ്ങാത്തം ഇഷ്ടപെടുന്ന ആളാണ്. കെ.സി കുട്ടൻ മതിപ്പുണ്ടാക്കിയില്ല എന്ന് എനിക്ക് അതുമായി ബന്ധപ്പെട്ട് ജെയുമായി നേരത്തെ സംസാരിച്ചപ്പോൾ തോന്നിയിരുന്നു. അയാൾ പിന്നെ അക്കാര്യം പറഞ്ഞ് തർക്കിച്ചില്ല. ഞങ്ങൾ പല കാര്യങ്ങളിലും വ്യത്യസ്തരായിരുന്നുവെങ്കിലും പൊതുവായുള്ള കാര്യങ്ങൾക്ക് യോജിച്ചിരുന്നു. അങ്ങനെയാണല്ലോ ഈ യാത്ര തന്നെ ഉണ്ടായത്.
സമയം വൈകിയത് കൊണ്ട് അത്താഴം കഴിക്കാമെന്ന് പറഞ്ഞ് ഞാൻ ബുഫേ ടേബിളിലേക്ക് നീങ്ങി. അവിടെ ശ്രീലങ്കൻ, ഇന്ത്യൻ, യൂറോപ്യൻ വിഭവങ്ങളുടെ സമ്മേളനമായിരുന്നു. ഞങ്ങൾക്ക് രണ്ട് പേർക്കും വിശക്കുന്നുണ്ടായിരുന്നു. അടുത്ത് നിന്ന ഷെഫിനോട് വിഭവങ്ങളെപ്പറ്റി വിശദമായി ചോദിച്ച് മനസിലാക്കി. ആദ്യം കണ്ടത് ലംപ്രയിസ് എന്ന ശ്രീലങ്കൻ ഡച്ച് വിഭവം. നമ്മുടെ കിഴി ബിരിയാണിയുടെ വകഭേദം. ആദ്യം അരി മാംസ രസത്തിൽ വേവിക്കും. അത് ബീഫോ പോർക്കോ ആട്ടിറച്ചിയോ ആകാം. പിന്നെ ഏലക്ക, ഗ്രാമ്പൂ , കറുവാപ്പട്ട എന്നിവയുടെ സത്ത് ചേർക്കും. അതിൽ തനത് ചില്ലി സോസ് ചേർത്തിളക്കി വാഴയിലയിൽ ചുരുട്ടി വേവിക്കും. ഞങ്ങൾക്ക് ആവി കയറ്റുന്ന പാത്രത്തിൽ നിന്ന് നേരെയെടുത്ത് തരികയായിരുന്നു. കൂട്ടിന് കുകുൾ മസ് കോഴിക്കറിയും. പെരുംജീരകം, ഏലക്കായ, ഗ്രാമ്പൂ, കറുവപ്പട്ട എന്നിവ എണ്ണയിൽ ചൂടാക്കി ചിക്കൻ കഷണങ്ങൾ ചേർത്ത് മുളക് മല്ലി മഞ്ഞൾ പൊടികൾ, പാണ്ടൻ ഇല, ഇഞ്ചി പുല്ല് , കറിവേപ്പില എന്നിവ ചേർത്ത് വേവിച്ച് പകുതി വറ്റിച്ചെടുക്കുന്ന എരിവുള്ള കറി. ലംപ്രയിസ് പൊതിഞ്ഞ വാഴയില തുറക്കുമ്പോൾ വരുന്ന സുഗന്ധം വായിൽ വെള്ളമൂറിക്കും. നല്ല എരിവുള്ള കുകുൾ മസ് കോഴിക്കറി ഒഴിച്ച് കഴിച്ചാൽ കണ്ണിൽ നിന്നും വെള്ളം വരും. പക്ഷെ ഗംഭീര രുചിയാണ്.
രണ്ട് വിഭവങ്ങളിലേയും സുഗന്ധവ്യജ്ഞനങ്ങളുടെ സമ്മിശ്ര ഗന്ധവും രുചിയിലെ തീക്ഷ്ണതയും നാവിലെ രസമുകുളങ്ങളെ ഉണർത്തും!
'പൊളൊസ് ' എന്ന് വിളിക്കുന്ന പച്ചച്ചക്ക കൊണ്ടുള്ള കറിയും നന്നായിരുന്നു. നന്നായി വേവിച്ച ചക്കയിൽ സവാള, വെളുത്തുള്ളി, ഇഞ്ചി, കടുക്, മഞ്ഞൾ, മുളക് പൊടി തുടങ്ങിയവയിട്ട് വേവിച്ചെടുത്ത് ഇറക്കാറാവുമ്പോൾ തേങ്ങാപ്പാൽ ചേർത്ത എന്നാൽ ആവശ്യത്തിന് എരിവുള്ള ഉഗ്രൻ മസാലക്കറിയാണ്.
ചക്കയുടെ ഈ ക്രൗര്യ മുഖം ഞാനാദ്യമായി കാണുകയായിരുന്നു ! നമ്മൾ കൂടുതലും ചക്കപുഴുക്കെന്ന പാവം അവതാരമാണല്ലോ കണ്ടിട്ടുള്ളത്. ഇവിടെ അതിന്റെ പഞ്ചനക്ഷത്ര വകഭേദം ചോറും റൊട്ടിയും കൂട്ടിക്കഴിച്ചു. മേശമേൽ പിന്നെയും വിഭവങ്ങൾ നീണ്ട് നിരന്നു കിടന്നു. അടുത്ത ദിവസം നോക്കാമെന്ന് വിചാരിച്ച് ഡിസർട്ട് വെച്ചിരിക്കുന്നിടത്ത് പോയി. നാടൻ ഐറ്റം' വട്ടാലപ്പൻ ' എന്ന് നാട്ടുകാർ വിളിക്കുന്ന പലഹാരം എടുത്തു. തേങ്ങയും പനംചക്കരയും മുട്ടയും പാലും ചേർത്ത ഏലക്കയുടെയും ജാതിക്കയുടെയും നിഗൂഢ സാന്നിദ്ധ്യം മാത്രമുള്ള ഒരു കസ്റ്റാർഡ്. വായിൽ വെച്ചതേ അലിഞ്ഞ് പോയി !
ഇന്നത്തേക്ക് മതി ഇനി നാളെയാവാം എന്ന് വിചാരിച്ച് പടിയിറങ്ങുമ്പോൾ ഒരു നേർത്ത വയലിൻ നാദം കേട്ടു. ഒരു എഴുപത് വയസ് തോന്നിക്കുന്ന ശ്രീലങ്കൻ ഛായയുള്ള മെലിഞ്ഞ മനുഷ്യൻ ഒരു കസേരയിൽ സ്വയം മറന്നിരുന്ന് വയലിൻ വായിക്കുകയാണ്. വെളുത്ത ഫുൾ സ്ലീവ്സ് ഷർട്ടും ബോ ടൈയും ധരിച്ചിരിക്കുന്നു. വെസ്റ്റേൺ ശൈലിയിൽ വയലിൻ തോളിനോട് ചേർത്ത് കഴുത്തിൽ നിവർത്തി വെച്ചാണ് വായന ! ഇന്ത്യൻ ശൈലിയിലാണെങ്കിൽ തറയിലിരുന്ന് കുത്തനെ ഉയർത്തി വെച്ചാണല്ലോ വയലിൻ വായിക്കുക. അൽപ നേരം വയലിനിലെ മനോഹരമായ വെസ്റ്റേൺ നോട്ടുകൾ കേട്ട് നിന്നു.
പിന്നെ യഹൂദി മെനൂഹിനെയും നമ്മുടെ സ്വന്തം വയലിനിസ്റ്റ് എൽ സുബ്രഹ്മണ്യത്തേയുമോർത്ത്, വയലിന്റെ നാദവീചികളിലേറി ഞാൻ താമസയിടത്തേക്ക് ഒഴുകി നടന്നു. കൊളംബോയിൽ രാത്രി അപ്പോഴും ചെറുപ്പമായിരുന്നു...
തുടരും


Abhay Kumar
Abhay Kumar  

ട്രയം മാര്‍ക്കറ്റിംഗ് ആന്‍ഡ് കണ്‍സള്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്ററാണ് പി കെ അഭയ് കുമാര്‍. ഇ മെയ്ല്‍: abhay@triumindia.in

Related Articles

Next Story

Videos

Share it