ചൈനയില്‍ വെച്ച് ഇംഗ്ലീഷില്‍ കേട്ട ഏക കാര്യം അതാണ്!

വര്‍ഷം 2006.

പകിട്ടാര്‍ന്ന, ചില്ലും ഉരുക്കും ചേര്‍ത്ത് കെട്ടിപ്പൊക്കിയ,വെയിലേറ്റ് വെട്ടിത്തിളങ്ങുന്ന അസംഖ്യം അംബരചുംബികളുടെയിടയില്‍, വീതിയേറിയ റോഡിന്റെ ഓരത്തായി ഞങ്ങള്‍ അമ്പരന്നു നിന്നു.

വിചാരിച്ചതിന്റെ അപ്പുറം തന്നെ ഈ നഗരം!

അന്നു രാവിലെ ഞങ്ങള്‍, ഞാനും മലേഷ്യന്‍ സുഹൃത്ത് ഗുണാളനും ഷാങ്ഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങി. നടന്നു പോകാവുന്ന ദൂരമേയുള്ളോ ഹോട്ടലിലേക്ക് എന്ന് പകുതി തമാശയായി ചോദിച്ചപ്പോള്‍ 75 കി.മീ. ഉണ്ടെന്ന് കേട്ട് മാഗ് ലെവ് എന്ന നിലം തൊടാതെ പറക്കുന്ന തീവണ്ടിയില്‍ കയറി നഗര മധ്യത്തിലേക്ക് പോകാന്‍ തീരുമാനിച്ചു.
പുദോങ് എന്ന് വിളിക്കുന്ന പത്തു കൊല്ലം മുമ്പ് മാത്രം തുറന്നു കൊടുത്ത നഗരഭാഗം. പുദോങ് എന്നാല്‍ പുതുനഗരം എന്നര്‍ത്ഥം. മാഗ്‌ലെവ് കണിശം പതിമൂന്ന് മിനിട്ടില്‍ ഇത്രയും ദൂരം താണ്ടും എന്നത് കേട്ട് കണ്ണമിഴിച്ചു പോയി. മാഗ് ലെവിന് മണിക്കൂറില്‍ 430 കി.മീ. വേഗം വരെ എടുക്കാന്‍ പറ്റും. ആ സ്പീഡില്‍ എറണാകുളം തിരുവനന്തപുരം അര മണിക്കൂറില്‍ എത്താം! സ്റ്റാര്‍ട്ട് ചെയ്താല്‍ ട്രെയിന്‍ പാളത്തില്‍ നിന്ന് പത്ത് മില്ലീമീറ്റര്‍ പൊങ്ങി നിലം തൊടാതെ പായും!
മാഗ്‌നറ്റിക്ക് ലെവിറ്റേഷന്റെ ഗുണം!
ശരിക്കും പറക്കും വണ്ടി. ലോകത്തിലെ ഏറ്റവും വേഗമുള്ള ട്രെയിന്‍!

ഷാങ്ഹായില്‍ രണ്ടു കൊല്ലത്തിലൊരിക്കല്‍ നടക്കുന്ന ഡൊ മോടെക്‌സ് ഏഷ്യ എന്ന മെഗാ പ്രദര്‍ശനം കാണാന്‍ വന്നതാണ് ഞങ്ങള്‍ രണ്ടു പേരും. ഞങ്ങള്‍ വിതരണക്കാരാകാന്‍ പോകുന്ന ഉല്‍പ്പന്നത്തിന്റെ നിര്‍മ്മാതാക്കളായ മലേഷ്യന്‍ കമ്പനിയാണ് ആതിഥേയര്‍. അവര്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്. ലോകമെങ്ങും നിന്ന് ആയിരത്തോളം ബൂത്തുകള്‍. പത്തു ലക്ഷം സ്‌ക്വയര്‍ ഫീറ്റ് നടന്നു തീര്‍ക്കണം. നടരാജനായ എനിക്ക് സന്തോഷം! കൊച്ചിയില്‍ നിന്ന് ക്വലാലമ്പൂര്‍ വഴി ആയിരുന്നു വിമാനം. ഞാന്‍ കൊച്ചിയില്‍ നിന്നും ഗുണ KLല്‍ നിന്നും കയറി.
മാഗ് ലെവ് ട്രെയിന്‍ സ്‌റ്റേഷനില്‍ നിന്നും ടാക്‌സിയില്‍ കയറി ഹോട്ടലിന്റെ പേരു പറഞ്ഞപ്പോള്‍ സാരഥി പന്തം കണ്ട പെരുച്ചാഴിയെപ്പോലെ എന്നെ നോക്കി. അയാള്‍ക്ക് ചൈനീസ് ഭാഷ അല്ലാതെ ഒന്നും അറിയില്ല! ഒരു വിധത്തില്‍ ഞങ്ങള്‍ ഹോട്ടലില്‍ എത്തിപ്പെട്ടു. പെട്ടിയൊക്കെ ഉളളില്‍ വെച്ച് റെസ്‌റ്റോറന്റില്‍ നിന്ന് ഒരു പച്ച ചായ കുടിച്ചു. ഗ്രീന്‍ ടീ എന്നും പറയും.
ഒന്നു നടക്കാം എന്ന് ഞാന്‍ പറഞ്ഞു. വളരേ ദൂരം ഇരുന്ന് വിമാനയാത്ര ചെയ്തതാണല്ലോ!

അങ്ങനെയാണ് ഞങ്ങള്‍ യമണ്ടന്‍ ഷാങ്ഹായ് തെരുവില്‍ എത്തിപ്പെട്ടത്. വീതിയേറിയ നടപ്പാതയില്‍ കൂടി ജനം ഒഴുകുന്നുണ്ടെങ്കിലും എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ തക്കതായതു കൊണ്ട് തിക്കും തിരക്കുമില്ല. ഞങ്ങള്‍ക്കെതിരെ വന്ന ദമ്പതികള്‍ പെട്ടെന്ന് നിന്ന് ഞങ്ങളോട് സംസാരം തുടങ്ങി. സാമാന്യം നല്ല ഇംഗ്ലീഷില്‍ത്തന്നെ. പുരുഷന്‍ ഒരു ബ്രീഫ് കേസ് പിടിച്ചിട്ടുണ്ട്. ഭംഗിയായി വസ്ത്രം ധരിച്ചിരിക്കുന്നു. ഭാര്യയും അങ്ങനെത്തന്നെ. അവര്‍ പറയുന്നത് പൈസ പോക്കറ്റടിച്ചു പോയി എന്നും അവര്‍ക്ക് ഉള്‍ നാട്ടിലേക്ക് തിരിച്ചെത്താന്‍ കാശ് കൊടുക്കാമോ എന്നുമാണ്.
ഗുണ ബുയാവോ ബുയാവോ എന്ന് പറഞ്ഞു അവരെ ഓടിച്ചു!
എനിക്ക് കഷ്ടം തോന്നി...

''ഞാനങ്ങനെ ചെയ്തതിന് കാര്യമുണ്ട് മിസ്റ്റര്‍ അഭയ്'' ഗുണ പറഞ്ഞു. അയാള്‍ ഇതിന് മുമ്പ് ചൈനയിലെ വിവിധ നഗരങ്ങളില്‍ പല തവണ വന്നിട്ടുണ്ട്. ഷാങ്ഹായില്‍ മുമ്പ് ഒരു തവണ വന്നപ്പോള്‍ അയാളുടെ ചൈനീസ് വംശജനായ സഹപ്രവര്‍ത്തകനോടൊത്ത് നടന്ന് പോയപ്പോഴും ഇതേ അനുഭവ മുണ്ടായി. കഥാപാത്രങ്ങള്‍ വേറെയായിരുന്നു. പക്ഷെ തിരക്കഥ ഒന്നു തന്നെ! അയാളുടെ സഹപ്രവര്‍ത്തകന്‍ പറഞ്ഞത് ഇത് ഒരു സ്ഥിരം നാടകമാണെന്നാണ്. ചിലപ്പോള്‍ പൈസയെടുക്കുമ്പോള്‍ പേഴ്‌സ് തട്ടിപ്പറിക്കാനും സാധ്യതയുണ്ടത്രേ!
ഇംഗ്ലീഷറിയാത്തതു കൊണ്ട് നമ്മളെന്തു പറഞ്ഞ് ചുറ്റുമുള്ളവരെ മനസിലാക്കാനാണ്. അവര്‍ക്ക് എളുപ്പം കഥ തിരിച്ചാക്കി ഞങ്ങളെ കുറ്റക്കാരാക്കാന്‍ ഒരു വിഷമവുമില്ല.

കിലുക്കത്തിലെ നിശ്ചല്‍ എന്ന ജഗതിച്ചേട്ടനു വില്ലന്‍ സമദ് ഖാനില്‍ നിന്ന് കിട്ടിയ പോലെ തല്ലു കിട്ടാനും ചാന്‍സുണ്ട് എന്ന് ഞാന്‍ ഓര്‍ത്തു. പോരെങ്കില്‍ അവരുടെ നാടാണല്ലോ.

ചാരിറ്റി വേണമെങ്കില്‍ പിന്നീട് നമ്മുടെ നാട്ടിലും ചെയ്യാമല്ലോ? തല്ല് കിട്ടാതെ !

അന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞാണ് ബുയാവോ എന്നാല്‍ വേണ്ട എന്നോ ആവശ്യമില്ല എന്നാണര്‍ത്ഥമെന്ന് ഗുണ മനസിലാക്കിയത്. അതാണ് നാടകക്കാര്‍ക്കെതിരെ പ്രയോഗിച്ചതും. അവരെയോര്‍ത്തുള്ള എന്റെ സങ്കടം മാറിക്കിട്ടി. ഞങ്ങള്‍ വീണ്ടും മുന്നോട്ടു നടന്നു.

ട്രാഫിക് പോലീസുകാര്‍ വില പിടിച്ച കടുംനീല സൂട്ട് ധരിച്ചാണ് നില്‍പ്പ്. കണ്ടാല്‍ നമ്മുടെ പട്ടാളത്തിലെ വലിയ ഓഫീസര്‍മാരുടെ പോലെയുണ്ട്. എന്നാല്‍ ഏതെങ്കിലും സ്ഥലം ചോദിച്ച് മനസ്സിലാക്കിക്കളയാമെന്ന് വിചാരിച്ച് അടുത്തേക്ക് ചെന്നാല്‍ അവര്‍ എതിര്‍വശത്തേക്ക് നടന്നോ ഓടിയോ പൊയ്ക്കളയും. ഇംഗ്ലീഷ് തീരെ അറിയാത്തതിന്റെ പ്രശ്‌നം, ചമ്മല്‍. ഞങ്ങളോട് കാശ് ചോദിച്ച ദമ്പതികളൊഴിച്ച് ഇംഗ്ലീഷില്‍ സംസാരിക്കുന്നവരെ കണ്ടതേയില്ല. അവര്‍ക്കത് പഠിച്ചല്ലേ പറ്റൂ. വിദേശികളെ വീഴ്ത്താന്‍. അടുത്ത ദിവസങ്ങളില്‍ ഇതു ഞങ്ങളെ ശരിക്കും കുഴക്കിക്കളഞ്ഞു.
എന്തെങ്കിലും ഒരു വാക്ക് ഇംഗ്ലീഷില്‍ ഒരാളും പറഞ്ഞു കേട്ടില്ല.

ഏഷ്യയുടെ മുത്ത് എന്നും കിഴക്കിന്റെ പാരിസ് എന്നും ഷാങ്ഹായ് നഗരത്തെ വിളിക്കാറുണ്ട്. യുവത്വത്തിന്റെയും ആഘോഷത്തിന്റെയും വാണിജ്യത്തിന്റെയും ഒരു അന്താരാഷ്ട്ര താളം നമുക്ക് തെരുവിലും കടകളിലും ഭോജനശാലകളിലും ചെവിയോര്‍ത്താല്‍ കേള്‍ക്കാം. ഷാങ്ഹായ് എന്ന വാക്കിന് 'കടലില്‍ ' എന്നാണര്‍ത്ഥം. ശരിക്കും പറഞ്ഞാല്‍ ഹുവാങ്പു നദിയുടെ കരയിലാണ് ഷാങ്ഹായ്. ന്യൂസിലാന്‍ഡ് എന്ന രാജ്യത്തിലുള്ളതിന്റെ അഞ്ചിരട്ടി ആള്‍ക്കാര്‍ ഈ വന്‍പട്ടണത്തില്‍ വസിക്കുന്നു. കുറച്ചൊന്നുമല്ല രണ്ടരക്കോടി ജനങ്ങള്‍!

ഷാങ്ഹായ് മെട്രോ റെയില്‍ ഏകദേശം 650 കി.മീ നീളവും 400 മെട്രോ സ്‌റ്റേഷനുകളുമുള്ള ഒന്നാണെന്ന് പറയുമ്പോള്‍ ആ നഗരത്തിന്റെ വലിപ്പം ബോധ്യമാകുമല്ലോ? ഏകദേശം ഒരു ലക്ഷത്തി എഴുപതിനായിരം വിദേശികള്‍ ഇവിടെ വസിക്കുന്നു. ബ്രിട്ടീഷ്, ഫ്രഞ്ച്, അമേരിക്കന്‍ ഏരിയകള്‍ കൂടാതെ മതില്‍ക്കെട്ടിനകത്ത് ഒരു ചൈനീസ് പട്ടണ ഭാഗമുണ്ട്. വൈകുന്നേരമായാല്‍ എവിടെയും ആട്ടവും പാട്ടും പാനീയങ്ങളുമാണെന്ന് ഗുണ പറഞ്ഞു. ഭൂരിപക്ഷം മലയാളികളുടെയും പോലെ ചൈനക്കാര്‍ക്ക് വലിയ ബലം പിടുത്തമില്ല എന്ന് മനസിലായി. സന്ധ്യാ കലാപരിപാടികള്‍ അടുത്ത ദിവസങ്ങളില്‍ അടുത്ത് കാണാമല്ലോ എന്ന് വിചാരിച്ചു. വേണമെങ്കില്‍ കൂടെ ചേരുകയും ചെയ്യാം.

ഇതൊക്കെയാണെങ്കിലും,ഇത്രയും ആള്‍ക്കാര്‍ നടക്കുന്നുണ്ടെങ്കിലും റോഡിലോ വഴിയരികിലോ മാലിന്യങ്ങളോ പേപ്പറുകളോ കണ്ടില്ല. അവരുടെ സംസ്‌കാരത്തില്‍ കണ്ണടച്ച് വലിച്ചെറിയലില്ല. പിന്നെ ഹോട്ടലിലോ റെസ്‌റ്റോറന്റിലോ പൊതുവേ ടിപ്പിങ് ഇല്ല. അവര്‍ക്കത് കുറച്ചിലാണ്.
ഞാന്‍ ഇതറിയാതെ കൊടുത്തപ്പോള്‍ അവര്‍ സ്‌നേഹപൂര്‍വ്വം നിരസിച്ചു. ആദ്യദിന മേളയില്‍ ഞങ്ങളോടൊപ്പം ആതിഥേയരും ചേര്‍ന്നു. അവരുടെ ബൂത്തില്‍ കുറേ നേരം ചെലവഴിച്ച ശേഷം ഞങ്ങള്‍ പ്രദര്‍ശന സ്റ്റാളുകള്‍ ദിവസം മുഴുവന്‍ നടന്ന് കണ്ടു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Abhay Kumar
Abhay Kumar  

ട്രയം മാര്‍ക്കറ്റിംഗ് ആന്‍ഡ് കണ്‍സള്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്ററാണ് പി കെ അഭയ് കുമാര്‍. ഇ മെയ്ല്‍: abhay@triumindia.in

Related Articles

Next Story

Videos

Share it