പാതി ചാരിയ ആ വാതിലൂടെ ഒഴുകി വന്ന നനുത്ത ശബ്ദം!

അഞ്ചോ ആറോ വര്‍ഷമായിക്കാണണം, ഞാന്‍ ചെന്നൈയില്‍ ബിസിനസ് സംബന്ധമായി പോയതാണ്.
അവിടെ ഞങ്ങളുടെ ഇടപാടുകാരായ ഒരു കമ്പനിയുടെ ഹെഡ് ഓഫീസ് സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തി ചില സുപ്രധാന തീരുമാനങ്ങളെടുക്കണം എന്നൊക്കെയാണ് ഔദ്യോഗിക കാര്യ പരിപാടി.

മൗണ്ട് റോഡിന്റെ ഏറ്റവും അറ്റത്ത് ഐലന്‍ഡ് എന്ന് വിളിക്കുന്നയിടത്തെ മദ്രാസ് ജിംഖാനയിലാണ് താമസം ഞാന്‍ മെംബര്‍ ആയ കൊച്ചിന്‍ ജിംഖാനയുടെ അഫിലിയേറ്റ് ആയത് കൊണ്ട് സിദ്ധിച്ചതാണ്. 1884ല്‍ ബ്രിട്ടീഷ്‌കാരാല്‍ സ്ഥാപിതമായ ക്ലബ്ബാണ് മദ്രാസ് ജിംഖാന. ഏക്കര്‍ കണക്കിന് സ്ഥലം, പച്ചക്കുട വിടര്‍ത്തിയ വന്‍വൃക്ഷങ്ങള്‍, പൂക്കള്‍ പരവതാനി വിരിച്ച നടപ്പാതകള്‍. ഒറ്റ നില കോട്ടേജുകള്‍. ചെന്നൈയിലെ ചൂടിലും അവിടെയെപ്പോഴും തണലും തണുപ്പും. ആകെ കാല്‍പ്പനികത മുറ്റി നില്‍ക്കുന്ന അന്തരീക്ഷം.

കെട്ടിടത്തിന്റെ അകത്തേക്ക് കയറിയാലോ, ലോബി പഴയ ബ്രിട്ടീഷ് ആഢ്യത്വത്തില്‍ മുങ്ങി നിവര്‍ന്ന പോലെ. ഉയര്‍ന്ന വലിയ മരക്കസേരകളും കടഞ്ഞെടുത്ത കാലുള്ള ടീപ്പോയ്കളും ഗതകാല സ്മരണകള്‍ പേറുന്നു.

വികെഎന്‍ പറഞ്ഞ പോലെ ആഢ്യത്വം സഹിക്കില്ല!

വൈകുന്നേരം ജോലി കഴിഞ്ഞ് വന്ന് അല്‍പ്പം വിശ്രമിച്ച ശേഷം എന്റെ രാത്രി ഭക്ഷണം മിക്കവാറും വിശാലമായ പുല്‍ത്തകിടിയിലിട്ടിരിക്കുന്ന മേശയിലിരുന്നാണ്. നല്ല രുചിയുള്ള ഭക്ഷണവും 'ലഘു' പാനീയങ്ങളും അവിടെ ന്യായ വിലയ്ക്ക് കിട്ടും. ഞാനും എന്നെക്കാണാനെത്തിയ ചെന്നൈക്കമ്പനിയിലെ സുഹൃത്തും സന്ധ്യക്കൊരുമേശയിലിടം പിടിച്ചു. ചൈനാക്കാരെപ്പോലെ ഇടയ്‌ക്കൊക്കെ കച്ചവട വര്‍ത്തമാനം തീന്‍മേശയിലുമാകാം എന്ന ബോധോദയം.

ഞങ്ങള്‍ ഓരോ മഗ് ഡ്‌റാഫ്റ്റ് ബിയര്‍ കഴിച്ചു സംസാരിച്ചു കൊണ്ടിരിക്കുന്നു. കൊറിക്കാന്‍ അനുസാരികള്‍ പ്രത്യേകം പറയാതെ തന്നെ പുറകെ വന്നു. അല്‍പ്പം കഴിഞ്ഞ് ഞാനൊന്ന് വാഷ് റൂമില്‍ പോകാന്‍ എഴുന്നേറ്റു. സ്ഥല സമൃദ്ധി മൂലം അവിടെ എല്ലാം അല്‍പ്പം ദൂരത്തിലാണ്. എനിക്ക് പോകേണ്ട സ്ഥലവുമതെ. ഞാന്‍ നടന്ന് പോകുന്ന വഴിക്ക് നല്ല രസികന്‍ തമിഴ് പാട്ട് കേട്ട് നിന്നു. അടച്ചിട്ട ഒരു മുറിക്കുള്ളില്‍ നിന്ന് കേള്‍ക്കുന്നതാണെന്ന് തിരിഞ്ഞു. കൂറ്റന്‍ ഇരട്ട വാതിലുകള്‍ക്ക് മുന്നില്‍ നിന്ന് ഞാന്‍ കാതോര്‍ത്തു. ഒരു വാദ്യോപകരണങ്ങളുമില്ലാതെ കേള്‍ക്കുന്ന പാട്ട് SPB യുടെത് തന്നെ!
അത്ഭുതകരം തന്നെയാണല്ലോ? ആ പട്ടുപോലെ നനുത്ത ശബ്ദം എത്രയോ പാട്ടുകളിലൂടെ എനിക്കേറെ പരിചിതമാണല്ലോ?ഞാന്‍ അവിടെത്തന്നെ തറഞ്ഞു നിന്നു. ഒരു പാട്ടിന്റെ നാലു വരി കഴിഞ്ഞ് ഒരു ചെറു ഇടവേള പിന്നെ അടുത്ത പാട്ട്.

എന്താണിത് എന്നോര്‍ത്തു ഞാന്‍ വന്ന കാര്യമൊക്കെ മറന്നേ പോയി ആ മാസ്മര ശബ്ദത്തില്‍ ലയിച്ചു നിന്നു. പെട്ടെന്നൊരാള്‍ ഹാളിന്റെ വലിയ ഇരട്ട വാതില്‍ തുറന്ന് ധൃതിയില്‍ പുറത്തേക്കിറങ്ങി. അയാള്‍ യൂറിനല്‍ ലക്ഷ്യമാക്കി വേഗത്തില്‍ പാഞ്ഞു. ആ തക്കത്തിന് ഞാന്‍ തുറന്ന വാതില്‍ വഴി പാളി നോക്കി. യൂറിനലിലേക്കോടിയ ആള്‍ ഒരു വാതില്‍ മുഴുവനും അടയ്ക്കാതെയാണ് പോയത്. അത് എന്റെ ഭാഗ്യമായി ഭവിച്ചു. പാട്ട് കുറെക്കൂടി വ്യക്തമായി കേള്‍ക്കാം. അകത്തേക്ക് നോക്കുമ്പോള്‍ അഞ്ചോ ആറോ മേശകളുണ്ട് ഹാളില്‍ ഓരോന്നിന് ചുറ്റും കസേരകളില്‍ ആളിരിപ്പുണ്ട്. പുരുഷന്മാരും സ്ത്രീകളുമുണ്ട്. എല്ലാ ടേബിളുകളിലും നിറഞ്ഞ ഗ്ലാസുകള്‍ ഉണ്ട്.

ഞാന്‍ നില്‍ക്കുന്ന അല്‍പം തുറന്ന വാതിലിന് എതിരെ ഒരു ടേബിളില്‍ ഇരുന്ന് കണ്ണടച്ച് ലയിച്ച് പാടുന്നത് സാക്ഷാല്‍ SPB തന്നെ!

നാലുവരി പാടുമ്പോഴേയ്ക്ക് അടുത്ത ടേബിളില്‍ നിന്ന് പതിഞ്ഞ സ്വരത്തില്‍ ആരോ മറ്റൊരു പാട്ട് ആവശ്യപ്പെടുന്നതനുസരിച്ച് അടുത്ത നാല് വരി അത് പാടുന്നു. എന്നെക്കാണാതെ അന്വേഷിച്ച് വന്ന സുഹൃത്തും അവിടെയെത്തി കാഴ്ച്ച കണ്ട് കണ്ണ് തള്ളി നില്‍ക്കുകയാണ്. ഹാളിനുള്ളില്‍ നിന്ന് ഓടിയിറങ്ങിപ്പോയ ആള്‍ പതിയെ മടങ്ങി വന്നു.

എന്റെ സുഹൃത്ത് എന്താണകത്ത് നടക്കുന്നതെന്ന് അയാളോട് തമിഴില്‍ ചോദിച്ചു. തിരക്കിലാണെങ്കിലും അയാള്‍ മറുപടി പറഞ്ഞു. ഞങ്ങള്‍ SPB യുടെ അടുത്ത കൂട്ടുകാര്‍ അയാളെ അവിചാരിതമായി അടുത്തു കിട്ടിയപ്പോള്‍ ആഘോഷിക്കുന്നതാണ്. സംഭവം രഹസ്യമാണ്. അടച്ചിട്ട വാതിലല്ലെങ്കില്‍ ഇവിടെ ക്ലബ്ബിലുള്ള സകലരും വന്ന് നിറയും. ദയവായി നിങ്ങള്‍ ആരോടും പോയി പറയരുത്. അയാള്‍ ഞങ്ങളോട് അഭ്യര്‍ത്ഥിച്ചു.

സ്വപ്നം കണ്ട പോലെ ആകെ പകച്ചു നില്‍ക്കുന്ന ഞങ്ങളാരോട് പറയാന്‍?

നാലു വരികള്‍ വെച്ച് മലരേ മൗനമായും കാതല്‍ റോജാവേയും കാതോട് പൂവും അന്തി മഴയുമൊക്കെ സ്വപ്നത്തിലെന്ന പോലെ കേട്ടത് ഓര്‍മ്മയിലിന്നും തളിര്‍ത്തു നില്‍ക്കുന്നു. ഞങ്ങള്‍ രണ്ട് പേരും വിസ്മയ ലോകത്ത് നിന്ന് ഇറങ്ങി പോകേണ്ടയിടത്തേക്ക് പോയി. ഞാന്‍ ആ രാത്രി വൈകി ഉറങ്ങുന്നതു വരെ പുല്‍ത്തകിടിയിലിരുന്ന് SPB യുടെ ഹിന്ദിയും തമിഴും പാട്ടുകള്‍ മാറി മാറി കേട്ടിരുന്നു.

അപ്പോള്‍ ഞാനാലോചിക്കുകയായിരുന്നു. എന്തായിരിക്കാം SPB എന്ന് എല്ലാവരും പ്രായ ഭേദമെന്യേ വിളിക്കുന്ന എസ്.പി.ബാലസുബ്രമണ്യത്തിനെ ജനങ്ങളുടെ ഇഷ്ട തോഴനാക്കിയത്?
എന്റെ ഓര്‍മയില്‍, എണ്‍പതുകളിലും, തൊണ്ണൂറുകളിലും രണ്ടായിരത്തിലും ഒക്കെ ചെറുപ്പക്കാര്‍ ഏറെ മൂളി നടന്നത് ഈ പാട്ടുകളായിരുന്നു. ഞങ്ങളുടെ സായാഹ്ന സുഹൃദ് സദസുകളില്‍ അദ്ദേഹത്തിന്റെ പാട്ടുകളായിരുന്നു കൂടുതലും കേട്ടിരുന്നതും പാടിയിരുന്നതും. തമിഴും ഹിന്ദിയും പിന്നെ മലയാളവും.

ഞങ്ങളുടെ കൗമാര യൗവ്വന കാലത്ത് ഒരുത്തമ സുഹൃത്തിനെപ്പോലെ സാന്ത്വനവും മനഃസുഖവും
ഊഷ്മളതയും സമ്മാനിച്ച നനുത്ത ശബ്ദം അദ്ദേഹത്തിന്റെ മാത്രം സവിശേഷതയായിരുന്നു.

ഏതാണ്ട് നാല്‍പ്പതിനായിരത്തോളം പാട്ടുകള്‍ വിവിധ ഭാഷകളില്‍ പാടിയ, ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയതിന് ഗിന്നസ് ബുക്കിലിടം നേടിയ, നാല് ഭാഷകളിലായി ദേശീയ അവാര്‍ഡുകള്‍ വാങ്ങിയ, പല സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഈ ഗായകന്‍ സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ല എന്നത് ഒരു വൈരുദ്ധ്യമായി തോന്നാം.

സിനിമാഗാന രംഗത്തെ ജീനിയസ് എന്ന് ഞാന്‍ അദ്ദേഹത്തെ വിശേഷിപ്പിക്കും. സംഗീതത്തിലെ ആരോഹണ അവരോഹണങ്ങള്‍ എത്ര അനായാസമായിട്ടാണ് അദ്ദേഹം താണ്ടുന്നത്.

എഞ്ചിനീയറിംഗ് പഠനം പാതിയ്ക്ക് നിര്‍ത്തി ഇറങ്ങി വന്നത് സംഗീതത്തിന്റെ ഉത്തുംഗ ശൃംഗങ്ങള്‍ ചവിട്ടിക്കയറാനായിരുന്നുവെന്നത് അദ്ദേഹമൊഴിച്ച് ആരുമറിഞ്ഞതല്ല. മദ്രാസില്‍ വന്ന് AIME യ്ക്ക് ചേര്‍ന്നെങ്കിലും താന്‍ പാടാന്‍ ജനിച്ചവനാണെന്ന് അദ്ദേഹം സ്വയം വിശ്വസിച്ചു. SPB പങ്കെടുത്ത ഒരു മല്‍സരത്തിന് വിധികര്‍ത്താവായി വന്ന അറുപതുകളിലെ തെലുഗു സംഗീത സംവിധായകന്‍ SP കോദണ്ഡ പാണി പിന്നെ ബാലസുബ്രമണ്യത്തിന്റെ ഗുരുവും വഴികാട്ടിയുമായി.

1960 കളുടെ പകുതിയില്‍ ഇളയരാജയുമൊത്തുള്ള സംഗീത കൂട്ടായ്മയില്‍ നിന്ന് പുറത്ത് വന്ന SPB തന്റെ വഴികാട്ടിയായ കോദണ്ഡ പാണിയുടെ സംഗീത സംവിധാനത്തില്‍ തെലുഗില്‍ ആദ്യമായി സിനിമയ്ക്ക് വേണ്ടി പാടി. കുറഞ്ഞ സമയത്തിനുള്ളില്‍ കന്നഡ, മലയാളം, തമിഴ് ഭാഷകളിലെ തിരക്കുള്ള ഗായകനായി.

എം.ജി.ആര്‍ അഭിനയിച്ച അടിമപ്പെണ്‍ എന്ന പടത്തിലെ ആയിരം നിലവെ വാ അവസരങ്ങളുടെ വാതില്‍ SPB ക്ക് മലര്‍ക്കെത്തുറന്നു കൊടുത്തു. അന്ന് ടി.എം സൗന്ദര രാജന്റെയും പി.ബി.ശ്രീനിവാസന്റെയും സിംഹാസനങ്ങളിലിരുന്ന SPB അമ്പത് കൊല്ലം അവിടെയിരുന്ന് തമിഴ് സിനിമാ സംഗീത ലോകം ഭരിച്ചു, മരണം വരെ.

കഴിഞ്ഞ മാസമവസാനം ,അദ്ദേഹം ഇഹലോകം വിട്ടു പോയ വാര്‍ത്ത കേട്ടപ്പോള്‍ മദ്രാസ് ജിംഖാനയിലെ സംഭവം ഓര്‍മ്മയില്‍ വന്ന് പൂത്തിരി കത്തിച്ചു. ഇതെഴുതുമ്പോള്‍ അടുത്ത വീട്ടില്‍ നിന്ന് എക് ദുജേ കേ ലിയേയിലെ മനോഹര ഗാനങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Abhay Kumar
Abhay Kumar  

ട്രയം മാര്‍ക്കറ്റിംഗ് ആന്‍ഡ് കണ്‍സള്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്ററാണ് പി കെ അഭയ് കുമാര്‍. ഇ മെയ്ല്‍: abhay@triumindia.in

Related Articles
Next Story
Videos
Share it