സൂപ്പര്‍മാര്‍ക്കറ്റിലെ ട്രോളിയും കുറേ ആശങ്കകളും!

അന്ന് രാത്രി ഞങ്ങള്‍ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് ട്രെയിന്‍ കയറി. അതിനടുത്ത രാത്രി ഞങ്ങള്‍ക്ക് നാട്ടിലേക്ക് തിരിച്ചു പോവാന്‍ കയറേണ്ടത് അവിടെ നിന്നാണ്. ജര്‍മ്മനിയില്‍ എത്തിയിട്ട് ഒരാഴ്ചയായി.

രാത്രി ട്രെയിനില്‍ പല ബെര്‍ത്തുകളും ഒഴിഞ്ഞു കിടന്നു. ജര്‍മ്മന്‍കാര്‍ രാത്രിയാത്ര ഇഷ്ടപ്പെടുന്നില്ലേ ആവോ?
എന്തായാലും കയറി അരമണിക്കൂറില്‍ ടിക്കറ്റ് പരിശോധക വന്നു. ഞങ്ങള്‍ മുമ്പ് കയറിയ ട്രെയിനുകളിലും സ്ത്രീകളായിരുന്നു പരിശോധകര്‍. ടിക്കറ്റ് പരിശോധിച്ച് അവര്‍ പോയതോടെ ഉറങ്ങാന്‍ കിടന്നു. മ്യൂണിക്കിലും കൊളോണിലും പോകാന്‍ പറ്റാത്തതിന്റെ വിഷമമുണ്ടായിരുന്നു. അടുത്ത തവണയാവട്ടെ എന്ന് വച്ചു. നാട്ടില്‍ ചെന്നിട്ട് എത്രയോ കാര്യങ്ങളുണ്ട് ചെയ്ത് തീര്‍ക്കാന്‍!
വൃത്തിയും വെടിപ്പുമുള്ള ട്രെയിനിന്റെ അകവും നേര്‍ത്ത തണുപ്പും ഉറക്കം വേഗത്തിലാക്കി.
അലാം അടിക്കുന്നത് കേട്ടെഴുന്നേറ്റ് നോക്കുമ്പോള്‍ സ്‌റ്റേഷനെത്താന്‍ പത്ത് മിനിട്ട് മാത്രം. നേരം വെളുത്തിട്ടില്ല.
ട്രെയിന്‍ നിന്നിറങ്ങിയപ്പോള്‍ സ്‌റ്റേഷന്‍ വെളിച്ചത്തില്‍ തിളങ്ങി നില്‍ക്കുന്നു.
പകല്‍ പോലെ നിറയെ ആള്‍ക്കാരുമുണ്ട്. മിക്കവാറുമെല്ലാ ട്രെയിനുകളും നിര്‍ത്തുന്നത് കൊണ്ടാവണം ആ സമയത്തും തിരക്ക്.
ട്രെയിനില്‍ നിന്ന് താഴെയിറങ്ങി നടന്നു തുടങ്ങുമ്പോള്‍ 'കോഫി ഫെല്ലോസ്' എന്നെഴുതിയ കാപ്പിക്കട കണ്ട് നിന്നു. നല്ല തണുപ്പില്‍ ഒരു ചൂട് കാപ്പിയായാലോ! ഓര്‍ഡര്‍ ചെയ്ത കാപ്പി വന്നത് നമ്മുടെ പഴയ ചായക്കടകളില്‍ ചായ തന്നിരുന്ന വലിയ ഗ്ലാസിലാണ്. കാപ്പിയുടെ ചൂട് ഗ്ലാസിലൂടെ ഉള്ളം കയ്യിലെത്തുമ്പോള്‍ നല്ല സുഖം. കൗണ്ടറിലെ ഇംഗ്ലീഷ് അറിയുന്ന പെണ്‍കുട്ടി ഞങ്ങള്‍ ഗ്ലാസ് ഉള്ളം കയ്യിലിട്ട് കറക്കി ചൂട് പകരുന്നത് കണ്ട് പുഞ്ചിരിച്ചു.
കോച്ചുന്ന തണുപ്പില്‍ ഞങ്ങള്‍ സ്‌റ്റേഷനിലെ വേഗ നടത്ത തുടര്‍ന്നു. കയ്യിലുള്ള ബാഗിന് കനം കുറവാണ്. ഞങ്ങള്‍ തിരിച്ചു വരുമെന്നുള്ളത് കൊണ്ട് ഉപയോഗിച്ച വസ്ത്രങ്ങളടങ്ങിയ ചെറുബാഗ് ഹോട്ടല്‍ ബ്രിസ്‌റ്റോളില്‍ തന്നെ ഏല്‍പ്പിച്ചാണ് യാത്ര പോയത്. പുറത്തേക്കുള്ള വാതിലിനടുത്ത് നിന്ന് പ്രീ പെയ്ഡ് ടാക്‌സി ബുക്ക് ചെയ്ത് പുറത്തിറങ്ങിയപ്പോള്‍ മുടിഞ്ഞ തണുപ്പ്. വണ്ടിയില്‍ ചാടിക്കേറിയപ്പോള്‍ ഹീറ്റര്‍ ഓണായത് കൊണ്ട് നല്ല സുഖം!
തിരിഞ്ഞ് നോക്കുമ്പോള്‍ റെയില്‍വേ സ്‌റ്റേഷന്‍ കെട്ടിടത്തിന് മുകളിലെ ഭൂഗോളം താങ്ങി നില്‍ക്കുന്ന അറ്റ്‌ലസ് ദേവന്റെ പ്രതിമ വെളിച്ചത്തില്‍ കുളിച്ചു നിന്നു.
ആദ്യ ദിവസം വന്നിറങ്ങിയ ഹോട്ടലില്‍ത്തന്നെയാണ് ഇന്ന് താമസം. ബ്രിസ്‌റ്റോളിലെത്തിയപ്പോള്‍ റിസപ്ഷനിസ്റ്റ് സുപ്രഭാതം പറഞ്ഞു.
ഞങ്ങള്‍ കഴിഞ്ഞ ദിവസം ചെക്ക് ഔട്ട് ചെയ്തപ്പോഴും അയാള്‍ തന്നെയായിരുന്നു ഞങ്ങളുടെ ബാഗുകള്‍ സൂക്ഷിക്കാമെന്നേറ്റത്. ഉറക്കച്ചടവോടെ ചെന്ന ഞങ്ങള്‍ക്ക് അയാള്‍ നേരത്തെ തന്നെ മുറി അനുവദിച്ചു തന്നു; കൂടുതല്‍ ചാര്‍ജ് ഒന്നും ഈടാക്കാതെ തന്നെ. കുറച്ചു നേരം ഉറങ്ങിയ ശേഷം രാവിലെ ഒമ്പത് മണിക്ക് പ്രാതലിന് റെസ്റ്ററന്റില്‍
എത്തിയപ്പോള്‍ അവിടം വയോധികരായ സ്ത്രീയും പുരുഷന്മാരും നിറഞ്ഞിരിക്കുന്നു. വാതിലിന് പുറത്ത് സ്‌കീയിങ്ങിനുള്ള ഉപകരണങ്ങള്‍ അടുക്കി വെച്ചിരിക്കുന്നത് കണ്ടു.
എല്ലാവരും ഉല്ലാസത്തില്‍ പരസ്പരം വര്‍ത്തമാനം പറയുന്നു. എഴുപത് കഴിയാത്ത ആരെയും കണ്ടില്ല. ജീവിതത്തോടുള്ള അഭിനിവേശം (zest for life) അവരുടെ ഓരോ നീക്കത്തിലും കണ്ടു. പ്രാതല്‍ കഴിഞ്ഞ് ചിരിച്ചുല്ലസിച്ച് അവര്‍ പുറത്തിറങ്ങിപ്പോയി.
പ്രായം എന്നത് ഓരോരുത്തരുടെയും ശരീരത്തിനേക്കാള്‍മനസിന്റെ സ്ഥിതിയാണ് എന്ന് മനസ്സിലായി. പ്രാതല്‍ കഴിഞ്ഞപ്പോള്‍ സഹയാത്രികന്‍ ജെ കുറച്ച് സാധനങ്ങള്‍ വാങ്ങണ്ടേ എന്ന് ചോദിച്ചു. ഞാനത് മറന്നിരിക്കുകയായിരുന്നു.


ജര്‍മ്മനിയുടെ ഒരു പ്രത്യേകത അവിടുത്തെ വ്യാപകമായുള്ള Mom and pop കടകളാണ്. അച്ഛനും അമ്മയും കൂടി നടത്തുന്ന കടയെന്നര്‍ത്ഥം. നമ്മുടെ നാട്ടില്‍ മുമ്പ് ധാരാളമായുണ്ടായിരുന്ന എന്നാല്‍ ഇപ്പോള്‍ വളരെക്കുറച്ചു മാത്രമുള്ള ഒരു റീട്ടെയില്‍ മാതൃക. ഉപഭോക്താക്കളുടെ മിക്കവാറും കുടുംബവിവരവും
കടയുടമസ്ഥര്‍ക്കറിയാം. അയാള്‍ ഒരു കുടുംബാംഗത്തെ പോലെയാണ്. അവരുടെ സുഖ ദുഖങ്ങളില്‍ കൂടെയുള്ള ആള്‍.
ജര്‍മ്മനിയിപ്പോഴും ആ മാതൃക പിന്‍തുടരുന്ന അപൂര്‍വ്വ രാജ്യമാണ്.
വിശ്വസിക്കാന്‍ പ്രയാസമാണ്, വാള്‍മാര്‍ട്ട് എന്ന ഭീമന്‍ റീട്ടെയില്‍ ശൃംഖല ജര്‍മ്മന്‍കാരുടെ മുന്നില്‍ മുട്ടുകുത്തി. കാരണം അവിടെക്കയറി സാധനങ്ങള്‍ മേടിക്കാന്‍ വളരെക്കുറച്ചാളുകളേ തയ്യാറായുള്ളൂ എന്നത് തന്നെ കാരണം. ഒടുവില്‍ അവര്‍ കച്ചവടം മതിയാക്കി സ്ഥലം വിട്ടു! നാട്ടുകാര്‍ പതിവുപോലെ അടുത്തുള്ള കുഞ്ഞു കടകളെത്തന്നെയായിരുന്നു ആശ്രയിച്ചത്.

അവിടെയുള്ള ചുരുക്കം സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മിക്കവാറും നാട്ടുകാരുടെ തന്നെയാണ്. കാഫോ എന്ന ഫ്രഞ്ച് ബ്രാന്‍ഡ് സൂപ്പര്‍ മാര്‍ക്കറ്റൊഴിച്ച്. ശ്രീമാന്‍ ജെ യ്ക്ക് അങ്ങനെയൊരു വലിയ കടയില്‍ പോയി മിഠായികള്‍, സുഗന്ധദ്രവ്യങ്ങള്‍ ഒക്കെ മേടിക്കണമെന്നാഗ്രഹം. എയര്‍പോര്‍ട്ട് ഡ്യൂട്ടിഫ്രീയേക്കാള്‍ ലാഭമായിരിക്കുമെന്ന് അയാള്‍ പറഞ്ഞു. ഇത്രയും ദിവസം ഞാന്‍ പറഞ്ഞത് കേട്ട് നടന്ന മനുഷ്യനല്ലേ ഇന്ന് അയാള്‍ പറഞ്ഞത് കേള്‍ക്കാം എന്ന് വിചാരിച്ചു. ഹോട്ടല്‍ റിസപ്ഷനില്‍ ചോദിച്ചപ്പോള്‍ അവര്‍ കുറച്ചു ദൂരത്തില്‍ ഒരു വലിയ കടയുണ്ടെന്ന് പറഞ്ഞു. ജെ സന്തോഷത്തില്‍ മുന്നില്‍ നടന്ന് എനിക്ക് വഴികാട്ടിത്തന്നു. ഇന്നെങ്കിലും ഞാന്‍ നിങ്ങളെ നയിക്കട്ടെ എന്ന മട്ടില്‍!
ഒരു കിലോമീറ്റര്‍ നടന്നപ്പോള്‍ ഒരു ഇടത്തരം വലിപ്പമുള്ള സൂപ്പര്‍ മാര്‍ക്കറ്റ് കണ്ടു. വളരെ നാള്‍ മുമ്പ് എറണാകുളത്തുണ്ടായിരുന്ന വര്‍ക്കീസ് പോലൊന്ന്. കാഷ് കൗണ്ടറില്‍ ഒരു സ്ത്രീ ഇരിപ്പുണ്ട്. ജര്‍മ്മന്‍കാരിയാണെന്ന് തോന്നുന്ന ആ കാരവും ഭാവവും. കടയുടെ അകം വലുതാണ്.പല വിഭാഗങ്ങളിലായി ഒട്ടേറെ സാധനങ്ങള്‍ അടുക്കി വെച്ചിരിക്കുന്നു. കയറി വന്നപ്പോള്‍ ഷോപ്പിംഗ് ബാസ്‌കറ്റുകള്‍ കണ്ടില്ല എന്നത് ശ്രദ്ധിച്ചു. എനിക്ക് വാങ്ങാന്‍ രണ്ട് കയ്യില്‍ പിടിച്ചു കൊണ്ട് വരാവുന്നതേയുണ്ടാവൂ എന്നറിയാവുന്നത് കൊണ്ട് ഞാന്‍ കൈ വീശി അകത്തു കയറി. ജെ യോട് അയാള്‍ക്ക് വേണ്ടതെടുത്ത് വന്നാല്‍ ഇരുപത് മിനിട്ടില്‍ കൗണ്ടറില്‍ കാണാമെന്ന് പറഞ്ഞ് ഞാന്‍ കുറേക്കൂടി ആ വലിയ കടയുടെ അകത്തേക്ക് നടന്നു.
അവിടത്തെ പ്രശസ്തമായ ഹിലേമാന്‍ ചോക്കലേറ്റ് വെച്ചിരിക്കുന്നയിടത്ത് ചെന്ന് ഓറഞ്ചിന്റെയും ഇഞ്ചിയുടെയും ഹേസല്‍ നട്ടിന്റെയും സ്വാദുള്ള ഡാര്‍ക് ചോക്കലേറ്റ് കണ്ട് ഓരോ ബാര്‍ വാങ്ങി. ഓരോന്നിനും നമ്മുടെ മുന്നൂറ് രൂപക്ക് തുല്യമാണ് വില.
'സ്‌നേഹം കൊണ്ടും കരവിരുതു കൊണ്ടും തയ്യാറാക്കിയതാണോരോ കഷണവു 'മെന്ന് കവറിന്റെ പുറത്ത് എഴുതിയത് വായിച്ചപ്പോള്‍ വില കൂടുതല്‍ അല്ല എന്ന് മനസിലായി!
ബവേറിയ എന്ന പ്രദേശത്ത് 1955 ല്‍ തുടങ്ങിയ പ്രസ്ഥാനമാണെന്നും എഴുതിയിട്ടുണ്ട്.
ടോയ് വിഭാഗത്തില്‍ നോക്കിയപ്പോള്‍ ലോകത്തിലെ ഏറ്റവും പഴക്കമുള്ള കളിപ്പാട്ട നിര്‍മ്മാതാക്കളുടെ പൂര്‍ണ്ണമായും കൈ കൊണ്ടുണ്ടാക്കിയ 'സ്റ്റീഫ് കരടി''യെ കണ്ടു. നമ്മുടെ ടെഡ്ഡി ബെയറിന്റെ ചേട്ടന്‍ എന്ന് പറയാം! അതും ഒന്നെടുത്തു കയ്യില്‍ വെച്ചു.
ഇനിയൊന്ന് കട നടന്ന് കാണാമെന്ന് വെച്ചു. അരിയിരിക്കുന്നത് കണ്ട് നോക്കിയപ്പോള്‍ കിലോയ്ക്ക് രണ്ട് യൂറോ അഥവാ നൂറ്റി മുപ്പത് രൂപാ എന്നാല്‍ ഉരുളക്കിഴ ങ്ങിന് ഒരു യൂറോയില്‍ താഴെ. ഒരു പാക്കറ്റ് നിഗരറ്റിന് ആറ് യൂറോ എന്നാല്‍ ബിയറിന് ഒരു ലിറ്ററിന് ഒരു യൂറോ മാത്രം! ഇതൊക്കെ ഒരു രസത്തിന് നോക്കിക്കണ്ടങ്ങനെ നടന്നു

ഏകദേശം ഇരുപത് മിനിട്ടില്‍ ഞാന്‍ താഴെ ചെന്ന് നോക്കുമ്പോള്‍ ജെ യെ കാണുന്നില്ല. കൗണ്ടറിലിരിക്കുന്ന സ്ത്രീ എന്നെ ശത്രുവിനെപ്പോലെ നോക്കുന്നു. അവര്‍ ജര്‍മ്മനില്‍ പറയുന്നത് കേട്ട് അവിടെ നിന്ന വേറൊരു കസ്റ്റമര്‍ എന്നോട് പറഞ്ഞു. 'നിങ്ങളുടെ കൂടെ വന്ന ആള്‍ സെക്യൂരിറ്റി റൂമില്‍ ഉണ്ട്. അവിടെ ചെന്നാല്‍ കാണാം ' ഞാന്‍ എന്റെ കയ്യിലിരുന്ന സാധനങ്ങള്‍ കൗണ്ടറില്‍ വെച്ച് സെക്യൂരിറ്റി റൂമില്‍ ചെന്നു. അവിടെ ഒരു കസേരയില്‍ ജെ തല കുനിച്ചിരിക്കുന്നു. എന്നെക്കണ്ടപ്പോള്‍ കിലുക്കത്തില്‍ രേവതി ലാലിനോട് പറയുന്ന പോലെ മണി മണി പോലെ പറഞ്ഞു തുടങ്ങി. 'ഞാന്‍ ഒരു ട്രോളിയെടുക്കാള്‍ ചെന്നപ്പോ അത് ഒരു ചങ്ങലയില്‍ കുടുങ്ങിക്കിടക്കുന്നത് കണ്ട് അത് ബലമായി ഊരി എടുക്കാന്‍ നോക്കി. അത് കിട്ടാതെ വന്നപ്പോ ഞാന്‍ ഷെല്‍ഫിനിടയില്‍ക്കിടന്ന വേറൊരു ട്രോളി കിടന്നത് കണ്ട് അതു തള്ളിക്കൊണ്ട് പോയപ്പോ ഈ തടിയന്‍ ഗാര്‍ഡ് വന്ന് എന്നെ തടഞ്ഞു.
ഞാന്‍ എനിക്കറിയാവുന്ന ഇംഗ്ലീഷില്‍ അവനെ ചീത്ത പറഞ്ഞതിനാ ഇവന്മാര്‍ എന്നെപ്പിടിച്ച് ഇവിടെയിരുത്തിയിരിക്കുന്നത്. അത്രേയുണ്ടായിട്ടുള്ളൂ...'എനിക്ക് കാര്യമേതാണ്ട് പിടി കിട്ടി. ഇവിടെ ലോക്ക് ചെയ്തിട്ടിരിക്കുന്ന ട്രോളിയുടെ മുകളിലെ നാണയമിടുന്ന ദ്വാരത്തിലൂടെ ഒരു യൂറോ ഇട്ടാലേ അത് അണ്‍ലോക്കാകുകയുള്ളു. അതറിയാതെ മറ്റൊരാള്‍ ഒരു യൂറോ കൊടുത്തെടുത്ത ട്രോളിയാണ് ജെ തള്ളിക്കൊണ്ട് പോയത്. അതുമായി അയാള്‍ പോയത് അന്യര്‍ക്ക് പ്രവേശനമില്ലാത്ത ഒരു ഭാഗത്തേക്കാണ്.അത് ചെന്ന് ചേരുന്നത് ഉടമസ്ഥന്റെ ഓഫീസില്‍. വഴിതെറ്റിയ ജെ പരിഭ്രമിച്ച് തിരിച്ച് വേഗത്തില്‍ വന്നപ്പോഴാണ് ഗാര്‍ഡ് തടയുന്നത്. മറ്റേ കസ്റ്റമറുടെ ട്രോളി 'തട്ടിക്കൊണ്ട് 'പോയ പരാതിയില്‍. ജെ പേടിച്ചരണ്ടത് കൊണ്ട് പറഞ്ഞിട്ട് ഒന്നും വരുന്നുമില്ല. പറഞ്ഞു വന്നപ്പോ അത് ദേഷ്യവും അല്‍പ്പം ചീത്ത ഇംഗ്ലീഷ് വാക്കുമായിപ്പോയി! എന്തായാലും കാര്യം പറഞ്ഞ് പതിനഞ്ചു മിനിട്ടിനകം ഞാന്‍ അയാളെ അവിടുന്ന് ഊരി എടുത്തു. ഞാനെടുത്തു വെച്ച സാധനങ്ങള്‍ മാത്രം ബില്‍ ചെയ്ത് ഞങ്ങള്‍ വേഗം സ്ഥലം വിട്ടു. ജെ പരിഭ്രാന്തനായിപ്പോയതിനാല്‍ ഒന്നും വാങ്ങിയില്ല.
ഞങ്ങള്‍ ഹോട്ടലിലെത്തിയതും അയാള്‍ മടു മടാ കുറെ വെളളം കുടിച്ചു. അവര്‍ പോലീസിനെ വിളിക്കുമെന്ന് പറഞ്ഞത് പോലെ തോന്നിയെന്ന് അയാള്‍ പറഞ്ഞു. ശരിയായിരിക്കാം. പൊതുവെ യൂറോപ്പിലുള്ളവര്‍ എന്തിനും പോലീസിനെ വിളിക്കും. വഴക്കിന് പോവാറില്ല. ഇയാളെ അവര്‍ എന്തോ കുഴപ്പക്കാരനെന്ന് സംശയിച്ചതിനാല്‍ അത് ശരിയാവാനാണ് സാധ്യത. റെയില്‍ ക്രോസ് ചെയ്തപ്പോഴും ഇപ്പഴത്തേയും പോലെ ഇനി ഞാന്‍ നിങ്ങളെ രക്ഷിക്കാന്‍ വരുമെന്ന് വിചാരിക്കേണ്ട എന്ന് പറയണമെന്നുണ്ടായിരുന്നെങ്കിലും അയാളുടെ അന്ധാളിച്ച മുഖം കണ്ട് വേണ്ടെന്ന് വെച്ചു.

തുടരും...


Abhay Kumar
Abhay Kumar  

ട്രയം മാര്‍ക്കറ്റിംഗ് ആന്‍ഡ് കണ്‍സള്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്ററാണ് പി കെ അഭയ് കുമാര്‍. ഇ മെയ്ല്‍: abhay@triumindia.in

Related Articles

Next Story

Videos

Share it