ജൂണ്‍ 4ന് ശേഷം ഇന്ത്യയില്‍ എന്ത് സംഭവിക്കും?

കടുത്ത വേനല്‍ ചൂടില്‍ നടന്ന 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏത് പാര്‍ട്ടിക്ക് എത്ര സീറ്റ് ലഭിക്കുമെന്ന് പ്രവചിക്കാനുള്ള ബദ്ധപ്പാടിലാണ് എല്ലാവരും. ജ്യോത്സ്യന്മാര്‍ മുതല്‍ രാഷ്ട്രീയ പണ്ഡിതന്മാര്‍ വരെയും, തെരഞ്ഞെടുപ്പ് വിദഗ്ധര്‍ മുതല്‍ യൂട്യൂബര്‍മാര്‍ വരെയും ഫലപ്രവചനത്തിന് പിന്നാലെയാണ്.
വാക്കുകള്‍ കൊണ്ടുള്ള അഭ്യാസം കൂടുതല്‍ ചടുലമാവുകയും വഷളാവുകയും ചെയ്യുമ്പോള്‍, നമുക്ക് കാക്കക്കൂട്ടില്‍ കല്ലെറിഞ്ഞപോലുള്ള ഈ അവസ്ഥയെ തത്കാലം മാറ്റിവെച്ചു ജൂണ്‍ നാലിന് എന്ത് സംഭവിക്കുമെന്ന് വിശകലനം ചെയ്യാം.
സാഹചര്യം 1

ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം, അതായത് 362ലധികം സീറ്റുകള്‍ ലഭിക്കുന്നു. ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 ധൈര്യപൂര്‍വം റദ്ദാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള സമ്മാനമായി 370 സീറ്റുകള്‍ ലഭിക്കുമെന്ന് ബി.ജെ.പി ആത്മവിശ്വാസത്തോടെ പറഞ്ഞപ്പോള്‍ അവര്‍ ലക്ഷ്യമിട്ടതും ഇത് തന്നെയാണ്.
ഇത് സംഭവിക്കുകയാണെങ്കില്‍, മോദി കൂടുതല്‍ ധൈര്യവാനാകുകയും 'ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ്' എന്ന നിര്‍ദ്ദേശം നടപ്പിലാക്കുന്നത് പോലുള്ള സുപ്രധാന മാറ്റങ്ങള്‍ കൊണ്ടുവരാന്‍ രാജ്യത്തിന്റെ ഭരണഘടന ഭേദഗതി ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാനും പ്രാപ്തനാകും. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുപോലെ, കാര്യങ്ങള്‍ മാറ്റിമറിക്കാനായി തന്റെ രാമക്ഷേത്ര ഫോര്‍മുല വാരണാസി, മഥുര തുടങ്ങിയ ഇടങ്ങളില്‍ ആവര്‍ത്തിക്കാന്‍ കൂടുതല്‍ ധൈര്യത്തോടെ മോദി മുന്നിട്ടിറങ്ങും.
ഇതോടെ ആഗോളവേദിയില്‍ മോദിയുടെ പ്രതിച്ഛായയ്ക്ക് കൂടുതല്‍ തിളക്കം ലഭിക്കുകയും അദ്ദേഹത്തെ ഒരു 'വിശ്വഗുരു' ആകാന്‍ സഹായിക്കുകയും ചെയ്യും. ഓഹരി വിപണി സൂചികകള്‍ ഉയര്‍ച്ച പ്രാപിക്കുയും അതിന്റെ ഫലമായി സമ്പദ്‌സൃഷ്ടി ത്വരിതപ്പെടുകയും, അടിസ്ഥാന സൗകര്യ വികസനത്തിന് ഉത്തേജനവും സ്വകാര്യ മേഖലയ്ക്ക് നല്ല കാലവുമായിരിക്കും. അതേസമയം തൊഴിലില്ലായ്മ ഒരു പ്രധാനപ്പെട്ട, പരിഹരിക്കപ്പെടാത്ത പ്രശ്‌നമായി തുടരും.
എന്നാല്‍ പഴഞ്ചൊല്ലില്‍ കണ്ടുവരുന്ന നാണയത്തിന് മറ്റൊരു ഇരുണ്ട വശമുണ്ട്. മോദി ന്യൂനപക്ഷങ്ങള്‍ക്കെതിരായ തന്റെ നിലപാട് കടുപ്പിക്കുകയും ന്യൂനപക്ഷ പ്രീണനങ്ങള്‍ വന്‍തോതില്‍ വെട്ടിക്കുറക്കുകയും ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താന്‍ ഹിന്ദുത്വ ശക്തികളുടെ ഏകീകരണത്തിനായി കൂടുതല്‍ ശ്രമിക്കുകയും ചെയ്‌തേക്കാം. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ കൂടുതല്‍ അടിച്ചമര്‍ത്താനും ഏതെങ്കിലും തരത്തിലുള്ള പ്രസിഡന്‍ഷ്യല്‍ സമ്പ്രദായമോ സ്വേച്ഛാധിപത്യമോ അവതരിപ്പിക്കാനും അദ്ദേഹം ലക്ഷ്യമിടും.
സാഹചര്യം 2.

ബി.ജെ.പിക്ക് 273 സീറ്റ്, അഥവാ നേരിയ ഭൂരിപക്ഷം (simple majority). ഈ സാഹചര്യത്തിലും പാര്‍ട്ടിക്ക് ഭരണത്തില്‍ മുന്‍തൂക്കം ലഭിക്കുമെങ്കിലും വമ്പിച്ച ഭരണഘടനാ മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ മോദി സഖ്യകക്ഷികളുടെ സഹായം തേടേണ്ടിവരും. ഇത് അദ്ദേഹത്തിന്റെ രാഷ്ട്രീയ സാഹസങ്ങളുടെ വേഗത കുറക്കാന്‍ സാധ്യതയുണ്ട്, കാരണം അദ്ദേഹത്തിന് കരുതലോടെ സഖ്യകക്ഷികളെ ഒപ്പം നിര്‍ത്തേണ്ടതുണ്ട്.
സാഹചര്യം 3.

നേരിയ ഭൂരിപക്ഷം നേടുന്നതില്‍ ബി.ജെ.പി പരാജയപ്പെടുന്നു. ഇത് ബി.ജെ.പിയുടെ രാഷ്ട്രീയ മൂല്യത്തിന്റെ അളവുകോല്‍ എത്രത്തോളം താഴും എന്നതിനെ ആശ്രയിച്ചിരിക്കും. ഈയൊരു സാഹചര്യത്തില്‍ ബി.ജെ.പി തങ്ങളുടെ സഖ്യ കക്ഷികളെ ഒപ്പം നിര്‍ത്തുന്നിനോടൊപ്പം പ്രാദേശിക പാര്‍ട്ടികളായ ബി.ജെ.ഡി, ടി.ഡി.പി, വൈ.എസ്.ആര്‍.സി.പി, മറ്റ് ചെറുപാര്‍ട്ടികള്‍ എന്നിവയുടെ സഹായം തേടേണ്ടി വരും. ഇത് സംഭവിക്കുകയാണെങ്കില്‍ മോദിക്ക് സ്വതന്ത്രമായി നടപടികളെടുക്കാനുള്ള സാഹചര്യം കുറയുകയും അതിനാല്‍ തന്നെ പ്രാദേശിക പാര്‍ട്ടികളെ സുഖിപ്പിച്ചു നിര്‍ത്തേണ്ടതായും വരും. അപ്പോള്‍ പ്രധാനപ്പെട്ടതും അതിമോഹത്തിന്റെ ലാഞ്ചനയുള്ള പരിഷ്‌കാരങ്ങളുടെ വേഗത കുറയും; കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കരുതലോടെ പെരുമാറേണ്ടി വരികയും പ്രതിപക്ഷം എന്‍.ഡി.എ സഖ്യത്തെ അസ്ഥിരപ്പെടുത്താന്‍ സ്ഥിരമായി ശ്രമിക്കുകയും ചെയ്യും.
സാഹചര്യം 4.

ബി.ജെ.പി മോശമായി തോല്‍ക്കുകയും ഇന്ത്യ സഖ്യത്തിന് നേരിയ ഭൂരിപക്ഷം അല്ലെങ്കില്‍ കേവല ഭൂരിപക്ഷത്തിനടുത്ത് സീറ്റുകള്‍ ലഭിക്കുന്നു. ഇത് ഗാര്‍ഹിക, നീതിന്യായ, സാമ്പത്തിക, വിദേശ നയങ്ങളില്‍ വമ്പിച്ച മാറ്റത്തിന് കാരണമാകും. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ഉത്തേജനം പകരുന്നതിനോടൊപ്പം കര്‍ണാടകയില്‍ ചെയ്തതുപോലെ സമ്പദ്വ്യവസ്ഥയെ ബാധിക്കുന്ന തരത്തില്‍ കോണ്‍ഗ്രസ് അതിന്റെ തെരഞ്ഞെടുപ്പ് പത്രികയില്‍ വാഗ്ദാനം ചെയ്തതു പോലെ സൗജന്യ വിതരണത്തിന്റെ ഒരു കാലഘട്ടത്തിന് വഴിയൊരുക്കും.
പക്ഷെ ഇതൊക്കെ ചെയ്യണമെങ്കില്‍ കെട്ടുറപ്പില്ലാത്ത ഈ മുന്നണി അതിന്റെ ആന്തരിക പ്രശ്‌നങ്ങള്‍ ആദ്യം നേരെയാക്കേണ്ടി വരും. ആര് പ്രധാനമന്ത്രി ആകും എന്ന കാര്യത്തില്‍ തര്‍ക്കം ഉണ്ടാകുമെന്നത് തീര്‍ത്തും സാധ്യമാണ്. പ്രധാനപ്പെട്ട വകുപ്പുകള്‍ വിഭജിക്കുന്നതിലും കലഹങ്ങളുണ്ടാകും.
മോദി, അമിത് ഷാ കൂടാതെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് തലവേദന സൃഷ്ടിച്ച മറ്റുള്ളവരുടെ പേരിലും കേസ് ചുമത്താന്‍ ഭരണസഖ്യം ശ്രമിക്കുന്ന തിരിച്ചടികളുടെ സമയം കൂടിയാകുമിത്. ഇന്ത്യ സഖ്യം അധികാരത്തില്‍ വരുകയാണെങ്കില്‍ അതിനെ കെട്ടുറപ്പ് നിലനിര്‍ത്താനായിരിക്കും അധിക സമയവും ചെലവിടേണ്ടി വരിക. ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ രണ്ടാമതും.
(പ്രമുഖ കോളമിസ്റ്റായ ശങ്കര്‍ രാജ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ (ബാംഗ്ലൂർ) മുൻ റസിഡൻ്റ് എഡിറ്റര്‍ ആയിരുന്നു.)

The views expressed by the columnist are his own and do not necessarily reflect those of DhanamOnline.

Shankar Raj
Shankar Raj - Noted Columnist and Former Resident Editor of The New Indian Express  
Related Articles
Next Story
Videos
Share it