തല സീലിംഗില്‍ മുട്ടിയാല്‍ എന്ത് ചെയ്യണം? സീലിംഗിന്റെ ഉയരം കൂട്ടണം

വളര്‍ന്നു വളര്‍ന്ന് മേല്‍ക്കൂരയില്‍ തലയിടിച്ചാല്‍ പിന്നെന്ത് ചെയ്യും?

പിന്നീടങ്ങോട്ട് വളരാന്‍ ബുദ്ധിമുട്ടാണ്. ഒന്നുകില്‍ വളരാതിരിക്കണം, അല്ലെങ്കില്‍ തല മുകളിലിടിക്കാതെ കഷ്ടപ്പെട്ട് നടക്കണം, അതുമല്ലെങ്കില്‍ ആ സീലിംഗിന് പുറത്ത് കടക്കണം.

ഒരു പെട്ടിക്കുള്ളില്‍ ചെടി നട്ടാലോ, അത് വളര്‍ന്ന് മുകളില്‍ വന്നിടിച്ചു നില്‍ക്കും. പിന്നീട് പുറത്ത് കടക്കാനുള്ള പഴുതുകള്‍ നോക്കും. പഴുത് കിട്ടിയാല്‍ പുറത്തേക്ക് വളരും. കഴിയില്ലെങ്കില്‍ വളര്‍ച്ച മുരടിച്ച് അവിടെത്തന്നെ നില്‍ക്കും. ചിലപ്പോൾ വാടി തളര്‍ന്നില്ലാതെയാകും. ഒരു അക്വേറിയത്തിലെ മീനിന് പരിമിതമായ പരിധിയില്‍ മാത്രമാണ് സഞ്ചരിക്കാന്‍ കഴിയുക. അതില്‍ കൂടുതല്‍ സഞ്ചരിക്കണമെങ്കില്‍ അക്വേറിയത്തിന്റെ വലുപ്പം വികസിപ്പിക്കേണ്ടി വരും.

നമ്മുടെ സംരംഭങ്ങളും വ്യക്തിപരമായ കഴിവുകളും ഇങ്ങനെയൊക്കെത്തന്നെയാണ്. ഒരു പരിധി എത്തിയാല്‍ വളര്‍ച്ച കുറയും, അല്ലെങ്കില്‍ അവസാനിക്കും!

ഒരു സംരംഭം തുടങ്ങുന്ന സമയം, അല്ലെങ്കില്‍ ഒരു ജോലിയുടെ തുടക്ക കാലം, അത് വളരെ വെല്ലുവിളി നിറഞ്ഞതായിരിക്കും. ഒരുപാട് കാര്യങ്ങള്‍ പഠിക്കും, വളരും. കുറച്ച് കൂടെ കഴിഞ്ഞാല്‍ പുതിയ വിഷയങ്ങള്‍ പഠിക്കാനുള്ള സാധ്യത കുറയും. ഏതൊരു കാര്യത്തിലും മാറ്റങ്ങളുള്‍ക്കൊള്ളാതെ നിന്നാല്‍ വളര്‍ച്ച നിലയ്ക്കും.

കഴിവുകളും അങ്ങനെ തന്നെ

എത്ര കഴിവുള്ളവരും ഒരേ പ്രവൃത്തി ദീർഘ കാലം ചെയ്‌താൽ അവരുടെ പ്രതിഭ സീലിംഗില്‍ മുട്ടും. ഈ അവസ്ഥയിൽ നിങ്ങൾ അടുത്ത അധ്യായത്തിനായി കാര്യങ്ങള്‍ മാറ്റിച്ചിന്തിക്കണം. ഇവിടെ വരെ എത്തിച്ച കാര്യങ്ങള്‍ നിങ്ങളെ അടുത്ത തലത്തിലേക്കെത്തിക്കണമെന്നില്ല അതിനാല്‍, ട്രാക്ക് മാറ്റാന്‍ സമയമായി.

പ്രശസ്ത ഹോളിവുഡ് നടന്‍ വില്‍സ്മിത്ത് പറഞ്ഞത്:

''തിരിഞ്ഞ് നോക്കുമ്പോള്‍, ഞാന്‍ എന്റെ കഴിവിന്റെ സീലിംഗില്‍ തട്ടിയതായി മനസ്സിലാക്കുന്നു. എനിക്കുണ്ടായിരുന്നത് കൊണ്ട് ചെയ്യാനാവുന്നതിന്റെ പരമാവധി ഞാന്‍ ചെയ്തുവെന്ന് മനസ്സിലാക്കുന്നു' എന്നാണ്. (''In retrospect, I realize I had hit a ceiling in my talent, I realized I had done everything I could do with the me that I had')

അന്നദ്ദേഹം അഭിനയരംഗത്തു നിന്ന് ഇടവേള എടുത്തിരുന്നു. പൂര്‍വ്വാധികം ശക്തിയോടെയാണ് സ്‌ക്രീനിലേക്ക് പിന്നീടദ്ദേഹം തിരിച്ചു വന്നത്.

Changing the Game, അല്ലെങ്കില്‍ ചെറിയ ഒരു ഇടവേളയെടുക്കുക എന്നത് വിരസമായ ജോലിയില്‍ നിന്ന് മാറ്റം വരുത്താനുള്ള സ്ട്രാറ്റജികളാണ്.

പല കമ്പനികളിലും 'സബ്ബാറ്റിക്കൽ ലീവ്' (Sabbatical leave)എന്നൊരു പദ്ധതിയുണ്ട്. വര്‍ഷങ്ങളോളം തുടര്‍ച്ചയായി ജോലി ചെയ്ത ശേഷം ജോലിയില്‍ നിന്ന് നീണ്ട കാലത്തേക്ക് ഇടവേള എടുക്കുന്നതാണ് സബ്ബാറ്റിക്കല്‍ ലീവ്. ഒരു ബിരുദം കൂടി നേടാന്‍, കുറച്ചു കൂടി മെച്ചപ്പെട്ട ജോലി ചെയ്യാന്‍, സന്നദ്ധ സേവനം ചെയ്യാന്‍, ലോകം ചുറ്റി സഞ്ചരിക്കാന്‍, കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനോക്കെ ഇത്തരത്തിൽ ഒരു സബ്ബാറ്റിക്കല്‍ ലീവ് എടുക്കുന്നതിനുള്ള കാരണങ്ങളാവാം. ഇനി സബ്ബാറ്റിക്കല്‍ അല്ലെങ്കില്‍ പോലും അടുത്ത തലത്തിലേക്കുള്ള ചുവടുവയ്‌പായി ഈ കാര്യങ്ങള്‍ക്ക് സമയം കണ്ടെത്താവുന്നതാണ്.

സീലിംഗില്‍ മുട്ടിയ അവസ്ഥയില്‍ സീലിംഗിന്റെ വലുപ്പം കൂട്ടുക എന്നതാണ് വളരാനുള്ള ഒരു മാര്‍ഗ്ഗം. അതായത് നിങ്ങളുടെ സംരംഭം കൂടുതല്‍ വികസിപ്പിക്കുക. നിങ്ങളുടെ തൊഴില്‍ മേഖലയിലെ അടുത്ത പടിയിലേക്ക് കയറാന്‍ ശ്രമിക്കുക, പുതിയ സാധ്യതകള്‍ കണ്ടെത്തുക, പുതിയ കാര്യങ്ങള്‍ പഠിക്കുക, പുതിയ കഴിവുകള്‍ നേടിയെടുക്കുക, പുതിയ കോഴ്സുകള്‍ ചെയ്യുക എന്നിവയൊക്കെ ചെയ്യാം.

നിങ്ങള്‍ക്ക് സാമര്‍ത്ഥ്യമുള്ള മേഖലയിൽ വീഡിയോ ആയോ അല്ലാതെയോ കണ്ടന്റ് ക്രിയേഷൻ പരിശ്രമിക്കാം, പുതിയ തലമുറയെ പരിശീലിപ്പിക്കാം, മെന്ററിംഗ് ചെയ്യാം തുടങ്ങി നിങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തിന്റെയോ നിങ്ങളുടെ തന്നെയോ പുരോഗതിക്കാവശ്യമായ കാര്യങ്ങള്‍ ചെയ്യുക എന്നതൊക്കെയാണ് വളരാനുള്ള ചില മാര്‍ഗ്ഗങ്ങള്‍.

നിങ്ങളോ നിങ്ങളുടെ സ്ഥാപനമോ ഇപ്പോൾ വളര്‍ച്ചയിലാണോ, അതോ സീലിംഗില്‍ മുട്ടിയ സ്ഥിതിയിലാണോ എന്ന് സ്വയം പരിശോധന തന്നെ വളര്‍ച്ചയുടെ എളിയ തുടക്കമാണ്.

ലേഖകന്‍:

ഖമറുദ്ധീന്‍ കെ.പി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍,ഹാപ്പിനെസ്സ് റൂട്ട്

Mobile: 9846786445


Khamarudheen KP
Khamarudheen KP is a Chief Operating Officer, Happiness Route  

Khamarudheen KP is a Corporate Outbound Trainer & Empowerment Coach

Related Articles

Next Story

Videos

Share it