എന്താണ് സര്‍, ഈ ബാങ്ക് നിഫ്റ്റി?

നിഫ്റ്റിയെന്ന് കേട്ടിട്ടുണ്ട്. എന്താണ് ബാങ്ക് നിഫ്റ്റി, നിഫ്റ്റി 200 എന്നിവ?

നിഫ്റ്റിയും സെന്‍സെക്‌സും എന്നത് പോലെ തന്നെ വ്യത്യസ്തമായ രണ്ട് ഓഹരി സൂചികകളാണ് ബാങ്ക് നിഫ്റ്റി, നിഫ്റ്റി 200 എന്നിവ.
നിഫ്റ്റി
ദേശീയ ഓഹരി വിപണിയുടെ (National Stock Exchange/NSE) മുഖ്യ വിപണി സൂചികയാണ് (Market Index) നിഫ്റ്റി അഥവാ നിഫ്റ്റി 50 (Nifty 50). പേര് സൂചിപ്പിക്കുന്നത് പോലെ 50 മുന്‍നിര കമ്പനികള്‍ എന്‍.എസ്.ഇയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത് ഈ സൂചികയിലാണ്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ കമ്പനികള്‍ ഇതിലുള്‍പ്പെടുന്നു.
അതുകൊണ്ട് തന്നെ നിഫ്റ്റി 50യുടെ ചാഞ്ചാട്ടത്തെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ തന്നെ പരിച്ഛേദമായി കാണാം. വലിയ കമ്പനികള്‍, ഉയര്‍ന്ന സാമ്പത്തിക അടിത്തറയുള്ള കമ്പനികള്‍ എന്നിവയാണ് ഈ വിഭാഗത്തിലുണ്ടാവുക. വിപണിമൂല്യം (market-cap), പണലഭ്യത, വിപണിയിലെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തിയാണ് കമ്പനികളെ നിഫ്റ്റി 50ല്‍ ഉള്‍പ്പെടുത്തുന്നത്.
സെന്‍സെക്‌സ്
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്നതും കൂടുതല്‍ വ്യാപാര ഇടപാടുകള്‍ നടക്കുന്നതുമായ ഓഹരി സൂചികയാണ് സെന്‍സെക്‌സ് (Sensex). ബി.എസ്.ഇ അഥവാ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (BSE/Bombay Stock Exchange) നിയന്ത്രണത്തിലാണ് സെന്‍സെക്‌സ്.
ഏറ്റവുമധികം സജീവമായതും വലുതുമായ മുന്‍നിര 30 കമ്പനികളാണ് സെന്‍സെക്‌സിലുള്ളത്. നിഫ്റ്റിയെ പോലെ ഇന്ത്യയിലെ വിവിധ മേഖലകളില്‍ നിന്നുള്ള കമ്പനികളുടെ പ്രാതിനിധ്യം സെന്‍സെക്‌സിലുമുണ്ട്. എന്നാല്‍, എണ്ണം കുറവാണെന്ന് മാത്രം.
നിഫ്റ്റി, സെന്‍സെക്‌സ് എന്നിവയ്ക്ക് പുറമേ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വേറെയും സൂചികകളുണ്ട്. ഓരോ കമ്പനിയും പ്രവര്‍ത്തിക്കുന്ന മേഖല അടിസ്ഥാനമാക്കിയാണ് ഈ സൂചികകളെ തരംതിരിച്ചിട്ടുള്ളത്. അവ നോക്കാം:
ബാങ്ക് നിഫ്റ്റി
നിഫ്റ്റി ബാങ്ക് എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന സൂചികയാണ് ബാങ്ക് നിഫ്റ്റി (Bank Nifty). എന്‍.എസ്.ഇയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളതും ഉയര്‍ന്ന വിപണിമൂല്യമുള്ളതുമായ 12 ബാങ്കുകളാണ് ബാങ്ക് നിഫ്റ്റിയിലുള്ളത്.
ഇതില്‍ സ്വകാര്യ, പൊതുമേഖലാ ബാങ്കുകളും ഉള്‍പ്പെടുന്നു. ഇന്ത്യന്‍ ബാങ്കിംഗ് മേഖലയുടെ പൊതുവായ ട്രെന്‍ഡ് അറിയാന്‍ ബാങ്ക് നിഫ്റ്റിയെ വീക്ഷിച്ചാല്‍ മതി. ധനകാര്യ മേഖലയില്‍ താത്പര്യമുള്ള നിക്ഷേപകര്‍ക്ക് ഏറെ താത്പര്യമുള്ള സൂചികയുമാണിത്.
നിഫ്റ്റി 200
എന്‍.എസ്.ഇയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള 200 കമ്പനികളാണ് ഈ സൂചികയിലുള്ളത്. നിഫ്റ്റി 50യിലെ 50 കമ്പനികള്‍ക്ക് പുറമേയാണ് 150 കമ്പനികളും ഈ സൂചികയിലുള്ളത്. നിഫ്റ്റി 50യെ അപേക്ഷിച്ച് ഇന്ത്യന്‍ ഓഹരി വിപണിയെക്കുറിച്ച് വിശാലമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതാണ് നിഫ്റ്റി 200. ഈ സൂചികയില്‍ ചെറുകിട കമ്പനികളുമുണ്ട്.
ഇന്ത്യന്‍ ഓഹരി വിപണിയില്‍ വ്യാപാരം ചെയ്യപ്പെടുന്ന ഓരോ കമ്പനിയെയും അവ പ്രതിനിധാനം ചെയ്യുന്ന പ്രവര്‍ത്തന മേഖല പ്രകാരം തരംതിരിച്ചാണ് ഇത്തരം സൂചികകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന് കാണാം. ഇവയുടെ പ്രവര്‍ത്തനത്തില്‍ നിന്ന് ഇന്ത്യന്‍ വിപണിയുടെ ദിശയും മനസ്സിലാക്കാവുന്നതാണ്. ഇവയെല്ലാം വിശകലനം ചെയ്താണ് നിക്ഷേപകര്‍ നിക്ഷേപം നടത്തുന്നതും പിന്‍വലിക്കുന്നതും.

Equity investing is subject to market risk. Please do your own research or consult a financial advisor before investing.

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles

Next Story

Videos

Share it