ഒ.എന്‍.ഡി.സിയെക്കുറിച്ച് സംരംഭകര്‍ അറിയേണ്ടത്
ഇന്ന് ഒരു ഉത്പന്നം വാങ്ങാന്‍ പലരും ആശ്രയിക്കുന്നത് ഇ കോമേഴ്സ് പ്ലാറ്റ്‌ഫോമുകളെയും ആപ്പുകളെയുമാണ്. 2025 ല്‍ ഇന്ത്യയില്‍ 378 മില്യണ്‍ ഉപയോക്താക്കളുമായി ഇ കോമേഴ്സ് പ്ലാറ്റ് ഫോമുകൾ നിറയുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് ONDC എന്ന ഒരു ഇ കോമേഴ്സ് നെറ്റ്‌വർക്ക് വരുന്നു എന്ന വാർത്ത വരുന്നത്.
എന്താണ് ONDC?
ONDC യുടെ മുഴുവന്‍ നാമം Open Network for Digital Commerce എന്നാണ്. ഇത് ആമസോണ്‍ പോലെയോ ഫ്‌ളിപ്കാര്‍ട്ട് പോലെയോ ഒരു പ്‌ളാറ്റ്‌ഫോം അല്ല. ഇതൊരു നെറ്റ്‌വർക്ക് ആണ്. ഇന്ത്യയിലെ ഇ കോമേഴ്സ് പ്‌ളാറ്റ്‌ഫോമുകളെയും ലോജിസ്റ്റിക് കമ്പനികളെയും ഡെലിവറി കമ്പനികളെയും രാജ്യത്തെ 80 ശതമാനത്തോളം വരുന്ന ചെറുകിട കച്ചവടക്കാരെയും സംരംഭകരേയും കണക്റ്റ് ചെയ്യുന്ന ഒരു വലിയ ശൃംഖല.
എന്തിനാണ് ONDC?
രണ്ടുരീതിയിലാണ് ഇ കോമേഴ്സ് പ്രവര്‍ത്തിക്കുന്നത്. ഒന്ന് ഇന്‍വെന്ററി മോഡലും മറ്റൊന്ന് മാര്‍ക്കറ്റ് പ്ലെയ്‌സ് മോഡലും. ഇന്‍വെന്ററി മോഡലില്‍ ഇ കോമേഴ്സ് കമ്പനികള്‍ ഉത്പാദന യൂണിറ്റുകളില്‍ നിന്ന് കുറഞ്ഞവിലയ്ക്ക് മൊത്തത്തില്‍ ഉത്പന്നങ്ങള്‍ വാങ്ങി സ്റ്റോക്ക് ചെയ്ത് ഉപഭോക്താക്കള്‍ക്ക് കൂടിയ വിലയ്ക്ക് വില്‍ക്കുന്നു. എന്നാല്‍ മാര്‍ക്കറ്റ് പ്ലെയ്‌സ് മോഡലില്‍ ഇ കോമേഴ്സ് കമ്പനികള്‍ ഉത്പന്നങ്ങള്‍ സ്റ്റോക്ക് ചെയ്യാതെ ഉപയോക്താവിന്റെ ഓര്‍ഡറിനനുസരിച്ച് ഉത്പാദകരിൽ നിന്നും ഉപയോക്താക്കള്‍ക്ക് എത്തിച്ചുകൊടുക്കുന്നു. ഇതില്‍ ഇന്‍വെന്ററി മോഡലില്‍ ഇ കോമേഴ്സ് കമ്പനികള്‍ വലിയ രീതിയില്‍ ചൂഷണം ചെയ്യുന്നു എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് Department for Promotion of Industry and Internal Trade (DPIIT) ഇന്‍വെന്ററി മോഡല്‍ നിയന്ത്രിച്ചുകൊണ്ടുള്ള നടപടി എടുത്തിരുന്നു.
ഇ കോമേഴ്സ് കമ്പനികള്‍ ഉത്പന്നത്തിന്റെ വില നിര്‍ണയത്തില്‍ ഇടപെടുമ്പോള്‍ അവിടെ വിലയുദ്ധം നടക്കുകയും ചെറുകിട കച്ചവടക്കാരും സംരംഭകരും പ്രതിസന്ധിയിലാവുകയും ചെയ്യുന്നു. ഇതിനെ മറികടക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ONDC അവതരിപ്പിക്കുന്നത്. മറ്റൊന്ന്, ഉത്പന്നങ്ങള്‍ക്ക് ഉത്സവ സീസണില്‍ വന്‍ ഡിസ്‌കൗണ്ടുകള്‍ നല്‍കുന്നത് ചെറുകിട വ്യാപാരികളെ വലിയ തോതിൽ ബാധിക്കുന്നു എന്നതാണ്. ഇതിനെ തടയിടുക എന്ന ഉദ്ദേശവും ഈ പ്ലാറ്റ്ഫോമിനുണ്ട്.
പലപ്പോഴും ഇ കോമേഴ്സ് സൈറ്റുകളില്‍ നടക്കുന്നത് കൂടുതല്‍ റേറ്റിങ്ങും കൂടുതല്‍ വില്പന നടന്നതുമായ ഉത്പന്നത്തെ പ്രൊമോട്ട് ചെയ്യുന്ന രീതിയാണ്. ഇത് മറ്റുത്പന്നങ്ങളുടെ വില്‍പ്പനയെ വലിയ രീതിയില്‍ ബാധിക്കുന്നുണ്ട്. കൂടാതെ കൂടുതല്‍ വില്പന നടക്കുന്ന ഉത്പന്നങ്ങളുടെ അതെ ഫീച്ചേഴ്സ് ഉള്ള ഉത്പന്നം ലോക്കല്‍ ഉത്പാദകര്‍ വഴി നിര്‍മിച്ച് കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്ന രീതിയും ഇ കോമേഴ്സ് കമ്പനികള്‍ നടത്തിവരുന്നുണ്ട്.
എന്താണ് ONDC നമുക്ക് നല്‍കുന്നത്?
ഒരു കച്ചവടക്കാരനെ സംബന്ധിച്ച് ഒരു ഉത്പന്നം ഈ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്താല്‍ എല്ലാ ഇ കോമേഴ്സ് പ്‌ളാറ്റ്‌ഫോമിലും അത് ദൃശ്യമാകും. അതായത് ആമസോണില്‍ ഒരു ഉത്പന്നം രജിസ്റ്റര്‍ ചെയ്താല്‍ ഫ്ളിപ്കാര്‍ട്ടിലും സ്‌നാപ്പ് ഡീലിലും തുടങ്ങി ONDCയുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ പ്ലാറ്റ്ഫോമുകളും ആ ഉത്പന്നം ദൃശ്യമാകും. ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം ഒരു പ്‌ളാറ്റ്‌ഫോമില്‍ കയറി ഒരു ഉത്പന്നം തെരഞ്ഞാല്‍ മറ്റു പ്ലാറ്റ്ഫോമിലെ ഉത്പന്നവും കാണാന്‍ കഴിയും, അതും ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ. അതായത് ഉപഭോക്താവിന് എല്ലാ പ്ലാറ്റ്ഫോമിലെ വിലയും താരതമ്യം ചെയ്ത് ഉത്പന്നം വാങ്ങാന്‍ കഴിയും.
മറ്റൊന്ന്, സാധാരണയായി ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനും വെവ്വേറെ ഡെലിവറി പാര്‍ട്ണര്‍ ആണുള്ളത്. ഡെലിവറി ടീമിന്റെ ലഭ്യതക്കനുസരിച്ചാണ് ഡെലിവറി ചാര്‍ജ് ഈടാക്കുന്നത്. ONDC വരുന്നതോടുകൂടി ലോക്കല്‍ ഡെലിവറി ടീമിനെയും കണക്ട് ചെയ്ത് ഡെലിവറി നടത്താന്‍ കഴിയും. ചുരുക്കത്തില്‍ അധിക ചെലവ് വരാതെ ഏതൊരു ചെറിയ സംരംഭകനും ഇ കോമേഴ്സ് പ്‌ളാറ്റ്‌ഫോമില്‍ വില്പന നടത്താന്‍ കഴിയും. മറ്റൊന്ന് ഉപഭോക്താവിന് ധാരാളം ഓപ്ഷന്‍സ് ലഭിക്കുകയും ഡെലിവറി വേഗത്തിൽ ലഭ്യമാകുകയും ചെയ്യും.
ലേഖകന്റെ വിവരങ്ങൾ :
Siju Rajan
Business and Brand Consultant
BRANDisam LLP
www.sijurajan.com
+91 8281868299