ഓഹരി വിപണിയിലെ 'ഊഞ്ഞാല്‍' വ്യാപാരം റിസ്‌ക് നിറഞ്ഞതോ?

ഓഹരി വിലയിലെ നീക്കങ്ങളറിഞ്ഞ് ലാഭം നേടാവുന്ന സ്വിംഗ് ട്രേഡിംഗ് തന്ത്രം
Oharipadam logo
Published on

ഓഹരി വിപണിയിലെ സ്വിംഗ് ട്രേഡിംഗിനെ കുറിച്ച് പലരും പറയുന്നത് കേട്ടു. എന്താണിത്? ഇത്തരം ട്രേഡിംഗില്‍ റിസ്‌ക് കുറവാണോ?

ഹരികളുടെ ചലനം സാങ്കേതികമായി വിശകലനം (Technical Analysis) ചെയ്ത് നടത്തുന്ന നിക്ഷേപ/വ്യാപാരത്തെയാണ് സ്വിംഗ് ട്രേഡ് (Swing Trade) എന്ന് വിളിക്കുന്നത്. ഒരുതരം 'ഊഞ്ഞാല്‍ വ്യാപാരം' എന്ന് വിശേഷിപ്പിക്കാം പറയാം. 'ഊഞ്ഞാല്‍ വ്യാപാരി'കളില്‍ ചിലര്‍ കമ്പനികളുടെ അടിസ്ഥാന സാമ്പത്തിക കണക്കുകളും പരിശോധിക്കാറുണ്ട് (fundamental factors).

ഓഹരിയുടെ ഹ്രസ്വ-ഇടക്കാല (short to medium-term) വില ചലനങ്ങള്‍ വീക്ഷിച്ച് ദിവസങ്ങള്‍ക്കോ ആഴ്ചകള്‍ക്കോ ഉള്ളില്‍ നേട്ടം സ്വന്തമാക്കുന്ന ട്രേഡിംഗ് രീതിയാണിത്. പെട്ടെന്ന് നേടാവുന്ന ലാഭത്തിലായിരിക്കും ഇത്തരം വ്യാപാരികളുടെ ശ്രദ്ധ. കൂടുതല്‍ നഷ്ടം വരാന്‍ ഇവര്‍ ഇടവരുത്തുകയുമില്ല. ശ്രദ്ധിച്ച് നിക്ഷേപിച്ചാല്‍ സ്വിംഗ് ട്രേഡര്‍മാര്‍ക്ക് അഥവാ ഊഞ്ഞാല്‍ വ്യാപാരികള്‍ക്ക് സ്ഥിരമായി ലാഭം നേടാനാകും. വാര്‍ഷിക തലത്തില്‍ നോക്കുമ്പോള്‍ ഇത് വലിയ സാമ്പത്തിക നേട്ടവുമാകും നല്‍കുന്നുണ്ടാവുക. ഇക്കാരണങ്ങളാല്‍ സ്വിംഗ് ട്രേഡിഗില്‍ ഏര്‍പ്പെടുന്നവരുടെ എണ്ണവും ഏറെയാണ്.

വേണം, ജാഗ്രതയോടെയുള്ള നിരീക്ഷണം

എങ്ങനെയാണ് ഊഞ്ഞാല്‍ വ്യാപാരത്തില്‍ വിജയിക്കാനാവുക? അതിന് ആദ്യം നോക്കേണ്ടത് നിങ്ങള്‍ ഓഹരി വാങ്ങാനുദ്ദേശിക്കുന്ന കമ്പനിയുടെ സാമ്പത്തിക കണക്കുകളിലേക്കാണ്.

തുടര്‍ന്നാണ് ടെക്‌നിക്കല്‍ അനാലിസിസ്. ഓഹരിയുടെ ഓരോ നിമിഷത്തെയും ചലനം നിരീക്ഷിക്കുക. അനുകൂല സമയത്താണ് നിക്ഷേപിക്കുക (Entry Point). സാങ്കേതിക സൂചകങ്ങള്‍ (technical indicators) വിലയിരുത്തി നിക്ഷേപം പിന്‍വലിക്കല്‍ സമയവും (exit point) കണ്ടെത്തുക. ഇത് പെട്ടെന്നുള്ള ലാഭം നേടലിനും വലിയ നഷ്ടം നേരിടുന്നത് ഒഴിവാക്കാനും സഹായിക്കും.

ഒരുദിവസം മുതല്‍...

എത്രനേരം നീളുന്നതാണ് സിംഗ് ട്രേഡ്? ഇന്ന് തന്നെ ഓഹരി വാങ്ങി, ലാഭത്തോടെ ഇന്ന് തന്നെ വില്‍ക്കാനും സ്വിംഗ് ട്രേഡിലൂടെ കഴിയും. എങ്കിലും പൊതുവേ ഏതാനും ദിവസങ്ങളോ ആഴ്ചകളോ നീളുന്ന സ്വിംഗ് ട്രേഡാണ് പലരും നടത്താറുള്ളത്. ഇത് ചിലപ്പോള്‍ മാസങ്ങളോളം നീളാറുമുണ്ട്.

സ്വിംഗ് ട്രേഡിംഗിന്റെ പ്രധാന ഉദ്ദേശ്യമെന്നത് ഓഹരി വിലയില്‍ വലിയ നീക്കങ്ങളുണ്ടാകുന്നത് മുന്‍കൂട്ടിക്കണ്ട്‌  ലാഭം നേടുകയാണ്. സ്വിംഗ് ട്രേഡില്‍ പലരും വലിയ ചാഞ്ചാട്ടമുള്ള ഓഹരികള്‍ തിരഞ്ഞെടുക്കാറുണ്ട്. ഇതല്‍പ്പം റിസ്‌കുള്ളതാണ്. മറ്റ് ചിലര്‍, സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന ഓഹരികളിലാണ് നിക്ഷേപമൊഴുക്കാറ്.

മള്‍ട്ടിഡേ ചാര്‍ട്ടുകളും മെഴുകുതിരിയും

ഓഹരിക്ക് എവിടെയാണ് കുതിപ്പിന് സാദ്ധ്യതയെന്ന് കണ്ടെത്തുകയാണ് സ്വിംഗ് ട്രേഡിലെ പ്രധാന വെല്ലുവിളി. സ്വിംഗ് ട്രേഡ് നടത്തുന്നവര്‍ മള്‍ട്ടിഡേ ചാര്‍ട്ടുകള്‍, ബ്രേക്കൗട്ടുകള്‍, കപ്പ് ആന്‍ഡ് ഹാന്‍ഡില്‍ പാറ്റേണുകള്‍, ഹെഡ് ആന്‍ഡ് ഷോള്‍ഡര്‍ പാറ്റേണുകള്‍, ഫ്‌ളാഗ്‌സ്, ട്രയാംഗിള്‍സ് തുടങ്ങിയ സാങ്കേതിക വിശകലനങ്ങള്‍ ഇവിടെ നടത്തുന്നു. കാന്‍ഡില്‍/മെഴുകുതിരി (candlesticks) സൂചകങ്ങളും വിലയിരുത്താറുണ്ട്. ഇവയെല്ലാം ചൂണ്ടിക്കാട്ടുന്നത് നിക്ഷേപത്തിന് അനുകൂലമോ നിക്ഷേപം പിന്‍വലിക്കാനുള്ള സമയമായോ തുടങ്ങിയ ഘടകങ്ങളാണ്.

ഓരോ സ്വിംഗ് ട്രേഡര്‍ക്കും അയാളുടേതായ പദ്ധതികളും ചാര്‍ട്ടുകളുമാണ് ഉണ്ടാവുക. ഓഹരിയുടെ വില ചലനങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കുകയാണ് ലക്ഷ്യം. എന്നിരുന്നാലും, ഓഹരി വിപണിയില്‍ ഒരു ചാര്‍ട്ടും പൂര്‍ണമായും ശരിയോ തെറ്റോ ആകണമെന്നില്ല. ഫലത്തില്‍ റിസ്‌ക് എവിടെയുമുണ്ട്.

ഓവർനൈറ്റിലും വാരാന്ത്യങ്ങളിലും ഓഹരി വിപണിയുടെ പെട്ടെന്നുള്ള ചാഞ്ചാട്ടങ്ങളിലും സ്വിംഗ് ട്രേഡ് പാളാനുള്ള സാദ്ധ്യതകളുണ്ട്. ഹ്രസ്വകാല ട്രെന്‍ഡില്‍ മാത്രം ഊന്നിയുള്ളതാണ് സ്വിംഗ് ട്രേഡ് എന്ന് നേരത്തേ പറഞ്ഞത് ഓര്‍ക്കുമല്ലോ.

ഇനിയൊരു ഉദാഹരണം

നമുക്ക് അപ്പോളോ ഹോസ്പിറ്റല്‍ (APPOLOHOSP) ഓഹരി പരിഗണിക്കാം. ഈ ഓഹരി അടുത്തിടെ അതിന്റെ അപ്പര്‍ ബൗണ്ടറിയില്‍ നിന്ന് ബ്രേക്കൗട്ട് ചെയ്തിരുന്നു. 5,000-5,300 തലത്തിലായിരുന്നു അപ്പോള്‍ ഓഹരി.

ഇപ്പോള്‍ ഓഹരി 5,300ന്‌ മുകളില്‍ വ്യാപാരം ചെയ്യപ്പെട്ടാല്‍ മുന്നേറ്റ ട്രെന്‍ഡ് തുടരും. ട്രേഡര്‍മാര്‍ക്ക് 5,300ല്‍ സ്‌റ്റോപ്പ് ലോസ് (stop loss) വച്ച് വ്യാപാരം നിയന്ത്രിക്കാം.കഴിഞ്ഞ ട്രേഡിംഗ് കാലയളവ് വിലയിരുത്തിയാല്‍ 300 രൂപയുടെ പ്രൈസ് ബാന്‍ഡ് വിഡ്ത്തിലാണ് വ്യാപാരം നടന്നിരുന്നത്. അതായത്, 300 രൂപ ലാഭം ഉന്നമിട്ട് അടുത്ത  ലക്ഷ്യം 5,600 ആയി വിലയിരുത്താം. (ചാര്‍ട്ട് നോക്കുക).

സ്വിംഗ് ട്രേഡിംഗ് എളുപ്പത്തില്‍ ലാഭം നേടാവുന്ന കുറുക്ക് വിദ്യയാണെന്ന് കരുതരുത്. ജാഗ്രതയും ശ്രദ്ധയും കൃത്യമായ ടൈമിംഗും ഇല്ലെങ്കില്‍ തന്ത്രങ്ങള്‍ പാളും. ഓഹരികള്‍ തിരഞ്ഞെടുത്ത് പണമൊഴുക്കും മുമ്പ് ഈ രംഗത്തെ വിദഗ്ദ്ധരോട് ഉപദേശം തേടുന്നത് നന്നായിരിക്കും.

Equity investing is subject to market risk. Please do your own research or consult a financial advisor before investing.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com